ഊണ് എന്നതിന്റെ ശരിയായ അർത്ഥം ആഹാരം എന്നാണെങ്കിലും അതിലുപരി മലയാളികൾക്ക് ചോറാണ്. അത്രയ്ക്കുണ്ട് ചോറുമായുള്ള ആത്മബന്ധം. ചോറ് അഥവാ ഊണ് ഇഷ്ടപ്പെടാത്ത മലയാളി വളരെ കുറവായിരിക്കും. ഇനി എന്തൊക്കെ വന്നാലും അഥവാ വന്ന് പോയാലും സിംഹാസനത്തിൽ ചോറ് അഥവാ ഊണ് തന്നെ രാജാവ്.
ഉച്ചയോട് അടുക്കുന്ന സമയം. വീട്ടിലെ ചില സാഹചര്യങ്ങൾ കാരണം പുറത്ത് നിന്ന് ആഹാരം വാങ്ങിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഉള്ളിൽ പെട്ടെന്ന് വീണ്ടും ആ പൂതി. മുതുവിള മാഷിൽ നിന്നും ഊണ് കഴിക്കണം. മുമ്പും പലപ്പോഴും ഇത് പോലെ ആഗ്രഹിച്ചിട്ട് തെന്നി മാറി പോയ സ്ഥലമാണ്. ഇന്ന് (08/01/2022) രണ്ടും കല്പിച്ചങ്ങ് ഇറങ്ങി. കൂട്ടിന് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോളും. വേറെയാർക്കും ഇറങ്ങാൻ പറ്റാത്ത സാഹചര്യവും.
എങ്കിലും ഉള്ളിലൊരു ശങ്ക. ഗൂഗിൾ മേപ്പ് നോക്കുമ്പോൾ വീട്ടിൽ നിന്ന് 32 കിലോമീറ്റർ. 53 മിനിറ്റത്തെ യാത്രാ സമയവും കാണിക്കുന്നുണ്ട്. ഊണിന് വേണ്ടി മാത്രം ഇത്രയും യാത്ര ചെയ്ത് അവിടെയെത്തുമ്പോൾ കടയില്ലെങ്കിലോ ഊണ് തീർന്നാലോ. മുമ്പേ കുറിച്ച് വച്ചിട്ടുള്ള നമ്പർ നോക്കി വിളിച്ചപ്പോൾ മറുതലയ്ക്കൽ ആളെ കിട്ടി. മാഷ് ഉണ്ട്, ഊണ് ഉണ്ട്, ബീഫും ഉണ്ട്. നമ്മളുദ്ദേശിച്ചതൊക്കെ ഉണ്ട്. എങ്കിലും സമയം വില്ലനാവോ എന്നൊരു സംശയം. അത് കൊണ്ട് ഡ്രൈവിംഗ് ഒരു മണിക്കുർ കണക്കാക്കി ഉച്ചയ്ക്ക് ഒരു ഒന്നേകാലിന് എത്തും. ആ സമയം കണക്കാക്കി രണ്ട് ഊണും ഒരു ബീഫ് കറിയും എടുത്ത് വച്ചേക്കാൻ പറഞ്ഞു. ആരാ എന്താ എന്നൊക്കെ ചോദിച്ചു. പേയാട് നിന്ന് അവിടം വരെ വരികെയാണ് ഒരാളെ കാണാൻ. (അവിടത്തെ ചേട്ടനെ കാണാൻ തന്നെ അല്ലാതാരെ? അത് പറഞ്ഞില്ല) അവിടത്തെ ആഹാരം കൊള്ളാമെന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് വാങ്ങിക്കാമെന്ന് കരുതി എന്നങ്ങ് പറഞ്ഞു. സാധനം വാങ്ങിച്ച്, കാശ് കൊടുത്ത ശേഷമുള്ള പരിചയപ്പെടലുകൾ അല്ലാതെ ആദ്യമേ ഉള്ള മുഖവര പണ്ടേ ശീലമില്ലാത്തതിനാൽ ആഹാരം ഉറപ്പ് വരുത്താൻ പറഞ്ഞ ഈ കാര്യങ്ങൾ തന്നെ ധാരാളം.
