നമ്മുടെ സ്വന്തം മാജീഷ്യൻ ഹാരിസ് താഹായുടെ ഫുഡ് സ്പോട്ട്

“ഇടവാക്കായലിൻ അയൽക്കാരീ
അറബിക്കടലിൻ കളിത്തോഴീ ….
ഗ്രാമീണതയുടെ ആടകളണിയും …“

ശ്രീ പൂവച്ചൽ ഖാദർ എഴുതി ശ്രീ രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ അനശ്വരമാക്കിയ ഈ വരികളിലൂടെയാണ് ഇടവ എന്ന പ്രദേശത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്.

തിരുവനന്തപുരത്തെ പഴയ ചിറയിൻകീഴ് താലൂക്കിലെ (ഇപ്പോൾ വർക്കല താലൂക്ക്) വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗവുമായ ഒരു കൊച്ചു ഗ്രാമം. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തിയാണ് ഇടവ. തിരുവതാംകൂർ ചരിത്രത്തിലോട്ടു കണ്ണോടിച്ചാൽ ഉമയമ്മ മഹാറാണിയുമായി ബന്ധപ്പെട്ടു നാട് കടത്താൻ “ഇടവ കടത്തുക” എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നു.

ആദ്യ കാലങ്ങളിൽ പത്തേമാരി വഴി മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിൽ എത്തി ചേർന്ന മലയാളികളിൽ കൂടുതലും ഇടവാക്കാരായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളിലും ഇടവ അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.കേരള സർക്കാരിന്റെ അറബിക് ഉറുദു പാഠപുസ്തകങ്ങൾ പ്രിന്റ് ചെയ്തിരുന്നത് ഇടവായിൽ ഉണ്ടായിരുന്ന സി.എം.എസ്സ് പ്രസ്സിലായിരുന്നു. ഒരു പഞ്ചായത്തിൽ രണ്ട് റെയിൽവേ സ്റ്റേഷനെന്നുള്ള പ്രത്യേകതയും ഇടവയ്ക്കുണ്ട്. ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ മുസ്ലിം സമുദായങ്ങൾ കൂടി പങ്കു വഹിക്കുന്നത് ഇടവയിലെ കറ പുരളാത്ത മത സൗഹാർദ്ദത്തെയാണ് കാണിക്കുന്നത്.

ഞാൻ ഇടവയുടെ മണ്ണിൽ ആദ്യമായി എത്താൻ കാരണം ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ എന്ന നമ്മുടെ ഗ്രൂപ്പും ഹാരിസ് താഹ എന്ന മനുഷ്യനുമാണ്.

2019 മാർച്ചിന് ARK ഗ്രൂപ്പിൽ മുർത്തബ എന്ന വിഭവത്തെ പറ്റി ഹാരിസിന്റെ ഒരു പോസ്റ്റ് വന്നിരുന്നു. ആ പോസ്റ്റിന്റെ അടിയിൽ ഒരു വരി ഉണ്ടായിരുന്നു വരുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എന്നെ വിളിക്കുമെല്ലോ കൂടെ ഫോൺ നമ്പറും. മുർത്തബയെ തേടിയുള്ള ഇടവയിലോട്ടുള്ള ആ യാത്രയിൽ വഴി ഒരു സംശയം തോന്നിയപ്പോൾ ആ നമ്പറിൽ ഒന്നു വിളിച്ചു. ഉദ്ദേശം വഴി അറിയുക മാത്രം.

