കുപ്പി എന്ന് പറയുമ്പോൾ നമ്മൾ മലയാളികൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടിക്കേറി, കറങ്ങി വരുന്നൊരു കുപ്പിയുണ്ട്. ഏത് മായാവിയിലെ ആ കുപ്പി;അതല്ല ഈ കുപ്പി.
1957 ൽ തുടങ്ങും ഈ നറുനീണ്ടിയുടെ കഥ. അതെ 62 വർഷം മുൻപ് ഒറ്റസായിപ്പ് എന്ന് വിളിപേരുള്ള ശ്രീമാൻ അബുബേക്കറിൽ നിന്നാണ് ഈ നറുനീണ്ടിയുടെ ഉത്ഭവം
തിരുമലയിലാണ് തുടക്കം. പിന്നെ പള്ളിമുക്ക് പേട്ടയിലോട്ട് മാറി. മരുമകൻ നാസർ, അതേ നമ്മുടെ നാസർ ചേട്ടൻ ഇത് 2007 ൽ ഏറ്റെടുത്തു, ആ പാരമ്പര്യത്തിന്റെ ഗുണവും രുചിയും തനിമയും ഒട്ടും മാറാതെ തന്നെ.
പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാൽ മുട്ടയുടെ വെള്ള ചേർക്കില്ല നറുനീണ്ടി തയ്യാറാക്കാൻ. അതിനുള്ള വിശദീകരണവും ചേട്ടൻ പറഞ്ഞ വാക്കുകളിൽ: “ശബരിമലയിൽ പോകുന്നവർക്കും അത് പോലെ കാവടി എടുക്കുന്നവരുമൊക്കെ കാണില്ലേ”
സംഭവം കിടുകാച്ചിയാണ് അത് 100% ഗ്യാരന്റി. നല്ല പോലെ വീട്ടിൽ തയ്യാറാക്കിയ നറുനീണ്ടി സിറപ്പാണ് കടയിൽ കൊണ്ട് വരുന്നത്. അതിൽ ഓറഞ്ചും, നാരങ്ങയും ചേർത്ത് ഒരു വലിയ ഗ്ളാസ്സിൽ ഇങ്ങ് തരും ₹ 20.
പ്രധാനപ്പെട്ട ഒരു ഹൈലൈറ്റ് നമ്മുടെ കുപ്പി തന്നെ. ഒരു ഫയൽവാൻ കുപ്പി. ഭൂരിഭാഗവും വരുന്ന നറുനീണ്ടി സിറിപ്പ് ഇതിലാണ്. ഈ കുപ്പി ആദ്യം കാണുന്ന ആരും വണ്ടി ഒന്ന് ചവിട്ടും.
കട ഇപ്പോൾ പേട്ടയിലല്ല. പേയാടിൽ നിന്ന് തിരുമലയിലേക്ക് പോകുമ്പോൾ വലത്തോട്ട് വഴി കാണിക്കുന്ന ഒരു റോഡ് വരും, വലിയവിള ജംഗ്ഷൻ. അവിടെ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിയുമ്പോൾ (ഇലിപ്പോട്, PTP, മരുതും കുഴി യൊക്കെ പോകുന്ന വഴി) ശ്രീഭദ്ര ഹോട്ടൽ കാണും. അതും കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോകുമ്പോൾ വലത് വശത്തായി ഈ കട കാണാം. സൂഫിയ സർബത്ത് ഷോപ്പ്. ഒന്നര വർഷമായി ഇവിടെ ഉണ്ട്.
കട രാവിലെ 8 മണി മുതൽ രാത്രി 10 വരെ കാണും. സർബത്ത് രാത്രി ഒരു 7 മണി ആവുമ്പോഴേക്കും തീർന്ന് തുടങ്ങും.
വെറുമൊരു സർബത്ത് ഷോപ്പ് മാത്രമല്ല കപ്പ, ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചിക്കൻ പെരട്ട്, ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി എന്നിവയെല്ലാം ഇവിടെയുണ്ട്. ഇതെല്ലാം വൈകുന്നേരം 5 മണി മുതൽ മാത്രം. അതും ബിരിയാണി ഞാറായ്ഴ്ചകളിൽ ഉച്ചയ്ക്ക് മാത്രം. കടയിൽ 6 പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമേ ഉള്ളു.
ചിക്കൻ പെരട്ട് പാഴ്സൽ വാങ്ങിച്ചു. 100 രൂപയ്ക്ക് നല്ല രുചിയുള്ള ഒന്നാം തരം ചിക്കൻ പെരട്ട്, എല്ല് ഇല്ലെന്ന് തന്നെ പറയാം. നല്ല ക്വാണ്ടിറ്റിയും ഉണ്ട്.
നേർത്തെ വിളിച്ച് അറിയിച്ചാൽ നറുനീണ്ടി സിറപ്പും കിട്ടും. 1 Litre – ₹ 150. ഒരെണ്ണം ഈ ചൂടത്ത് വാങ്ങിച്ചു.
ചെറിയ വലിയ ഈ രുചിയിടങ്ങളെയും നമ്മൾ പ്രോത്സാഹിപ്പിക്കണ്ടതല്ലേ…
Phone: 97473 24738