ഭക്ഷണപ്രേമികൾക്ക് നെയ്യാറ്റിൻകരയെന്നാൽ ഗിരികൃഷ്ണയും ഗിരികൃഷ്ണയെന്നാൽ നെയ്യാറ്റിൻകരയെന്നും ഓർമിക്കുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു.

1989, മെയ് മാസം മൂന്നാം തീയതി തുടങ്ങിയ ആ പഴയ ഗിരികൃഷ്ണ ഇന്നും അവിടെത്തന്നെയുണ്ട്. പഴയ ആ രുചിയും തനിമയും നില നിർത്തി കൊണ്ടു തന്നെ. സ്ഥലവും പഴയത് ഷെഫും പഴയത് ഉടയോൻ ഗിരീഷ്കുമാർ എന്ന ഗിരീശൻ ചേട്ടനും പഴയത്.

വാഹനങ്ങൾ നിരത്തുകൾ കൈയേറിയപ്പോൾ പഴയത് പോലെ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാതായി. ചില തല്പര കക്ഷികൾ ഉദ്ദേശിച്ച ഫണ്ട് അവർക്ക് കിട്ടാത്തതിനാൽ പിന്നീട് ഉണ്ടായ ഫുഡ് സേഫ്റ്റി റെയ്ഡിൽ അനുവദനീയമായ അളവിലും കളർ ചേർത്തത് എന്ന 2002 ൽ വീണ ആരോപണങ്ങളുടെ കറകളും വല്ലാത്ത തിരിച്ചടികളായി. ഒരു സ്റ്റാഫിന് പറ്റിയ അശ്രദ്ധയാവാം; അതിന് വലിയ വില കൊടുക്കേണ്ടി വന്നു. തകർച്ചകളെ ആഘോഷിക്കുന്നവർ അതും കൊണ്ടാടി.

ഇതിനെയെല്ലാം അതിജീവിച്ച് ഗിരികൃഷ്ണ ഇപ്പോഴും അവിടെത്തന്നെയുണ്ട്.

അന്നം കൊടുത്ത് പുണ്യം നേടുക എന്നതാണ് ഗിരീശൻ ചേട്ടന്റെ പോളിസി. ന്യായമായ വിലയ്ക്ക് നല്കുന്നുണ്ടെന്നാണ് ചേട്ടന്റെ വിശ്വാസം. ക്വാണ്ടിറ്റിയുടെയോ രുചിയുടെയോ കാര്യത്തിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ നേരിട്ടവിടെ ബോധിപ്പിക്കുക. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിക്കുന്നവർ സന്തോഷത്തോടെ പോയാലെ ആ കട നില നില്ക്കു എന്നാണ് ചേട്ടൻ പറയുന്നത്. അതെ അതു ശരി തന്നെയാണ്. ഇതു പോലത്തെ പോസ്റ്റുകൾക്കെല്ലാം ഒരു ബൂസ്റ്റ് അപ്പ് കൊടുക്കാനേ സാധിക്കൂ. ബാക്കിയെല്ലാം നമ്മൾ ഉപഭോക്‌താക്കളുടെ സംതൃപ്തി തന്നെയാണ് ഒരു കടയുടെ നിലനില്പ്. ആ തൃപ്തി എന്ന് പറയുന്നത് ഇവിടെ നിന്ന് കിട്ടുമെന്നാണ് അനുഭവത്തിൽ നിന്ന് എന്റെ വിശ്വാസം.

നെയ്യാറ്റിൻകര ക്ഷേത്രത്തിൽ നിന്ന് വളരെ അകലെയല്ല ഗിരികൃഷ്ണ. 1989 ലെ പഴയ കടയല്ലാതെ 2005 ൽ തുടങ്ങിയ പുതിയ കടയും അടുത്ത് തന്നെയായുണ്ട്.

1978 ൽ പത്താം ക്ളാസ്സ് പരീക്ഷ കഴിഞ്ഞ് പഴവങ്ങാടി കേപ്രി ഹോട്ടലിൽ പാത്രം കഴുകലിൽ നിന്നായിരുന്നു ഗിരീശൻ ചേട്ടന്റെ ഹോട്ടൽ വ്യവസായത്തിലോട്ടുള്ള തുടക്കം. പിന്നെ കേപ്രി ഹോട്ടലിന്റെ ഉടമസ്ഥന്റെ ബന്ധു തുടങ്ങിയ നെയ്യാറ്റിൻകരയിലെ മിനി റെസ്റ്റോറന്റിൽ കാഷ്യർ ആയിട്ട് വന്നു. കാഷ്യർ ജോലി മാത്രമല്ല എല്ലാ ജോലിയും ചെയ്യുമായിരുന്നു. ഉടമസ്ഥൻ സുഖമില്ലാതെ ആ ഹോട്ടൽ മതിയാക്കി പോയപ്പോഴാണ് ചേട്ടൻ പുതിയ ഹോട്ടൽ – ഗിരികൃഷ്ണ – തുടങ്ങിയത്.