പക്ഷേ എന്നേയും കൂടെ വന്ന സുഹൃത്തിനേയും അദ്ഭുതപ്പെടുത്തി കൊണ്ട് ഹാരിസ് ആ സ്പോട്ടിൽ കാത്ത് നില്ക്കുകയും നമ്മളോടൊപ്പം വന്ന് ആഹാരം കഴിക്കുകയും, ഇടവയിൽ വന്ന അതിഥികളെന്ന രീതിയിൽ നമ്മളെ കാണുകയും ഇടവയിലെ പ്രിയദർശിനി ബോട്ട് ക്ലബ്ബിൽ കൊണ്ട് പോയി കായൽ കാഴ്ചകൾ കാണിക്കുകയും, കാപ്പിലെ കടലിന്റെ സൗന്ദര്യവും കായലിലെ ജൽഫിഷുകൾ കാണാനും അവസരമൊരുക്കുകയും ചെയ്തു. തീർന്നില്ല, അവിടെ നിന്ന് ഹാരിസിന്റെ വീട്ടിൽ കൊണ്ട് പോയി ഹാരിസ് തന്നെ ചിരട്ടകളിലും, ടയറിലും, പ്ളാസ്റ്റർ ഒഫ് പാരീസിലും തീർത്ത പ്രായോഗികമായി നമുക്ക് ഉപയോഗിക്കാനുതുകുന്ന രീതിയിലുള്ള വസ്തുക്കളും അദ്ദേഹം വരച്ച ചിത്രങ്ങളുമെല്ലാമായി ഒരു മണിക്കൂറിന് മുകളിൽ നമ്മളോടൊപ്പം ചെലവഴിക്കുകയും ചെയ്തു.അന്ന് തുടങ്ങിയ സൗഹൃദമാണ്.

“ഫാസ്റ്റസ്റ്റ് മജീഷ്യൻ ഇൻ ദി വേൾഡ്” എന്ന ഗിന്നസ്സ് വേൾഡ് റെക്കാർസിനുടമ എന്നതിൽ ഉപരി എനിക്ക് തോന്നിയിട്ടുള്ളത് ഹാരിസ് വളരെ നല്ല ഒരു മനുഷ്യൻ കൂടിയാണ്. മനുഷ്യൻ എന്ന് പറയാൻ കാരണം വർണ വെറിയുടേയും ജാതി വെറിയുടേയും മത സ്പർദ്ധയുടേയും പഴയ ലോകത്തിലേക്ക് കാലഘട്ടം തിരിച്ച് പോവുകയാണോ എന്ന രീതിയിൽ സമകാലീന സംഭവങ്ങൾ നടക്കുമ്പോൾ അതിൽ നിന്നെല്ലാം മാറി എല്ലാവരേയും പൊതുവായി ഒന്നായി കണ്ട് കൊട്ടിഘോഷിക്കാതെ നിശ്ശബ്ദമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളും ഹാരിസ് നടത്തി വരുന്നു.

സിവിൽ സർവീസ് പോലീസ് അക്കാദമികളിൽ മാജിക്കിലൂടെ പഠനത്തെ സക്രിയമായി നടത്തുക തുടങ്ങി പല മാജിക്ക് എസ്‌ക്കേപ്പുകളും ലൈവായി നടത്തിയ ഹാരിസിന് മാജിക്കും ഭക്ഷണവുമായി ചേർന്ന വലിയ ഒരു ഡ്രീം പ്രോജെക്ഡാണ് മനസ്സിൽ ഉണ്ടായിരുന്നത്. പെട്ടെന്നൊരു ദിവസം മാജിക്കിൽ പൊട്ടിമുളച്ചതല്ല. സിരകളിൽ ചെറുപ്പം മുതലേ മാജിക്കാണ്. 5 വയസ്സിൽ തുടങ്ങിയ മാജിക്ക്. ഇപ്പോൾ 31 വർഷങ്ങളായി മാജിക്കിലെത്തിയിട്ട്.

ശ്രീ ഹാരിസിന്റെ മൂത്താപ്പയായ ശ്രീ ഇടവ അസീസ് പട്ടാളത്തിൽ ആയിരുന്നു. പി.സി സർക്കാർ മിലിട്ടറി ക്യാമ്പിൽ പ്രോഗ്രാം അവതരിപ്പിക്കുന്നതിന് വേണ്ടി ചെന്നപ്പോൾ മൂത്താപ്പ അദ്ദേഹവുമായി പരിചയപ്പെട്ട് ശിഷ്യത്വം വരിച്ചു. പ്രൊഫ സാം നാം സീറോ എന്ന പേരിൽ അദ്ദേഹം ചെയ്യുന്ന മാജിക്ക് കണ്ടാണ് കുട്ടിക്കാലത്ത് ഹാരിസ് മാജിക്കിലോട്ട് വന്നത്.

