- Non Veg Videos
- Beef Videos
- Chicken Videos
- My Taste Videos
- Food Videos
- Meals Videos
- Videos
- Type Of Eateries
- Restaurant
Ani Hotel – ആര്യനാടൊള്ളൊരു അനി ഹോട്ടൽ
ഇത് മോഹനൻ ചേട്ടന്റെ കട. കടയുടെ സമയം രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ എന്ന് പറയുമെങ്കിലും ഒന്ന് രണ്ട് പ്രാവശ്യം ചെന്നിട്ട് കഴിക്കാനാവാതെ തിരിച്ച് പോയ അനുഭവം കൊണ്ട് പറയുകയാണ് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ചെന്നാൽ അവിടത്തെ എല്ലാ കറിയും കൂട്ടി നല്ലൊരു ഊണ് കഴിക്കാം. 12 മണി കഴിഞ്ഞാൽ എല്ലാ കറിയും കാണുമെന്ന് ഏതൊരു ഗ്യാരൻറിയുമില്ല. അതു പിന്നെ ഓരോ ദിവസത്തിന്റേയും വരുന്ന ആൾക്കാരുടേയും നമ്മുടെ ഭാഗ്യവും പോലെ ഇരിക്കും കറികളെല്ലാം ബാക്കി കാണുമോ എന്നത്. പാഴ്സലിന് ആളുകൾ നില്ക്കുന്നത് കണ്ടാൽ ബിവറേജിന് മുന്നിൽ ആളുകൾ നില്ക്കും പോലെയാണ്. അവിടെ പിന്നെ ക്യൂവെങ്കിലും ഉണ്ട്. ഇവിടെ പിന്നെ അതും ഇല്ല, കൂട്ടം കൂടി നില്ക്കും. അത് കൊണ്ട് അവിടിരുന്ന് കഴിക്കണമെന്ന് ആഗ്രഹമുള്ളവർ നേർത്തേ പോകുക. കഴിച്ചതിന്റെ വില വിവരം: ഊണ് - ₹ 40 ചിക്കൻ തോരൻ - ₹ 70 ബീഫ് - ₹ 70 ചിക്കൻ ലിവർ - ₹ 100 ഈ വില കൊണ്ട് മാത്രമാണോ അവിടത്തെ തിരക്ക് എന്ന് ചോദിച്ചാൽ ഞാൻ പറയും അല്ല, ഒരിക്കലുമല്ല എന്ന്. നല്ല നാടൻ ഊണാണ്, ഓരോ കറികളും പൊളി ടേസ്റ്റാണ്. ഊണിന്റെ കൂടെയുള്ള അവിയൽ അതീവ രുചിയാണ്. സാലഡും ഇഷ്ടപ്പെട്ടു. ഒന്നാന്തരം മാങ്ങ അച്ചാറ്, രുചിയുള്ള മരച്ചീനി, കിടിലം പുളിശ്ശേരി. ഇറച്ചികളാണ് ആദ്യം വിളമ്പിയത്. തിരക്കിനിടയിൽ ഈ തൊടുകറികൾ തരാൻ അവർ ആദ്യം മറന്നു പോയി, നമ്മൾ ചോദിക്കാനും. പിന്നെ കിട്ടിയപ്പോൾ തോന്നിയത് ഈ തൊടുകറികൾ വിട്ടു പോയിരുന്നെങ്കിൽ വലിയ നഷ്ടമായേനെയെന്ന്. അത് കൊണ്ട് തൊടുകറികൾ വിളമ്പാൻ വിട്ടു പോയാലും മറക്കാതെ ചോദിച്ച് വാങ്ങുക. ആ ദിവസം ഉപ്പ് ശകലം കൂടിയത് കാരണം ചിക്കൻ ലിവർ മാത്രം രുചിയിൽ കുറച്ച് പുറകിലോട്ട് നിന്നു. ബാക്കിയെല്ലാം മിന്നിച്ച് നിന്നു. ചിക്കൻ ലിവർ നേർത്തേ ആളുകൾ വന്ന് പാഴ്സലായി കൊണ്ടു പോകും. ഭാഗ്യമുണ്ടെങ്കിലേ കിട്ടൂ. ബീഫും ചിക്കൻ തോരനും എല്ലാം വളരെ നന്നായിരുന്നു. രുചിയിലും അളവിലും ഗുണത്തിലും. ആവശ്യത്തിന് എരിവും. കുടിക്കാൻ കഞ്ഞിവെള്ളവും. ചൂടു ചോറിൽ നല്ല ഒത്ത ബീഫിന്റെ കഷ്ണങ്ങളും ബീഫ് അരപ്പ് ആ മരിച്ചീനിയുമായി ലയിപ്പിച്ച് ആ കോഴി തോരനും ബാക്കിയുള്ള കിടുപിടീസും ചേർത്ത് വെരവി കഴിക്കുമ്പോഴുള്ള ഒരു സുഖം ഉണ്ടല്ലോ… ഒന്നും നോക്കണ്ട, സംഭവം ഇടിവെട്ടാണ്… ഒന്നു കേറി കഴിക്കാൻ മറക്കണ്ട. 22 വർഷമായി മകന്റെ പേരായ അനി എന്ന പേരിൽ ഈ ഹോട്ടൽ മോഹനൻ ചേട്ടൻ തുടങ്ങിയിട്ട്. അതിന് മുമ്പ് ഒരു പലവ്യജ്ഞന കടയാണ് നടത്തിയിരുന്നത്. അത് കൊടുത്ത ശേഷം വാടകയ്ക്കെടുത്താണ് ഇവിടെ ചെയ്യുന്നത്. ഇവിടെ എല്ലാം വിറകടുപ്പിലാണ് പാചകം ചെയ്യുന്നത്. മുളക് പൊടി, മല്ലി പൊടി, മസാലയെല്ലാം വാങ്ങി പൊടിച്ചാണ് ഉപയോഗിക്കുന്നത്. ചോറ്, ചോറിന് വേണ്ടുള്ള അവിയൽ മുതലായ കറികളൊക്കെ ഒരുക്കാൻ പ്രധാനമായും രണ്ട് സ്ത്രീകളാണ് ഉള്ളത്. കോഴിയും ബീഫുമായിട്ടുള്ള ഇറച്ചികളെല്ലാം തന്നെ മോഹനൻ ചേട്ടന്റെ സ്വന്തം കൈ കൊണ്ട് തയ്യാറാക്കുന്നത്. രണ്ട് മുറികളിലായി 10 പേർക്ക് ഇരിക്കാം. തിങ്കളാഴ്ച അവധിയാണ്. ഇലയിൽ നല്ല നാടൻ രുചിയുള്ള നെറിവുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു പേര് ആര്യനാടുള്ള അനി ഹോട്ടലാണ്. ഭക്ഷണ പ്രേമികൾ മറക്കണ്ട നെഞ്ചിൽ കുറിച്ചിട്ടോളു. Ani Hotel Aryanad 📲 94008 51757 Timings: 10 AM to 2 PM Seating Capacity: 10 https://goo.gl/maps/FXNpp7hbZujcQJDr6