Date: 22-07-2018

സ്ഥലം: അട്ടക്കുളങ്ങര

ബുഹാരി പഴയ ബുഹാരിയല്ല.

1994 കാലം പ്രീഡിഗ്രി പഠിക്കുമ്പോഴാണ് വലിയ പ്രതാപം കേട്ട് ബുഹാരിയിൽ പോയത്. വെറുത്ത് പോയി. കഴിക്കുന്ന പലതിലും ഒരു കള്ളിന്റെ ചുവ. ഇനി കേറില്ല എന്ന് തീരുമാനിച്ചു.

വർഷങ്ങൾ കഴിഞ്ഞു 2008 കാലം. സഹധർമ്മണിയുമായി പോയി. നല്ലത് കിട്ടിയാൽ ഊട്ടി. ഇല്ലെങ്കിൽ അവൾക്കും ഒരു പണിഷ്മെന്റ് ആകും. വല്ലാത്തൊരു പണിഷ്മെന്റ് ആയി പോയി. സർവീസും മോശം. വൃത്തി ആഹാരത്തിലും ഇല്ല ഹോട്ടലിനും ഇല്ല. വിളമ്പുന്നത് തോന്നുത് പോലെ തോന്നുവർക്ക്. തറയും വാഷ്ബേസും ഒരു പോലെ. അന്ന് തീരുമാനിച്ചു ഇനി ഈ ജന്മത്ത് പോകില്ല എന്ന്.

വർഷങ്ങൾ വീണ്ടും പലതും പലതും കടന്ന് പോയി. ഈയിടയ്ക്ക് ഒരു അടുത്ത സുഹൃത്ത് പറഞ്ഞു, ബുഹാരിയിലെ നല്ല മാറ്റങ്ങൾ. ഓഫീസിലെ ചില സുഹൃത്തുക്കൾക്കിടയിൽ ഇത് പങ്ക് വച്ചപ്പോൾ അവരും നല്ലത് പറഞ്ഞു. എങ്കിലും പഴയ വെറുപ്പിക്കുന്ന അനുഭവങ്ങൾ ഓർത്ത് കുറച്ച് ദിവസം എടുത്ത് ഒന്ന് മാനസികമായി തയ്യാറാകാൻ.അങ്ങനെ രണ്ടും കല്പിച്ച് ഇന്നലെ ( 22.07.2018 ) രാത്രി 10.15 അടുപ്പിച്ച് കുടുംബസമേതം എത്തി. മത വ്യത്യാസങ്ങൾ ഇല്ലാത്തത് കൊണ്ട് സർവ ദൈവങ്ങളെയും പ്രാർത്ഥിച്ച് കൊണ്ടാണ് കാലെടുത്ത് വച്ചത്. കാരണം ഓഫീസിൽ ഇപ്പോൾ ലീവ് എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്. പോരാത്തതിന് എന്റെ പാവം പിള്ളേരും ഉണ്ട് കൂടെ.

ചെന്ന് കയറിയപ്പോൾ തന്നെ മാറിയ അന്തരീക്ഷം. അകമെല്ലാം തന്നെ അങ്ങ് മാറി പോയി. തറ വൃത്തി. കസേര വൃത്തി. മേശ വൃത്തി. പിന്നെ ചുവരിൽ നല്ല പെയിം ൻങ്ങ്സും ആകെ പാടെ മാറി പോയി. ഓഫീസിലെ സുഹൃത്ത് പറഞ്ഞ വാചകം ഓർമ്മ വന്നു. വെയിറ്റർമാരൊക്കെ പഴയത് തന്നെ എന്ന്. അവരുടെ മനസും കൂടെ വൃത്തിയായിരുന്നെങ്കിൽ എന്ന് ഒന്ന് ആലോചിച്ചു. ഈ സമയം തന്നെ ചിരിച്ച മുഖത്തോടെ തന്നെ ഒരു ചേട്ടൻ മുന്നിലെത്തി.

