Food Spot | Edava -വർക്കല ഇടവയിലെ മാജിക്കിന്റെ ഭക്ഷണത്തട്ട് – മാജീഷ്യൻ ഹാരിസ് താഹായുടെ ഫുഡ് സ്പോട്ട്
“ഇടവാക്കായലിൻ അയൽക്കാരീ അറബിക്കടലിൻ കളിത്തോഴീ …. ഗ്രാമീണതയുടെ ആടകളണിയും …“ ശ്രീ പൂവച്ചൽ ഖാദർ എഴുതി ശ്രീ രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ അനശ്വരമാക്കിയ ഈ വരികളിലൂടെയാണ് ഇടവ എന്ന പ്രദേശത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്. തിരുവനന്തപുരത്തെ പഴയ ചിറയിൻകീഴ് താലൂക്കിലെ (ഇപ്പോൾ വർക്കല താലൂക്ക്) വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗവുമായ ഒരു കൊച്ചു ഗ്രാമം. “ഫാസ്റ്റസ്റ്റ് മജീഷ്യൻ ഇൻ ദി വേൾഡ്” എന്ന ഗിന്നസ്സ് വേൾഡ് റെക്കാർസിനുടമ എന്നതിൽ ഉപരി എനിക്ക് തോന്നിയിട്ടുള്ളത് ഹാരിസ് വളരെ നല്ല ഒരു മനുഷ്യൻ കൂടിയാണ്. മനുഷ്യൻ എന്ന് പറയാൻ കാരണം വർണ വെറിയുടേയും ജാതി വെറിയുടേയും മത സ്പർദ്ധയുടേയും പഴയ ലോകത്തിലേക്ക് കാലഘട്ടം തിരിച്ച് പോവുകയാണോ എന്ന രീതിയിൽ സമകാലീന സംഭവങ്ങൾ നടക്കുമ്പോൾ അതിൽ നിന്നെല്ലാം മാറി എല്ലാവരേയും പൊതുവായി ഒന്നായി കണ്ട് കൊട്ടിഘോഷിക്കാതെ നിശ്ശബ്ദമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളും ഹാരിസ് നടത്തി വരുന്നു. സിവിൽ സർവീസ് പോലീസ് അക്കാദമികളിൽ മാജിക്കിലൂടെ പഠനത്തെ സക്രിയമായി നടത്തുക തുടങ്ങി പല മാജിക്ക് എസ്ക്കേപ്പുകളും ലൈവായി നടത്തിയ ഹാരിസിന് മാജിക്കും ഭക്ഷണവുമായി ചേർന്ന വലിയ ഒരു ഡ്രീം പ്രോജെക്ഡാണ് മനസ്സിൽ ഉണ്ടായിരുന്നത്. പെട്ടെന്നൊരു ദിവസം മാജിക്കിൽ പൊട്ടിമുളച്ചതല്ല. സിരകളിൽ ചെറുപ്പം മുതലേ മാജിക്കാണ്. 5 വയസ്സിൽ തുടങ്ങിയ മാജിക്ക്. ഇപ്പോൾ 31 വർഷങ്ങളായി മാജിക്കിലെത്തിയിട്ട്. സ്റ്റേജ് പ്രോഗ്രാമിനൊക്കെ ശേഷമാണ് 1998 ൽ ശ്രീ ഗോപിനാഥ് മുതുകാടിന്റെ പൂജപ്പുരയിലുള്ള മാജിക്ക് അക്കാദമിയിൽ എത്തിപ്പെടുന്നത്. മാജിക്ക് അക്കാഡമിയിൽ മാജിക്ക് പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് മാജിക്ക് ക്ളാസ്സുകൾ എടുത്ത് കൊടുത്തുള്ള ബന്ധം അഭംഗുരം ഇപ്പോഴും തുടരുന്നു. മാജിക്കല്ലാതെ ഭിന്നശേഷിയുള്ള സഹോദരങ്ങൾക്ക് വേണ്ടി പേപ്പർ ക്രാഫ്റ്റ്, പേപ്പറിലും ഈർക്കിലിലും പേന