Khana Peena

Date: 12/12/2018
കള്ളൻ കയറിയ കടയിൽ ഞാനും കേറി. മോട്ടിക്കാൻ അല്ല തീറ്റയും കുടിയും തന്നെ ലക്ഷ്യം.

Location: Joy Alukkas, Trivandrum Vizhinjam Rd, East Fort, Attakulangara(കിഴക്കേകോട്ട നിന്ന് വരുമ്പോൾ അട്ടകുളങ്ങര junction എത്തുന്നതിനു മുൻപായി ഇടതു വശത്തു)



“ഇതൊരുറങ്ങാത്ത കട” എന്ന ലോഗോയിലെ വാചകം കണ്ട് 24 മണിക്കൂർ ആഹാരം കിട്ടുന്ന കട എന്ന് തെറ്റിദ്ധരിക്കണ്ട. ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 3 മണി വരെയാണ് സമയം.

സാധാരണ രാത്രി 2 ചപ്പാത്തിയും സാലഡുമാണ് എന്റെ ഭക്ഷണം. ഇന്ന് നോക്കിയപ്പോൾ ഉണ്ട് ഭാര്യയ്ക്ക് കേക്കിന്റെ കുറച്ച് ഓർഡറുകൾ കിട്ടി അതിന്റെ പണിപ്പുരയിലാണ്. എങ്കിലും ആഹാരം ഉണ്ടാക്കിത്തരാൻ ആള് റെഡിയാണ്. വെറുതെ ബുദ്ധിമുട്ടിക്കണ്ട. ജോലി നടക്കട്ടെ. ഞാൻ പുറത്ത് പോയി ചെറുതായിട്ട് എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചു ഇറങ്ങി.

രാത്രി ഒരു പത്ത് മണി അടുപ്പിച്ചങ്ങ് എത്തി. ചെന്നപ്പോൾ സാമാന്യം നല്ല തിരക്കുണ്ട്. അകത്ത് ഒരു ബെഞ്ചിൽ അത്യാവശ്യം നാല് പേർക്ക് ഇരിക്കാം. ഒരു ടേബളിന് ചുറ്റും 5 പേർക്ക് നിന്ന് കഴിക്കാം. പുറത്തെ സ്റ്റെപ്പിൽ ഒരു പാട് പേർ ഇരുന്ന് കഴിക്കുന്നു. കസേരകളും ഇട്ടിട്ടുണ്ട്. പുറത്ത് ഒരു ടേബിളും ഇട്ടിട്ടുണ്ട്. ഇതല്ലാതെ പലരും ഫാമിലിയായി വന്ന് കാറിൽ ഇരുന്ന് കഴിക്കുന്നത് കണ്ടു. മൊത്തത്തിൽ ഞാൻ ചെന്ന് കേറിയ സമയം കൊള്ളാം. ഒരു ചെറിയ പൂരത്തിനുള്ള ആളുണ്ടായിരുന്നു.

ഇടതു വശത്ത് ആഹാരത്തിന്റെ മേള വലതു വശത്ത് ജ്യൂസിന്റെ മേളം. ഖാനയും ഉണ്ട് പീനയും ഉണ്ട്. ഖാനയിൽ അങ്ങ് തുടങ്ങാമെന്ന് വിചാരിച്ചു. മെനു കാർഡല്ലാതെ തന്നെ ഇടതും വലതും മുകളിൽ ആഹാരത്തിന്റെ പേരും വിലയും കൊടുത്തിട്ടുണ്ട്. പേരുകളൊക്കെ കാണാൻ നല്ല ചന്തം ഉണ്ട്. വില കൂടിയ ഐറ്റംസ് നോക്കി. നെയ്പത്തിലും തീവണ്ടിയും – ₹100.

