Ambi’s Kitchen, മണക്കാട്

ശ്രീ മഹേഷ് ശിവരാമന്റെ Ambi’s Kitchen. സ്ഥലം മണക്കാടാണ്. മധുരങ്ങൾ കിട്ടുന്ന കട. മണക്കാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആറ്റുകാൽ പോകാതെ നേരെ പോകുന്ന ഒരു വഴി ഉണ്ടല്ലോ അതിന്റെ തുടക്കത്തിൽ ഇടത് വശത്ത്.

അമ്പലപ്പുഴ സ്റ്റൈൽ പാൽപ്പായസം, ബോളി, തിരുനെൽവേലി ഹൽവ, കുമ്പളങ്ങ അലുവയാണ് മേടിച്ചത്. ബോളിയൊക്കെ വളരെ രുചി, ആ പാൽപ്പായസത്തിൽ കുഴച്ചൊന്ന് അടിക്കണം. സംതൃപ്തി ഉണ്ടല്ലോ സംതൃപ്തി അതിങ്ങനെ തിളങ്ങി നില്ക്കും. തിരുനെൽവേലി അലുവ കിടു. കുമ്പളങ്ങ അലുവ ഒരു ചവർപ്പ് ഉണ്ടായിരുന്നു. ആദ്യമിറങ്ങിയവയിൽ അങ്ങനെ ഉണ്ടായിരുന്നു. ഇപ്പോൾ ചവർപ്പൊക്കെ മാറ്റി നല്ല രുചിയിലാണ് കൊടുക്കുന്നത്. വേറൊരു ടൈപ്പ് കുമ്പളങ്ങയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞു. അലുവ തുടങ്ങിയവ ആർക്കും അവിടെ ചെന്ന് ടേസ്റ്റ് ചെയ്ത് നോക്കിയിട്ട് ഇഷ്ടപെടുന്നുവെങ്കിൽ മാത്രം എടുത്താൽ മതി എന്നുള്ളത് പ്രയോജനപ്പെടുത്താവുന്നതാണ്.

വില വിവരം:
അമ്പലപ്പുഴ സ്റ്റൈൽ പാൽപായസം 1 Litre – ₹ 200
ബോളി – ₹ 12
തിരുനെൽവേലി ഹൽവ (250 G) – ₹ 100
കുമ്പളങ്ങ ഹൽവ (250 G) – ₹ 75

ഒരു കാര്യം കഴിക്കുമ്പോൾ അത് തരുന്ന കൈയ്യിനെ പറ്റിയും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് വായിക്കുന്ന പലർക്കും തോന്നാം തിരുനെൽവേലി ഹൽവ ഇരുട്ടിക്കടയിൽ പോയി കഴിച്ചാൽ അല്ലേ അതിന്റെ ശരിയായ രുചി കിട്ടു, അത് പോലെ അമ്പലപ്പുഴ പാൽപ്പായസവും. തീർച്ചയായും. അത് ശരിയാണ്. നോമ്പ് കഞ്ഞി വീട്ടിൽ വച്ചാൽ കിട്ടുന്ന രുചി അല്ല പള്ളിയിൽ നിന്ന് കിട്ടുമ്പോൾ അത് പോലെ അമ്പലത്തിലെ പ്രസാദ പായസത്തിന്റെയും രുചിയും അങ്ങനെ തന്നെ. അത് ആ ഉണ്ടാക്കുന്ന അളവും സ്ഥലവും നമ്മുടെ മനസ്സും എല്ലാം ആ രുചിയിൽ പങ്ക് വഹിക്കുന്നുണ്ട്. അതാണ് സത്യം. എങ്കിലും അമ്പീസ് കിച്ചന് ഈ പറയുന്ന പേരുകൾക്ക് പിന്നിൽ എന്തെങ്കിലും ബന്ധമുണ്ടോ. അത് അറിയണമെങ്കിൽ ഈ പാചകം ചെയ്യുന്ന കൈകളെ കൂടുതൽ ഒന്ന് പരിചയപ്പെണം.