ഞെട്ടി പോയി. അപ്പോൾ ഇവർക്ക് ഒന്ന് ചിരിച്ചോണ്ടൊക്കെ നമ്മളെ ഒന്ന് സന്തോഷിപ്പിച്ച് ഒക്കെ പെരുമാറാൻ അറിയാം. ഇനി കൊല്ലാനുള്ള ചിരി ആയിരിക്കുമോ. ഒരു പേടി ഇല്ലാതില്ല. പക്ഷേ ആ പേടിയൊക്കെ മാറ്റി ചേട്ടന്റെ ചിരി അവസാനം നമമൾ കഴിച്ച് ഇറങ്ങുന്നത് വരെയും ഉണ്ടായിരുന്നു. ഇടയ്ക്ക് മാത്രം ചേട്ടന്റെ ഒരു ‘ഓർഡർ’ വന്നു ഫോട്ടോ എടുക്കാൻ പാടില്ല എന്ന്. മനസ്സ് ഒന്നു ആളി. തള്ളേ കലിപ്പാകുമോ. ഭാര്യയും അന്തം വിട്ട് നോക്കി. ചേട്ടൻ ഓടി പോയി പപ്പടം കൂടി എടുത്തോണ്ട് വന്നിട്ട് പറഞ്ഞ് ഇനി എടുത്തോളാൻ. അപ്പോഴാ ശ്വാസം നേരെ വീണത്. ലാസ്റ്റ് ചേട്ടനുമൊത്ത് ഒരു selfie എടുത്താണ് ഇറങ്ങിയത്.

മട്ടൻ റോസ്റ്റ്

ആഹാരം – മട്ടൺ ഞെല്ലി. മട്ടൺ റോസ്റ്റ്. ചിക്കൻ റോസ്റ്റ്. പുട്ട്. പപ്പടം. പെറോട്ട. ആദ്യം റെക്കമെന്റ് ചെയ്ത സുഹൃത്തിന്റെ ഭാഷയിൽ പറഞ്ഞാൽ എല്ലാം കിടിലോസ്കി. എരി എനിക്ക് പ്രശ്നമല്ല. ഇഷ്ടമാണ്. പിള്ളേർക്കും ഭാര്യയ്ക്കും ഒരു പൊടി എരി കൂടി പോയി. എങ്കിലും അവർ ആസ്വദിച്ച് തന്നെ കഴിച്ചു. ഇടയ്ക്ക് ഇടയ്ക്കായിട്ടാണ് പലതും ഓർഡർ ചെയ്തത് എല്ലാം അപ്പോഴപ്പോൾ കൊണ്ട് വന്നു ചടപടേന്ന്. അവസാനം എനിക്ക് ഒരു ബിരിയാണി ചായയും, പിള്ളേർ ഒരാൾക്ക് ഒരു കോഫിയും. ഇളയ മോൾക്കും ഭാര്യയ്ക്കും ഓരോ ചായയും കുടിച്ച് നമ്മൾ സംതൃപ്തിയോടെ ഇറങ്ങി.

വീട്ടിൽ വന്ന് ഫോണിൽ സുഹൃത്തുക്കളോട് അനുഭവങ്ങൾ പങ്ക് വച്ചപ്പോൾ നാളെ അതായത് ഇന്ന് തന്നെ റിവ്യൂ ഇടണേ എന്ന്. ജൂണിലേത് ഉൾപ്പെടെ 7 റിവ്യൂ പെൻഡിംങ്ങ് ആണെന്ന് പറഞ്ഞപ്പോൾ അതൊക്കെ പിന്നെ ഇടാം. ഇത് ആദ്യം ഇടാൻ. പിന്നെ ബുഹാരി ആയത് കൊണ്ട് ചിലപ്പോൾ പൊങ്കാല കിട്ടും എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വായിക്കുന്നവർ അവരുടെ നല്ലതും ചീത്തയുമെല്ലാം കൂട്ടായ്മയിൽ നമ്മൾ സുഹൃത്തക്കളോടെ എന്ന പോലെ പങ്ക് വയ്ക്കട്ടെ. അല്ലാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മോശം.

എനിക്കും കുടംബത്തിനും ഇന്നലെ ഉണ്ടായ അനുഭവങ്ങൾ ആണ് സത്യസന്ധമായി ഇവിടെ പങ്ക് വച്ചത്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ എല്ലാ പേർക്കും മാറി മാറി വരാം. നമ്മൾക്ക് ഇന്നലത്തേത് എല്ലാം കൊണ്ടും മറക്കാനാവാത്ത നല്ല അനുഭവമായിരുന്നു. അതിനാൽ ബുഹാരി കീ ജയ്

Google Map:
https://g.page/buhari-restaurant–trivandrum?share

LEAVE A REPLY

Please enter your comment!
Please enter your name here