സിറ്റിയിൽ, നമ്മുടെ ഈ തിരുവനന്തപുരം നഗരത്തിൽ എവിടെ കിട്ടും കട്ടച്ചാൽകുഴിയിലെ പോലത്തെ ചിക്കൻ പെരട്ട്. ഉത്തരം, അതെ ഇവിടെ തന്നെ – നന്ദാവനം മ്യൂസിയം റോഡിൽ Logtech ന് അടുത്ത് ആ താഴോട്ടുള്ള വഴി ചെല്ലുമ്പോൾ കാണാവുന്ന ‘കടലും കായലും’ എന്ന റെസ്റ്റോറന്റിൽ.

കട്ടച്ചാൽക്കുഴിയിലെ ചിക്കൻ പെരട്ടിന്റെ ഒരു അപരൻ എന്ന് തന്നെ പറയാം. അധികമായി എണ്ണ ചേർത്തിട്ടില്ല എന്നുള്ളത് ഒരു പ്ലസ്. ആവശ്യത്തിന് മാത്രം.

ചപ്പാത്തിയെ പറ്റി ഒന്ന് പറയാതെ പോയാൽ ശരിയാവില്ല. പെറോട്ട ശരീരത്തിന് അത്ര നല്ലതല്ലാത്തത് കൊണ്ട് കുറേ നാൾ മുമ്പ് പെറോട്ട നിർത്തി ചപ്പാത്തിയിലോട്ട് തിരിഞ്ഞതാണ്. പക്ഷേ എന്ത് ചെയ്യാം കിട്ടുന്നതെല്ലാം ചപ്പാത്തി എന്നുള്ള പേരല്ലാതെ കഴിക്കാൻ ഒരു രുചിയും കാണില്ല. അങ്ങനെ വീണ്ടും പെറോട്ടയെ തന്നെ ശരണം പ്രാപിച്ചു.

ഇവിടെ വന്നപ്പോൾ ഒരു പരീക്ഷണത്തിനായി തയ്യാറെടുത്ത് കൊണ്ട് ഫുഡി ഗുരുക്കളെ മനസ്സിൽ ധ്യാനിച്ച് ചപ്പാത്തി കൊണ്ട് വരാൻ പറഞ്ഞു. ചപ്പാത്തി എണ്ണയൊക്കെ തേച്ച് നല്ല മൊരിഞ്ഞ രുചിയുള്ള ചപ്പാത്തി.

ആ മൊരിഞ്ഞ ചപ്പാത്തിയുടെ ഒരു പീസ് കീറിയെടുത്ത് ആ കിടിലോൽക്കിടിലം ചിക്കൻ പെരട്ട് ചപ്പാത്തിയിൽ ചുരുട്ടി മുദുവായി വായിൽ വച്ച് രസമുകളങ്ങളിൽ അലിയിച്ച് ചേർത്ത് നുണഞ്ഞിറക്കുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ. അതാണ് നിർവൃതി, പരമാനന്ദം എന്നൊക്കെ കാർന്നോന്മാര് പറഞ്ഞിട്ടുള്ളത്.