രുചിയുടെ അകത്തളത്തിലേക്കു…
(ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല)

പഴമയുടെ മണ്ണിൽ രുചികൾ നിറഞ്ഞുയരുമ്പോഴും പുതുമയുടെ സ്വപ്നങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ സംരംഭം. ഇത് അകത്തളം എന്ന ഭക്ഷണയിടം.

Location: വഴുതക്കാട് നിന്ന് DPI – പൂജപ്പുരയിലോട്ടു പോകുന്ന റോഡ്‌ വഴി ആകാശവാണി എത്തേണ്ട, അതിനു മുൻപ് വലതു വശത്തു Comsol എന്ന സ്ഥാപനത്തിന് അടുത്തായിട്ടു. നേരെ എതിരെ ഇടതു വശത്തായി ഒരു car accessories ഷോപ്പും കാണാം.

ഉച്ച സമയം, ഓഫീസിലാണ്. ആഹാരം കൊണ്ട് വന്നിരുന്നില്ല. പുറത്തു പോകണം. ഗ്രൂപ്പിൽ വന്ന ഇവരുടെ പരസ്യം കണ്ടപ്പോൾ ആലോചിച്ചു ഒന്ന് അങ്ങോട്ട് പോയാലോ. ഇടപ്പഴഞ്ഞിയിൽ നിന്ന് അധികം ദൂരമില്ല. കൂടെ വരാൻ സുഹൃത്തുക്കൾ പലരെയും വിളിച്ചു. കാശു ഞാൻ കൊടുത്തോളം എന്ന് പറഞ്ഞു. എന്നിട്ടും ആരും വരുന്നില്ല. വെയിലാണ് വില്ലൻ. എല്ലാവരും യൂബർ, സ്വിഗ്ഗി യൊക്കെ തന്നെ. ആർക്കും പുറത്തിറങ്ങാൻ വയ്യ.

അമിത പ്രതീക്ഷകൾ ഒന്നും വയ്ക്കാതെ വിശക്കുന്ന വയറുമായി അവിടെ ചെന്നു. മുൻവശത്തു “Take Away” ആണ്. സൈഡിൽ കൂടെ, വലതു വശത്തു, താഴോട്ട് സ്റ്റെപ് ഉണ്ട്. വഴിക്കു വലിയ വീതിയൊന്നുമില്ല. ആകർഷകമായ മുൻ വാതിൽ ഒന്നും അല്ല. AC Restaurant എന്ന് എഴുതിയിട്ടുണ്ട്.

അകത്തു കയറിയപ്പോൾ 52 പേർക്ക് ഇരിക്കാൻ പറ്റിയ വിശാലമായ സ്ഥലം. വളരെ മനോഹരമായ ആമ്പിയൻസ്. ആവശ്യത്തിനുള്ള തണുപ്പും.

ഊണ് തന്നെ പറഞ്ഞു. മീൻ കഴിക്കാമെല്ലോ. അതായിരുന്നു ഉന്നം. ചോറ് നല്ല ഇലയിൽ തന്നെ വിളമ്പി. കൂടെ കഴിക്കാൻ പപ്പടം, കപ്പ, അവിയൽ, കാബേജ് തോരൻ, കിച്ചടി, മാങ്ങാ അച്ചാർ. രണ്ട് മീൻ കറിയും (അയല). ഒഴിക്കാൻ നല്ല പരിപ്പും, സാമ്പാറും, കിടിലം പൈനാപ്പിൾ പുളിശ്ശേരിയും. പിന്നെ ഒരു പാത്രത്തിൽ വെർമസിലി പായസവും. Rs 80

നല്ല വെന്തുടഞ്ഞ കപ്പ അഥവാ മരിച്ചീനി. കുറച്ചും കൂടി കിട്ടിയാൽ കൊള്ളാമെന്നു തോന്നി കാരണം നല്ല ഫസ്റ്റ് ക്ലാസ് മീൻ കറിയാണ്. അതിൽ തർക്കമൊന്നുമില്ല. രണ്ട് മീൻ കറിയും കൊള്ളാം. രണ്ടും രണ്ട് കളർ. ഒന്ന് കാശ്മീരി മുളകൊക്കെ ഇട്ടു നല്ല ചുവന്ന കളറിൽ ഇരിക്കും. കൊടം പുളിയാണ് രണ്ടിനും ഉപയോഗിച്ചിരിക്കുന്നത്. രണ്ടും രണ്ട് ടേസ്റ്റ്. ഏതാണ് മികച്ചതെന്ന് പറയാൻ ബുദ്ദിമുട്ട്. അതിന്റെ കൂടെ ഈ മരിച്ചീനി കുഴച്ചു അടിക്കുമ്പോൾ കിട്ടുന്ന സുഖം…ഹോ ഇത് എഴുതുമ്പോൾ തന്നെ വായിൽ വെള്ളം വന്നു നിറയുന്നു.

ബാക്കിയെല്ലാ കറിയും കൊള്ളാം. അച്ചാറും നല്ലതു. ഒന്നും മോശമല്ല. പായസവും മികച്ചത്. സർവീസും കൊള്ളാം.