സ്റ്റേജ് പ്രോഗ്രാമിനൊക്കെ ശേഷമാണ് 1998 ൽ ശ്രീ ഗോപിനാഥ് മുതുകാടിന്റെ പൂജപ്പുരയിലുള്ള മാജിക്ക് അക്കാദമിയിൽ എത്തിപ്പെടുന്നത്. ലോകപ്രശ്സതരായുള്ള മജീഷ്യന്മാരുടെ ക്ളാസ്സുകളിലൊക്കെ പങ്കാളിയാക്കി ഹാരിസിന്റെ കഴിവുകളെ തേച്ച് മിനുക്കിയെടുക്കാൻ അക്കാദമി സഹായിച്ചു. മാജിക്ക് അക്കാഡമിയിൽ മാജിക്ക് പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് മാജിക്ക് ക്ളാസ്സുകൾ എടുത്ത് കൊടുത്തുള്ള ബന്ധം അഭംഗുരം ഇപ്പോഴും തുടരുന്നു.

മാജിക്കല്ലാതെ ഭിന്നശേഷിയുള്ള സഹോദരങ്ങൾക്ക് വേണ്ടി പേപ്പർ ക്രാഫ്റ്റ്, പേപ്പറിലും ഈർക്കിലിലും പേന നിർമാണം, ചിരട്ട പോലുള്ള വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന നിത്യോപയോഗ കരകൗശല വസ്തുക്കൾ തുടങ്ങി അവർക്കൊരു വരുമാനുമുണ്ടാക്കാൻ ഉതകുന്ന രീതിയിലുള്ള ക്‌ളാസ്സുകളും ഹാരിസ് ചെയ്ത് വരുന്നു.

ഒരു പക്ഷേ പലർക്കും ഒരു സംശയം ഉണ്ടാകാം. മാജിക്ക് ഒക്കെ നല്ലത് തന്നെ. ഭക്ഷണം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹാരിസിന് എന്ത് പരിചയം ഉണ്ട്. ഹാരിസിന്റെ പിതാവ് ശ്രീ താഹാ കുട്ടിക്ക് 95-97 കാലഘട്ടങ്ങളിൽ വീടിനടുത്തായി ആലിഫ് റസ്റ്റോറന്റ് എന്ന പേരിൽ ഒരു ഭക്ഷണയിടം ഉണ്ടായിരുന്നു. രുചിയുടെ പെരുമ്പറ കൊട്ടിയ വളരെ തിരക്കുള്ള ഒരു ഭക്ഷണയിടം. പെൺമക്കളില്ലാതെ മൂന്ന് ആൺമക്കളിലൊരാളായി വളർന്ന ഹാരിസിന് അടുക്കള എന്നത് ചെറുപ്പം മുതലേ അന്യമായ ഒരു കാര്യമായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ അച്ഛന്റെ കടയിൽ നിന്ന് പഠിച്ച പെറോട്ടയടിയും മറ്റുമായുള്ള പാചക പരിചയവും ഒരു മുതൽക്കൂട്ടായി ഭവിച്ചു.

കേരളത്തിലെ മജീഷ്യൻമാരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന വേളയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രോഗ്രാമുകൾക്കും സംഘടനാ പരിപാടികൾക്കും പോകുമ്പോൾ വൈവിധ്യമാർന്ന രീതിയിലുള്ള വിഭവങ്ങൾ കഴിച്ച് ആസ്വദിക്കുക മാത്രമല്ല അവ എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നു ഹാരിസ്.ഭാവിയിൽ ഒരു ഭക്ഷണയിടമായിരുന്നില്ല മനസ്സിൽ; അതിലുപരി അത് സ്വയം പാചകം ചെയ്ത് കഴിക്കുകയായിരുന്നു ലക്ഷ്യം. മാജിക്കുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യയിൽ പോയ വേളയിൽ കൽക്കട്ട ചേരിയിൽ വൈവിധ്യമാർന്ന ആഹാരങ്ങൾ ഉണ്ടാക്കുന്നത് മനസ്സിലാക്കാൻ രണ്ടു ദിവസം അവിടെ പോയി നിന്ന് കണ്ടിട്ടുണ്ട് എന്നതിൽ നിന്ന് മനസ്സിലാക്കാം ഹാരിസിന് ആഹാരത്തിനോടുള്ള പ്രണയം. ഹാരിസിന്റെ അമ്മയായ ശ്രീമതി നസീമാ താഹയും വളരെ നല്ല കൈപുണ്യമുള്ള ഒരു അമ്മയായിരുന്നു. മാജിക്ക് അക്കാദമിയുടെ ഡയറക്ടർ രാജമൂർത്തി സർ ഉൾപ്പെടെ ഹാരിസിന്റെ സുഹൃത്തുക്കൾ പലരും ആ പാചകത്തിന്റെ രുചി അടുത്തറിഞ്ഞിട്ടുള്ളവരാണ്. അങ്ങനെ മാജിക്ക് പോലെ തന്നെ പാചകവും അന്നത്തിന്റെ രുചിയും ഹാരിസുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്ക്കുന്നു.

