
നെയ്യാറിൻ തീരത്തൊള്ളാരു കര – നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മയുടെ കഥകളുറങ്ങി കിടക്കുന്ന അമ്മച്ചി പ്ലാവിന്റെയും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും നാട്. വിപ്ലവ സിംഹമായ സ്വദേശി രാമകൃഷ്ണ പിള്ള, ചരിത്ര നോവലുകളുടെ കഥാകാരനായ സി വി രാമൻ പിള്ള, ശുദ്ധ സംഗീതത്തിന്റെ വക്താക്കളായ നെയ്യാറ്റിനകര വാസുദേവൻ മോഹനചന്ദ്രൻ, ഭ്രാന്തന്റെ പാട്ടുമായി ഹൃദയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച കവി മധുസൂദനൻ നായർ, ഗാന്ധിയൻമാരായ രാമചന്ദ്രൻ, ഗോപിനാഥൻ നായർ തുടങ്ങിയ ബഹുമുഖ പ്രതിഭകളുടെ നാട്. പുതിയ തലമുറയിൽ പെട്ട ക്രിക്കറ്ററായ അഭിഷേക് നായരുടെ തായ് വേരുകളും നെയ്യാറ്റിൻകരയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നെയ്യാർ ഡാം, പഴമയുടെ തഴമ്പേറ്റ പാണ്ഡവൻ പാറ, അമരവിള CSI Church, കുരിശുമലകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, അമരവിള ചെക്പോസ്റ്റ്, അടുത്തുള്ള അരുവിപ്പുറം, മാറ് മറയ്ക്കൽ സമരം, സ്വദേശഭിമാനി പാർക്ക് ഇങ്ങനെ എന്തെല്ലാം …. നെയ്യാറ്റിൻകര എന്നുള്ള പേരിലങ്ങനെ നിറഞ്ഞ് നില്ക്കുന്നു.

എല്ലാവരാലും അറിയപ്പെടുന്നവയും അങ്ങനെ അധികമാരാലും അറിയപ്പെടാതെയും, വിവാദങ്ങളുടെ തിരശ്ശീലയിൽ രുചിപെരുമ മറഞ്ഞ് പോയ ഭക്ഷണയിടങ്ങളും സ്ഥിതി ചെയ്യുന്നൊരു സ്ഥലവുമാണ് നെയ്യാറ്റിൻകര.

ആലുംമൂട് ജംഗ്ഷനിൽ അധികമാരും ശ്രദ്ധിക്കാത്തൊരു മുറുക്കാൻ കടയുണ്ട്. കൃത്യമായി പറഞ്ഞാൽ റിയൽ വാല്യൂ സൂപ്പർ മാർക്കറ്റിന്റെ എതിരായി.
മണി അണ്ണന്റെ കട. 50 വർഷമായി ഇവിടെ ഉണ്ട്.
മുൻപ് സൂപ്പർ മാർക്കറ്റ് ഉള്ള സ്ഥലത്ത് തമീൻസ് തിയേറ്റർ അതിന്റെ അടുത്താണ് ഉണ്ടായിരുന്നത്. അത് വന്നതിൽ പിന്നെ ഇങ്ങാട്ടേക്ക് മാറ്റി.

അവിടെ ചെന്നാൽ നല്ല നറുനീണ്ടി കിട്ടും. വില വെറും ₹ 10. നറുനീണ്ടി മാത്രമല്ല നറുനീണ്ടിയുടെ നല്ല സിറപ്പും കിട്ടും. വീട്ടിൽ കൊണ്ട് പോയി ഒരു കാൽ ഗ്ലാസ്സ് നറുനീണ്ടി നീരും ഒഴിച്ച് ബാക്കി വെള്ളവുമൊഴിച്ചാൽ നല്ലൊരു നറുനീണ്ടി സർബത്ത് കുടിക്കാം. കൂടെ നാരങ്ങയോ ഓറഞ്ചോ പിഴിഞ്ഞൊഴിച്ചാൽ രുചിയും ഗുണവും ഇരട്ടിക്കും. മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഇത് റെഡിമെയ്ഡ് നറുനീണ്ടി അല്ല. മണി ചേട്ടൻ, വീട്ടിൽ നറുനീണ്ടി മുട്ടയുടെ വൈള്ളക്കരുയൊക്കെയിട്ട് വൃത്തിയാക്കി പഞ്ചസാരയൊക്കെ ചേർത്ത് ചില ചേരുവകൾ കൂടി ഉപയോഗിച്ച് നല്ല രീതിയിൽ തയ്യാറാക്കി എടുത്താണ് കടയിൽ കൊണ്ട് വരുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങളായി (മുപ്പത് വർഷങ്ങൾക്ക് മുമ്പ് നറുനീണ്ടി തുടങ്ങിയിരുന്നു ഇടയ്ക്ക് വച്ച് കുറച്ചു നാൾ നിർത്തി) നറുനീണ്ടി അവിടെ ഉണ്ട്. നറുനീണ്ടി സിറപ്പ് 500 Ml ₹ 55, 1 Litre 110 രൂപയ്ക്ക് കിട്ടും.

1831 ൽ ഡോ. ആഷ്ബർണർ വഴിയാണ് നറുനീണ്ടിയെ പറ്റി വിദേശിയർ മനസ്സിലാക്കുന്നത്. അതിനും മുന്നേ ഭാരതീയർ നറുനീണ്ടി എന്ന ചെടിയുടെ ഔഷധഗുണങ്ങളെ പറ്റി ബോധവാന്മാരായിരുന്നു. നറുനീണ്ടിയുടെ കിഴങ്ങിനും വേരിനുമാണ് ഔഷധഗുണങ്ങൾ. രക്തശുദ്ധീകരണം, ത്വക്ക് രോഗം, മൂത്രാശയ ശുദ്ധി, കണ്ണിനൊക്കെ വളരെ നല്ലതാണ്. ക്ഷീണം മാറ്റാനുള്ള എനർജി ഡ്രിങ്കായും ഉപയോഗിക്കാം.

ഞാനൊരു 1.5 Litre നറുനീണ്ടി സിറപ്പ് മണി ചേട്ടന്റെ കടയിൽ നിന്നും മേടിച്ചു. ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ ദിവസങ്ങളോളം കേട് കൂടാതെ ഇരിക്കും. ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യം വരില്ല. അതിന് മുമ്പേ തന്നെ നമ്മൾ ഇത് കുടിച്ച് തീർക്കും, പ്രത്യേകിച്ച് ഈ ചൂട് സമയത്ത്. വെറുതെ കോളയും സ്ക്കോഷും വീട്ടിൽ വാങ്ങി വയ്ക്കുന്നതിന് പകരം പ്രകൃതി ദത്തമായ ഇതൊക്കെയല്ലേ നല്ലത്.
കട രാവിലെ 9 – 9.30 ക്ക് തുറക്കും. രാത്രി 10.30 – 11 മണി വരെ കാണും. രാത്രി 8 മണി മുതൽ ചേട്ടന്റെ മകനായിരിക്കും സാധാരണ അവിടെ കാണുന്നത്. അപ്പോർ അത് വഴി പോകുമ്പോൾ മണി ചേട്ടന്റെ കട മറക്കണ്ട.
Alummoodu, Neyyattinkara, Kerala
https://goo.gl/maps/uozA55iZaSp