കറികൾ, ചോറ് എല്ലാം വിളമ്പിയ ശേഷം സ്പെഷ്യൽ ആയി മീൻ ഫ്രൈയും കൊണ്ട് വന്നു. നോക്കിയപ്പോൾ അയലയും നെത്തോലിയും മാത്രമേ ഉള്ളൂ. സത്യം പറഞ്ഞാൽ ആ രണ്ട് മീൻ കറിയുള്ളപ്പോൾ ഇതിന്റെ ആവശ്യമില്ല എങ്കിലും ഫ്രൈയിന്റെ preparation മനസിലാക്കാൻ വേണ്ടി വാങ്ങിച്ചു. (Rs 60) ഉം ഇതും കൊള്ളാം. നന്നായിട്ടുണ്ട്.

കാർഡ് ആയിട്ടില്ല, ക്യാഷ് ആയിട്ടാണ് ബില്ല് പേ ചെയ്തത്.

സംസാരിച്ചപ്പോൾ മനസിലായത് സീസൺ അനുസരിച്ചു കരിമീൻ, ചൂര, കൊഴിയാള, കണവ, കൊഞ്ചൊക്കെ ഇവിടെ ലഭിക്കും എന്നാണ്. എങ്കിൽ ഉറപ്പാണ് മൽസ്യ പ്രേമികൾക്ക് ഇവിടം ഒരു ചാകരയായിരിക്കും. പൂന്തുറയയിൽ നിന്ന് നല്ല ഫ്രഷ് മീനാണ് ഇവിടെ കൊണ്ട് വരുന്നത്.

ഹോട്ടലുമായി ഞങ്ങൾക്കു ആർക്കും ഒരു ബന്ധവും ഇല്ല, കൊതി കൊണ്ട് തുടങ്ങിയത് ആണ് ഈ ഹോട്ടൽ എന്നൊക്കെ ഇതിനെ പറ്റി ഒരു പരസ്യത്തിൽ കണ്ടുവെങ്കിലും ഇവന്റസ്‌, കാറ്ററിംഗ് മേഖലയിൽ വർഷങ്ങളുടെ ചുക്കാൻ പിടിച്ച കൈകൾ ഇതിന്റെ പുറകിൽ ഉണ്ടെന്നു മനസിലായി. എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ; ഞാൻ പറഞ്ഞത് ഈ നിലവാരം എപ്പോഴും പുലർത്തിയാൽ മതിയെന്നാണ്. അത് പോലെ യൂബർ, സ്വിഗ്ഗി യൊക്കെ എത്രയും പെട്ടന്നു ഇവിടെ വരാൻ സാഹചര്യം ഉള്ളപ്പോൾ അതിന്റെ തള്ളി കയറ്റത്തിൽ ഇപ്പോഴത്തെ രുചി തന്നെ തരാൻ മറന്നു പോകരുതെന്നും പറഞ്ഞു. എന്ത് വന്നാലും രുചിക്ക് വിട്ടു വീഴ്ച ഉണ്ടാകില്ല എന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്. അത് പോലെ കായംകുളത്തുള്ള ഷെഫുകൾ ആണ്. എല്ലാവരും പരിചയത്തിൽ വന്നതാണ്. അത് കൊണ്ട് ഡിമാൻഡ് കൂടി ഷെഫുകൾ മാറിപ്പോയി രുചിക്ക് മാറ്റം വരുന്ന ഒരു സാഹചര്യം വരില്ല എന്നും സംശയത്തിന് ഉത്തരമായി പറഞ്ഞു.

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ ഊണ് സമയം. അപ്പോൾ ചോറും, മീനും, ബിരിയാണികൾ 4 എണ്ണം – മുട്ട, ചിക്കൻ, ബീഫ്, മട്ടൺ എന്നിവയാണ്.

ഉച്ചയ്ക്ക് 3 മുതൽ രാത്രി 10.30 വരെ പെറോട്ട, ഇടിയപ്പം, ചപ്പാത്തി, ദോശ, അപ്പം, ബിരിയാണികൾ 4 എണ്ണം ഈ സമയത്തും ഉണ്ട്. അത് പോലെ ചിക്കൻ, ബീഫ്, മട്ടൺ കറികൾ, റോസ്റ്റ് , കുറുമ ഫ്രൈ ഐറ്റംസുകൾ, ഓംലെറ്റ് മുതലായവ കാണും.

ഈ നവ സംരംഭം തുടങ്ങിയത് 25 March 2019 ന്

നല്ല ആഹാരത്തിലൂടെ ഈ അകത്തളം ഭക്ഷണ പ്രേമികളാൽ നിറയട്ടെ എന്ന് നമുക്ക് ആശംസിക്കാം, പ്രാർത്ഥിക്കാം. ഒരു കൂട്ടം ചെറുപ്പക്കാരുടെ നവ സ്വപ്നങ്ങൾ പൂവണിയട്ടെ….

Contact No: 9747862251, 8921230578, 9744894675

Fb Page: അകത്തളം ഫാമിലി റെസ്റ്റോറന്റ്

Shared Google map location

https://goo.gl/maps/JdHGcNnwf1Q2

LEAVE A REPLY

Please enter your comment!
Please enter your name here