വർക്കല പാരഡൈസ് സീനിയർ സെക്കൻഡറി സ്ക്കൂളിൽ സിസിഎ ഡിപ്പാർട്ട്മെൻറ് ഹെഡായി അദ്ധ്യാപകനായി ജോലി നോക്കുന്ന സമയം മുതലേ ഹാരിസിന്റെ മനസ്സിൽ ഉണ്ടായിരുന്നതാണ് മാജിക്കും ആഹാരവും ചേർന്നൊരു സംരംഭം.

മാജിക്കും ഭക്ഷണവും ചേർന്ന ആ പ്രോജക്ടിന് തടസ്സമായാണ് കോവിഡെന്ന മഹാമാരി കടന്ന് വന്നത്. ക്ളാസ്സുകൾ ഓൺലൈനായി മാറിയ സമയവും. താല്ക്കാലികമായി ആ പ്രോജെക്ട് ഭാവിയിലേക്ക് കരുതി വച്ച് അതിന് മുന്നോടിയായി ഇടവയിൽ ഫുഡ്സ്പോട്ട് എന്ന പേരിൽ ചെറിയൊരു ഭക്ഷണയിടം തുടങ്ങാനുള്ള തീരുമാനത്തിലെത്തി. ഇടവ റയിൽവേഗേറ്റ് എത്തുന്നതിന് മുപ്പത് മീറ്റർ മുമ്പ് ഇടത് വശത്തായാണ് ഹാരിസിന്റെ ഫുഡ് സ്പോട്ട്.

ഫുഡ് സ്പോട്ടിൽ ചെന്ന് കയറുമ്പോൾ ഇടത് വശത്തായി കാണാവുന്ന ഒരു നിര ചിത്രങ്ങൾ വളരെ കൗതുകരമാണ്. ഇടവയെ അടയാളപ്പെടുത്തുന്ന, അടയാളപ്പെടുത്തിയവരുടെ ചിത്രങ്ങൾ. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ടി.എ മജീദ്, ഇടവയുടെ സാമൂഹിക സാംസ്ക്കാരിക കാര്യങ്ങളിൽ പ്രത്യേകിച്ച് വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ മുദ്ര പതിപ്പിച്ച ശ്രീ എം.ആർ.എം മുഹമ്മദ് കുഞ്ഞ്, ജന്മം കൊണ്ട് ഇടവാക്കാരനല്ലെങ്കിലും കർമ്മം കൊണ്ട് ഇടവക്കാരനന്ന് അവകാശപ്പെടാവുന്ന ശ്രീ ബാലചന്ദ്ര മേനോൻ, ജഡ്ജിമാരായ ശ്രീ രാജേന്ദ്രൻ നായർ, ശ്രീ കൃഷ്ണ കുമാർ സാമ്പത്തിക വിദഗ്ധനായ ശ്രീ ഷൈജു, നാഷണൽ ഫുഡ്ബാൾ റഫറിയായ ശ്രീ ഫാസിൽ, വർണ വെറിയുടെ മേൽകോയ്മകളെ തന്റെ നിറവും കഴിവും കൊണ്ട് ശിഥിലമാക്കിയ കുമാരി കാജൽ ജനിത്, ഇടവ തന്റെ സ്വദേശമല്ലെങ്കിലും ഒരു ഇടവാക്കാരനായി മാറി ഇടവയുടെ ആതുരസേവാരംഗത്ത് സജീവമായിരിക്കുന്ന ഡോക്ടർ ശ്രീ ഷർമ്മ, ശ്രീമതി പി.ടി ഉഷ തുടങ്ങിയവരുടെ കോച്ചായിരുന്ന ശ്രീ ശശാങ്കൻ, ഹാരിസിന്റെ സഹപാഠിയായിരുന്ന രാമലീല സിനിമ സംവിധാനം ചെയ്ത ശ്രീ അരുൺ ഗോപി, ഇന്ത്യയിൽ ആദ്യത്തെ സ്വകാര്യ എയർലൈൻസ് ഉടമയായിരുന്ന ശ്രീ തക്കിയുദ്ധീൻ അബ്ദുൾ വാഹിദ് തുടങ്ങി വിവിധ തരത്തിലുള്ള കർമ്മ മേഖലകളിൽ മുദ്ര പതിപ്പിച്ച ഇടവയിലെ വ്യക്തി പ്രഭാവമുള്ളവരെ ഈ ചിത്രങ്ങളിൽ കാണാം. ഫുഡ് സ്പോട്ടിൽ വരുന്ന കുട്ടികളോട് ശ്രീ ഹാരിസ് ചോദിക്കും. ഇവരൊക്കെ ആരാണ്. പത്ത് പേരുടെയെങ്കിലും പേര് പറയുന്നവർക്ക് ഒരു സമ്മാനം കൊടുക്കും. അവർക്ക് അറിയാത്ത വ്യക്തികളെക്കുറിച്ച് പറഞ്ഞ് കൊടുക്കകയും ചെയ്യും.