സംഭവം ഇവിടെ എല്ലാം ലൈവാണ്. നമ്മുടെ മുമ്പിൽ വച്ചാണ് സാധനം ഉണ്ടാക്കുന്നത്. ഞാൻ പറഞ്ഞത് ആകുന്നേയുള്ളു. മുട്ടഅപ്പം എടുക്കട്ടേ എന്നായി. അവിടത്തെ ഒരു signature dish ആണ്. ഞാൻ ചോദിച്ചു അതെന്താ സാധനം. നെയ്പത്തില് പോലെ തന്നെ അരി വച്ച് ഉണ്ടാക്കുന്നതാ. മുന്നിലെ തിളച്ച് മറിയുന്ന എണ്ണയിലെ ചട്ടിയിലേക്ക് നോക്കി. ആദ്യം ഇത് കഴിയട്ടെ. “എത്ര സമയം എടുക്കും നെയ്പത്തിലും തീവണ്ടിയും കിട്ടാൻ?”. “ഒരു 5 മിനിറ്റ്. “. Ok.

പറഞ്ഞ വാക്ക് തെറ്റിച്ച് കൊണ്ട് ഒരു മൂന്ന് മിനിറ്റിനകം നെയ്പത്തിലും തീവണ്ടിയും ഓടിപ്പാഞ്ഞ് ഇങ്ങ് എത്തി. കറക്റ്റ് സമയം ആയപ്പോൾ ഇരിക്കാൻ ബെഞ്ചും കിട്ടി. വയറ്റ് ഭാഗ്യം തന്നെ. വന്നത് വെറുതെ ആയില്ല. കള്ളൻ ചതിച്ചില്ല എങ്കിലും എന്റെ ഹൃദയം കവർന്നു. നെയ്പത്തില് ഒരു ഗുമാഗുമാ ഐറ്റം. മൊരിഞ്ഞ പരുവത്തിലുള്ള ഒരു സാധനം. തീവണ്ടി നമ്മുടെ ഗ്രില്ല്ഡ് ചിക്കൻ തന്നെ. രണ്ടിന്റെയും കോംബിനേഷൻ കൊള്ളാം. അങ്ങനെ ഒരു ലഘു ഭക്ഷണം കഴിഞ്ഞു.

അടുത്ത ലലു ഭഷണത്തിലോട്ട് കടക്കാമെന്ന് തീരുമാനിച്ചു. കൂടെ കുടംബം ഇല്ലെങ്കിലും ആ ഒരു കുറവ് നമ്മൾ ഭക്ഷണത്തിലെങ്കിലും കാണിക്കാൻ പാടില്ല. മുട്ട അപ്പം പോരട്ടെ. ₹ 100. Fry ഐറ്റംസ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ നെയ്പത്തിലും തീവണ്ടിയും ഗ്രേവി ടൈപ്പ് ആണ് ഇഷ്ടപ്പെടുന്നതെങ്കിൽ മുട്ട അപ്പവും. മറക്കണ്ട. ഇതും ഒരു കിടുകിടാമ്പൻ സാധനം. അടിപൊളിയായി ആസ്വദിച്ച് തന്നെ തുടങ്ങി. പകുതി ആയപ്പോൾ എന്റെ ചെറിയ വയർ നിറഞ്ഞു. അത് കൊണ്ട് തന്നെ ആസ്വദനം കുറച്ച് കുറഞ്ഞു. അമ്യതാണെങ്കിലും ആസ്വദിക്കാൻ വിശപ്പ് തന്നെ വേണം. ഇതും ഒരു must try ഐറ്റം ആണ്. ഉരുപാട് പേർ പാഴ്സൽ വാങ്ങിച്ചോണ്ട് പോകുന്നത് കണ്ടു. ഈ രണ്ട് ഐറ്റംസും. പിന്നെ മുട്ട അപ്പത്തിന്റെ കേസിൽ അറിഞ്ഞ ചില കാര്യങ്ങൾ. മുട്ട അപ്പം എണ്ണയിൽ ഇട്ട് ഒരു 10 മിനിറ്റ് എങ്കിലും പതപ്പിക്കണം. അല്ലാതെ ഇട്ട ഉടൻ തന്നെ എടുത്ത് തന്നാൽ അതിന്റെ തനത് രുചി കിട്ടില്ല. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നും ഇല്ല.

