ഒരു രാത്രി, വിശപ്പ് വയറിലോട്ട് കേറി വരുന്ന സമയം. പെട്ടെന്നൊരു മോഹം MS ഹോട്ടലിലെ ബീഫ് കഴിക്കണമെന്ന്. നേരെ ശകടമെടുത്തിറങ്ങി.

സ്ഥലം: വിളപ്പിൽ ശാല ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകണ്ഠ ശാസ്താക്ഷേത്രം എന്ന ശിവക്ഷേത്രം. ആ ക്ഷേത്രത്തിന് എതിരെയായി വലത്തോട്ട് കാട്ടാക്കടയിലോട്ട് തിരിയുന്ന റോഡിന്റെ ഇടത് ഭാഗത്തായി തുടക്കത്തിലുള്ള ഓടിട്ട കെട്ടിടത്തിൽ കാണാം പഴമയുടെ പെരുമ കാക്കുന്ന ഈ രുചിയിടം.

കാലപ്പഴക്കത്തിലൂടെ ഒരു യാത്ര

വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര് പിടിച്ചു പറ്റിയ രുചി. വിളപ്പിൽകാർക്ക് ഒരു ഭക്ഷണയിടം എന്ന് പറയാൻ ഇത് മാത്രമേ ആ കാലത്ത് ഉണ്ടായിരുന്നുള്ളു.

വർഷങ്ങൾ കഴിഞ്ഞ് മധുസൂദനൻ നായർ (MS) എന്ന മകൻ 1974 ൽ അത് ഏറ്റെടുത്തു.വെറുതെ ഏറ്റെടുക്കകയായിരുന്നില്ല MS ന്റെ രുചിയെ വേറൊരു തലങ്ങളിലേക്ക് എത്തിച്ചു. അന്ന് പേര് കേട്ട പല ഭക്ഷണയിടങ്ങളിലും അതിന്റെ രുചി പെരുമ കേട്ടറിഞ്ഞ് എത്തി നാവ് കൊണ്ട് അതിലെ ചേരുവകളെ രുചിച്ചറിഞ്ഞ് തന്റേതായ കൈപുണ്യവും ചേർത്ത് അദ്ദേഹം തന്റെ സ്വന്തം തട്ടകമായ വിളപ്പിലെ MS ഹോട്ടലിൽ കൊണ്ട് വരികെയാണ് ഉണ്ടായത്.

MS എന്ന പെരുംതച്ചനിൽ നിന്ന് രുചിയുടെ അറിവുകൾ പകർന്ന് കിട്ടിയ അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന മകൻ Renjith M S Nair , MS ന്റെ കാലശേഷം 2015 ൽ ഈ ഹോട്ടലിന്റെ സാരഥ്യം ഏറ്റെടുത്തു വളരെയധികം ഭംഗിയായി നടത്തി വരുന്നു. മൂന്നാം തലമുറയിൽ പെട്ട ഈ ചെറുപ്പക്കാരനിൽ ആ പഴയ രുചിയും ഭദ്രം.

രുചിയിലെ അനുഭവം

വളവുകൾ തിരിഞ്ഞ് തിരിഞ്ഞ് ഹോട്ടലിന് മുന്നിൽ എത്തി. ബീഫ് ഫ്രൈയും പെറോട്ടയും മേടിച്ചു. ചിക്കൻ ഫ്രൈ കണ്ടപ്പോൾ അതും കൂടി കഴിക്കാൻ ഒരു മോഹം. 1/2 ചിക്കൻ ഫ്രൈ കൂടി വാങ്ങി. എല്ലാം പാഴ്സലായാണ് വാങ്ങിച്ചത്.

