തലപ്പാവ് കെട്ടിയ ആൾ ശ്രീ നാഗ സ്വാമി നായിഡു 1957 ൽ തുടക്കം കുറിച്ച ബിരിയാണി. അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടാക്കി കൊടുത്ത ബിരിയാണിയുടെ വ്യത്യസ്തമായ രുചി ഉൾക്കൊണ്ടു കൊണ്ട് അദ്ദേഹം ഡിണ്ടിഗലിൽ ആനന്ദ് വിലാസം ഹോട്ടലിൽ ജീരക സാമ്പാ റൈസിൽ തുടങ്ങിയ മട്ടൻ ബിരിയാണി, പിൽക്കാലത്ത് ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ആയി പേരെടുത്തു.
തിരുവനന്തപുരത്ത് പട്ടത്ത് നിന്ന് കേശവദാസപുരം പോകുമ്പോൾ എൽ ഐസി ഓഫീസ് കഴിഞ്ഞ് ചാലക്കുഴി റോഡ് എത്തണ്ട അതിന് മുമ്പ് വലത് വശത്ത് ഗരം മസാല റെസ്റ്റോറൻറ് എത്തുന്നതിന് മുമ്പായി ഡിണ്ടിഗലിൻ്റെ ബ്രാഞ്ചായുള്ള റെസ്റ്റോറൻറ് കാണാം. 2021 ഡിസംബർ 27 നാണ് ഇതിന് തുടക്കം കുറിച്ചത്.

എല്ലാവരേയും പോലെ അവിടെ പോയി കഴിക്കണമെന്നായിരുന്നു ആഗ്രഹം. കുറഞ്ഞ പക്ഷം അവിടെ പോയി പാഴ്സലെങ്കിലും വാങ്ങിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ രോഗ വ്യാപന സാധ്യതകളും അവിടത്തെ തിരക്കും കരുതി പിന്നൊരവസരത്തിലേക്ക് മാറ്റി വയ്ക്കുകയാണ് ചെയ്തത്. പകരം സൊമാറ്റോയിൽ അഭയം തേടി.

തലപ്പാക്കട്ടി സ്പെഷ്യൽ മട്ടൺ ബിരിയാണി ബോൺലെസ്സ് – ₹ 339
തലപ്പാക്കട്ടി ചിക്കൻ 65 ബിരിയാണി – ₹ 279
തലപ്പാക്കട്ടി ചിക്കൻ ബിരിയാണി – എല്ലുള്ളത് – ₹ 229
ഇവയാണ് ഓർഡർ ചെയ്തത്.
ഭക്ഷണാനുഭവം
തുറന്നപ്പോൾ നല്ല മണമൊക്കെ അനുഭവപ്പെട്ടു. ആദ്യം കഴിച്ചത് എല്ലില്ലാത്ത തലപ്പാക്കട്ടി സ്പെഷ്യൽ മട്ടൺ ബിരിയാണിയാണ്. ഡിണ്ടിഗലിൽ പോയി തലപ്പാക്കട്ടി കഴിച്ചുള്ള അനുഭവ പരിചയം ഇല്ല. (പോയിരിക്കുമെന്നുള്ളത് കട്ടായമാണ്; പിന്നൊരിക്കൽ) ജോലി സംബന്ധമായി തമിഴ്നാട് കുറച്ച് നാൾ ഉണ്ടായിരുന്നു. 1998-99 കാലയളവിൽ. കേറും, സ്പെഷ്യലെന്താണെന്ന് ചോദിക്കും. ഇഷ്ടപ്പെട്ടാൽ വീണ്ടും അവിടെ തന്നെ കേറുമെന്നല്ലാതെ കടയുടെ പേരും തലപ്പാക്കട്ടി തുടങ്ങിയ പേരുകളൊന്നും ആ നാളുകളിൽ ശ്രദ്ധിച്ചിരുന്നില്ല. നമ്മൾക്ക് അതെല്ലാം തമിഴ്നാട് ബിരിയാണി.

തിരുവനന്തപുരത്ത് തലപ്പാക്കട്ടി രീതിയിലുള്ള ബിരിയാണി കഴിച്ചിട്ടുള്ള അനുഭവം വച്ച് നോക്കിയാൽ മട്ടൺ ബിരിയാണി വ്യക്തിപരമായി ഒരു ആവറേജ് ബിരിയാണിയായി തോന്നി. വിശന്നിരിക്കുമ്പോൾ ഇങ്ങനെ കഴിക്കാമെന്നല്ലാതെ പ്രത്യേകിച്ച് എടുത്ത് പറയാൻ ഒന്നും തോന്നിയില്ല. കൂടെ കിട്ടിയ കറി കൊള്ളാം. അത് ഒഴിക്കാതെയും ബിരിയാണി കഴിച്ച് നോക്കണം. അല്ലെങ്കിൽ ആ എരിവിന്റെ രുചി അല്ലാതെ ബിരിയാണിയുടെ രുചി വേർ തിരിച്ച് അറിയാനാവില്ല. മുട്ടയുണ്ട്, സാലഡ് ഉണ്ട്. രണ്ടും കൊള്ളാം. മട്ടൻ്റെ ചെറിയ പീസുകൾ നാലെഞ്ചണ്ണം ഉണ്ടായിരുന്നു.
അളവ് നോക്കിയാൽ എല്ലാം നല്ല രീതിയിൽ ഉണ്ടെന്ന് തന്നെ പറയാം. ഭാരം നോക്കി. 700 ഗ്രാമിന് മുകളിൽ ഉണ്ടായിരുന്നു ചിക്കൻ 65, മട്ടനും, ചിക്കനും 600 ഗ്രാമിന് മുകളിലും. വേറൊരു കാര്യം ശ്രദ്ധിച്ചത് ചിക്കൻ്റേയും മട്ടന്റേയും അരിയുടെ കളറല്ല ചിക്കൻ 65 യുടേത്.

