അണ്ഡകടാഹം നിറയും അനുഭവിച്ച അറിഞ്ഞ കൊടും രുചികൾ….

മൃദുവാർന്ന പെറോട്ട അടർത്തിയെടുത്ത് ഗുമാ ഗുമായുള്ള പോത്തിൻ പെരട്ടു കഷ്ണങ്ങളിൽ ചേർത്ത് വായിലെ രസമുകളങ്ങളിൽ അലിയിച്ചു ചേർത്ത് കഴിക്കുമ്പോളുള്ള ഭീകര സുഖം.

കല്ലാമം – മരച്ചീനിയും അലുവ പോലത്തെ പന്നി തോരനും ചേർന്ന കൂട്ട്. കഠോര രുചി. പൊളിച്ചടുക്കി.

നാടൻ കോഴി പെരട്ടു, ഏതു മുടി ചൂടാ മന്നൻമാരോടും കോർത്ത് നിൽക്കുന്ന ഒന്നാന്തരം ഇടി വെട്ട് നാടൻ പെരട്ടു.

അപ്പത്തിന്റെ ഗാഢമായ രുചിയുടെ ആശ്ലേഷത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആവില്ല.

ചമ്പാവരി പുട്ടിൽ പോത്തു റോസ്റ്റും നാടൻ കോഴി പെരട്ടും മാറി മാറി ഒഴിച്ച് കുഴച്ചു അടിക്കുമ്പോൾ കിട്ടുന്ന ഗാഢ സുഖം, കൂടെ ചിക്കന്റെ ഗ്രേവിയും. അതിലെ മാസ്മരികത. കൊടും രുചിയുടെ നിറവിലായി.

ഒരു ഇടിയും മിന്നലും മാത്രം, എല്ലാം നിമിഷം കൊണ്ട് വയറാകുന്ന തമോ ഗർത്തത്തിലേക്ക് മറഞ്ഞു.

രുചിയുടെ മിന്നിച്ചയിൽ ആംബിയൻസ് ഒന്നും അറിയില്ല. മുകളിൽ തട്ട് അടിച്ചത് കാരണം ചൂടും അനുഭവപ്പെടില്ല.

ഇത് മടത്തിക്കോണത്തെ കണ്ണന്റെ തട്ടുകട – കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കിന്റെ തട്ടുകട എന്ന കൊച്ചു ഹോട്ടൽ.

കണ്ണൻ എന്ന് വിളിപ്പേരുള്ള രാജൻ നായർ ചേട്ടന്റെ രുചിയിലോട്ടുള്ള പ്രയാണത്തിന്റെ കഥ അച്ഛൻ K രാഘവൻ നായരുടെ ചായക്കടയിൽ തുടങ്ങും. 1968 മുതൽ 1991 വരെ DPI ലായിരുന്നു ആ ചായക്കട. ബാല്യത്തിലെ പാചകത്തിന്റെ ചൂരും ചൂടും രുചിയും അറിഞ്ഞ നാളുകൾ. ചായക്കടയ്ക്കു യവനിക വീണപ്പോൾ വേറെ ജോലികളിലേക്ക് തിരിഞ്ഞെങ്കിലും തന്റെ തട്ടകം പാചകം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് പതിനൊന്നു വർഷങ്ങൾക്ക് മുൻപ് 2008 നു കിഴക്കിന്റെ തട്ടുകടയിൽ തുടങ്ങി ഈ നള പാചകം.

ഇവിടെ ലഭിക്കുന്ന കൊതിയൂറും വിഭവങ്ങൾ –

അപ്പം, പെറോട്ട, ദോശ, ഗോതമ്പ് പുട്ട്, പച്ചരി പുട്ട്, ചമ്പാവരി പുട്ട്, മരിച്ചീനി (കപ്പ), പന്നി തോരൻ, നാടൻ കോഴി പെരട്ട്, ബീഫ് റോസ്റ്റ്‌, ബീഫ് പെരട്ട്, പോത്തു റോസ്റ്റ് (ഞാറായ്ഴ്ച മാത്രം) , ഇറച്ചി കോഴിയുടെ – കോഴിത്തോരൻ, കോഴിക്കറി, ചിക്കൻ ഫ്രൈ (വൈകുന്നേരം 6.30 ക്ക് ശേഷം), ചമ്മന്തി, മുളക് കറി, ചമ്മന്തി പൊടി, രസം (ഏതിന്റെ കൂടെയും പൊളി, വിത്ത് പെറോട്ട മലർത്തി അടിക്കും എന്നാണ് അറിഞ്ഞത് ) , രസ വട, ഉഴുന്ന് വട, പരിപ്പ് വട.

