ഇത് Krishna Veni’s Samayalarai – 30 വർഷത്തെ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റായിരുന്ന കോർപ്പറേറ്റ് സെക്ടർ ജോലിയിൽ നിന്ന് രുചിയുടെ ലോകത്തിലേക്ക്. പാരമ്പര്യമായി അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ കൈപുണ്യവുമായി ഈ തഞ്ചാവൂർ സ്വദേശിനി നമ്മളെയും കാത്തിരിക്കുന്നു.
ശ്രീമതി ഇന്ദിരാഗാന്ധി വരെ സന്ദർശനം നടത്തിയിട്ടുള്ള തഞ്ചാവൂരിലെ ഭവനത്തിൽ നിന്ന് IAS ഓഫീസറായിരുന്ന പിതാവ് ടി.വി സ്വാമിനാഥന്റെ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കൂടെ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ 44 വർഷമായി തിരുവനന്തപുരത്ത് തന്നെയാണ് സ്ഥിരതാമസം.
പുളിയോധരൈയിൽ കൂടിയാണ് കൃഷ്ണവേണി എന്ന പേര് ആദ്യം കേൾക്കുന്നത്.എന്താണ് ഈ പുളിയോധരൈ?
തമിഴ്നാട്ടിൽ പുളിയോധരൈ, പുളിസാദം. കർണാടകയിൽ പുളിയോഗര, ഹുളി അന്ന, ആന്ദ്രയിൽ പുളിഹോര എന്നറിയപ്പെടുന്നു. അർത്ഥം നോക്കുക്കയാണെങ്കിൽ കന്നട പഴമയിലെ രണ്ട് വാക്കുകൾ പുളി (ಪುಳಿ), ഒഗാരെ (ಒಗರೆ) – പുളി അഥവാ പുളി രസം + ചോറ്. ഈ രണ്ട് വാക്കുകളുടെയും സങ്കലനത്തിൽ നിന്ന് ഉരുതിരിഞ്ഞത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രയിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. പല ക്ഷേത്രങ്ങളിലും ഇതൊരു പ്രസാദമായി നൽകാറുണ്ട്. മറ്റു കറികൾ കൂടാതെയും നല്ല സ്വാദോടെ കഴിക്കാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.പാവപ്പെട്ടവരുടെ ഭക്ഷണം എന്നും ഇതിനു പേരുണ്ട്. ഏതു നേരത്തും കഴിക്കാൻ ഉപയുക്തമായതു എന്ന് നിസ്സംശയം പറയാം.
അയ്യങ്കാര്‍ സമുദായത്തിലാണ് ഇതിന്റെ ഉത്ഭവം എന്ന് കരുതുന്നു. കർണാടകയിൽ ആണ് ഇതിന്റെ തുടക്കം എന്നും വിജയനഗര ഭരണത്തിൻ കീഴിലാണ് തമിഴ്‌നാട്ടിലോട്ട് കുടിയേറിയതെന്നും ഉറച്ചു വിശ്വസിക്കുന്നവരും ഉണ്ട്. ഈ രണ്ടു കരകളിലും രണ്ടു രീതിയിലുള്ള വിഭവങ്ങളാണ് ചേർക്കുന്നത്. വ്യത്യസ്ഥമായ രുചികളാണ് ഇവ രണ്ടും പുലർത്തുന്നത്. അത് കൊണ്ട് തന്നെ തമിഴ്‌നാടാണോ കർണാടകയിലാണോ ജനനം എന്നത് ഇന്നും ഒരു തർക്കവിഷയമായി തുടരുന്നു.
ട്രെയിൻ യാത്രക്ക് കയ്യിൽ കരുതാൻ അനുയോജ്യമായ ഒരു വിഭവം എന്ന് നിസ്സംശയം പറയാം. ഒരു 2 ദിവസത്തേക്കൊക്കെ കേടു കൂടാതെ ഇരിക്കും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന നല്ലെണ്ണയാണ് അതിനു സഹായിക്കുന്നത്.
വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങളാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവ ആയ പുളിയിൽ അടങ്ങിയിരിക്കുന്നത്.
തമിഴ്നാടിൻ രീതിയിൽ തയ്യാറാക്കപ്പെട്ട പുളിയോധരൈ ആണ് കൃഷ്ണവേണിയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.
