Thiruvonam-വേങ്ങോട് തിരുവോണം – Vellanikkal Paramukal Hill Station – വെള്ളാണിക്കൽ പാറമുകൾ ഹിൽസ്റ്റേഷൻ
ഇത് സുമനൻ ചേട്ടൻ്റെ തിരുവോണം. സ്ഥലം വേങ്ങോട്. പോത്തൻകോട് ജംഗ്ഷനിൽ നിന്ന് ഏഴ് കിലോമീറ്റർ. മംഗലപുരം , കരൂർ പോകുന്ന വഴി ജുമാമസ്ജിദ് കഴിഞ്ഞ് വാവരമ്പലം ജംഗ്ഷൻ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് വരണം. വേങ്ങോട് ജംഗ്ഷൻ എത്തി വലത്തോട്ട് തിരിഞ്ഞ് 200 മീറ്റർ വരുമ്പോൾ അയ്യൻകാളി പ്രതിമ കാണാം, വേങ്ങോട് മേലെമുക്ക്. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നൂറ് മീറ്റർ എത്തുമ്പോൾ തിരുവോണം എന്ന ഭക്ഷണയിടമായി. ആറ്റിങ്ങലിൽ നിന്ന് വരുമ്പോൾ പതിനാറാം മൈൽ, അവിടെ നിന്ന് നാല് കിലോമീറ്ററിനകത്ത്. തിരുവോണത്തിനെ പറ്റി ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ അതിജീവനത്തിൻ്റെ പാതയിലൂടെ ഉരുത്തിരിഞ്ഞ് ഉണ്ടായൊരു ഭക്ഷണയിടം എന്ന് തന്നെ അക്ഷരാർത്ഥത്തിൽ പറയാം. നമ്മളും ഇപ്പോഴത്തെ ഈ കാലവും എല്ലാം ഒരിക്കൽ വിസ്മൃതിയിൽ മറയും. വിദൂരതയിലെ ധൂളികളായി നമ്മൾ തീരുന്ന നിമിഷങ്ങൾ ഇങ്ങനെ കടന്ന് പോകുകയാണ്. എന്നാൽ ഈ കാലത്തിനേയും പിടിച്ച് നിർത്തി കൊണ്ട് ചിലത് അല്ലെങ്കിൽ ചിലർ വർത്തമാനകാലത്തിലും തങ്ങളുടെ അവശേഷിപ്പുകളും പേറി കൊണ്ട് അങ്ങനെ നിലകൊള്ളും. അവയിൽ പെടുന്നതാണ് ഈ ഓലമേഞ്ഞ ഭക്ഷണയിടവും അതിലൂടെ ഇതിൻ്റെ കാരണഭൂതനായ സദാനന്ദൻ മാമനും. ശ്രീ സുമനൻ ചേട്ടൻ്റെ അച്ഛനാണ് സദാനന്ദൻ മാമൻ. തിരുവോണത്തിൽ നിന്നിറങ്ങി നേരെ പോയത് വെള്ളാണിക്കൽ പാറമുകളിലോട്ടാണ്. തിരുവോണത്ത് നിന്ന് 200 മീറ്റർ വരുമ്പോൾ വേങ്ങോട് മേലെമുക്കുള്ള അയ്യൻകാളി പ്രതിമയുടെ വലത് വശത്തായുള്ള റോഡിൽ കൂടി ഏകദേശം 3.7 കിലോമീറ്റർ മുന്നോട്ട് പോയാൽ പ്രകൃതി രമണീയമായ വെള്ളാണിക്കൽ പാറമുകളിലെത്താം. റോഡിൽ നിന്ന് അധികം ദൂരയല്ല ഒരുപാട് നടക്കണ്ട കുറച്ച് പടികൾ കയറിയാൽ ഇവിടെയെത്താം. ചുറ്റുപാടും മലകളും പച്ചപ്പും; നല്ല വെയിൽ താഴ്ന്ന സമയം വന്നാൽ ഒരു പൊൻമുടിയുടെ അനുഭവമൊക്കെ തോന്നും. നല്ല കാറ്റുണ്ട്. കാറ്റില്ലാത്ത സമയവും ഉണ്ട്. അവിടെ പാറമുകളിൽ ഒരു ആയിരവല്ലി ക്ഷേത്രമുണ്ട്. പാറയിൽ നിന്ന് സദാ ഒഴുകുന്ന വെള്ളമുള്ള സ്ഥലവും കാണാം. അവിടെ ഒരു വ്യൂടവർ കണ്ടു. അതിൻ്റെ മുകളിൽ നിന്ന് നോക്കിയാൽ കുറേക്കൂടി പ്രകൃതി ഭംഗി ആസ്വദിക്കാനാവണം. അപ്പോൾ ഇങ്ങോട്ട് വന്നാൽ സുമനൻ ചേട്ടന്റെ കടയിലും കയറാം വെള്ളാണിക്കൽ പാറമുകളിലെ പ്രകൃതി ഭംഗിയും കാണാം. മറക്കണ്ട. Thiruvonam Tea Shop Vengode Seating Capacity - 10 Timings 6 AM to 7 PM 📲 94003 88854 https://goo.gl/maps/kxtkQEUiLLv7zfhYA