മൊബൈൽ ഡേറ്റ ശരിയായി ഓൺ ആക്കാത്തതിനാൽ ഗൂഗിൾ മേപ്പ് നോക്കിയുള്ള പാളിച്ചകൾ കാരണം കുറച്ചൊന്നു ചുറ്റി കറങ്ങി എത്തിയപ്പോൾ ഏകദേശം ഒന്നേ മുക്കാൽ ആയി. മേശപ്പുറത്ത് രണ്ട് പൊതികളും കറികളും എന്റെ തന്നെയാണോന്ന് ഉറപ്പിക്കാൻ ഞാൻ പറഞ്ഞു. “ഞാൻ കുറേ മുമ്പ് വിളിച്ചിരുന്നത് രണ്ട് പാഴ്സൽ വേണമെന്ന് പറഞ്ഞത്.” അപ്പോൾ തന്നെ എടുത്ത് തന്നു. ഒന്നേ കാലിന് നോക്കി കുറച്ച് കഴിഞ്ഞിട്ടും ആളെ കാണാത്തത് കൊണ്ട് ആവശ്യം വന്ന വേറേ ആളുകൾക്ക് കൊടുത്തു. ഇത് വീണ്ടും രണ്ട് പൊതി എടുത്ത് വച്ചതാണെന്ന്.
സമനിരപ്പായ റോഡിൽ നിന്നും കുറച്ച് താഴോട്ട് പടികളിറങ്ങണം കടയിലോട്ട്. കാറിൽ 7 വയസ്സുകാരി തനിച്ചാണ്. കൺവെട്ടത്തുണ്ട്. ഇടയ്ക്കിടെ എത്തി നോക്കും. അത് കൊണ്ട് അധികം ഉള്ളിലോട്ടിറങ്ങി വിറകടുപ്പ് തുടങ്ങിയവ ഫോട്ടോ എടുക്കാൻ മുതിർന്നില്ല. അത് ഇനി ഒരവസരത്തിലാകാം എന്ന് കരുതി. പാഴ്സൽ എടുത്ത തന്ന കാശ് മേടിച്ച ചേട്ടനോട് ചോദിച്ചു. ഓണറാണോ. അതേയെന്ന്. ഫുഡ് കൊള്ളാമെങ്കിൽ ഇതിനെ പറ്റി ഫേസ്ബുക്കിൽ ഒന്ന് പറയാൻ വേണ്ടിയാണ്. മാസ്ക്ക് ഒന്ന് മാറ്റിയാൽ ഫോട്ടോ എടുക്കാമായിരുന്നു. ചേട്ടന്റെ ഫോട്ടോയും ചേട്ടനോടൊപ്പം ഒരു സെൽഫിയുമെടുത്ത് ഇറങ്ങി.
ഇന്ന് എവിടെയാണ് ഒരു ഗ്രാമം തിരുവനന്തപുരത്ത്? ആധുനികതയുടെ കാൽവയ്പ്പുകൾ പതിഞ്ഞ് തുടങ്ങാത്ത ഒരിടമെങ്കിലും ഉണ്ടോ. മുതുവിളയും വിഭിന്നമല്ല. പഴമയുടെ അസ്ഥിപജ്ഞരത്തെ സൂചിപ്പിക്കുന്ന ചില ഓടിട്ട കെട്ടിടങ്ങളുടെ ശേഷിപ്പുകൾ അവിടവിടെയായി കാണാമെന്ന് മാത്രം.