പുളി, ചോറ് എന്നിവ അല്ലാതെ മല്ലി, മുളക്, കടലപരിപ്പ്, എള്ള്, കപ്പലണ്ടി, എള്ള്, ശർക്കര ഇവയൊക്കെയാണ് ഇതിലെ ചേരുവകൾ.
ഒരു നട്ടുച്ച സമയത്ത് ഓഫീസിൽ നിന്ന് ഇറങ്ങിയാണ് പോയി വാങ്ങിച്ചത്. നല്ല തുറന്ന സംസാരം, വളരെ നിഷ്കളങ്കമായ പെരുമാറ്റം. ഒരു പാട് നാളത്തെ പരിചയം ഉള്ള ആളെ പോലെ സംസാരിച്ചു. നമ്മുടെ വീട്ടിൽ നിന്ന് ആഹാരം വാങ്ങിക്കുന്നത് പോലെ തന്നെ നമുക്ക് തോന്നും. കൂടെ കുറച്ച് കേസരിയും മേടിച്ചു.
ഓഫീസിൽ കൊണ്ട് വന്നു നല്ല പോലെ ആസ്വദിച്ചു കഴിക്കാൻ പറ്റി. എനിക്കിഷ്ടപ്പെട്ടു. ഉടൻ തന്നെ വിളിച്ച് നന്ദി അറിയിക്കാൻ മടിച്ചില്ല. കേസരി വൈകുന്നേരം വീട്ടിൽ കൊണ്ട് വന്ന് പെണ്ണുമ്പിള്ളേം കുട്ടികളുമായി തട്ടി.
കുറച്ചു കൂടെ ആ രുചിയെ അറിയാമെന്ന് വിചാരിച്ചു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് Raw Mango Rice – പച്ച മാങ്ങാ ചോറ് വാങ്ങിച്ചു. സത്യം പറഞ്ഞാൽ പുളിയോധരൈക്കാളും കൂടുതൽ ഇഷ്ടപ്പെട്ടു. രണ്ടും ഒപ്പത്തിനൊപ്പം എന്ന് പറയാം. പച്ച മാങ്ങ, പച്ചമുളക്, ഇഞ്ചിയൊക്കെ ചേർത്ത ഒരു കിടിലോൽക്കിടിലം ഐറ്റം.
“സമയൽ അറയ്” എന്ന് പേരിട്ടിരിക്കുന്ന തന്റെ സംരംഭത്തിൽ പുളിയോധരൈ, പച്ച മാങ്ങാ ചോറ് – Raw Mango Rice, കേസരി, Lemon Rice/നാരങ്ങാ സാദം, Coconut Rice/തേങ്ങാ ചോറ്, Tomato Rice/തക്കാളി ചോറ്, സാംബാർ സാദം, curd rice/തൈര് സാദം, സ്‌പൈസി പൊങ്കൽ തുടങ്ങിയ രുചിയേറുന്ന വിവിധ വിഭവങ്ങളുമായി ഈ മാഡം, ഈ ചേച്ചി, ഈ അമ്മ നമ്മളെയും കാത്തിരിക്കുന്നു.
Location: തമ്പാനൂർഫ്ളൈഓവർ കഴിഞ്ഞ് ചാലയിലോട്ട് പോകുന്ന വഴി ഹോട്ടൽ സിൽവർ സാൻഡ് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോകുമ്പോൾ വളരെ അടുത്തായി തന്നെ ഇടത് വശത്ത് ഒരു റോഡ് ഉണ്ട്. തുടക്കത്തിൽ തന്നെ കാണാം ഒരു ചെറിയ അമ്പലം അതും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ വലത് വശത്ത് ആറാമത്തെ വീട്, ഹൗസ് നമ്പർ – 226. ഡെലിവറി ഇപ്പോൾ ഇല്ല. പോയി വാങ്ങിക്കണം.
ഒന്ന് വേഗമാകട്ടെ കൂട്ടരെ ഈ നമ്പറിൽ വിളിച്ച് – 94460 75435, തഞ്ചാവൂർ പാരമ്പര്യത്തിന്റെ രുചിപെരുമ അറിയാൻ മടിക്കണ്ട.
ഉഷ്ണകാലത്ത് സസ്യാഹരം വളരെ നല്ലതാ…