ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.
ശിവഫാത്തിമയുടെ – ഫാത്തിമ കിച്ചൺ YMCA യുടെ മുന്നിൽ ഇന്നലെ, നേരം പരാ പരാന്ന് ഇരുട്ടിയപ്പോൾ ഹാജരായി. രാത്രി 8 മണി മുതലാണേ സമയം അതാ.

ഒന്നും പറയണ്ട കൂട്ടുകാരെ തകർത്ത് തരിപ്പണമാക്കി കളഞ്ഞു. വേച്ച് വേച്ചാണ് തിരിച്ച് വീട്ടിൽ പോയത്. ഒന്നും; അല്ലെങ്കിൽ ആരും അടിച്ചിട്ടല്ല, അമണ്ടൻ രുചി കാരണം കഴിച്ച് റെഡി ആയി പോയതാണ്. ട്രോളി വല്ലതും ഉണ്ടായിരുന്നെങ്കിൽ വണ്ടി വരെ കൊണ്ടാക്കാൻ സഹായം തേടിയേനെ.
ചിക്കൻ പൊള്ളിച്ചത് ഓർഡർ കൊടുത്തിട്ട് (കിട്ടാൻ കുറച്ച് സമയം പിടിക്കും) കപ്പയും (നമ്മുടെ മരിച്ചിനി) ചൂരക്കറിയും മേടിച്ചു. പൊളപ്പൻ എന്ന പറഞ്ഞാ പൊളപ്പൻ. നല്ല വെന്തുടഞ്ഞ കപ്പയിൽ ചൂട് ചൂരക്കറി ഒഴിക്കുമ്പോൾ ആ കഷ്ണങ്ങളൊക്കെ സമ്മേളിച്ച് മൃദുലമാർന്ന കോമ്പിനേഷൻ പീസുകൾ കിട്ടും. ആ പീസുകൾ വായിലെ ഉമിനീരിൽ അലിയുമ്പോൾ കിട്ടുന്ന ഒരു നിർവൃതി ഉണ്ട്. ആഹാ. അപാരം.
നമ്മുടെ കഴിപ്പിലെ വെപ്രാളം കണ്ടായിരിക്കണം പ്രോട്ടോക്കോളിലെ മുൻഗണനകൾ മറി കടന്ന് ചിക്കൻ പൊള്ളിച്ചത് ഇങ്ങ് എത്തി. കൂടെ നെയ് പ്പത്തിരിയും പൊക്കി. ബീഫ്ക്കറി എത്തി … പ്ലേറ്റിലോട്ട് തട്ടി. രുചിയുടെ ഒരു മിശ്രിത സമ്മേളനമായിരുന്നു. ബീഫ് എന്ന് പറഞ്ഞാൽ നല്ല അടാറ് ബീഫ് . ഓരോ പീസും സോഫ്റ്റ്. പതുപതുത്ത ബീഫ് പത്തിരിയിൽ കുഴച്ച് അടിച്ച് ഒരു ലെവലായി. കഴിക്കും തോറും വിശപ്പ് . ചിക്കൻ പൊള്ളിച്ചത് കൂടെ ആയപ്പോൾ പൂർത്തിയായി.
എങ്കിലും വളരെ നിരാശയോടെയാണ് അവിടെ നിന്ന് തിരിച്ചത്. കാരണം ഇറങ്ങാൻ നേരമാണ് നെയ്മീൻ പൊരിക്കാൻ ഇട്ടത് കണ്ടത്. ചിക്കൻ സവാലും, അയല മീൻ കറി, ഇടിയപ്പം, പുട്ട് , .. കണ്ടു. (ഓട്ടട, മട്ടൺ കണ്ടില്ല). ഇതൊന്നും കഴിക്കാൻ പറ്റിയില്ലല്ലോ, വയറ് നിറഞ്ഞ് പോയല്ലോ എന്നുള്ള സങ്കടവും പേറി അവിടെ നിന്ന് ഇറങ്ങി. ഒരാളും കൂടെ ഉണ്ടായിരുന്നെങ്കിൽ എല്ലാം പൊളിച്ച് അടുക്കിയേനെ. ഇനി വിഷമം മാറാൻ ഇന്ന് വീണ്ടും പോകണമോ എന്നുള്ളത് ആലോചനയിൽ ഉണ്ട്.
നമ്മൾ കഴിച്ചത്
ചിക്കൻ പൊള്ളിച്ചത് – 120 Rs
ബീഫ് – 80 Rs
കപ്പ – 40 Rs
ചൂര – 40 Rs
പത്തിരി – 10 Rs
ചോദിച്ച അറിഞ്ഞ വിലകൾ
ചിക്കൻ സവാൽ – 100 Rs ( പടത്തിലുണ്ട് with caption)
നെയ്മീൻ ഫ്രൈ – 120 / 150 Rs ( സൈസ് അനുസരിച്ച് ) അയല – 40 Rs
ആണും പെണ്ണും വ്യത്യാസമൊന്നുമില്ല, എല്ലാ പ്രായക്കാരും ഉണ്ട് കഴിക്കാൻ. നല്ല തിരക്കുണ്ട്. വളരെ സൗഹാർദ്ദമായ പെരുമാറ്റം. സ്ത്രീകൾക്ക് പ്രത്യേകം പരിഗണന നല്കുന്നുണ്ട്.
In Trivandrum one of the best Chicken, Beef, Fish – രുചിക്കാൻ ഒരു സ്ഥലം.