2022 ജനുവരി 24 നാണ് ഫുഡ് സ്പോട്ട് പ്രീ ലോഞ്ചായി ആരംഭിച്ചത്. മാർച്ച് 5 ന് ആരാധ്യനായ വർക്കല എം.എൽ.എ വി ജോയി ഫുഡ് സ്പോട്ട് ഒഫീഷ്യലായി ലോഞ്ച് ചെയ്തു.

രാവിലെ പതിനൊന്ന് മണി മുതൽ ജ്യൂസ്, ഷേക്ക്, അവിൽ മിൽക്ക്, ഐസ്ക്രീം എന്നിവ കാണും. മൂന്ന് മണി മുതൽ ഷവർമ്മ ചെയ്ത് തുടങ്ങും. ഇവിടത്തെ പ്രത്യേകത എന്തെന്ന് വച്ചാൽ ഓരോ ദിവസവും സ്പെഷ്യലായി ഏതെങ്കിലുമൊരു വിഭവമെങ്കിലും കാണും. എല്ലാ ദിവസവും ആ സ്പെഷ്യൽ കാണില്ലയെന്നൊരു ന്യൂന്യതയുമുണ്ട്. പാചകം ചെയ്യാൻ ഹാരിസും ഒരു നേപ്പാളി പയ്യനും – ആള് അടിപൊളിയാണ് ഷവർമ്മയും ഗ്രില്ലുമൊക്കെയാണ് പുള്ളിയുടെ പ്രധാന തട്ടകം – ആണുള്ളത്.

ഇവിടെയുള്ള സ്ഥിരം വിഭവങ്ങൾ ഇവയൊക്കെയാണ് ചിക്കൻ ഷവർമ്മ, ചിക്കൻ അൽഫാം, കിഴി പെറോട്ട, കൊത്ത് പെറോട്ട. അല്ലാതെയുള്ള വിഭവങ്ങൾ ബീഫ് ഷവർമ്മ, ഫിഷ് ഷവർമ്മ, ബീഫ് അൽഫാം, ഫിഷ് അൽഫാം, പഴഞ്ഞി, ചട്ടിച്ചോർ, പാലാട, മുട്ടയപ്പം, ഐസ്ക്രീം പുട്ട്, ഇറച്ചി പുട്ട്, കപ്പ ബിരിയാണി, പുട്ട് ബിരിയാണി, ചിക്കൻ ദോശ, ബീഫ് ദോശ, പാസ്ത ദോശ, മാഗി ദോശ, ബനാന ദോശ, ജാക്ക് ഫ്രൂട്ട് ദോശ, ഐസ്ക്രീം ദോശ തുടങ്ങി 35 ഇനം ദോശകൾ, പെറോട്ടയും ബീഫും ചേർന്നൊരുമിച്ച സിൽസിലാ, ഏത്തപ്പഴം നെയ്യിൽ മൂപ്പിച്ചു ബീഫും ചേർത്ത് ചെയ്യുന്ന പഴം പൊരി ബീഫ് മൊഹബത്ത്, പെറോട്ടയും ഏത്തപ്പഴവും പഞ്ചസാരയും തേൻ അല്ലെങ്കിൽ മിൽക്ക് മെയ്ഡും ചേർത്തുണ്ടാക്കിയ ഗുൽ ഗുലാബി …പേരുകൾ ഇങ്ങനെ നീളും

പേപ്പർ ഗ്ളാസല്ലാതെ ചിരട്ട കൊണ്ടുണ്ടാക്കിയ ഗ്ളാസ്സും ഇവിടെയുണ്ട്. കോവിഡ് സാഹചര്യം പ്രമാണിച്ച് പ്രത്യേകം ആവശ്യപ്പെടുന്നവർക്ക് മാത്രം ഇവ നല്കും.

വലിയ തിരക്കൊന്നുമില്ലെങ്കിൽ കസ്റ്റമേഴ്സിന്റെ കൂടെ അൽപ്പം മാജിക്കുമായി ഹാരിസും കൂടും.

സാധാരണ രാത്രി പത്ത് മണി വരെയാണ് ഫുഡ്സ്പോട്ട് കാണുന്നത്. സാധനങ്ങൾ തീരുന്നത് അനുസരിച്ച് അടയ്ക്കും. രാത്രി എട്ടരയ്ക്കും തീരുന്ന സാഹചര്യം വന്നിട്ടുണ്ട് അത് പോലെ രാത്രി പതിനൊന്നര വരെ തുറന്നിരുന്ന അവസരങ്ങളും ഉണ്ടായിട്ടൊണ്ട്.

ഫുഡ് സ്പോട്ടിലെ ഭക്ഷണാനുഭവങ്ങൾ

അന്നത്തെ സ്പെഷ്യൽ പെറോട്ടയും ബീഫും ചേർന്നൊരുമിച്ച സിൽസില ആയിരുന്നു. കഴിച്ച് തന്നെ അറിയണം അതിന്റെ രുചി. ബീഫിന്റെ രുചിയെന്ന് വച്ചാൽ എനിക്കിഷ്ടപ്പെട്ട ബീഫ് രുചികളിൽ നെഞ്ചോട് ചേർത്ത് വയ്ക്കാവുന്ന രുചി. ബീറ്റ്റൂട്ടിന്റെ മധുരവും കാരറ്റും നെയ്യും വെണ്ണയും എല്ലാം ആ രുചിയിൽ ചേർന്നങ്ങനെ വരും. ഫുഡ് സ്പോട്ടിൽ പോകുന്നവർ മറക്കണ്ട ഒൺ ഓഫ് ദി മസ്റ്റ് ട്രൈ ടിഷ്.

അടുത്തത് ചിക്കൻ ഷവർമ്മ. നല്ല രീതിയിൽ ചിക്കൻ ഫില്ലിംഗൊക്കെ ചേർന്നൊരു ഷവർമ്മ.

ബൂസ്റ്റ് ഷേക്കായിരുന്നു അടുത്ത ഇനം. കുട്ടികൾക്ക് വേണ്ടി 150 ML ൽ 20 രൂപയ്ക്ക് ഹാരിസ് തയ്യാറാക്കുന്ന കുട്ടി ഷേക്ക് ഇളയ മോൾക്കായിരുന്നു. ഷേക്കിന്റെ രുചി കിടുവായിരുന്നു.

അപ്പോഴേക്കും വയർ നിറഞ്ഞു. ഇറങ്ങാൻ നേരം കോൺ ഐസ് ക്രീമും. അങ്ങനെ എല്ലാം കൊണ്ടും സുന്ദരമായൊരു ദിനം

സിൽസിലാ – ₹ 100
ബൂസ്റ്റ് ഷേക്ക് – ₹ 40
മിനി ബൂസ്റ്റ് ഷേക്ക് – ₹ 20
ഷവർമ്മ – ₹ 70
ഐസ്ക്രീം – ₹ 20

Magician Haris Thaha’sFood Spot,
Edava
8281830566
9895036923
Seating Capacity – 6 to 8Timings – 11 AM to 10 PM

https://goo.gl/maps/tdeATnompxHHXkWt7

LEAVE A REPLY

Please enter your comment!
Please enter your name here