Kerala State Planning Board ന്റെ കുടംബശ്രീ canteen ലൊന്നു പോകുക. ഞെരിപ്പൻ നല്ല നാടൻ ഊണ് കിട്ടും.
LIC ക്കും പട്ടം ജംഗ്ഷനുമിടയിൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ഗേറ്റിന്റെ കറക്റ്റ് ഓപ്പോസിറ്റാണ് Planning Board ന്റെ office. അവിടുന്ന് ഒരു പത്ത് പതിനഞ്ച് അടി അകത്തോട്ട് നടന്നാൽ കുടംബശ്രീയുടെ 7 സ്ത്രീജനങ്ങൾ ചേർന്ന് നടത്തുന്ന canteen ആയി. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം. രാവിലെ കാപ്പിയും ഉച്ചയ്ക്ക് ഊണും വൈകുന്നേരം ചായ, കടി പിടി കിട്ടും.
ഞാൻ ഉച്ചയ്ക്കുള്ള ഊണ് ആണ് കഴിച്ചത്. സ്റ്റീൽ പാത്രം കഴുകി കമഴ്ത്തി വച്ചിരിക്കും ഒരു ടേബളിൽ. മുൻപിൽ ആളുണ്ടെങ്കിൽ ക്യൂ നിന്ന് ആ പാത്രം എടുക്കുക. അപ്പോൾ അതിൽ ചോറും കറികളും വച്ച് തരും. മീൻ വേണോന്ന് ചോദിക്കും. ആവശ്യമെങ്കിൽ പറയാം. ധൈര്യമായിട്ട് വാങ്ങിക്കുന്ന് വിലയൊക്കെ കുറവാ. സാമ്പാർ ഒരു പാത്രത്തിൽ നിറച്ച് വച്ചേക്കും. ആവശ്യമുള്ളത്ര കോരി ഒഴിക്കാം. സത്യം പറയട്ടെ ആ സാമ്പാർ മാത്രം മതി ഊണ് കഴിക്കാൻ. കറികളായിട്ട് ചീര തോരൻ ഉണ്ടായിരുന്നു. കുറേ നാൾ കൂടി നല്ല ചീര തോരൻ കഴിച്ചു. കഴിച്ചോളു കഴിച്ചോളു ഇടയ്ക്ക് കൊണ്ട് ഇട്ട് തരും. കുടുംബശ്രീക്കാര് വീട്ടിൽ വളർത്തിയതാണോന്ന് ചോദിക്കാൻ വിട്ട് പോയി. അമ്മാതിരി ടേസ്റ്റ്. പിന്നെ നല്ല തീയലും അച്ചാറും. ചോറ് പ്രത്യേകം പറഞ്ഞില്ല അല്ലേ, അതും സൂപ്പർ ആണെന്ന്. നല്ല മീൻചാറും ഉണ്ട് കൂട്ടത്തിൽ, കോരി കോരി ഒഴിക്കാൻ. മീനും വിട്ടില്ല. അവിടെ ഉണ്ടായിരുന്നത് നെത്തോലി മീൻ കറിയും കൊഴിയാള മീൻ ഫ്രൈയും. ചെറിയ ഫ്രൈ ഒന്നും അല്ല അത്യാവശ്യം ഒരു കൈപത്തി നീളം വരും. അടിപൊളി. നെത്തോലി കറിയുടെ അരപ്പ് വരെ വടിച്ച് നക്കിതോർത്തിയാണ് ഇറങ്ങിയത്.
കഴിച്ച് ഏമ്പക്കവും വിട്ട് പാത്രം കഴുകാനുള്ള ഒരു ടേബളിൽ കൊണ്ട് വയ്ക്കണം. വയ്ക്കും മുമ്പെ അതിൽ എച്ചില് വല്ലോം ഉണ്ടെങ്കിൽ; (കാണാൻ വഴിയില്ല പാത്രം വടിച്ച് നക്കിയാൽ എന്തോന്ന് എച്ചില്) അത് വേറൊരു പാത്രത്തിൽ നിക്ഷേപിച്ചിട്ട് വേണം വയ്ക്കാൻ.
പെണ്ണുങ്ങൾ നടത്തുന്നത് കൊണ്ട് വൃത്തിയുടെ കാര്യം പിന്നെ പറയണ്ടല്ലോ. എല്ലാം നീറ്റ് ആൻഡ് ക്ലീൻ.
അത്യാവശ്യം വലിയ canteen ആണ്. 40 പേർക്ക് വിശാലമായിട്ട് ഇരിക്കാം. ബൈക്കും കാറും പാർക്ക് ചെയ്യാനുള്ള സ്ഥലം ഉള്ളിൽ ഉണ്ട്. Planning Board office ഉള്ള ദിവസമൊക്കെ കാണും.
വില വിവരം:
ചോറ് + കറികൾ = ₹ 40
നെത്തോലി കറി = ₹ 20
കൊഴിയാള ഫ്രൈ = ₹ 25
അപ്പോൾ നല്ല നാടൻ ഊണ് വേണമെങ്കിൽ വിട്ടോ. നഗരത്തിനുള്ളിലൊരു നാട്ടൂണ്.