നിർമാണം, ചിരട്ട പോലുള്ള വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന നിത്യോപയോഗ കരകൗശല വസ്തുക്കൾ തുടങ്ങി അവർക്കൊരു വരുമാനുമുണ്ടാക്കാൻ ഉതകുന്ന രീതിയിലുള്ള ക്ളാസ്സുകളും ഹാരിസ് ചെയ്ത് വരുന്നു. ഹാരിസിന്റെ പിതാവ് ശ്രീ താഹാ കുട്ടിക്ക് 95-97 കാലഘട്ടങ്ങളിൽ വീടിനടുത്തായി ആലിഫ് റസ്റ്റോറന്റ് എന്ന പേരിൽ ഒരു ഭക്ഷണയിടം ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛന്റെ കടയിൽ നിന്ന് പഠിച്ച പെറോട്ടയടിയും മറ്റുമായുള്ള പാചക പരിചയവും ഒരു മുതൽക്കൂട്ടായി ഭവിച്ചു. കേരളത്തിലെ മജീഷ്യൻമാരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന വേളയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രോഗ്രാമുകൾക്കും സംഘടനാ പരിപാടികൾക്കും പോകുമ്പോൾ വൈവിധ്യമാർന്ന രീതിയിലുള്ള വിഭവങ്ങൾ കഴിച്ച് ആസ്വദിക്കുക മാത്രമല്ല അവ എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നു ഹാരിസ്. മാജിക്കുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യയിൽ പോയ വേളയിൽ കൽക്കട്ട ചേരിയിൽ വൈവിധ്യമാർന്ന ആഹാരങ്ങൾ ഉണ്ടാക്കുന്നത് മനസ്സിലാക്കാൻ രണ്ടു ദിവസം അവിടെ പോയി നിന്ന് കണ്ടിട്ടുണ്ട് എന്നതിൽ നിന്ന് മനസ്സിലാക്കാം ഹാരിസിന് ആഹാരത്തിനോടുള്ള പ്രണയം. 2022 ജനുവരി 24 നാണ് ഫുഡ് സ്പോട്ട് പ്രീ ലോഞ്ചായി ആരംഭിച്ചത്. മാർച്ച് 5 ന് ആരാധ്യനായ വർക്കല എം.എൽ.എ വി ജോയി ഫുഡ് സ്പോട്ട് ഒഫീഷ്യലായി ലോഞ്ച് ചെയ്തു. രാവിലെ പതിനൊന്ന് മണി മുതൽ ജ്യൂസ്, ഷേക്ക്, അവിൽ മിൽക്ക്, ഐസ്ക്രീം എന്നിവ കാണും. മൂന്ന് മണി മുതൽ ഷവർമ്മ ചെയ്ത് തുടങ്ങും. ഇവിടത്തെ പ്രത്യേകത എന്തെന്ന് വച്ചാൽ ഓരോ ദിവസവും സ്പെഷ്യലായി ഏതെങ്കിലുമൊരു വിഭവമെങ്കിലും കാണും. എല്ലാ ദിവസവും ആ സ്പെഷ്യൽ കാണില്ലയെന്നൊരു ന്യൂന്യതയുമുണ്ട്. പാചകം ചെയ്യാൻ ഹാരിസും ഒരു നേപ്പാളി പയ്യനും - ആള് അടിപൊളിയാണ് ഷവർമ്മയും ഗ്രില്ലുമൊക്കെയാണ് പുള്ളിയുടെ പ്രധാന തട്ടകം - ആണുള്ളത്. ഇവിടെയുള്ള സ്ഥിരം വിഭവങ്ങൾ ഇവയൊക്കെയാണ് ചിക്കൻ ഷവർമ്മ, ചിക്കൻ അൽഫാം, കിഴി പെറോട്ട, കൊത്ത് പെറോട്ട. അല്ലാതെയുള്ള വിഭവങ്ങൾ ബീഫ് ഷവർമ്മ, ഫിഷ് ഷവർമ്മ, ബീഫ് അൽഫാം, ഫിഷ് അൽഫാം, പഴഞ്ഞി, ചട്ടിച്ചോർ, പാലാട, മുട്ടയപ്പം, ഐസ്ക്രീം പുട്ട്, ഇറച്ചി പുട്ട്, കപ്പ ബിരിയാണി, പുട്ട് ബിരിയാണി, ചിക്കൻ ദോശ, ബീഫ് ദോശ, പാസ്ത ദോശ, മാഗി ദോശ, ബനാന ദോശ, ജാക്ക് ഫ്രൂട്ട് ദോശ, ഐസ്ക്രീം ദോശ തുടങ്ങി 35 ഇനം ദോശകൾ, പെറോട്ടയും ബീഫും ചേർന്നൊരുമിച്ച സിൽസിലാ, ഏത്തപ്പഴം നെയ്യിൽ മൂപ്പിച്ചു ബീഫും ചേർത്ത് ചെയ്യുന്ന പഴം പൊരി ബീഫ് മൊഹബത്ത്, പെറോട്ടയും ഏത്തപ്പഴവും പഞ്ചസാരയും തേൻ അല്ലെങ്കിൽ മിൽക്ക് മെയ്ഡും ചേർത്തുണ്ടാക്കിയ ഗുൽ ഗുലാബി …പേരുകൾ ഇങ്ങനെ നീളും 😊 . വലിയ തിരക്കൊന്നുമില്ലെങ്കിൽ കസ്റ്റമേഴ്സിന്റെ കൂടെ അൽപ്പം മാജിക്കുമായി ഹാരിസും കൂടും. സാധാരണ രാത്രി പത്ത് മണി വരെയാണ് ഫുഡ്സ്പോട്ട് കാണുന്നത്. സാധനങ്ങൾ തീരുന്നത് അനുസരിച്ച് അടയ്ക്കും. രാത്രി എട്ടരയ്ക്കും തീരുന്ന സാഹചര്യം വന്നിട്ടുണ്ട് അത് പോലെ രാത്രി പതിനൊന്നര വരെ തുറന്നിരുന്ന അവസരങ്ങളും ഉണ്ടായിട്ടൊണ്ട്. ഫുഡ് സ്പോട്ടിലെ ഭക്ഷണാനുഭവങ്ങൾ 😋😋 അന്നത്തെ സ്പെഷ്യൽ പെറോട്ടയും ബീഫും ചേർന്നൊരുമിച്ച സിൽസില ആയിരുന്നു. കഴിച്ച് തന്നെ അറിയണം അതിന്റെ രുചി. ബീഫിന്റെ രുചിയെന്ന് വച്ചാൽ എനിക്കിഷ്ടപ്പെട്ട ബീഫ് രുചികളിൽ നെഞ്ചോട് ചേർത്ത് വയ്ക്കാവുന്ന രുചി. ബീറ്റ്റൂട്ടിന്റെ മധുരവും കാരറ്റും നെയ്യും വെണ്ണയും എല്ലാം ആ രുചിയിൽ ചേർന്നങ്ങനെ വരും. ഫുഡ് സ്പോട്ടിൽ പോകുന്നവർ മറക്കണ്ട ഒൺ ഓഫ് ദി മസ്റ്റ് ട്രൈ ടിഷ്. അടുത്തത് ചിക്കൻ ഷവർമ്മ. നല്ല രീതിയിൽ ചിക്കൻ ഫില്ലിംഗൊക്കെ ചേർന്നൊരു ഷവർമ്മ. ബൂസ്റ്റ് ഷേക്കായിരുന്നു അടുത്ത ഇനം. കുട്ടികൾക്ക് വേണ്ടി 150 ML ൽ 20 രൂപയ്ക്ക് ഹാരിസ് തയ്യാറാക്കുന്ന കുട്ടി ഷേക്ക് ഇളയ മോൾക്കായിരുന്നു. ഷേക്കിന്റെ രുചി കിടുവായിരുന്നു. അപ്പോഴേക്കും വയർ നിറഞ്ഞു. ഇറങ്ങാൻ നേരം കോൺ ഐസ് ക്രീമും. അങ്ങനെ എല്ലാം കൊണ്ടും സുന്ദരമായൊരു ദിനം 🥰 സിൽസിലാ - ₹ 100 ബൂസ്റ്റ് ഷേക്ക് - ₹ 40 മിനി ബൂസ്റ്റ് ഷേക്ക് - ₹ 20 ഷവർമ്മ - ₹ 70 ഐസ്ക്രീം - ₹ 20 Magician Haris Thaha’s Food Spot, Edava 📲8281830566 9895036923 Seating Capacity - 6 to 8 Timings - 11 AM to 10 PM https://goo.gl/maps/tdeATnompxHHXkWt7