അവലോകനം | ഭക്ഷണം തന്നെയാണ് ഔഷധം
Date: 30/11/2018
Pathayam Restaurant | Organic Health Food
Timings 8 AM to 9 PM
നിങ്ങൾ ഒരു Vegan ആണെങ്കിൽ വേറൊന്നും നോക്കണ്ട പത്തായത്തിലോട്ടു പൊയ്ക്കോളൂ.
ഉച്ചയ്ക്ക് സുഹൃത്തായ വിമലിനോടൊപ്പം ഒരു ഹോട്ടലിൽ നിന്ന് ആഹാരവും കഴിച്ചു സെക്രെട്ടറിയേറ്റിനു അടുത്ത് പാർക്ക് ചെയ്ത വണ്ടിക്കു അടുത്ത് എത്തിയപ്പോൾ ഒരു ദാഹം. വിമൽ പറഞ്ഞു നമുക്ക് പത്തായത്തിലോട്ടു വിട്ടാലോ. ശരി ആയിക്കോട്ടെ എന്ന് ഞാനും.
വർഷങ്ങൾക്കു മുൻപ് പത്തായം തിരുവനന്തപുരത്തു തുടങ്ങിയ സമയത്തു ഞാൻ പോയിരുന്നു. കൂടുതലും പച്ചയ്ക്കു കഴിക്കേണ്ട പച്ചക്കറികൾ ആണ് അന്ന് സ്വാഗതം ചെയ്തത്. അന്ന് ആ സമയത്തു അത് ആസ്വാദ്യകരമായി തോന്നിയില്ല. പിന്നെ പോകാൻ ഉള്ള ഒരവസരം ഒത്തു വന്നതുമില്ല.
ജൈവവളങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ പച്ചക്കറികളും പഴങ്ങളും ശരിയായ പാചകത്തിലൂടെ ജനങ്ങളിൽ എത്തിക്കുക എന്ന സദുദ്ദേശത്തോടെ ഡോക്ടർ ഗംഗാധരന്‍ (DNYS) തുടങ്ങിയ ഒരു മഹത്തായ സംരംഭമാണ് ആദ്യ ജൈവ ഭക്ഷണശാലയായ പത്തായം. എല്ലാവരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുക എന്നത് കാഠിന്യമേറിയ ഒരു കാര്യമാണ്. ചൂണ്ടിക്കാണിക്കാൻ ചൂണ്ടു പലകകളില്ല. എന്നിട്ടും തന്റേതായ വഴി വെട്ടിത്തെളിച്ചു സ്വന്തം തട്ടകം കണ്ടെത്തി, ഭക്ഷണ പ്രേമികൾക്ക് അത്താണിയാകാൻ സാധിച്ചു.
1997 കോഴിക്കോട് ബീച്ചിനടത്തു ഒക്‌ടോബർ 2 നു തുടങ്ങിയതാണ് ഈ പ്രസ്ഥാനം. കോഴിക്കോട് റയില്‍വേ സ്‌റേഷന് സമീപത്തായി രണ്ടാമത് ഒരു പത്തായം കൂടി തുറന്നതിന് ശേഷം 2007 മുതലാണ് തിരുവനന്തപുരത്തു അദ്ദേഹം പത്തായം ആരംഭിക്കുന്നത്. ആദ്യം ബേക്കറി ജംഗ്ഷനിലായിരുന്നു തുടക്കം, പിന്നെ സ്റ്റാച്യുവിലുള്ള ട്യൂട്ടേഴ്‌സ് ലൈനിലോട്ടു മാറി. ഇപ്പോൾ പത്തായതിൻ്റെ നിലവിലുള്ള 2 ഭക്ഷണ ശാലകളിൽ ഒന്ന് പ്രെസ്സ് റോഡിലാണ് (YMCA ഹാളിനും ഹോട്ടൽ റെസിഡൻസി ടവറിനും ഇടയ്ക്ക്). മറ്റൊന്ന് പാർത്ഥാസിനു അടുത്തുള്ള അജന്ത തീയേറ്ററിന് എതിർവശമായും.
