ചില സമയം സംതൃപ്തിയുടെ അളവ് കോലുകൾ വാക്കുകളിൽ ആവിഷ്ക്കരിക്കാൻ കഴിയാത്ത സന്ദർഭങ്ങൾ വന്നു ചേരും. ഈ പൊതിച്ചോറിന്റെ കാര്യത്തിലും അതേ. കഴിച്ച് തീരാറായപ്പോൾ മീൻ ചാറ് പാത്രത്തിൽ നിന്ന് കോരി കഴിച്ച് കൊണ്ടിരിക്കേ ഭാര്യ പറഞ്ഞ ഈ വാചകം – “ഉണ്ട് വയറിൽ സ്ഥലമില്ല എങ്കിലും കൊതി കൊണ്ട് കഴിക്കുകയാണ്”. ഈ വാചകം മാത്രം മതി ആ ഊണിന്റെ രുചിയുടെ ഏകദേശ രൂപം ഒന്ന് മനസ്സിലാക്കാൻ.
പുളിശ്ശേരി, മീൻ കറി കിക്കിടിലം. ശ്രീമതി കെ.ആർ മീരയുടെ ഘാതകൻ എന്ന പുസ്തകത്തിലെ വാചകങ്ങൾ കടമെടുത്താൽ ശ്രീ മനോജ് വടുവൊത്തിൻ്റെ മീൻ കറിയുടെ രുചി പ്രത്യേകിച്ച് ആ ചാറ്, ആ അരപ്പ് നിങ്ങൾ അറിഞ്ഞിട്ടില്ലേ എങ്കിൽ ഹാ കഷ്ടം
സാമ്പാർ, രസം, മാങ്ങാ അച്ചാറ് – വീട്ടിലെ പോലെ, വിനാഗിരി ഒന്നും ഇല്ല, നല്ല രുചി, കാബേജ് തോരൻ, കത്തരിക്ക മിഴുക്ക് പെരട്ടിയും ചാള മീൻ കറിയും, കണ്ണൻ കൊഴിയാള മീൻ പൊരിച്ചതും എല്ലാം വളരെ നല്ലത്. സാധാരണ തോരനും മെഴുക്ക് പൊട്ടിയും എനിക്ക് വലിയ പഥ്യമല്ല. ഇത് കഴിച്ച് തീർന്നത് അറിഞ്ഞില്ല. സുരേഖയുടെ നല്ല ചോറ്, ആവശ്യത്തിനുള്ള ക്വാണ്ടിറ്റി ഉണ്ട്. വെണ്ണ പോലത്തെ നല്ല മരിച്ചിനി (കപ്പ). രുചിയിൽ തർക്കമില്ല, കിടു അതും ആ സ്വയമ്പൻ മീൻചാറിൻ്റെ കൂടെ. പക്ഷേ കുറച്ച് കൂടി കട്ടിയുള്ള മരിച്ചിനിയാണ് എനിക്കിഷ്ടം. അല്ലെങ്കിൽ നാവിൽ വയ്ക്കുമ്പോൾ തന്നെ അലിഞ്ഞങ്ങ് ഇറങ്ങി പോകും. ഒരിക്കൽ വാങ്ങിച്ചാൽ വീണ്ടും വാങ്ങിക്കാൻ തീർച്ചയായും തോന്നുന്നൊരു പൊതിച്ചോറ് രുചിയും സംതൃപ്തിയും അതല്ലേ മുഖ്യം ബിഗലേ …..
1.സുലേഖ അരി ചോറ് 2.സാമ്പാർ 3.രസം 4.പുളിശ്ശേരി 5.മീൻ കറി 6.മീൻ വറുത്തത് 7.ഇളക്കിയ കപ്പ 8.തോരൻ 9.മിഴുക്ക് വരട്ടി 10.അച്ചാർ – ₹ 80
കടന്നു വന്ന വഴിത്താരകൾ
മുമ്പ് ഒരു ഭക്ഷണയിടവുമായി ബന്ധപ്പെട്ട് ശ്രീ മനോജിനെ ഫോൺ വഴി ബസപ്പെട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു. നാളുകൾ കഴിഞ്ഞ് ഈയിടെ ഗ്രൂപ്പിൽ അദ്ദേഹം പൊതിച്ചോറിന്റെ പരസ്യം ഇട്ടപ്പോൾ ആണ് പുതിയ വഴിത്താരകളെ പറ്റി മനസ്സിലാക്കുന്നത്. കഴിക്കാൻ എനിക്കും ഒരു ആഗ്രഹം. സിറ്റിക്ക് 5 Km ചുറ്റളവിലാണ് പ്രധാനമായും ഡെലിവറിയെന്നതിനാൽ മനോരമ റോഡിൽ പോയി നിന്ന് വാങ്ങി.
