മണി എന്ന് പറയുമ്പോൾ മനസ്സിൽ മുഴങ്ങുന്ന ഒരു പേരുണ്ട്, നമ്മുടെ കലാഭവൻ മണി. അഭ്രപാളികളിൽ കാലത്തിന്റെ മുദ്ര പതിപ്പിച്ച, നടന പാടവത്തിലൂടെ അരങ്ങു തിമർത്തു ആടി, ഒടുവിൽ നമ്മുടെയൊക്കെ മനസ്സിൽ നൊമ്പരത്തിന്റെ മുറിപ്പാട് സൃഷ്ടിച്ച് ഒരു മിന്നല് പോലെ യവനികക്കുള്ളിൽ മറഞ്ഞ മണി.

നമ്മുടെ ഇവിടെയും ഉണ്ട് ഒരു മണി. മരതുംകുഴിയിലെ മണി അണ്ണൻ. നാരങ്ങ വെള്ളത്തിലൂടെ നമ്മുടെ മനസ്സിൽ എരിവിന്റെയും ഉപ്പിന്റെയും മധുരത്തിന്റെയും മിന്നലാട്ടങ്ങളുടെ ഒളി വെട്ടം തീർക്കുന്ന മണി അണ്ണൻ.

എരിവിന്റെ ചൂര് തീർക്കുന്ന, പിടയ്ക്കുന്ന ഒരു ബോഞ്ചി വെള്ളം വേണോ. നമ്മുടെ മണിയണ്ണന്റെ കടയിൽ വന്ന് എരിവുള്ള, ഉപ്പു ചേർത്ത, സോഡാ പതപ്പിച്ച ചേർത്ത; ബോഞ്ചി വെള്ളം പറയെന്ന്. കുടുക്കനിട്ട നീണ്ട താടിയുള്ള ആ മനുഷ്യൻ – ചതച്ച മുളകും ഉപ്പും പിന്നെ “മറഞ്ഞിരിക്കുന്ന ഒരു കൂട്ടും” ചേർത്ത തയ്യാറാക്കിയ ഒരു സോഡാ നാരങ്ങാ വെള്ളം അങ്ങ് നീട്ടും. അത് വാങ്ങിച്ചങ്ങോട്ടു പിടിപ്പിച്ചേക്കുക. എരിവും നാരങ്ങാവെള്ളവും ഉപ്പും ആ കൂട്ടും ചേർന്ന ഒരു മിശ്രിത രുചിമേളം രുചിമുകളങ്ങളുടെ ഒരു തരംഗം ഉണ്ടാക്കി ഒരു കൊള്ളിമീൻ പോലെ കടന്നു പോകുന്നത് കാണാം.

അച്ഛൻ പദ്മനാഭൻ 1984 ൽ തുടങ്ങി വച്ച കട 2004 ൽ ശ്രീ ചിത്രയിൽ നിന്ന് പെൻഷനായി വന്ന മകൻ മണി സാരഥ്യമേറിയപ്പോൾ എരിവിന്റെ കൂട്ടായ നാരങ്ങ വെള്ളം കൂടി അകമ്പടിയായി കൊണ്ട് എത്തിക്കാൻ അധികം കാലവിളംബം ഉണ്ടായില്ല. അണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ തിരുവനന്തപുരത്തു എരിവുള്ള നാരങ്ങ വെള്ളം പലരും ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഈ കൂട്ട് ഇവിടെ മാത്രം.

ജാഗ്രതൈ: എരിവ് കുറയണമെന്നുള്ളവർ ഉപ്പു മാറ്റി പഞ്ചസാരയോ അല്ലെങ്കിൽ പഞ്ചസാരയും ഉപ്പും കൂടി ചേർത്തോ തട്ടിയേക്കുക. അല്ലെങ്കിൽ മുളകിന്റെ രുചിയാൽ കണ്ണുകൾ ഈറനണിയേണ്ടി വരും.

സ്ഥലം മരുതുംകുഴിയിൽ നിന്ന് PTP നഗറിലോട്ടുള്ള റോഡ് തുടങ്ങുന്നിടത്തു നിന്ന് ഒരു 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ വലത് വശത്തായി പ്രവീൺ ഗാർഡൻസിന്റെയും “Indian Food Palace” എന്ന ടേക്ക് എവയുടെയും ഇടയ്ക്കുള്ള വളരെ ചെറിയ ഒരു മുറക്കാൻ കട.