ഒരുപാടു പ്രത്യേകതകൾ പത്തായത്തിനുണ്ട്, അവയിൽ ചിലതു
– ചായക്ക് പകരം ജാപ്പിയാണിവിടെ. 500 ഗ്രാം മല്ലി, 100 ഗ്രാം ഉലുവ, 50 ഗ്രാം ചുക്ക്, ഏലയ്ക്ക വറുത്തു പൊടിച്ച് തിളപ്പിച്ച വെള്ളത്തിൽ ചേർത്താൽ ജാപ്പിയായി. പാൽ വേണമെന്നുണ്ടെങ്കിൽ തേങ്ങാപ്പാല് ചേർക്കാം. മധുരം വേണമെന്നുണ്ടെങ്കിൽ കുറച്ചു ശർക്കരയും.
– എരിവിന് വേണ്ടി മുളക് പൊടി ഉപയോഗിക്കാറില്ല പകരം മുളക് തന്നെയാണ് ഉപയോഗിക്കുന്നത്.
– പൊടിയായി മഞ്ഞളും മല്ലിയും മാത്രം. അതും മില്ലിൽ പൊടിച്ചു പൊടിയാക്കിയത്.
– മഞ്ഞളും മല്ലിയും മാത്രം ഉപയോഗിക്കുന്ന സാമ്പാർ.
– അരിയും ഉഴുന്നും വിരുദ്ധമാണെന്നതു കൊണ്ട് മഞ്ഞൾപൊടിയും മല്ലിപൊടിയും മാത്രമാണ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. വേറെ ഒരു തരത്തിലുള്ള മസാലപ്പൊടികളും കായവും ഉപയോഗിക്കാറില്ല.
– തേങ്ങാപ്പാലിൽ നിന്നുണ്ടാക്കിയ മോര്
നമ്മളാദ്യം ഒരു പേരയ്ക്ക ജൂസും (₹ 60) ഒരു പപ്പായ ജൂസും (₹ 50) ആണ് ഓർഡർ ചെയ്തത്. രണ്ടും കൊള്ളാം. പേരയ്ക്ക കൂടുതൽ ഇഷ്ടപ്പെട്ടു. പത്തായത്തിൽ ആയതു കൊണ്ട് ഫ്രഷ് എന്ന് പറയേണ്ട കാര്യമില്ലല്ലോ.
പ്രവീണേ ഒരു നീര (₹ 40) കൂടി ഓർഡർ ചെയ്യട്ടെ എന്നായി വിമൽ. ഉച്ചയ്ക്കത്തെ ഹെവി ഫുഡും ജൂസും കൂടും ആയപ്പോൾ തന്നെ വയർ ഫുള്ളായി. എങ്കിലും വിമൽ ചോദിച്ചത് കൊണ്ടും നീരയെ പറ്റി കുറേ കേട്ടിട്ടുണ്ട് എന്നതല്ലാതെ നീര ഇത് വരെ കുടിച്ചിട്ടില്ലാത്തതു കൊണ്ടും ശരി എന്ന് സമ്മതം മൂളി.
കള്ളിന് വേണ്ടിയാണു തെങ്ങു ചെത്തുന്നത് എന്ന ധാരണകളെ മാറ്റി മറിച്ചായിരുന്നു നീരയുടെ വരവ്. ചൊട്ട അഥവാ തെങ്ങിൻ്റെ പൂങ്കുലയിൽ നിന്ന് പുറത്തു വരുന്നതാണ് നീര. വെറുതെ അങ്ങ് ചെത്തിയെടുത്താൽ നീര കിട്ടില്ല. അന്തരീക്ഷത്തിലെ വായുവുമായി സമ്പർക്കം പുലർത്താതെ, നീരയെ പുളിപ്പിക്കുന്ന ബാക്റ്റീരിയകളെ അകറ്റി നിർത്തുന്ന അണു വിമുക്തമാക്കിയ പ്ലാസ്റ്റിക് കാനിൽ ചില പ്രക്രിയകളിലൂടെ ശ്രദ്ധയോടെ നീര ശേഖരിക്കാൻ സാങ്കേതിക പരിശീലനം നേടിയ നീര ടെക്നീഷ്യൻമാർ തന്നെ വേണം. ഇങ്ങനെ ശേഖരിക്കുന്ന നീര 3 മാസത്തോളം പുളിക്കില്ല. ഇനി അത് കഴിഞ്ഞു പുളിച്ചാലും വിനാഗിരി ആവുകയേ ഉള്ളൂ. അനാരോഗ്യങ്ങളെ മാടി വിളിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ സ്ഥാനത്തു നീരയെ ധൈര്യമായി പ്രതിഷ്ഠിക്കാം. നല്ലൊരു എനർജി ഡ്രിങ്ക് അതോടൊപ്പം പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ A, B, C ഉൾപ്പെടെ സമ്പുഷ്ടമാണ് നീര. ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ മധുരമുണ്ടെങ്കിലും പ്രമേഹ രോാഗിക്കുപോലും ഉപയോഗിക്കാം.
