ആദിൽ ബർക്കത്ത് തട്ടുകട | കല്ലാർ
Mob: 8289827968
പൊന്മുടി യാത്രയ്ക്കിടെ അല്ലെങ്കിൽ കല്ലാറിൽ നിന്ന് നല്ല ഭക്ഷണം കഴിക്കണോ എങ്കിൽ ഇത് സദയം വായിക്കുക.
പൊന്മുടിയിൽ ഒരു പകൽ കൂടി അവസാനിക്കുകയാണ്. നീണ്ട വിസിലടികളുടെ നിർത്താതെയുള്ള ശബ്ദം. ഗാർഡുകൾ തിരക്ക് കൂട്ടുകയാണ്. വന്നതേ താമസിച്ചു. ടവറിലോട്ട് കയറിയ കയറ്റം മുഴുവനാക്കാൻ പറ്റിയില്ല. പകുതി വഴിക്ക് തിരിച്ചിറങ്ങി. 6 മണിക്ക് നിർത്തി പോകണമെന്നാണ് കണക്ക്. സമയം 6.30 കഴിഞ്ഞു.
രാത്രിക്ക് കനം കൂടും മുമ്പ് 22 ഹെയർ പിൻ വളവുകൾ എല്ലാം ഇറങ്ങണം എന്ന ഉദ്ദേശ്യത്തോടെ വണ്ടിയെടുത്ത് മുന്നോട്ട് കുതിച്ചു.
എത്ര വർഷങ്ങളായി കാണുന്ന പൊന്മുടി. കാലചക്രം ഉരുണ്ട് നീങ്ങുന്നതിന് അനുസരിച്ച് പലതും മൺമറഞ്ഞു. പുതിയത് പലതും വന്ന് കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ഇടയ്ക്കിടെ കാണുന്ന തട്ടുകടകൾ. ഇടയ്ക്ക് നിർത്തിയിട്ടിരിക്കുന്ന വണ്ടികളുടെ നീണ്ട നിര കാണുമ്പോഴേ മനസ്സിലാക്കുക തട്ടുകടകളുടെ വരവായി എന്ന് . ഒന്നും രണ്ടും തട്ടുകടകൾ അല്ല. അതിലും ഏറെ, അടുത്ത് അടുത്ത് താല്ക്കാലമായി ഉണ്ടാക്കിയ തട്ട് കടകളുടെ ചെറിയ ചെറിയ നിരകൾ. ആളുകൾ ഒരുപാട് നിന്ന് കഴിക്കുന്നുണ്ട്. എല്ലാ കടകളിലും സാമാന്യം തിരക്കുണ്ട്. വിശപ്പുണ്ടെങ്കിലും ഒരിടത്തും വണ്ടി നിർത്തിയില്ല. ഹെയർ പിന്ന് വളവുകൾ എല്ലാം തീരട്ടെ.
“വളവുകൾ കഴിഞ്ഞ് വണ്ടി കല്ലാറും കഴിഞ്ഞു അര കിലോമീറ്റർ ആയി കാണും”
ഏകദേശം അടുത്ത് അടുത്തായി ഇരിക്കുന്ന രണ്ട് കടകൾ വലത് വശത്തായി കണ്ടു. അതിൽ വീടിനോട് ചേർന്നിരിക്കുന്ന ആദ്യത്തെ കടയിൽ കയറാമെന്ന് വച്ചു. കാരണം കടയിൽ ആരുമില്ല. കുട്ടികളെയും കൊണ്ട് പെട്ടെന്ന് കഴിച്ചിട്ട് വീടെത്താം. (ആമ്പിയൻസ്, AC ഒന്നും പ്രതീക്ഷിക്കണ്ട)
ചോദിച്ചപ്പോൾ കഴിക്കാൻ പെറോട്ട, ദോശ, കപ്പ, ഊണ്, കോഴി, ബീഫ്
പെറോട്ട (8 Rs) , കപ്പ (30 Rs) , കോഴിക്കറി (110 Rs) , ബീഫ് കറി (80 Rs) ഓർഡർ ചെയ്തു. ഒരു സംശയം ഉള്ളിലുണ്ടായിരുന്നു. ഒരു രീതിയിലുമുള്ള പരിചയമില്ലാത്ത കട. തിരക്കും കണ്ടില്ല. കുറച്ച് പ്രായം ചെന്ന സ്ത്രീ മാത്രമുള്ള കട. സാധനം ഒക്കെ പെട്ടെന്ന് കിട്ടുമോ. പഴകിയത് വല്ലതും വിരുന്നിന് വരുമോ. ആലോചിച്ച് കൊണ്ടിരിക്കവെ ഐറ്റംസുകൾ എല്ലാം മേശപ്പുറത്ത് എത്തി.