ആ ബോഞ്ചി വെള്ളം ഉണ്ടാക്കുന്നതിനും ഉണ്ട് മണി അണ്ണന്റേതായ ഒരു കല. ഉപ്പ് അല്ലെങ്കിൽ പബസാര സിറിപ്പ് ആദ്യമിടും. പിന്നെ ചതച്ച മുളകും (അണ്ണന്റെ മാസ്മരിക കൂട്ടും) ചേർക്കും. പകുതി സോഡാ അപ്പഴേയങ്ങ് പൊട്ടിച്ച് തട്ടും. നാരങ്ങാ തോട് മുകളിൽ നിന്ന് ഒന്ന് ചെത്തും. നാരങ്ങ ഞെക്കിയിൽ കേറ്റി ഒരു അമുക്ക് . പിന്നെ ആ പിഴിഞ്ഞ നാരങ്ങ, ഗ്ലാസിൽ തന്നെ മുഴുവനായിട്ടു അങ്ങ് ഇടും. ബാക്കി സോഡ കൂടി ചേർത്ത്, നാരങ്ങ വെള്ളം കയ്യിൽ ഇങ്ങു തരുമ്പോൾ ആ നാരങ്ങ തോട് മുകളിൽ അങ്ങനെ അലംകൃതമായിരിക്കും. ആ ലുക്കിന് ഒരു കയ്യടി….

ഉപ്പ് മാത്രം ചേർത്തത് ₹ 15, പഞ്ചസാര മാത്രം ചേർത്തത് ₹ 20, ഉപ്പും പഞ്ചസാരയും ചേർത്തത് ₹ 20, മൂന്നും പല സമയങ്ങളിലായി ഞാൻ തട്ടി. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഉപ്പ് മാത്രം ചേർത്തത്. കാരണം എരിവിന്റെ ഉസ്താദ് ഇവൻ തന്നെ.

മണി അണ്ണനോടൊത്തു ഒരു സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും, കസ്റ്റമേഴ്സ് പോകുന്ന വരെ വെയിറ്റ് ചെയ്യാൻ എനിക്ക് ഒരു വിഷമവും തോന്നിയില്ല. അതിൽ നിന്നും ചിലതു മനസ്സിലാക്കാൻ പറ്റി. കറക്റ്റ് ഓർഡർ അനുസരിച്ചു ആണ് പുള്ളി ആളുകൾക്ക് സാധനം എടുത്തു കൊടുക്കുന്നത്. അത് ഇപ്പോൾ, പരിചയം ഉള്ളവർ ആയാലും കൊള്ളാം അല്ലെങ്കിലും കൊള്ളാം. അത് നന്നേ ബോധിച്ചു. ആളു വളരെ സാധുവാണ്. നല്ല പെരുമാറ്റം. പരിചയപ്പെട്ടു കഴിഞ്ഞാൽ ആ ചുണ്ടിൽ എപ്പോഴും ഒരു ചെറു ചിരി കാണും. എടുത്തു കൊടുക്കുന്നത് വളരെ ശ്രദ്ദിച്ചു നല്ല വൃത്തിയായിട്ടു ആണ്. അല്ലാതെ എടിപിടി വെപ്രാളം ഒന്നുമില്ല.

അവിടെ നിന്നിറങ്ങി ജീവിതത്തിന്റെ തിരക്കുകളിലേക്ക് വീണ്ടും ഊളിയിട്ടിറങ്ങുമ്പോൾ മനസ്സ് വന്ന് കാതിൽ മന്ത്രിച്ചു – മറക്കില്ല ഞാനീ നാരങ്ങാ വെള്ളം, കലാഭവൻ മണിയുടെ ചിരി (ങ്യാഹാ…ഹ്…ഹാ ) പോലെ മണി അണ്ണന്റെ ഈ നാരങ്ങാ വെള്ളവും മനസ്സിലങ്ങനെ നിറഞ്ഞ് നില്ക്കും….

അടിക്കുറിപ്പ് : മൈസൂർ പാക്ക് (₹ 5) ഇഷ്ടമുള്ളവർ ഇറങ്ങാൻ നേരം അതും കൂടി ഒന്ന് ടേസ്റ്റ് ചെയ്തു നോക്കാൻ മറക്കണ്ട. സംഭവം പൊളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here