ജ്യൂസ് കോർണറിനു അരികിലായി നീര നിറഞ്ഞിരിക്കുന്ന എപ്പോൾ വേണമെങ്കിലും കൊടുക്കാൻ സജ്ജമായ മെഷീനിൽ നിന്ന് അതിങ്ങു എത്തി. കേൾക്കുമ്പോൾ ഉള്ള സുഖം മാത്രമല്ല നീര കുടിക്കാനും നല്ല സുഖം.
കാർഡ് കൊടുക്കാനായി കൗണ്ടറിൽ ചെന്നപ്പോൾ ദാ അവിടെ ഇരിക്കുന്നു കുപ്പികളിൽ തേൻ നെല്ലിക്ക (₹ 12). അത് വാങ്ങി നുണയാനും അമാന്തം കാണിച്ചില്ല.
ഡോക്ടർ ഗംഗാധരന്‍ സാറിനെ കൂടി ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി. ആ ഇടവേളയിൽ ഗോതമ്പ് പായസം (₹ 40) കൂടി വാങ്ങി. എനിക്ക് ഇഷ്ടപ്പെട്ടു. വിമൽ മുൻപ് അവിടെ തന്നെ കുടിച്ചു പരിചയമുള്ളതിനാൽ പറഞ്ഞു ഇന്നത്തെ അത്ര പോരാ, കുറച്ചും കൂടെ ശരിയാവാൻ ഉണ്ടെന്നു പറഞ്ഞു.
കാത്തിരുന്ന പോലെ ഡോക്ടർ എത്തി, വളരെ നിർമലനായ ഒരു മനുഷ്യൻ. ലളിതമായ ആഹാരത്തിൻ്റെ വക്താവായ ഇദ്ദേഹവും വളരെ ലളിതം. എളിമ, വിനയം, ഭക്ഷണത്തിൻ്റെ സംസ്ക്കാരത്തോടൊപ്പം തന്നെ പെരുമാറ്റത്തിലെയും സംസാരത്തിലെയും സംസ്ക്കാരവും ഇദ്ദേഹത്തിൽ നിന്ന് കണ്ടു പഠിക്കേണ്ടതാണ്.
നമ്മൾ സംഭാഷണം തുടങ്ങിയത് തന്നെ പാലിൽ നിന്നാണ്. മനുഷ്യൻ അല്ലാതെ വേറൊരു ജീവിയും മറ്റൊരു ജീവിയുടെ പാല് കുടിക്കാറില്ല. പശുവിൻ്റെ പാല് അതിൻ്റെ കുട്ടിക്കുള്ളതാണെന്നും, അത് മാത്രമല്ല പണ്ടത്തെ പോലെ പുല്ലു മാത്രമല്ല പശുക്കൾ കഴിക്കുന്നതെന്നും ഇപ്പോഴുള്ള കാലിത്തീറ്റ കഴിച്ച പശുക്കളുടെ പാല് ശരീരത്തിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, ഉണക്കിയ പഴങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, തവിടു അടങ്ങിയ അവൽ, കപ്പലണ്ടി, കശുവണ്ടി, നിലക്കടല തുടങ്ങിയവ ആരോഗ്യത്തിന് വളരെ നല്ലതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്തായത്തിൽ ഒരു പ്രാവശ്യം വരുന്നവർ കൂടുതലും ഇവിടം അവരുടെ സ്ഥിരം താവളമായി മാറ്റുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. പലരും ഫാമിലിയായി വരുന്ന കാഴ്ച കണ്ടു.
കുടുംബവുമായി പത്തായത്തിൽ വന്നു സമർദ്ദിയോടെ ആഹാരം കഴിക്കണമെന്നു മനസിലുറപ്പിച്ച് ആ വല്യ മനുഷ്യനെ തൊഴുത് അവിടെ നിന്ന് ഇറങ്ങി.