ആനപ്പുറം, അകത്ത് മുട്ടു ശാന്തി, പരികർമ്മി തുടങ്ങിയ ജോലികളിൽ വ്യാപൃതനായിരുന്ന ഒരു പഴയ കാലം ശ്രീ മഹേഷിനുണ്ടായിരുന്നു. പരികർമ്മത്തിന്റെ ഭാഗമായി തന്ത്രിമാർക്ക് ആഹാരം വച്ച് കൊടുക്കേണ്ടത് ആവശ്യമായിരുന്നു. തിരുവനന്തപുരം സ്വദേശിയാണെങ്കിലും എറണാകുളത്താണ് ഇതൊക്കെ അരങ്ങേറുന്നത്. എന്തായാലും ആഹാരം കൊടുക്കുന്നു, എന്നാൽ പിന്നെ കാര്യമായി അഭ്യസിച്ച് തന്നെ ചെയ്യാം എന്ന് കരുതി പാചകമെന്ന മേഖലയിലോട്ട് ഇറങ്ങി.

നീണ്ട 27 വർഷം എറണാകുളത്ത് കേറ്ററിംഗ് മേഖലയിലായിരുന്നു. കാശിനുപരി ക്വാളിറ്റി എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള ആരോഗ്യകരമായ കിട മത്സരം ഈ മേഖലയിൽ അവിടെ ഉണ്ടായിരുന്നത് ശ്രീ മഹേഷിന് വളരെ അധികം ഗുണം ചെയ്തു. ശ്രീ അനന്തസ്വാമിയുടെ ശിഷ്യനായി 16 വർഷം പാലട സെക്ഷനിൽ ജോലി ചെയ്തത് പാലടയിൽ ഒരു സ്പെഷ്യലിസ്റ്റ് ആകാൻ പറ്റി.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 9 വർഷമായി അഷ്ടമി രോഹണി നാൾ മുതൽ 9 ദിവസം അവിടെ ഉണ്ണിയപ്പവും അമ്പലപ്പുഴ പാൽപായസത്തിന്റെ പാചകത്തിലും പങ്ക് വഹിക്കാൻ സാധിച്ചു. അപ്പോൾ അതുണ്ടാക്കിയ ആ കൈയ്യാണ്. വെറുതെയല്ല ആ സ്റ്റൈൽ കേറി വരുന്നത്.അത് പോലെ ചോറ്റാനിക്കരയിലെ കടുംപായസവും, മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ കൂട്ടും എല്ലാം ആ കൈകളിൽ കൂടി കടന്ന് പോയിട്ടുള്ളതാണ്.

തിരുനെൽവേലി പേട്ടയാണ് അച്ഛന്റെ സ്ഥലം. അച്ഛന്റെ സുഹൃത്താണ് ഇരുട്ടി കട ഉടന്മസ്ഥനായിരുന്ന ശ്രീ മനു സ്വാമി. പാചകത്തിൽ താല്പര്യം തോന്നി ഇരുട്ടിക്കടയിൽ തിരുനെൽവേലി ഹൽവയുടെ പാചകത്തിൽ പങ്ക് വഹിക്കാനും ഒന്നര മാസം അവിടെയുണ്ടായിരുന്നു. അങ്ങനെ ആ വിദ്യയും സ്വായത്തമാക്കി. അവിടെ ഒരു സ്പെഷ്യൽ ടൈപ്പ് ഗോതമ്പാണ് അലുവയ്ക്ക് ഉപയോഗിക്കുന്നത്. ആ ഗോതമ്പ് ഇവിടെ കിട്ടാനില്ല. ഇനി ഇടയ്ക്ക് കിട്ടുന്ന സ്ഥിതി വിശേഷം ഉണ്ടായാലും അടുക്കാനാകാത്ത വിലയും. അത് പോലെ ഹൽവയിൽ പ്രധാനമായി ചേർക്കുന്ന നെയ്യ് അവിടത്തെ പോലെ ഹോൾസെയിൽ വിലയിൽ ഇവിടെ കിട്ടില്ല. അത് കൊണ്ട് തന്നെ വില അവിടെത്തെയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. RKG നെയ്യാണ് ഇവിടെ ഉപയോഗിക്കുന്നത്.

