ആറ് ആൽമരങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം. അവയുടെ തണലിൽ മുൻപ് കച്ചവടക്കാർ സൊറ പറച്ചിലും അവരുടെ കാളകളുമായി തമ്പടിച്ചിരുന്നു. തമിഴ് നാട്ടിൽ നിന്ന് തിരുവനന്തപുരം പോകുന്ന വഴി വ്യാപാരികൾക്കുള്ള വിശ്രമ സ്ഥലമായിരുന്നു അവിടെ. പിന്നെ സ്വദേശിയർ തന്നെ ആ സ്ഥലം അവരുടെ തന്നെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ആറ് ആലിൻമൂട് കാലാന്തരേണ ആറാലുംമൂട് ചന്തയായി മാറി. എത്ര മാളുകൾ, വ്യാപാര സമുച്ചയങ്ങൾ വന്നാലും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇത്തരം ചന്തകൾ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്. നെയ്യാറ്റിൻകരയ്ക്ക് ആറാലുംമൂട് ചന്ത എന്നാൽ അവരുടെ അഭിമാനവും സ്വകാര്യ അഹങ്കാരവും.
ഈ ആറാലുംമൂട് ചന്തയ്ക്കടുത്തു ആറാലുംമൂടുകാരുടെ ഇഷ്ടഭാജനമായ ഒരു കടയുണ്ട്. നെയ്യാറ്റിൻകര നിന്ന് പോകുമ്പോൾ ഏകദേശം 4-5 കിലോമീറ്ററിനകത്തു വരും, വഴിമുക്ക് എത്തേണ്ട. ആറാലുംമൂട് ചന്തയ്ക്കുള്ള വഴിയുടെ അരികിൽ ഉള്ള ഒരു ട്രാൻസ്ഫോർമർ ഉണ്ട് അതിനു എതിരായി ഇടതു വശത്തായി വരും – ഒരു ഫ്രഷ് ജ്യൂസ് കട.
കടയുടെ പേര് മേന്മ. ബോർഡ് വച്ചിട്ടില്ലെങ്കിലും കുമാർ അണ്ണന്റെ കട എന്ന് പറഞ്ഞാൽ ഇവിടെ എല്ലാവരും അറിയും. 1999 ൽ അതായതു 20 വർഷം മുൻപ് STD Booth ആയി തുടങ്ങിയത് ആണ് ഈ കട. മൊബൈൽ ഫോണിന് കാലം വഴി മാറിയപ്പോൾ അണ്ണൻ വേറെ കച്ചവടം തുടങ്ങി. ഒന്നുമങ്ങോട്ടു ക്ലച്ച് പിടിച്ചില്ല. അവസാനം 5 വർഷം മുൻപ് ഫ്രഷ് ജ്യൂസ് തുടങ്ങി. അതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ട് ഇല്ല.
ഗ്ലാസ് ആണ് ഇതിലെ പ്രധാന താരം. ഈ ഗ്ലാസ് ആദ്യം കാണുന്ന ഒരു വിധപെട്ടവരൊക്കെ ഒന്ന് മനസ്സിൽ പറയും. അണ്ണാ ഇത് മൊത്തോം ഞാൻ തന്നെ കുടിച്ചു തീർക്കണോ. എനിക്ക് വീട്ടിൽ പോകാൻ ഉള്ളതാ. പടം കാണാതെ പോയി സ്വയം അനുഭവിച്ചു അറിയുകയെന്നേ പറയാനുള്ളു.
കുടിച്ചു കഴിഞ്ഞു പേഴ്സിൽ ഉരുപാട് പരതേണ്ട. ലൈം ജ്യൂസ് – ₹ 15.എന്റെ ലൈം ജ്യൂസ് കണ്ടു ഞാൻ ഒന്ന് ഞെട്ടി, എന്താ ഒരു മഞ്ഞ കളർ? കൂടെ വന്ന സുഹൃത്തിന് അടിച്ചത് പൈനാപ്പിൾ. അതിലെ ഒരു കഷ്ണം ഇതിൽ ഇട്ടതാ. എനിക്ക് വയ്യ സ്നേഹമുള്ള അണ്ണൻ തന്നെ, വെറുതെ പേടിച്ചു . പൈനാപ്പിൾ ജ്യൂസ് – ₹ 30. രണ്ടും അടിപൊളി.
കണ്ണാടി കൂടിനുള്ളിലെ പലഹാരമൊക്കെ നമ്മളെ നോക്കി ചിരിക്കുന്നു. മക്കളെ നിങ്ങളെ ഇപ്പോൾ കഴിക്കാൻ സ്ഥലമില്ല. അടുത്ത തവണ ആകട്ടെ, വയറു ഒഴിച്ചിട്ടു വരാം. ഫാമിലിയായിട്ടു വന്നാലും അകത്തു ഇരിക്കാൻ സ്ഥലം ഉണ്ട്. ഐസ്ക്രീം, ഷാർജ, 110 ന്റെ ദം ബിരിയാണിയൊക്കെ ലിസ്റ്റിൽ കണ്ടു.
മൂന്ന് പേർ മാറി മാറി കടയിൽ നിൽക്കും. നമ്മൾ വന്ന സമയം ഭാഗ്യത്തിന് കുമാർ അണ്ണൻ തന്നെ ഉണ്ടായിരുന്നു. അത് കൊണ്ട് ഒന്ന് കാണാൻ പറ്റി. അപ്പോൾ ഇനി ഇത് വഴി വരുമ്പോൾ ഇവിടെ ഒന്ന് ചവിട്ടാൻ ഞാൻ ഒരിക്കലും മറക്കില്ല, നിങ്ങളോ
Menma Lime Juice Shop
Bus Stop, Aralumoodu Junction, Aralummoodu Market Rd, Kerala 695123
Phone: 096055 86250