സ്ഥലം: മരുതംകുഴി, ഉദിയന്നൂർ ദേവി ഹോട്ടൽ
Date: 19/09/2018

ഉച്ചയ്ക്ക് ഊണ് അന്വേഷിച്ചു ഇറങ്ങിയതാണ് ഓഫീസിൽ നിന്ന്. ചെന്ന് നിന്നതു മുൻപ് നോക്കി വച്ചിരുന്ന ഉദയന്നൂർ ദേവി ക്ഷേത്രത്തിനരികിലെ ഹോട്ടലിൽ.

സംഭവം ഒരു കുഴിയിലാണ് ഇരിക്കുന്നത്. ഓടിട്ട ഒരു കെട്ടിടം. പടത്തിൽ നോക്കിയാൽ അറിയാം. പുറത്തു ബോർഡ് ഉണ്ട്, നാടൻ ഭക്ഷണം.

പുറത്തു നിന്ന് നോക്കിയാൽ കാണാൻ വലിയ ഗുമ്മു ഒന്നുമില്ല.

ഞാൻ വലിയ ഊണ് പ്രിയൻ ഒന്നും അല്ല. അവിടെ ബിരിയാണിയൊക്കെ ഉണ്ട്. എങ്കിലും ഇലയിലെ ഊണ് എന്റെ ഒരു വീക്ക്നെസ് ആണ്. കറികളും അതിന്റെ നിറങ്ങളും കണ്ടപ്പോൾ, ആളുകൾ രുചിയോടെ കഴിക്കുന്നത് കൂടി കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി. ഊണ് തന്നെ പറഞ്ഞു.

ഊണിൽ എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. പൊളിച്ചടക്കി തകർത്തു തരിപ്പണം ആക്കി കളഞ്ഞു. കറികൾ എല്ലാം ഒന്നിനൊന്നു മെച്ചം. പരിപ്പ്, പപ്പടം, സാമ്പാർ, ബീറ്റ്റൂട്ട് കിച്ചടി, തോരൻ, നെല്ലിക്ക അച്ചാർ, മീൻ കറി, മരിച്ചീനി ഇത്യാദി കറികൾ. അവസാനം മോരും. മോര് കഴിച്ചപ്പോൾ തോന്നി അത് മാത്രം മതി എന്ന് ചോറ് കഴിക്കാൻ. അജ്ജാതി ടേസ്റ്റ് മോരിന്, സത്യം. എല്ലാം കൂടി 50 രൂപ. ഇത്രയും മാത്രം മതി ധാരാളം.

തോടിന്റെ അടുത്തായിരുന്നത് കൊണ്ടാവാം ചെറിയ തോതിൽ ഈച്ച ശല്യം ഉണ്ട്. വലിയ തോതിൽ അല്ല, ഒന്ന് ശ്രദ്ധിക്കണം, എല്ലാ സ്ഥലത്തും ഇല്ല. പിന്നെ സീറ്റ് നിറച്ച് ആൾക്കാർ കാണും, ആഷ് ബൂഷ് ടീം ഒന്നും ഇല്ല. സാധാരണക്കാർ. അവരെ കുറ്റം പറയാൻ പറ്റില്ല, ഇതിന്റെ ടേസ്റ്റ് അറിഞ്ഞു കഴിഞ്ഞാൽ പെട്ടന്ന് ഒന്നും ഇതിന്റെ പിടി വിട്ട് പോകില്ല. അതാ ഇത്ര തിരക്ക്. ഞാൻ സിംഗിളായി പോയത് കൊണ്ട് ഒരു സീറ്റ് തരപ്പെടുത്തി എടുത്തു.

എല്ലാം കൊണ്ട് നിർവൃതിയുടെ രുചിയിൽ നീരാടി ഇറങ്ങി.

ഹൃദയത്തിന്റെ ലിസ്റ്റിൽ ഇടം പിടിച്ച ഒരിടം കൂടി.


LEAVE A REPLY

Please enter your comment!
Please enter your name here