വയർ എല്ലാ അർത്ഥത്തിലും നിറഞ്ഞു. ഇനി ഇത് ദഹിപ്പിക്കണം. പീന ഐറ്റംസിലോട്ട് ഒന്ന് കണ്ണോടിച്ചു. ആളുകൾ രാത്രി ഈ സമയം ആയിട്ടും കാത്ത് കാത്ത് നില്ക്കുന്നു. മിക്സിയിൽ അടിയോട് അടി. കുപ്പികളിൽ തുടുത്ത സാധനങ്ങൾ. കുലുക്കലോടെ കുലുക്കൽ. എല്ലാം കണ്ട് ഒരു അഞ്ച് മിനിറ്റ് നിന്നു. കംപ്ളീറ്റ് കൺഫ്യൂഷൻ ഏത് വാങ്ങിക്കണം. നെല്ലിക്ക കാന്താരി സ്പെഷ്യൽ – ₹40 വാങ്ങിച്ചു. നല്ലോണം ദഹിക്കട്ടെ. ഉപ്പിട്ടതും മധുരമുള്ളതും ഉണ്ട്. എനിക്ക് കിട്ടിയത് ഉപ്പിട്ടത്. വലി എരിവ് ഇല്ല. ഞാനാണെങ്കിൽ മരിച്ചിനിയുടെ കൂടെ കാന്താരി ഞെരടി കഴിക്കുന്ന ടീമാ. നല്ല എരിവ് വേണമെന്നുള്ളവർക്ക് പറഞ്ഞാൽ വീണ്ടും കാന്താരി ഇട്ട് തരുമെന്ന് അറിഞ്ഞു. ഇതും വിട്ട് കളയരുത്.

കുറച്ച് ഫോട്ടോകൾ എടുത്തെങ്കിലും പുറത്ത് നിന്ന് തട്ടുന്ന കാഴ്ച എടുക്കാൻ ഒരു സുഹൃത്തിനെ കണ്ട് സംസാരിക്കുന്നിതിനിടയിൽ വിട്ട് പോയി. വണ്ടി ഓടിച്ച് തിരിച്ച് പോകുന്നതിനിടയിലാണ് അത് ഓർത്തത്. ആ സുഹൃത്തിനെ വിളിച്ച് പറഞ്ഞു കാര്യം. പുള്ളി അപ്പോൾ തന്നെ ചൂടോടെ കഴിക്കുന്നവരുടെ അനുവാദവും ചോദിച്ച് ഒരു ഫോട്ടോ ഇങ്ങ് അയച്ചു തന്നു. ഞാൻ ഒറ്റയ്ക്കാണ് ഇവിടെ മേഞ്ഞതെങ്കിലും ചറ പറാ സംസാരിക്കുന്ന കുറച്ച് സുഹൃത്തുക്കളോടൊപ്പം വെടി പറഞ്ഞ് കഴിക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ. പ്രത്യേകിച്ച് ഇതു പോലെ ഒരന്തരീക്ഷത്തിൽ. ഫോട്ടോ കണ്ടപ്പോൾ വർഷങ്ങൾ കുറച്ച് പുറകിലോട്ട് പോയി….

കള്ളൻ ശരിക്കും ഹൃദയം കവർന്നു.കള്ളനായി അഭിനിയിച്ച ആ ജൂനിയർ ആർട്ടിസ്റ്റിന് എന്റെ നമസ്ക്കാരവും…

“കള്ളൻ” കയറിയ ദൃശ്യങ്ങൾ കാണാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/khanapeenatvm/videos/801778010170042/

LEAVE A REPLY

Please enter your comment!
Please enter your name here