ലൊക്കേഷൻ: പാളയത്ത് മുസ്ലിം പള്ളിയുടെ, രക്തസാക്ഷി മണ്ഡപത്തിന് എതിരെയുള്ള വഴിയിൽ അണ്ടർപ്പാസിനരികിൽ വലത് വശത്തായി. ബേക്കറി ജംഗ്ഷനിൽ നിന്ന് വരുമ്പോൾ ഇടത് വശത്തായി വരും.

“തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താജിന്റെ വിശേഷങ്ങളിലൂടെ”

അവസാനം കഴിച്ച ആ ചിക്കൻ ഫ്രൈയുടെ രുചി ഇപ്പോഴും വായിൽ ഇങ്ങനെ തങ്ങി നില്ക്കുന്നു. ഫ്രെബുവരി 14 ന് ഒരു രാത്രി സമയം. പെറോട്ടയും ചിക്കൻ ഫ്രൈയുമാണ് ഓർഡർ ചെയ്തത്. കിടുക്കാച്ചി ചിക്കൻ ഫ്രൈ. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ചിക്കൻ ഫ്രൈകളിൽ ഒന്ന്. ആ മൊരിഞ്ഞ ഫ്രൈയുടെ അരികുകളിൽ നാക്ക് കൊണ്ടൊന്ന് നുണയുമ്പോൾ കിട്ടുന്ന ഒരു സുഖം. മൊരിഞ്ഞ പെറോട്ടയിൽ തുടാ തുടായുള്ള ആ ചിക്കൻ ഫ്രൈയും ചേർത്ത് പിടിപ്പിച്ചപ്പോഴുള്ള ആ ഒരു നിർവ്യതി. ആ ദിവസമങ്ങ് പൊളിച്ചു.

സർവീസിന് ഉണ്ടായിരുന്നത് മുഹമ്മദ് എന്ന ജാർഖണ്ഡ് സ്വദേശിയായിരുന്നു. മലയാളം നല്ല മണി മണിയായി പറയുന്നു.
എന്ത് നല്ല പെരുമാറ്റം. അത് കൊണ്ടാണ് പേര് ചോദിച്ച് പരിചയപ്പെട്ടത്. 6 വർഷങ്ങളായി താജിൽ നില്ക്കുന്നു. ഒന്നും പറഞ്ഞ് കൊടുക്കണ്ട. അല്ലാതെ തന്നെ കസ്റ്റമേഴ്സിനെ അറിഞ്ഞ് പെരുമാറും. ഇതൊക്കെ ഒരു ഗിഫ്റ്റാണ്.
ഇപ്പോൾ ഇവരൊന്നും ഇല്ല. ലോക്ക് ഡൗൺ ആയത് കൊണ്ട് കൂട്ടമായി നാട്ടിൽ പോയി. ഇപ്പോൾ ഉള്ളത് നാട്ടിലെ ആൾക്കാർ മാത്രം.
വില വിവരം:
ചിക്കൻ ഫ്രൈ – പ്ലേറ്റ് – ₹ 150
പെറോട്ട – ₹ 10
കോഫി – ₹ 15
( ക്വാണ്ടിറ്റി & ക്വാളിറ്റി വച്ച് വില കൂടുതൽ ആയി തോന്നിയില്ല. ഫാഫ് പ്ലേറ്റ് – 2 പീസ് – ₹ 80, പ്ലേറ്റ് – 4 പീസ് ₹ 150, ഫുൾ പ്ലേറ്റ് – പീസ് – ₹ 300 – 10 പീസ് ഇങ്ങനെയാണ് റേറ്റ്)