എറണാകുളം സ്റ്റെലിൽ കുറുക്ക് കാളൻ, മാമ്പഴ കാളൻ തുടങ്ങിയവ അരക്കിലോ തുടങ്ങിയ പായ്ക്കറ്റുകളിലാക്കി അവയുടെ രുചിയും അറിയിക്കുക എന്നിവയൊക്കെ ഇദ്ദേഹത്തിന്റെ ഭാവി പദ്ധതികളാണ്. ആഗ്ര പേട്ടയാണ് വരാൻ പോകുന്ന പുതിയ മധുരം. ശനിയാഴ്ചയിൽ ബൾക്ക് ക്വാണ്ടിറ്റിയിൽ ഉണ്ടാക്കുന്ന അമ്പലപ്പുഴ പാൽപായസം (അല്ലാതെയും എല്ലാ ദിവസവും കിട്ടും), ഞായറാഴ്ച മാത്രം കിട്ടുന്ന പാലട പ്രഥമൻ തുടങ്ങിയവ ഇവിടത്തെ പ്രത്യേകതകളാണ്. മുൻ കൂട്ടി ഓർഡർ ചെയ്യണമെന്ന് മാത്രം. ഇതല്ലാതെ തന്നെ വലിയ രീതിയിൽ മുൻകൂട്ടി ഓർഡർ ചെയ്താൽ പല രീതിയിലുള്ള മധുരപലഹാരങ്ങളും ഉണ്ടാക്കി കൊടുക്കുന്നതാണ്

അക്ഷയ, അനുകൃഷ്ണൻ തുടങ്ങിയ ഒരു വിധപ്പെട്ട കേറ്ററിംഗ് വിഭാഗങ്ങളുമായെല്ലാം സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ മനു സ്വാമി, ശ്രീ പഴയിടം മോഹനൻ എന്നിവരോടാപ്പമൊക്കെ പാചകമാകുന്ന രസതന്ത്രത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. 27 വർഷത്തെ എറണാകുളത്തെ പാചകമേഖലയിൽ നിന്ന് വിട പറഞ്ഞ് കഴിഞ്ഞ നാല് വർഷമായി അനന്തപുരിയിൽ നമ്മുടെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അരവണയുടെ കരാർ ഏറ്റെടുത്ത് ആ ജോലിയിൽ തുടരവേയാണ് കോവിഡ് പെയ്ത് ഇറങ്ങിയത്. അമ്പലങ്ങൾ അടച്ചു.

അങ്ങനെ 2020 ചിങ്ങം ഒന്നിന്, ഓഗസ്റ്റ് 20 ന് മണക്കാട് രണ്ടാമത്തെ മകന്റെ വീട്ടിലെ ചെല്ലപേരായ അമ്പിയിൽ തുടങ്ങിയ ബേക്കറിയാണ് Ambi’s Kitchen. സുഹൃത്തുക്കളെ ധൈര്യമായി ചെല്ലുക വെറും സ്റ്റെൽ മാത്രമല്ല അതിലൊരു സത്യമുണ്ട്, വിശ്വാസിക്കാവുന്ന കൈകളുണ്ട്, വീട്ടിലെ വൃത്തിയുമുണ്ട്.

Timings 9:30 AM to 9:30 PM
Take Away + Delivery Delivery Charge – For 5 Km ₹ 30.
Additional kilometers ₹ 7 per Km.
Phone: 7356222234
AMBI’S KITCHEN
starting pointil, kalipankulam rd, jn, Manacaud, Thiruvananthapuram, Kerala 695009
https://goo.gl/maps/LdVW3cwib8pRf55Y6

LEAVE A REPLY

Please enter your comment!
Please enter your name here