നല്ല കോഴിക്കോടൻ ഹലുവ തിരുവനന്തപുരത്ത് എവിടെ കിട്ടും എന്ന ചോദ്യം ആയിരുന്നു ഫുഡി ഗ്രൂപ്സിൽ എന്റെ ആദ്യത്തെ പോസ്റ്റ്.
ഹലുവ അത്രയ്ക്ക് ഇഷ്ടം ഇപ്പോഴും എപ്പോഴും…..
ഹലുവ അത്ര ചില്ലറക്കാരനല്ല…
നമ്മുടെ കേന്ദ്ര ബജറ്റ് ഇപ്പോൾ കഴിഞ്ഞതല്ലേയുള്ളു. അവിടെയുമുണ്ട് ഹൽവയ്ക്കു സ്ഥാനം. ഓരോ വർഷവും ബജറ്റ് പ്രിന്റിങ്ങ് ആരംഭിക്കുന്നത് ‘ഹല്‍വ മേക്കിങ്ങ്’ എന്ന ചടങ്ങോടുകൂടിയാണ്. ഹൽവ ഉണ്ടാക്കി സ്റ്റാഫ് അംഗങ്ങള്‍ക്കെല്ലാം മധുരം വിതരണം ചെയ്യുന്നതാണ് ചടങ്ങ്.
ഹൽവാ – മധുരപലഹാരം, മിഠായി എന്നൊക്കെയാണ് ഈ അറബി വാക്കിന്റെ അർത്ഥം.
നമ്മുടെ കേരളത്തിൽ പ്രസിദ്‌ധം കോഴിക്കോടൻ ഹലുവ തന്നെ. മിഠായി തെരുവിലെ കോഴിക്കോടൻ ഹൽവ. മൈദയും പഞ്ചസാരയുമാണ് ഹലുവയുടെ പ്രധാന ചേരുവുകൾ. അരിമാവ്, ശർക്കര തുടങ്ങിയവയും ഇപ്പോൾ ഉപയോഗിക്കാറുണ്ട്. പക്ഷേ ഇവ പെട്ടന്ന് കേടുവരുമെന്നതിനാൽ മൈദ തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നത്. ബദാം, കശുവണ്ടി, കൊപ്ര, ഇളനീർ തുടങ്ങിയ പലതരം രുചികളും വിവിധ നിറങ്ങളും ചേർത്തുള്ള വ്യത്യസ്തത ഹലുവകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കോഴിക്കോട് കൂടുതലായി ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്.
മിഠായി തെരുവിന് ഈ പേര് കിട്ടിയത് തന്നെ ഹൽവയിൽ നിന്നാണ്…
ഒരു നൂറ്റാണ്ട് മുമ്പാണ് “ഹുസൂർ റോഡ്” എന്ന് അറിയപ്പെട്ടിരുന്ന കോഴിക്കോടിലെ മിഠായി തെരുവിന് ഈ പേര് സ്വന്തമാകുന്നത്. അന്ന് ഈ തെരുവിലെ പ്രധാന കച്ചവടം ഹലുവയായിരുന്നു. ഹൽവയെ യൂറോപ്പുകാർ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു സ്വീറ്റ് മീറ്റ് എന്നത്. അതിൽ നിന്നാണ് എസ് എം സ്‌ട്രീറ്റ്, മിഠായി തെരുവ് എന്നീ പേരുകളൊക്കെ രൂപം കൊണ്ടത്.
ഹലുവ എത്ര കഴിച്ചാലും മതിയാവില്ല….അതിന്റെ രുചി ഒന്ന് വേറെ തന്നെ.
പേയാടിലും വന്നു കോഴിക്കോടൻ ഹലുവ ഒരു മിനി വാനിൽ. (November 15 2018) ഞാനും വാങ്ങിച്ചു മൂന്ന് തരത്തിലുള്ളത്. കട്ടിയുള്ള ഓറഞ്ച് നിറത്തിലുള്ള പൊളപ്പൻ ഹൽവയും, രുചിയാർന്ന പിസ്ത ഹൽവയും, ദേഹം മുഴുവൻ തിരിച്ചു അറിയുന്ന കാന്താരി ഹൽവയും. എല്ലാം ക്ഷ പിടിച്ചു. ആ ‘കോഴിക്കോടിന്റെ’ ടേസ്റ്റ് തന്നെ തോന്നി. അന്വേഷിച്ചപ്പോൾ കിട്ടിയ അറിവ് അലുവയുടെ വരവ് കോഴിക്കോട്ട് നിന്ന് തന്നെ. മുതലാളി കോഴിക്കോടുകാരൻ, വണ്ടിക്കു ഒരു സ്ഥിരം സ്ഥലം ഇല്ല…മാറി മാറി കൊണ്ടിരിക്കും.
ഈ വണ്ടി കണ്ടവരുണ്ടോ? അസ്സൽ ആ കോഴിക്കോടിന്റെ ടേസ്റ്റ് ഉള്ള ഹൽവ അഥവാ അലുവ തിരുവനന്തപുരത്തു എവിടെയൊക്കെ കിട്ടുമെന്ന് സദയം പങ്ക് വച്ചാൽ കൊള്ളാം.