താജ് പിന്നിട്ട വഴികൾ…
1955 ൽ ശ്രീ സെയ്ലാബദ്ധീൻ തുടങ്ങിയ ഭക്ഷണയിടം. അദ്ദേഹത്തിന്റെ കാലശേഷം 1968 ൽ മകൻ ശ്രീ അബ്ദുൾ അഷറഫ് താജ് ഏറ്റെടുത്തു. അതിനകം തന്നെ താജ് ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. രുചി മാത്രമല്ല സൗഹൃദങ്ങളും പങ്കിടാനുള്ള ഒരു വേദിയായി മാറി താജ്.
റെസ്റ്റോറന്റിലെ റിസ്പഷനിൽ ശ്രീ സെയ്ലാബദ്ധീൻ, ശ്രീ അബ്ദുൾ അഷറഫ് അവർകളോടാപ്പം ഇടം പിടിച്ച ഒരു ചിത്രം കൂടിയുണ്ട്. കാലത്തിന്റെ ഒഴുക്കിൽ മൺ മറഞ്ഞ് പോയ നമ്മുടെയെല്ലാം ഹൃദയത്തിൽ ഒരിക്കലും മരിക്കാത്ത മലയാളിയുടെ നിത്യ ഹരിത നായകനായ ശ്രീ പ്രേംനസീർ. ശ്രീ അബ്ദുൾ അഷറഫിന്റെ മാമൻ കൂടിയായ ശ്രീ പ്രേം നസീർ താജിന്റെ തുടക്കം മുതലേ തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണയിടങ്ങളിൽ ഒന്നായിരുന്നു താജും.

“ശ്രീ പ്രേം നസീർ താജിന്റെ തുടക്കം മുതലേ തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണയിടങ്ങളിൽ ഒന്നായിരുന്നു താജും”

ശ്രീ അബ്ദുൾ അഷറഫിന്റെ കാലശേഷം മകൻ സ്വരൂപ് അഷറഫ് 2018 ൽ താജ് ഏറ്റെടുത്തു. 2005 മുതൽ തന്നെ അദ്ദ്ദേഹം താജിന്റെ ഭാഗമായി ബാപ്പയുടെ കൂടെ ഉണ്ടായിരുന്നു.ഇപ്പോൾ ഈ ലോക്ക്ഡൗൺ സമയത്തും ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്ത് ജാഗ്രതയോടെ സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തി വരുന്നു. താജിൽ വർഷങ്ങളായി പാചകത്തിന് ചുക്കാൻ പിടിക്കുന്ന സ്റ്റാഫുകൾ തന്നെയാണ് ഇപ്പോഴും ഈ സമയത്തുമുള്ളത്.

ലോക്ക്ഡൗൺ കാലം ഏപ്രിൾ 18 മുതൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഒരുക്കുന്ന വിഭവങ്ങൾ 😋

രാവിലെ – ഇടിയപ്പം, പത്തിരി, ഉറട്ടി, അപ്പം, ചപ്പാത്തി, ടൊമോറ്റ കറി, മുട്ടക്കറി, വെജിറ്റബിൾ കറി, ചിക്കൻ കറി, ചിക്കൻ ഫ്രൈ, മട്ടൺ കറി

ഉച്ചയ്ക്ക്/രാത്രി – ബിരിയാണികൾ – ചിക്കൻ, ബീഫ്, മട്ടൺ, എഗ്ഗ്, വെജിറ്റബിൾ, ചില്ലി ചിക്കൻ, ഫ്രൈഡ് റൈസ്, നൂഡിൽസ്, സൂപ്പ് തുടങ്ങിയ ചൈനീസ് വിഭവങ്ങൾ. (ഊണ് ഇപ്പോൾ ഇല്ല) മുൻപ് 7 മണി മുതൽ രാത്രി 12 മണി വരെ യുണ്ടായിരുന്ന പ്രവർത്തന സമയം മാറ്റി

ഇപ്പോൾ ഓൺലൈൻ ഉൾപ്പെടെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ്. ടേക്ക് എവേ, സ്വിഗ്ഗി, സൊമാറ്റ ഓൺലൈൻ സേവനങ്ങളും ലഭ്യമാണ്.

റോഡിന്റെ വികസന പാതയിൽ പഴമയുടെ ആ ചിത്രം മാഞ്ഞ് പോയെങ്കിലും താജ് ഇപ്പോഴും കൊതിപ്പിക്കുന്ന രുചികളും പേറി നമ്മളെ വിരുന്നൂട്ടാൻ ഉണ്ട് ഈ ലോക്ക്ഡൗൺ സമയത്തും….

Seating Capacity – 61 (45 + 16 – Family Room)
Hotel Taj
Near, Mahathma Gandhi Rd, University of Kerala Senate House Campus, Palayam, Thiruvananthapuram, Kerala 695034
Phone: 0471 232 1790
Google Map:

LEAVE A REPLY

Please enter your comment!
Please enter your name here