1963 ൽ ശ്രീ അബ്ദുൾ റഹ്‌മാൻ തുടങ്ങി വച്ച മട്ടന്റെ അശ്വമേധം. ഇന്നും രാജകീയമായി അതിന്റെ കുതിപ്പ് തുടരുന്നു.
ശ്രീ അബ്ദുൾ റഹ്‌മാന്റെ കാലശേഷം 2007 ൽ മരുമകൻ ശ്രീ മുഹമ്മദ് റാഫി ആ സാരഥ്യം ഏറ്റെടുത്തു അതിന്റെ പ്രൗഢി ഒട്ടും കുറയാതെ തന്നെ മുന്നോട്ട് നയിക്കുന്നു. പുതുതലമുറയിലെ കരുത്തനായ കാവലാളായി മുഹമ്മദ് റാഫിയുടെ മകൻ ശ്രീ ഷമീർ എല്ലാത്തിനും മേൽ നോട്ടം വഹിക്കുന്നു. 2007 മുതൽ തന്നെ ഷമീറും ഇവിടെയുണ്ട്.
“ഇത് റാജില. മുട്ടത്തറയിലെ പൊന്നറപാലത്തിനടുത്തുള്ള റാജില. മട്ടന്റെ സുൽത്താന. ആരുടെ മുന്നിലും തല കുനിക്കാതെ തന്റേതായ പ്രൗഢിയിൽ വിരാജിക്കുന്നവൾ.”
എന്ത് കൊണ്ട് ഇത് ഇപ്പോഴും മുന്നിൽ നില്ക്കുന്നുവെന്നത് അവിടെ ചെന്ന് കണ്ടും കേട്ടും രുചിച്ചും കഴിച്ചിട്ടുള്ളവർക്ക് മനസ്സിലാകും.
എന്താണീ രുചിയുടെ രഹസ്യം. ആടിനെയെല്ലാം സ്വന്തമായി തന്നെയാണ് അറുക്കുന്നത്. പെണ്ണാടിനെ അറുക്കില്ല. 10 മുതൽ 15 വരെ ഭാരമുള്ള ആട്ടിൻ കുട്ടികളെയാണ് അറുക്കുന്നത്. തലമുറകളായി കിട്ടിയ രുചിക്കൂട്ടുകൾ. പ്രധാനപ്പെട്ട വിഭവങ്ങളെല്ലാം വിറകടുപ്പിലാണ് പാചകം.
ഇവിടത്തെ ദിനചര്യകൾ: 5:30 ക്ക് തുറക്കും. 7:30 – 8:00 മണിയാകുമ്പോൾ മട്ടൺ വിഭവങ്ങൾ തയ്യാറാകും. സുലൈമാനി, ചായ, കോഫി, പെറോട്ട, പത്തിരി, ചപ്പാത്തി, അപ്പം, മട്ടൺ കറി, മട്ടൺ ചാപ്സ്, മട്ടൺ ഫ്രൈ, മട്ടൺ പോട്ടി, മട്ടൺ ബ്രയിൻ, മട്ടൺ സൂപ്പ് എന്നിവയാണ് ഇവിടത്തെ വിഭവങ്ങൾ. മട്ടൺ ബിരിയാണി ഉച്ചയ്ക്ക് കിട്ടാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് മാസമായി. സൂപ്പർ എന്നാണ് അറിഞ്ഞത്. രാത്രി 9 മണി വരെ പ്രവർത്തനം ഉണ്ട്. വെള്ളിയാഴ്ച അവധി.
അടുത്തത് മട്ടൺ കറിയാണ് (₹150) ഓർഡർ ചെയ്തത് അതും പൊളിച്ചു. രുചി അതിന്റെ ഉച്ചസ്ഥായിയിൽ എത്തി. മട്ടൺ ബ്രയിനും ( ₹ 150) കൂടി ആയപ്പോൾ രുചിയരങ്ങു പൂർത്തിയായി. ഒന്നും പറയാനില്ല. കൂടെ കിട്ടിയ സുലൈമാനിയും അടിപൊളി.
“മുൻപ് ബൈപാസിൽ മുട്ടത്തറയ്ക്കു അടുത്തായി ഒരു ബ്രാഞ്ച് തുടങ്ങിയപ്പോൾ അവിടെ പോയിട്ടുണ്ടായിരുന്നു. ഇപ്പോൾ റാജിലയ്ക്ക് ബ്രാഞ്ചുകൾ ഒന്നും ഇല്ല. “
യൂബറിലൂടെ വാങ്ങിച്ച ഇവിടത്തെ മട്ടൺ പോട്ടിയുടെ രുചിയുടെ അനുഭവം വളരെ മികച്ചതായിരുന്നു. വേറെ പലയിടത്തു നിന്നും കഴിച്ചിട്ടുണ്ടെങ്കിലും ഇവിടത്തെ മട്ടൺ പോട്ടിയുടെ കൂടെ നിൽക്കണമെങ്കിൽ ബാക്കിയുള്ളവർ ഒന്ന് വിയർക്കേണ്ടി വരും. ഇനി ഇവിടത്തെ മട്ടൺ സൂപ്പ്, മട്ടൺ ഞെല്ലി, മട്ടൺ ബിരിയാണി തുടങ്ങിയവ ആസ്വദിക്കാൻ ബാക്കി നിൽക്കുന്നു.
പുറത്തു കേൾക്കുന്ന ആടിന്റെ കരച്ചലിന്റെ പശ്ചാത്തലത്തിൽ സ്വയം ചോദിച്ചു. എന്താണ് ഇവിടെ വരാൻ ഇത്ര താമസിച്ചത് ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ..
Rajila Hotel
25/ 648, Near, Valiyathura – Muttathara Rd, Sewage Farm, Valiyathura
Thiruvananthapuram, Kerala 695008
Phone: 9995072797
Google Map:
https://g.co/kgs/B3M8n8