അടുത്ത പരീക്ഷണം തലപ്പാക്കട്ടി സ്പെഷ്യൽ ചിക്കൻ 65 ബിരിയാണിയിലായിരുന്നു. റൈസ് മാത്രമെടുത്ത് വായിൽ വച്ചപ്പോൾ തന്നെ മട്ടനുമായി താരതമ്യം ചെയ്തപ്പോൾ ചോറിൽ നല്ല വ്യത്യാസം തോന്നി. ഈ ഫ്ളേവർ ഇഷ്ടപ്പെട്ടു. മനസ്സിന് നല്ല സംതൃപ്തി തോന്നി. വെരി ഗുഡ് അഥവാ എക്സലൻ്റ് എന്ന് തന്നെയൊക്കെ പറയാം. ഇതിലും 5 പീസായിരുന്നു കണക്ക്. ചിക്കനും കൊള്ളാം. നല്ല പോലെ വെന്തിട്ടുണ്ട്. രുചിയുമൊണ്ട്.

തലപ്പാക്കട്ടി ചിക്കൻ ബിരിയാണി (എല്ലുള്ളത്)
അടുത്തത് പിന്നെ കഴിച്ചത് തലപ്പാക്കട്ടി ചിക്കൻ ബിരിയാണി എല്ലോട് കൂടിയത്. ഇതും വളരെ നല്ല അനുഭവം തന്നെയായിരുന്നു. വെരിഗുഡ് അല്ലെങ്കിൽ എക്സലൻ്റ് തന്നെ എന്ന് പറയാം. ചിക്കനൊക്കെ നല്ല പോലെ വെന്തിരുന്നു. അരിയുടെ ഫ്ളേവറും മികച്ചതായി തോന്നി. മൂന്ന് ഇടത്തരം വലിപ്പമുള്ളതും രണ്ട് ചെറിയ കഷ്ണം ചിക്കനാണ് ഇതിൽ ഉണ്ടായിരുന്നത്. ചുരുക്കി പറഞ്ഞാൽ മട്ടൻ മാത്രമാണ് പ്രതീക്ഷകൾക്ക് ഒത്ത് വരാത്തത്. ചിക്കനും ചിക്കൻ 65 യും വളരെ നന്നായി ഇഷ്ടപ്പെട്ടു.
ഇതൊക്കെയാണ് അനുഭവങ്ങൾ. ഇനിയൊരിക്കൽ കഴിക്കുമ്പോൾ ഈ ഒരു അനുഭവം തന്നെയാകണമെന്നില്ല. എല്ലാം വളരെ മികച്ച രീതിയിലുള്ള അനുഭവം തന്നെ ഉണ്ടാകാം. അങ്ങനെയാണ് പ്രതീക്ഷിക്കുന്നതും. തുടക്കത്തിലെ ചില്ലറ പ്രശ്നങ്ങളാകാം. എന്തായാലും തലപ്പാക്കട്ടി ചിക്കനും, തലപ്പാക്കട്ടി ചിക്കൻ 65 ബിരിയാണി നല്ലൊരുനഭവം തന്നെയായിരുന്നു.



തിരുവനന്തപുരത്ത് ഡിണ്ടിഗൽ ചിക്കൻ ബിരിയാണി കഴിച്ചിട്ടുള്ളവർ അനുഭവങ്ങൾ ഇവിടെ കമൻ്റ് ബോക്സിലോ പോസ്റ്റായിട്ടോ പങ്ക് വച്ചാൽ കൊള്ളാമായിരുന്നു. മറ്റുള്ളവരിൽ നിന്ന് എനിക്ക് കിട്ടിയതനുസരിച്ച് വളരെ ഇഷ്ടപ്പെട്ടവരും ഉണ്ട്, ഫ്ളോപ്പ് ആയവരും ഉണ്ട്.
Dindigul Thalappakatti Restaurant
LIC, Pattom
Opposite Chellam Mart
078239 00012
https://goo.gl/maps/gStxwvpaWjUy48vA7