ബീഫ് കറി അങ്ങനെ മേടിക്കാറില്ല. ബീഫ് ഫ്രൈയാണ്, പുരട്ടൊക്കെയാണ് ഇഷ്ടം. ഇവിടെ ഇപ്പോൾ ബീഫ് കറിയേ ഉള്ളൂ. പകുതി മനസ്സോടെ എടുത്ത് വായിൽ വച്ചു. സംഭവം ക്ലിക്കഡ്. റൊമ്പ പ്രമാദം. ബീഫ് കറക്കിക്കൊക്കെ ഇത്ര ടേസ് റ്റോ. പിന്നെയൊരു ആക്രാന്ത മേച്ചില് ആയിരുന്നു. ബീഫ് കറയിൽ മുങ്ങി നീരാടിയ പെറൊട്ട അടിയോട് അടി. ചിക്കൻ കറിയും മേടിച്ചു. ചിക്കനും കൊള്ളാം. പക്ഷേ ബീഫ് കറിയുടെ മുന്നിൽ ചിക്കൻ നിഷ്പ്രഭമായി. കപ്പയും പൊളിച്ചടുക്കി. കൂട്ടിനെത്തിയ കട്ടൻ ചായ (5 Rs) അടുപ്പിൽ വച്ച് ഉണ്ടാക്കിയതിന്റെ പ്രത്യേക ടേസ്റ്റ് എന്ന് കഴിച്ചവർ പറഞ്ഞു. ചായയും (Rs 8) പൊടി പൊടിച്ചു. ഇസ്തം കാരണം ഞാൻ 2 പാൽ കാപ്പി (കോഫി – 1 – Rs 12) കുടിച്ചു നിർവൃതിയടഞ്ഞു.
ഇതെല്ലാം ഉണ്ടാക്കിയ മഹതിയെ ഒന്നു കാര്യമായിട്ട് തന്നെ പരിചയപ്പെട്ടു കളയാം. കൂടെ കടയെ കുറിച്ചും കൂടുതൽ അറിയാമല്ലോ. പേര് ലൈലാ ബീവി. കണ്ടാൽ മുസ്ലിം ആണെന്ന് തോന്നില്ല. പോകാൻ നേരം ബാങ്ക് വിളി സമയം സാരിത്തലപ്പ് എടുത്ത് തട്ടം പോലെ ആക്കി ഇട്ടതാണ് ഏക അടയാളം.