ബീഫ് ഫ്രൈ പ്രതീക്ഷിച്ച പോലെ ഞെരിപ്പൻ. പഴയ അതേ രുചി. ബീഫിലെ ഏത് വമ്പനോടും കട്ടയ്ക്ക് മുട്ടി നില്ക്കും. എന്നെ അതിശയിപ്പിച്ചത് ചിക്കൻ ഫ്രൈയാണ്. അമിത പ്രതീക്ഷയില്ലാതെയാണ് വാങ്ങിച്ചത്. പക്ഷേ രുചിയിൽ മനസ്സ് നിറഞ്ഞ് നിന്നു. കഴിച്ചിട്ടുള്ള ചിക്കൻ ഫ്രൈയിൽ one of the best എന്ന് തന്നെ വ്യക്തിപരമായി നിസ്സംശയം പറയാം. 8 രൂപയ്ക്ക് വലിയ പെറോട്ട. രുചിയും വളരെ നല്ലത്.

പെറോട്ട – ₹ 8
1/2 ചിക്കൻ ഫ്രൈ – ₹ 80
ബീഫ് – ₹ 90

ഇവിടത്തെ വിഭവങ്ങൾ
രാവിലെ 6 മുതൽ രാത്രി 11 വരെയാണ് ഹോട്ടലിന്റെ പ്രവൃത്തി സമയം. ഞാറായ്ഴ്ച രാത്രി 12 മണി വരെയുണ്ട്.

രാവിലെ വീശപ്പം, അപ്പം, ദോശ, പുട്ട്, പയർ, പപ്പടം, പെറോട്ട, പൂരി. കടലക്കറി/ഗ്രീൻ പീസ്/കുറുമ, മുട്ടക്കറി എന്നിവ കറികളായി കാണും.

നാല് കൂട്ടം തൊടു കറികളുമായി ഊണ്. കിച്ചടി, അച്ചാർ, തോരൻ, അവിയൽ/തീയൽ. പിന്നെ തൈര്,മുളക്, കപ്പ ഇളക്കിയത്, കുടം പുളിയിട്ട മീൻ കറി. ഒഴിക്കാൻ പരിപ്പ്, സാമ്പാർ, പുളിശ്ശേരി/മോര്, രസം ₹ 70 രൂപയ്ക്ക്. നല്ല ഊണെന്നാണ് അറിഞ്ഞത്. സീസണനുസരിച്ച് കണവത്തോരൻ, ഞണ്ട് കറി, നെത്തോലി ഫ്രൈ, നെയ്മീൻ തുടങ്ങിയ മീനുകളും സ്പെഷ്യൽ മീൻ വിഭവങ്ങളായി ഉണ്ട്. മീൻ നേരിട്ട് വിഴിഞ്ഞത്ത് പോയാണ് എടുക്കുന്നത്.

വൈകുന്നേരം ചപ്പാത്തി, ഗ്രീൻ സലാഡ്, കറികൾ, ദോശ, പെറോട്ട, വാഴയ്ക്കപ്പം തുടങ്ങിയ കടിപിടികൾ. ചിക്കൻ കറി, ചിക്കൻ തോരൻ, നാടൻ ചിക്കൻ പെരട്ട്, ബീഫ്, പോത്ത് ഇവ രാവിലെ 9 മണി മുതൽ കിട്ടി തുടങ്ങും. ഇവ വൈകുന്നേരങ്ങളിലും ഉണ്ട്. ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, ന്യൂടിൽസ്, കൊത്തു പെറോട്ട, മട്ടൺ സൂപ്പ് എന്നിവ വൈകുന്നേരം 5 മുതൽ ലഭ്യമാണ്.

അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ ഇവിടത്തെ എല്ലാം കിടിലമാകാനാണ് സാധ്യത. ഭാവിയിൽ ബാക്കിയുള്ളവ പങ്ക് വയ്ക്കാമെന്നാണ് പ്രതീക്ഷ. അടിപൊളി ഭക്ഷണം തേടിയിറങ്ങുന്നവർ മനവും തനവും നിറയ്ക്കുന്ന പഴമയുടെ ഈ രുചിയിടം കൂടി ദയവായി ഹൃദയത്തിൽ സൂക്ഷിക്കുക.

M S Hotel
Temple Junction, Vilappilsala, Thiruvananthapuram, Kerala
097447 34473
https://goo.gl/maps/Cq3aoT94e48Ce6ht9

MS Hotel നെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:

LEAVE A REPLY

Please enter your comment!
Please enter your name here