കല്ലാമം വന്ന വഴി – പന്നി തോരനും മരിച്ചീനിയും കൂടി ചേർന്ന കൂട്ടിനാണ് ഇവിടെ കല്ലാമം എന്ന് പറയുന്നത്. കല്ലാമം ഇവിടെ നിന്ന് ഒന്നര കിലോമീറ്ററിന് അപ്പറുമുള്ള ഒരു സ്ഥലമാണ്. അവിടെയുള്ള ഫാമിലെ പന്നിയാണ് കശാപ്പിന് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഈ രസക്കൂട്ടിനും ആ പേര് കൊടുത്തു.

അജിനാമോട്ടോ, കളർ തുടങ്ങിയ മായങ്ങൾ ഒന്നുമില്ല. എല്ലാം നവ ധാന്യങ്ങളുടെയും, അരി വറുത്തു പൊടിച്ചതിന്റെയും. ചെറിയ ഉള്ളിയുടെയും, കുരുമുളകിന്റെയും, ജീരക പൊടിയുടെയും, ചില രസ കൂട്ടുകളുടെയും മാസ്മരികത നിറഞ്ഞ ഉഗ്രൻ പ്രയോഗങ്ങൾ.

ബീഫ്, പോത്ത് പേഴംമൂട് പോയി കൂടെ നിന്ന് വെട്ടി വാങ്ങും. കോഴി, കടയുടെ പുറകിൽ (കുറച്ചു മുകളിലായി വരും) ഇറക്കി വെട്ടും. അവിടെയുള്ള ഒരുപാടു നാട്ടുകാർ വീട്ടിൽ വളർത്തുന്ന നാടൻ കോഴിയും വെട്ടാൻ കൊടുക്കാറുണ്ട്. 100 രൂപയ്ക്കു ആള് വരും വേസ്റ്റ് പന്നി ഫാമിൽ കൊണ്ട് പോകാൻ. എല്ലാം neat and clean ആണ് അകത്തും പുറത്തും.

അമ്മയും അച്ഛനും കിഴക്കു നിന്ന് ഇവിടെ വന്നവർ ആയതു കൊണ്ടാണ് കിഴക്കൻ തട്ടു കട എന്നുള്ള പേരിനു അടിസ്ഥാനം, പിന്നെ പേരിന്റെ വ്യത്യസ്തയ്ക്കും.

16 പേർക്ക് ഒരേ സമയം ഇരിക്കാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണി വരെ സമയം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കട അവധി ആണ് .

സർവീസിന്റെ കാര്യം പ്രത്യേകം എടുത്ത് പറയണം. സ്നേഹസ്മൃണമായ പുഞ്ചിരികൾ, മുൻകാല പരിചയം ഉള്ളത് പോലെയുള്ള സംസാരം, കാല വിളംബമില്ലാതെ മുന്നിലെത്തിക്കുന്ന രുചിക്കൂട്ടുകൾ

കഴിച്ചതിന്റെ വില വിവരം
ചമ്പാവരി പുട്ട് – ₹20
പെറോട്ട – ₹6
അപ്പം – ₹5
പോത്തു റോസ്റ്റ് – ₹80
പന്നി – ₹80
മരിച്ചീനി – ₹20
നാടൻ കോഴി പെരട്ട് – ₹100 (നാടൻ കോഴി പെരട്ട് പാഴ്സലിന് ₹ 120 ആണ്, അളവ് കൂടുതൽ കാണുമെന്നും പറഞ്ഞു. )

ചാനലുകാരൊക്കെ പണ്ടേ പടം പിടിച്ച പോയ സ്ഥലം ആണ്. രുചിയുടെ പെരുമഴയിൽ നിറഞ്ഞ് അലിയാൻ വരിക; ഭക്ഷണപ്രേമികളെ, ഈ രുചിയിടം വരെ, നിങ്ങൾ ഒരിക്കലും നിരാശപ്പെടില്ല, കട്ടായം.

വാൽകഷ്ണം: ജഗതിയിലാണ് സ്വന്തം സ്ഥലം. ഇപ്പോഴുള്ള കടയും അതിനോട് ചേർന്ന വീടും വാടകയ്ക്കാണ്. മകളുടെ കല്യാണം കഴിഞ്ഞു. കച്ചവടക്കണ്ണുകളില്ലാതെ നടത്തുന്നത് കൊണ്ട് സാമ്പത്തിക ലാഭത്തേക്കാളുപരി ഭക്ഷണപ്രേമികളുടെ സ്നേഹവും ബഹുമാനവുമാണ് കൈമുതൽ, അത് മാത്രമാണ് ലാഭം.

Phone -97474 97043
Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കിന്റെ തട്ടുകട എന്ന കൊച്ചു ഹോട്ടൽ.
(കാട്ടാക്കട നിന്നും 4.8 KM)
Timings: 11.30 AM to 10 PM (റെഡിയായി വരുമ്പോൾ ഉച്ചയ്ക്ക് 12 ആകും എന്ന് പറഞ്ഞു) Monday, Tuesday Holiday.

https://maps.app.goo.gl/riU3LLoeKX9e8m9X7

കിഴക്കൻ തട്ടുകടയെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:

LEAVE A REPLY

Please enter your comment!
Please enter your name here