ലോക്ക്ഡൗണിന് മുമ്പുള്ള നാളുകൾ, കവടിയാർ വഴി വിട്ട് വരികയാണ്. ഉച്ച സമയം 2 മണി കഴിഞ്ഞു, നല്ല വിശപ്പ്. ബിരിയാണിയുടെ രുചിയാണ് മനോമുകരത്തിൽ എല്ലാവർക്കും തെളിഞ്ഞ് വന്നത്. ഇമ്പീരിയൽ കിച്ചൺ അടുത്തുണ്ട്. നേരെ അങ്ങോട്ടു വിട്ടു.

അരണ്ട വെളിച്ചത്തിൽ സീറ്റുകളിൽ സ്ഥാനം പിടിച്ചു. മട്ടൺ ബിരിയാണി ഉണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഉത്തരം – ഉണ്ട്. മെനു കൊണ്ട് വന്നു. മെനു നോക്കി ഒരു മലബാർ മട്ടൺ ബിരിയാണിയും ഒരു മലബാർ ചിക്കൻ ബിരിയാണിയും പറഞ്ഞു.

വളരെ നേരമൊന്നും എടുത്തില്ല. എങ്കിലും പൊരിഞ്ഞ വിശപ്പായത് കൊണ്ട് ഓരോ നിമിഷവും ഓരോ യുഗമായി തോന്നി. 15 മിനിറ്റനകം സംഭവം മുന്നിലെത്തി.

എന്ത് എഴുതാൻ? എന്തര് പറയാൻ. മര്യാദയ്ക്ക് ഉള്ളിലുള്ളതെല്ലാം എഴുതിയാൽ ഈ നിമിഷം എഴുത്ത് നിർത്തി വച്ച് അവിടെ പോയി ഒന്നും കൂടി കഴിച്ച് സമാധാനമായിട്ടിരുന്ന് എഴുതേണ്ടി വരും.

ഓരോത്തരുടേയും രുചി വ്യത്യാസമായിരിക്കും എന്ന അറിവോടെ പറയട്ടേ. വ്യക്തിപരമായി വളരെ ആസ്വദിച്ച് സംതൃപ്തിയോടെ കഴിച്ച മട്ടൺ ബിരിയാണികളിൽ ഒന്ന്. നല്ല പരുവപ്പെട്ട വേവ്. തുടുത്ത മാംസ കഷ്ണങ്ങൾ. ഉഗ്രൻ രുചി. മാംസം മാത്രമല്ല ബിരിയാണിയിലെ ഓരോ ചോറും. സാലഡും അച്ചാറും ചമ്മന്തിയും പപ്പടവും എല്ലാം കൊള്ളാം. ഒന്നിനും ഒരു കുറവും പറയാനില്ല.

ചിക്കൻ ബിരിയാണിയും വേറെ ഒരു ലെവൽ ആയിരുന്നു. കൂടെ കഴിച്ചവർ ആദ്യം ടേസ്റ്റ് ചെയ്തത് ചിക്കൻ ബിരിയാണിയായത് കൊണ്ടാണോ എന്നറിയില്ല. അവർക്ക് ചിക്കൻ ബിരിയാണിയുടെ ടേസ്റ്റായിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടത്. ഈ അനുഭവത്തിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഊബർ വഴി ഇവിടന്ന് വാങ്ങി കഴിച്ച ചിക്കൻ ബിരിയാണി ആവേറജായിരുന്നു. അനുഭവം പോസ്റ്റിട്ടിരുന്നു. അതുമായി താരത്യമപ്പെടുത്താൻ പോലും കഴിയില്ല. അത്രയ്ക്ക് സംതൃപ്തി തന്ന വളരെ രുചികരമായ ചിക്കൻ ബിരിയാണി.

മലബാർ മട്ടൺ ബിരിയാണി – ₹ 250
മലബാർ ചിക്കൻ ബിരിയാണി – ₹ 170

ചെറിയ വിലയ്ക്കുള്ള ബിരിയാണിയും ഇതിനേക്കാൾ വലിയ വിലയ്ക്കുള്ള ബിരിയാണിയും കഴിച്ച അനുഭവത്തിൽ പറയട്ടെ, വില ഒട്ടും കൂടുതലായി തോന്നിയില്ല. അതിന്റെ ഒരു ടേസ്റ്റും ആ കഴിച്ച സംതൃപ്തിയും വച്ച് നിറവ് തന്ന വളരെ നല്ല നിമിഷങ്ങളായിരുന്നു അവ.

2014 മുതൽ ഇംപീരിയൽ കിച്ചൻ ഇവിടെയുണ്ട്. ശ്രീ അനസ് താഹ ആണ് ഈ റെസ്റ്റോറിന്റെ ഉടമസ്ഥൻ. സഹായത്തിന് വാപ്പയും അളിയനും കൂടെയുണ്ട്. ലോക്ക്ഡൗണിന് ഇടയ്ക്ക് ടേക്ക് എവേ, ഡെലിവറി ഉണ്ടായിരുന്നു. പുതിയ. നിഷ്കർഷ പ്രകാരമുള്ള ഇരുന്ന് കഴിക്കാനുള്ള സംവിധാനം തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയുള്ളു. മേശകൾ തമ്മിലുള്ള അകലം ഉൾപ്പെടെയെല്ലാം വളരെ നിഷ്കർഷ പാലിച്ചാണ് ചെയ്തിട്ടുള്ളത് എന്നാണ് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.

കോണ്ടിനെന്റൽ, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യനുൾപ്പെടെ എല്ലാത്തരം വിഭവങ്ങളും ഇവിടെ ലഭ്യമാണ്..

ഉള്ളിലെ വെളിച്ച കുറവ് വ്യക്തിപരമായി ഒരു ചെറിയ ബുദ്ധിമുട്ടായി തോന്നി. അതൊക്കെ പരിഹരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

മട്ടൺ വിഭവങ്ങൾ ഇപ്പോൾ ലഭ്യമല്ല. അറബിക്ക് വിഭവങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും.

Timings: 11 AM to 9 PM
Seating Capacity: 220

The Imperial Kitchen
Ground Floor, Heera High Life, Keston Rd, Near Trends, Kanaka Nagar, Nanthancodu, Thiruvananthapuram, Kerala 695003
0471 231 1789

Imperial Kitchen നെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here