തിരിച്ച് വരവ് യാത്ര വളരെ പെട്ടന്ന് തന്നെ എത്തി.വേറെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. മനസ്സിൽ കുറേ ആശങ്കകൾ. എല്ലാം കൂടെ കാറിൽ 74 കിലോമീറ്റർ സഞ്ചരിച്ചു. അതിന്റെ പെട്രോൾ ചിലവ്, ആഹാരത്തിന്റെ കാശ് ഇതൊക്കെ വച്ച് നോക്കുമ്പോൾ അതിനുള്ള മുല്യമൊക്കെ ഈ ആഹാരത്തിന് കാണുമോ. ഫോട്ടോയെടുത്തപ്പോൾ ചേട്ടന്റെ മുഖത്ത് വലിയ ചിരി ഒന്നും ഇല്ലായിരുന്നു. എന്റെ കാലക്കേടിന് ഇന്നത്തെ ഫുഡ് എങ്ങാനും പാളി പോയോ. സെൽഫി എടുത്തപ്പോൾ എനിക്കും ചിരി ഇല്ലായിരുന്നു. അത് മോൾ കാറിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കാര്യമൊക്കെ ആലോചിച്ചായിരുന്നു. എന്തായാലും പൊതിയഴിക്കുമ്പോൾ അറിയാം. നന്നാകുമായിരിക്കും എന്ന ശുഭപ്രതീക്ഷയോടെ ഇരുന്നു.
പരിപ്പ് പാത്രത്തിലോട്ട് ഒഴിച്ചപ്പോൾ തന്നെ ശ്രദ്ധിച്ചു സാധാരണ ഹോട്ടലിൽ നിന്ന് കിട്ടുന്ന പരിപ്പാണോ പുളിശ്ശേരിയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയിലുള്ള വെള്ളം പോലത്തെ പരിപ്പല്ല. നല്ല കട്ടി കട്ടിയായിട്ടുള്ള പരിപ്പ്. മനസ്സിൽ ശുഭ പ്രതീക്ഷകൾ വീണ്ടും കൂടി. നല്ല വെള്ള ചോറ്, പരിപ്പ്, സാമ്പാർ, പുളിശ്ശേരി, അവിയൽ, കിച്ചടി, നാരങ്ങ അച്ചാർ, മരിച്ചീനി അഥവാ കപ്പ … പിന്നെ അശോകനും (യോദ്ധ.jpg) എന്ന പോലെ ബീഫും മുമ്പിലങ്ങനെ ചുരുൾ നിവർന്നു, വായിൽ കപ്പലോടിക്കും വിധം നീണ്ടു നിവർന്നങ്ങനെ കിടക്കുകയാണ്.
ആദ്യമേ തന്നെ ചോറിൽ അല്പം പരിപ്പൊഴിച്ച് ഒന്ന് കുഴച്ചു പിന്നെ അതിന് മുകളിൽ തുടുതുടുത്ത ബീഫ് കഷ്ണങ്ങൾ ചാലിച്ച് ഒന്ന് കൂടി കുഴച്ചു പിന്നെ അതിനും മുകളിൽ ബീഫിൻ്റെ ചാറ് ഇങ്ങനെ ഇറ്റ് ഇറ്റ് ഒഴിച്ച ശേഷം ഒന്ന് കൂടി അവസാനമായിട്ടൊന്ന് കുഴച്ച ശേഷം വായിലോട്ടൊന്ന് ചേർത്ത് പിടിപ്പിച്ചു. പരിപ്പിന്റെയും ബീഫിന്റെയും അതിൽ അലിഞ്ഞ ചേർന്ന ചാറിന്റേയും ഒരു സമ്മിശ്ര രുചി, രുചിമുകളങ്ങളിൽ നിറഞ്ഞ് തുളുമ്പി അന്ന നാളത്തിലൂടെ പ്രവഹിച്ചു. ഹാ സ്വർഗം … ആ പരിപ്പിന്റെ രുചി ബീഫിന്റെ രുചി … കിടുക്കാച്ചി.. യാത്രാ ക്ഷീണമൊക്കെ എവിടെയോ പോയൊളിച്ചു.