സാമ്പത്തികം അതും ഈ കോവിഡ് കാലത്ത് പലർക്കും ഒരു ചോദ്യ ചിഹ്നമാണ്. മനോജും വളരെ സാമ്പത്തിക മുട്ടിലാണ്. അകത്തളത്തിൽ നിന്നുള്ള വിരാമത്തിന് ശേഷം രണ്ട് വർഷം സൊമാറ്റോ ഡെലിവറി ബോയി ആയി ജോലി ചെയ്തു. എങ്കിലും ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാട്. സഹതാപമല്ലല്ലോ നമുക്ക് ആവശ്യം. കാശിന് കാശും ആഹാരത്തിന് ആഹാരവും വേണം. അതിന് ആഹാരം കൊണ്ട് തന്നെ പരിഹാരം കണ്ടെത്താനുള്ള ഉദ്യമത്തിലിറങ്ങി ശ്രീ മനോജ്. അന്നം രുചിച്ച് പരിചയമുള്ള നാക്കിൽ സ്വന്തം ഭാര്യ ഉണ്ടാക്കി കൊടുക്കുന്ന അന്നത്തിൻ്റെ മാഹാത്മ്യം കാണാതിരിക്കുന്നതെങ്ങനെ
അങ്ങനെ ആ ഉദ്യമത്തിന്, ഈ സംരംഭത്തിന് വഴിവിളക്കായി ശ്രീമതി ദിവ്യ മനോജ്. ഭാര്യയ്ക്ക് കൂട്ടായി സഹായിക്കാൻ മനോജിൻ്റെ അമ്മ ശ്രീമതി അമ്പിളി അമ്മ കൂടെ ചേർന്നപ്പോൾ വീടിൻ്റെ അകത്തളത്തിലെ സ്വാദ് നമ്മുടെ വീട്ടിലും എത്തി തുടങ്ങി. (സാമ്പാറിന്റെ രുചി അമ്മയുടേതാണ്) എല്ലാത്തിനും ചുക്കാൻ പിടിക്കാൻ ശ്രീ മനോജും. എന്ത് വേണം എങ്ങനെ വേണം ഏത് സമയത്ത് വേണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ ഭക്ഷണയിടങ്ങളുടെ പരിചയസമ്പത്ത് കൊണ്ട് ശ്രീ മനോജാണ് വേണ്ട സമയത്ത് നല്കി ഈ കൂട്ടായ്മയെ മുന്നിൽ നിന്ന് നയിക്കുന്നത്.
ഭർത്താവും ഭാര്യയും കൂടി ഒന്നിച്ച് ഒരു സ്കൂട്ടറിലാണ് മനോരമ റോഡിൽ വന്നിറങ്ങിയത്. ഭക്ഷണ പൊതി കൈയ്യിൽ വാങ്ങിച്ച ശേഷം ഞാൻ പറഞ്ഞു. ഞാൻ പ്രവീണാണ്. അപ്പോഴാണ് എന്നെ മനസ്സിലായത്. മാസ്ക്കുകളുടെ മറ കാറണം മുഖം പരസ്പരം കാണാൻ കഴിഞ്ഞില്ല. തമ്മിൽ കാണാവുന്ന നല്ല കാലം അത്ര അകലെയല്ല. നമുക്ക് കാത്തിരിക്കാം. ഭക്ഷണം വാങ്ങിച്ച ശേഷം വീടെത്തുന്നത് വരെ ഹൃദയത്തിൽ ഒരേ പ്രാർത്ഥനയായിരുന്നു. ദൈവമേ ഭക്ഷണം നന്നായിരിക്കണേ എന്ന്. ആദ്യത്തെ ഉരുള ആ മീൻചാറിൽ നിറച്ച് വായിൽ വച്ചപ്പോഴേ മനസ്സിലായി ഇത് വേറെ ലെവലാണെന്ന്. പിന്നെ സത്യം പറയട്ടേ കഴിച്ച് തീർന്നത് അറിഞ്ഞില്ലHighly Recommended.
പേയാട് വരെ ഡെലിവറി കാണുമോ എന്ന സംശയത്തിലാണ് ഇവിടെ വന്ന് വാങ്ങിച്ചത് എന്ന് പറഞ്ഞപ്പോൾ ഒരു സാഹചര്യം വന്നപ്പോൾ ആക്കുളം വരെ കൊണ്ട് കൊടുത്ത കാര്യം മനോജ് പറഞ്ഞത്. മുട്ടത്തറ (മണക്കാടിൽ നിന്ന് 1 Km എന്നാണ് പറഞ്ഞത്) മനോജ് താമസിക്കുന്നത്. പ്രധാനമായും 5 Km ചുറ്റളവിലാണ് ഡെലിവറി. തലേദിവസം തന്നെ കഴിയുന്നതും ഓർഡർ പറയുന്നതാണ് അഭികാമ്യം. രാവിലെയൊക്കെ കുറച്ച് പൊതികൾ കൂടി അഡ്ജസ്റ്റ് ചെയ്യാമെങ്കിലും കൂടുതൽ ഓർഡറുകൾ പറഞ്ഞാൽ കൊടുക്കാൻ പറ്റാതെ ആയി പോകും. അതിൽ മനോജിന് വളരെ വിഷമവുമുണ്ട്. അത് കൊണ്ട് ദയവായി ആവശ്യമുള്ളവർ തലേ ദിവസം തന്നെ പറയുക.
കൃത്രിമമായ ഒരു ചേരുവകളും അനുഭവപ്പെട്ടില്ല. വിശ്വാസത്തോടെ കഴിക്കാം. ഈ കഴിഞ്ഞ ബുധനാഴ്ച 2021 ഒക്ടോബർ 27 മുതൽ തുടങ്ങിയ ഈ സംരംഭത്തിന് ഹൃദയത്തിൽ നിന്ന് എല്ലാ ആശംസകളും പ്രാർത്ഥനകളും
Manoj Vaduvoth
9496955933/ 7012149070
ഞാറായ്ഴ്ച അവധിയാണ്