ഹോട്ടൽ തുടങ്ങിയത് സന്മനസ്സകളുടെ സഹായത്തോടെയായിരുന്നു. മേശ, പാത്രങ്ങൾ, ഇരിപ്പടങ്ങൾ, അടുപ്പ് ഇങ്ങനെ ഓരോന്നും ഓരോരുത്തർ വാങ്ങിച്ച് കൊടുത്താണ് ഇത് ആരംഭിച്ചത്..

മുതലാളി ആയിട്ടും കാഷ്യർ മുതൽ പറ്റാവുന്ന എല്ലാ ജോലികളും ചേട്ടൻ ചെയ്യും. ഇന്നും ഗിരികൃഷ്ണ അടയ്ക്കാറാവുമ്പോൾ അവിടെ ചെന്നാൽ മതി. എല്ലാം കഴുകിയിറക്കാൻ ചേട്ടൻ അവിടെ കാണും. എല്ലാ ദിവസവും ഹോട്ടൽ കഴുകി വൃത്തിയാക്കിയിട്ടാണ് പോകുന്നത്. സംസാരത്തിനിടയിൽ എന്നോട് പറഞ്ഞു അടുക്കള (പഴയ ഹോട്ടലിലെ, രണ്ടിടത്തും ഉണ്ട്, പഴയ സ്ഥലത്താണ് ചെന്നത്) കേറി കാണാൻ. സാധാരണ എല്ലായിടത്തും അങ്ങോട്ട് റിക്വസ്റ്റ് ചെയ്യും. ഇവിടെ ഇങ്ങോട്ട് തന്നെ പറഞ്ഞ സ്ഥിതിക്ക് ഉടൻ തന്നെ കേറി കണ്ടു. എല്ലാം നല്ല വൃത്തി. പടം ഇട്ടിട്ടുണ്ട്. പാത്രങ്ങളെല്ലൊം അപ്പപ്പോൾ തന്നെ വൃത്തിയാക്കി വയ്ക്കുന്നു.

മാർച്ചിലെ ഒരു സന്ധ്യാ സമയത്താണ് പാഴ്സൽ വാങ്ങിക്കാൻ ഞാൻ ഇവിടെ എത്തിയത്. ഇവിടത്തെ പ്രസിദ്ധമായ ചിക്കൻ ഫ്രൈ (₹ 110) പാഴ്സൽ വാങ്ങിക്കാൻ. കൂടെ അപ്പവും ( ₹ 6) ബീഫ് ഫ്രൈയും (₹ 70). ഒന്നും നിരാശപ്പെടുത്തിയില്ല. ചിക്കൻ ഫ്രൈയുടെ രുചിയും അളവും എടുത്ത് പറയണം. വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, പട്ട, ഗ്രാമ്പു, ഏലം തുടങ്ങിയവ ചേർത്ത മസാല. മില്ലിൽ പോയാണ് വെളിച്ചെണ്ണ വാങ്ങിക്കുന്നത്. മുളക് തുടങ്ങിയ പൊടികളെല്ലാം മില്ലിൽ നിന്ന് പൊടിച്ചെടുക്കുന്നത്. അജിനാമോട്ടോ പണ്ടേ ഇല്ല.

എന്തായാലും ഒരു റിവ്യൂ എഴുതുന്നു അത് പോലെ ചേട്ടനും ഒരു സന്തോഷമായിക്കോട്ടെ എന്ന് വിചാരിച്ചാണ് ബീഫ് ഫ്രൈ കൂടി വാങ്ങിയത്. പ്രതീക്ഷകൾക്ക് ഉപരിയായി അതും അടിപൊളിയായിരുന്നു. അപ്പം പാഴ്സൽ വീട്ടിൽ എത്തിച്ചപ്പോൾ ഒരു സങ്കടമായിരുന്നു. ലൈവ് അല്ലല്ലോ. പക്ഷേ കാണും പോലെയായിരുന്നില്ല കഴിച്ചപ്പോൾ നല്ല സോഫ്റ്റും ടേസ്റ്റും.

ഗിരികൃഷ്ണ ഇപ്പോഴും അവിടെയുണ്ട്. നമ്മൾ ഭക്ഷണപ്രേമികളെയും കാത്ത്. ചിക്കൻ ഫ്രൈ മറക്കണ്ട.

Seating Capacity
പഴയ കട – 12
പുതിയ കട – 24
Timings
പഴയ കട – 8 AM to 10 PM
പുതിയ കട – 8 AM to 9 PM
Girikrishna Restaurant
Alummoodu Junction, Neyyattinkara
094478 16979

LEAVE A REPLY

Please enter your comment!
Please enter your name here