ബീഫ് ഹീറോയാണെടാ ഹീറോ (കുമ്പളങ്ങി നൈറ്റ്സ്.jpg) അത് സമ്മതിച്ചേ പറ്റു. ബാക്കിയുള്ള ഹീറോകളുടെ കാര്യം നോക്കാം. മലക്കറികൾ ഇഷ്ടപ്പെട്ടപ്പോൾ മുതൽ എന്നും ഹൃദയത്തിൽ ഒന്നാം സ്ഥാനമലങ്കരിച്ചിട്ടുള്ള അവിയലിൽ തന്നെ തുടങ്ങി. ടേസ്റ്റ് എന്ന് വച്ചാൽ അടിപൊളി ടേസ്റ്റ്, നാവിൽ അലിഞ്ഞിറങ്ങുന്ന ടേസ്റ്റ്. അതോടെ കൺട്രോൾ വിട്ടു. പിന്നെ പരാക്രമങ്ങളുടെ നിമിഷങ്ങളായിരുന്നു. കിച്ചടിയൊക്കെ ഒന്നും പറയണ്ട അതിലെ ഓരോ തരിയും നക്കിയെടുത്തു എന്ന് തന്നെ പറയാം.
സാമ്പാറിന്റെ രുചിയൊക്കെയങ്ങ് ഉച്ചസ്ഥായിയിൽ ആയിരുന്നു. കല്യാണത്തിനൊക്കെ കിട്ടുന്ന രീതിയിലുള്ള പൊളി പൊളി പൊളി സാമ്പാർ. കപ്പയും ബീഫിൽ ഇഴുകി ചേർന്ന് അതിന്റെ വരവറിയിച്ചു. നാരങ്ങ അച്ചാറും കിടു. കഴിച്ച് തീർന്നിട്ടും കഴിച്ചതാലോചിച്ച് നാവ് നുണഞ്ഞ് നുണഞ്ഞ് ഇരുന്നു. വെറുതെ അർത്ഥമില്ലാത്ത ആശങ്കകളായിരുന്നു കഴിക്കും മുമ്പേ… ആഹാരം കഴിക്കുമ്പോൾ കിട്ടിയ ആ സംതൃപ്തിയുടെ മൂല്യം വച്ച് നോക്കുമ്പോൾ … യാത്ര ചെയ്ത ദൂരം, സമയം, മൊത്തം ചെലവ്… ഇതൊന്നും ഒന്നും ഒന്നുമല്ല. ആ രുചി ആ സംതൃപ്തി ഇതിന് മുന്നിൽ ഇതൊക്കെ ചെറിയ ചെറിയ കാര്യങ്ങൾ. അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി ആമ്പിയൻസും ഒന്നും പ്രത്യേകം പറയാനില്ലാത്ത ഈ ചെറിയ ഭക്ഷണയിടത്തിന്റെ രുചിയുടെ മുന്നിൽ പല ഭക്ഷണ സൗധങ്ങളും പഞ്ച പുശ്ചമടക്കി നില്ക്കും.
