Date: 7/11/2018
Location: Near to Sylcon footware, Opposite AG’S Office, Near Secretariat

എല്ലാ ദിവസവും ഊണിന് മാത്രമായി ഒരു സ്ഥാപനം 2.5 വർഷമായി നഗര മധ്യത്തിൽ നില നിർത്തി പോകണമെങ്കിൽ തീർച്ചയായും അതിന്റെ പുറകിലെ നാടൻ രുചിക്കൂട്ട് തന്നെ രഹസ്യം. ഭക്ഷണത്തിന്റെ സമയക്രമം രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ. ഊണിന്റെ കൂടെ വിശേഷാൽ കറികളായ തവ ഫ്രൈ ( നെയ്മീൻ, ആവോലി മുതലായവ) , നാടൻ ചിക്കൻ റോസ്റ്റ്, താറാവ് റോസ്റ്റ്, ബീഫ് റോസ്റ്റ് , മീൻ വിഭവങ്ങൾ പൊള്ളിച്ചതെല്ലാം ലഭ്യമാണ്. മലബാറിലെ (കണ്ണൂർ) കുക്കുകളുടെ കൈപുണ്യം രുചിച്ചറിയുക തന്നെ വേണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ കിഴി ബിരിയാണിയും വളരെ വിശേഷപ്പെട്ടതാണ്.

ഊണ് കഴിക്കാൻ ലക്ഷ്യമാക്കി ഒരു ഉച്ചയ്ക്ക് ഒറ്റയ്ക്ക് ഇവിടെ എത്തി. ആദ്യം റോഡിനെ മുന്നിലെ ആ വാചകങ്ങളിലാണ് കണ്ണുകൾ ഉടക്കിയത്. Stories of good taste Retold. അത് ശരിവയ്ക്കും വിധമായിരുന്നു അവിടത്തെ ഊണ്. വെളിയിൽ വച്ചിരിക്കുന്ന ആഹാരത്തിന്റെ ‘രുചിക്കൂട്ട് ‘ ബോർഡിൽ ഒന്നു കണ്ണോടിച്ച് അകത്തേക്ക് ചെന്നപ്പോൾ മുന്നിൽ നിരന്ന് കിടക്കുന്ന ബഞ്ചുകളും ഡെസ്ക്കുകളും, ചുവരിലെ ചിത്രപ്പണികളും ആയിരുന്നു എന്നെ വരവേറ്റത്. AC ഒന്നും ഇല്ലെങ്കിലും ചൂട് ഒട്ടും തോന്നിയില്ല. ഇരിക്കാനും ഒരു സുഖം. ഒരേ സമയം 72 പേർക്ക് ഇവിടെ ഇരിക്കാം. 8 പേർക്ക് വിധം ഇരിക്കാവുന്ന രണ്ട് AC മുറി ഈ പ്രധാന അകത്തളത്തിന്റെ പുറകിലായുണ്ട്.

12 കൂട്ടം കറികളുള്ള ചോറ് തൂശിലയിൽ മുന്നിലെത്തി. സാമ്പാർ, ചമ്മന്തി, മീൻ അച്ചാർ, നാരങ്ങ അച്ചാർ, കിച്ചടി, തോരൻ, അച്ചാർ , മോര് , പായസം, മീൻകറി, പുളിശ്ശേരി, പപ്പടം. നല്ലൊരു മോര് മാത്രമുണ്ടെങ്കിലും ഞാൻ ഊണ് കഴിക്കും. അത് കൊണ്ട് കറികളുടെ എണ്ണത്തിനുപരി അവയിലെ രുചിയാണ് എന്നെ ഹദാകർഷിച്ചത്. സാദാ കറികളിൽ നിന്ന് വ്യത്യസ്തമായി തോന്നിയത് മീൻ അച്ചാർ തന്നെ. അയല അച്ചാറാണ് അന്ന് കിട്ടിയത്. ഇപ്പോഴും അത് ഓർക്കുമ്പോൾ വായിൽ വെള്ളം നിറയും എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ അതിന്റെ രുചി. എല്ലാ കറികളും നല്ല ടേസ്റ്റ് ആയിരുന്നു. വായിലെ രസമുകളങ്ങളെ മത്ത് പിടിപ്പിച്ചു. മോര് എടുത്ത് പറയേണ്ട ഒന്നാണ്. പാകത്തിന് ഉപ്പും പാകത്തിന് എരിയും അത് മാത്രം മതി ഊണ് നിറച്ചുണ്ണാൻ.

എല്ലായിടവും കാണുന്ന ഒന്നല്ലല്ലോ താറാവിറച്ചി. കൂട്ടിന് അതും വാങ്ങിച്ചു. ഒട്ടും നിരാശ തോന്നിയില്ല. എല്ലാം കൊണ്ടും ഊണ് കൈങ്കേമം. വില അറിഞ്ഞ് തന്നെയാണ് മേടിച്ചത്. വില കൂടുതൽ ആണോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. കാരണം ഇതിലും വില കുറച്ച് പലയിടത്തും കിട്ടും. പക്ഷേ ആ സംശയം കഴിച്ചപ്പോൾ മാറി. ഈ നാടൻ രുചിക്കും, വൃത്തിക്കും പിന്നെ അവിടെയിരുന്ന കഴിക്കുന്ന ആ അന്തരീക്ഷവും, കഴിച്ച് കഴിഞ്ഞ് കിട്ടുന്ന മനസംതൃപ്തിയും എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ വില ഒട്ടും കൂടുതൽ അല്ല, എന്നെ സംബന്ധിച്ചിടത്തോളം, സന്തോഷം മാത്രം. കിഴി ബിരിയാണിക്ക് ഉടൻ തന്നെ ഒരു വരവ് വരേണ്ടി വരും എന്ന് മനസ്സിൽ കരുതി അവിടുന്ന് ഇറങ്ങി.

Inluding Tax
ഊണ് – 105
താറാവിറച്ചി – 189

LEAVE A REPLY

Please enter your comment!
Please enter your name here