2013 December ലാണ് ഈ റെസ്റ്റോറന്റ് തുടങ്ങിയത്. മുൻപൊക്കെ എല്ലാ ദിവസവും സജീവമായിരുന്നു. ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കിളവൻ മരിച്ചതിന് ശേഷം (അപ്പോൾ കണ്ണൊന്നു നിറഞ്ഞു ) അതായത് രണ്ട് വർഷമായി ശനിയും ഞായറും മാത്രമേയുള്ളു ഈ റെസ്റ്റോറന്റ്.. പക്ഷേ ഇവിടെ ഇട്ടിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് പറഞ്ഞാൽ പറഞ്ഞ സമയത്ത് ഉമ്മ ഭക്ഷണം തയ്യാറാക്കി വച്ചേക്കും. രാവിലെ ദോശ, ഇഡ്ഡലി, അപ്പം മുതലായവ, ഉച്ചയ്ക്ക് ഊണ്, ബിരിയാണി എങ്കിൽ ബിരിയാണി. പോത്തും ഉണ്ട്. രാത്രിയും ഉണ്ട്. തിരക്കുള്ള സമയത്ത് 2 പേർ സഹായിക്കാൻ എത്തുമെങ്കിലും ഇറച്ചിയെല്ലാം ഉമ്മയുടെ സ്വന്തം കൈ കൊണ്ട്. അതും വിറക് അടുപ്പിൽ. അത് ഉമ്മയ്ക്ക് നിർബന്ധമാണ്. എല്ലാം വിറകടുപ്പിൽ ആണ്. ഭക്ഷണ സാധനങ്ങൾ എല്ലാം .നല്ല വിറക്, റബ്ബർ വിറക് അല്ല. തിരക്ക് ഉരുപാട് ഉള്ളപ്പോൾ ചായ മാത്രം സ്റ്റൗവിൽ. ഉച്ചയ്ക്കത്തെ ഊണിന്റെ വില 50 Rs മാത്രം. ഊണിന് പരിപ്പ്, സാമ്പാർ, അവിയൽ, തോരൻ, പച്ചടി, വീട്ടിലുണ്ടാക്കിയ അച്ചാർ, പപ്പടം. മീൻ കറിക്ക് 30 Rs. കടയിൽ ഇപ്പോൾ ഇരിക്കാൻ ഒറ്റ നോട്ടത്തിൽ തോന്നിയത് മേശയും കസേരയും ചേർത്ത് 12 പേർക്കാണ്. ഉമ്മ പറഞ്ഞത് വിളിച്ച് പറഞ്ഞാൽ 25 – 30 പേർക്ക് വരെ ഒരേ സമയം ഊണ് കഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും എന്നാണ്, വീട്ടിലെ സൗകര്യം കൂടി ചേർത്ത്. മല്ലി പൊടി, മുളക് പൊടി എല്ലാം മില്ലിൽ കൊണ്ട് പോയി പൊടിച്ച് എടുക്കയാണ് പതിവ്.
വിളിച്ചാൽ വിളിപ്പുറത്ത് വലിയ 2 മക്കൾ ഉണ്ടെങ്കിലും ഭക്ഷണത്തിന് വേണ്ടി ആരുടെ മുന്നിലും ഉമ്മയ്ക്ക് കൈ നീട്ടാൻ താല്പര്യമില്ലാത്തത് കൊണ്ട് നടത്തി കൊണ്ട് പോകുന്നതാണ് ഈ റെസ്റ്റോറന്റ് . ലാഭത്തിന് വേണ്ടി മാത്രമല്ല ആളുകൾ നല്ല ഭക്ഷണം കഴിച്ച് കാണുന്നതിലുള്ള സന്തോഷം ആണ് ഉമ്മയുടെ സംതൃപ്തി. ഉമ്മ കഴിക്കുന്നതും ഇവിടെ നിന്ന് തന്നെ. പെറോട്ട അടിക്കുന്നതും ഉമ്മ തന്നെ. അങ്ങനെ ക്രിസ്പി പെറോട്ട എന്ന് പറയാൻ പറ്റില്ല. വലിയ തടിച്ച പെറോട്ടയാണ്. ഉമ്മ തരുസോൾ നമ്മുടെ അമ്മ കൈ കൊണ്ട് തരുന്ന ഒരു രുചി തോന്നും എല്ലാത്തിലും.
നല്ല ഭക്ഷണം കിട്ടുമോ എന്ന സംശയത്താൽ ഒരു പാട് പേർ പൊതിച്ചോറും പൊതിഞ്ഞ് കൊണ്ട് കല്ലാറും പൊന്മുടിയിലും പോകുന്നുണ്ട്. വെറുതെ അതിന് ഇനി സമയം കളയണ്ട. ഈ നമ്പറിൽ വിളിക്കുക. നിങ്ങളെക്കാത്ത് അവിടെ ഒരു ഉമ്മ കാണും.