വില വിവരം:
ഊണ് – ₹ 60 (മുമ്പ് 50 ആയിരുന്നു. രണ്ടാഴ്ചയേ ആയുള്ളു 60 ആക്കിയിട്ട്. വർധിച്ച് വരുന്ന പച്ചക്കറി വില തന്നെ പ്രധാന കാരണം)
ബീഫ് കറി – ₹ 100
മാഷിന്റെ തുടക്കവും വിശേഷങ്ങളും
ശ്രീ സണ്ണി ചേട്ടൻ മുതുവിള ജംഗ്ഷനിൽ 25 വർഷം മുമ്പ് തുടങ്ങിയ സ്ഥാപനമാണ് മാഷ്. തുടക്കം മുതുവിള ജംഗ്ഷനിലായിരുന്നു.ഇപ്പോൾ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ മാറി കല്ലറ പോകുന്ന വഴിയിൽ വലത് വശത്തായി കാണാം. 7 വർഷങ്ങളായി ഇങ്ങോട്ട് മാറിയിട്ട്. സണ്ണി ചേട്ടനും അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പ്രശോഭന ചേച്ചിയുടേയും മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. പാചകത്തിൽ ചേച്ചിയുടെ കൈപുണ്യത്തിന്റെ അടയാളം പ്രത്യേകമുണ്ട്. ഇതല്ലാതെ ചായയടിക്കാനും പാചകം ചെയ്യാനും വിളമ്പാനുമായി രണ്ട് പ്രധാനപ്പെട്ട സ്റ്റാഫുകൾ കൂടിയുണ്ട്. അവരും ഈ ഭക്ഷണയിടത്തിന്റെ രുചി ഊട്ടി ഉറപ്പിക്കുന്നതിൽ നല്ല രീതിയിൽ ആത്മാർത്ഥമായ പങ്ക് വഹിക്കുന്നുണ്ട്.
മാഷ് എന്ന ഭക്ഷണയിടം തുടങ്ങുന്നതിന് മുമ്പ് ചേട്ടൻ സിവിൽ ഇഞ്ചനീയറിംഗ് മേഖലയിലായിരുന്നു. അടൂർ റെവന്യു ടവറിൽ സെക്കൻറ് ഗ്രേഡ് ഓവർസിയറായി ജോലി ചെയ്തിട്ടുണ്ട്. എംപ്ലോയ്മെൻറ് വഴി ജോലി ലഭിച്ചതിനാലും സർക്കാർ മാറിയതനുസരിച്ചുള്ള നിയമങ്ങൾ വന്നതിനാലും ആ ജോലിയിൽ അധികം തുടരാനായില്ല. പുതിയൊരു സംരംഭം എന്നുള്ള ആലോചനയിൽ പാചക നൈപുണ്യയായ ഭാര്യ കൂടെയുള്ളപ്പോൾ അധികം ആലോചിക്കേണ്ടി വന്നില്ല. അങനെയാണ് മാഷിന്റെ തുടക്കം.
മുമ്പ് പറഞ്ഞത് പോലെ 7 വർഷം മുമ്പ് വന്ന പുതിയ സ്ഥലത്ത് സണ്ണി ചേട്ടന്റെ സിവിൽ ഇഞ്ചറീയറിംഗ് മേഖലയിലെ പരിചയ സമ്പന്നതയുടെ സഹായവും കൂടി ചേർന്ന് 40 ദിവസം കൊണ്ട് ചേട്ടൻ തന്നെ ഉണ്ടാക്കി എടുത്തതാണ് ഈ ഭക്ഷണയിടത്തിന്റെ ചെറിയ കെട്ടിടം. കെട്ടിടം ഈ രീതിയിൽ ഉണ്ടാക്കിയെടുത്തെങ്കിലും സ്ഥാപനം വാടകയ്ക്കാണ്.
സണ്ണി ചേട്ടന്റെ മൂത്ത മകന്റെ പേര് മാഷുണ്ണി എന്നാണ്. ഇതാണ് കടയുടെ മാഷെന്നുള്ള പേരിന് ആധാരം. നല്ല ഭക്ഷണം മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൊടിയടയാളം നോക്കാതെ മതപരമായ വേർതിരിവില്ലാതെ എല്ലാവരേയും ഒരു പോലെ കാണുന്നത് കൊണ്ടുള്ള മാഷ് ഹോട്ടലിന്റെ മനോഭാവമാണ് പൊതുജനങ്ങൾക്ക് ഈ ഭക്ഷണയിടത്തിനെ പ്രിയങ്കരമാക്കുന്നതിന്റെ ഒരു വസ്തുത.
രാവിലെ 7 മണിക്ക് തുറക്കും. രാവിലെ ദോശ, ഇടിയപ്പം, പൂരി. പത്ത് പത്തരയ്ക്ക് പെറോട്ടയും ബീഫ് ഫ്രൈയും ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും കിട്ടും. ഉച്ചയ്ക്ക് ഊണും ബീഫ് കറിയും ചിക്കനും കാണും. വൈകുന്നേരം ചായ, 2-3 ഐറ്റം പലഹാരങ്ങളും കാണും. മോദകം, പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട തുടങ്ങിയ കടികളാണുള്ളത്. ഇവയല്ലാതെ പെറോട്ട, ബീഫ് – ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ദോശ, ചിക്കൻ ചാപ്സ് തുടങ്ങിയവ ഒമ്പത് മണി വരെ കട അടയ്ക്കുന്ന വരെ തീരുന്ന മുറയ്ക്ക് കാണും.
ചിക്കൻ കറി, ബീഫ് ഐറ്റം, ബീഫ് ബിരിയാണികൾ ഇവയ്ക്കെല്ലാം നൂറ് രൂപയാണ് റേറ്റ്. ചിക്കൻ ഹാഫ് അറുപതും. ചിക്കൻ ബിരിയാണി നൂറ്റിപത്തും. ബീഫ് പോലെ ചിക്കനും ആവശ്യക്കാരേറെയാണ്.
അരിയെല്ലാം, കൂടിയ അരി നോക്കി ക്വാളിറ്റിയുള്ളതാണ് വാങ്ങിക്കുന്നത്. കൃത്രിമമായ ഒരു ചേരുവകളും ചേർക്കുന്നില്ല. മസാല പൊടികളെല്ലാം വാങ്ങിച്ച് പൊടിച്ചെടുകയാണ് ചെയ്യുന്നത്. മസാലക്കൂട്ടുകളിൽ മാഷിന്റെ ഒരു കൂട്ടും അതിൽ വരും. ആ കൂട്ടും ആ കൈപുണ്യവും അത് ആത്മാർത്ഥതയോടെ സ്നേഹത്തോടെ ഒരുക്കുന്നതിലുമാണ് മാഷിന്റെ രുചിയുടെ രഹസ്യം. പെറോട്ട ഗ്യാസിലാണ് ചെയ്യുന്നത്. ഊണും കറികളും ബീഫുമെല്ലാം വിറകടുപ്പിലാണ്.
കോവിഡ് വളരെ ശക്തമായ രീതിയിൽ പ്രതിസന്ധി തീർത്തതാണ് ഈ കൊച്ചു ഭക്ഷണയിടവും. ഇപ്പോൾ അതിൽ നിന്ന് പതുക്കെ പതുക്കെ കര കയറി വരുന്നു.കുറച്ച് ദൂരം യാത്ര ചെയ്ത പോയാലും ഒരിക്കലും നഷ്ടമാകില്ല എന്നതാണ് അനുഭവത്തിൽ നിന്ന് മനസ്സിലായത്. ബഹുഭൂരിപക്ഷം പേർക്കും ഈ അനുഭവം തന്നെ ഉണ്ടാകുമെന്നത് കൊണ്ട് അഭ്യർത്ഥിക്കുകയാണ്. ദയവായി മറക്കരുത് ഈ ഭക്ഷണയിടത്തെ ഹൃദയത്തിൽ കുറിച്ച് വയ്ക്കുക. നിരാശപ്പെടില്ല
Hotel Mash Muthuvila
8921-645199
Seating Capacity: 8 (Normal seating capacity – 16 കോവിഡ് മാനദണ്ഡങ്ങൾ കാരണം 8 ആക്കി വച്ചിരിക്കുന്നതാണ്)
Timings 7 AM to 9 PM
https://goo.gl/maps/5NKc6qZZ8aHu4h468