കഴിക്കുന്നതിന് മുമ്പ് നമ്മുടെ തിരുവനന്തപുരം ബിരിയാണി, തലശ്ശേരി ദം ബിരിയാണിയൊക്കെ മനസ്സിൽ നിന്ന് മൊത്തം മാച്ച് കളഞ്ഞിട്ട് വേണം ഇരിക്കാൻ. ആദ്യം ചിക്കൻ ബിരിയാണി കഴിക്കാം എന്നുള്ള തീരുമാനത്തിലെത്തി… കാരണം ബിരിയാണി കഴിച്ച് ഇഷ്ടപ്പെട്ടവർ പറഞ്ഞ് കേട്ടത് … മട്ടൻ ബിരിയാണിയാണ് നല്ലതെന്നും ചിക്കൻ ബിരിയാണി അത്ര പോരൊന്നെക്കയാണ്. അത് കൊണ്ട് ആദ്യം ചിക്കൻ… അവസാനം മട്ടൻ കഴിച്ച് വായിൽ നല്ല രുചി നിലനിർത്താമല്ലോ … യേത് ? … ഇതൊക്കെ ഒരു ടെക്ക്നിക്ക് ആണെന്നേ …

അങ്ങനെ ആദ്യം ചിക്കൻ ബിരിയാണി … ആദ്യത്തെ ബിരിയാണി പിടി വായിൽ വച്ചപ്പോഴേ മനസ്സിലായി … ഇത് വേറെ ലെവലാണെന്ന് … ഇതിലാണ് ആ ലെവൽ എന്ന പദം ഉപയോഗിക്കാൻ അനുയോജ്യം. വേറൊരു ലെവൽ … അതായത് വേറൊരു തലം.

“നിങ്ങൾ ഒരു തിരുവനന്തപുരം ബിരിയാണി പ്രേമി മാത്രമാണോ അല്ലെങ്കിൽ തലശ്ശേരി ദം ബിരിയാണി പ്രേമി മാത്രമാണോ ഇതൊന്നുമല്ലാതെ തമിഴ്നാടൻ സ്റ്റെൽ / ഹൈദരാബാദി … .. … ബിരിയാണികളുടെ മാത്രം ആരാധകനാണോ എങ്കിൽ നിങ്ങൾ ജെഫ് ബിരിയാണി കഴിക്കാൻ പോകുന്നത് വലിയ ഒരു സാഹസമായി പോകും. ഇഷ്ടപ്പെടാതിരിക്കാനാണ് സാധ്യത കൂടുതൽ ….”

അതേ സമയം നിങ്ങൾ വിവിധ തരത്തിലുള്ള ബിരിയാണികൾ, രുചികൾ
ആസ്വദിക്കാൻ കഴിവുള്ളവരാണോ അഥവാ പരീക്ഷിക്കാൻ തയ്യാറുള്ളവരാണോ … എങ്കിൽ Jeff Biriyani is waiting for you. ആദ്യ പരീക്ഷണം പാളിയാലും ഒരു രണ്ട് പരീക്ഷണം കൂടി നടത്തി നോക്കണമെന്നേ ഞാൻ പറയൂ … അപ്പോൾ ആ രുചി പിടിച്ച് വരും …
 
Apricot Mutton Biriyani

നമ്മളെ സംബന്ധിച്ചാന്നെങ്കിൽ …കുട്ടികളടക്കം … കുട്ടികൾ പരാതി പറയുമെന്നാണ് വിചാരിച്ചത് … കാരണം അവർക്ക് എപ്പോഴും കഴിക്കുന്ന ബിരിയാണികൾ ആയിരിക്കുമല്ലോ മനസ്സിൽ … പക്ഷേ അവരുടെ ഭാഗത്ത് നിന്ന് പോലും ഒരു ചെറിയ പരാതി പോലും ഉണ്ടായില്ല. 

നമ്മളെല്ലാവരും തകർത്ത് ആസ്വദിച്ചു ചിക്കൻ ബിരിയാണി. ചിക്കൻ ബിരിയാണി മാത്രമായി കുറച്ച് കഴിച്ച് അതിൻ്റെ രുചി മനസ്സിലാക്കിയ ശേഷം
അഫ്ഘാനി ചിക്കൻ്റെ ടപ്പ പൊട്ടിച്ച് അതീന്നിത്തിരി അഫ്ഘാനി ചാറും ബിരിയാണിയിൽ ഒഴിച്ച് കുഴച്ച് അഫ്ഘാനി ചിക്കനും ചേർത്ത് ഒരു പിടി പിടിച്ചു. പൊളിച്ചു. എല്ലാർക്കും പൊളിക്കില്ല … കേട്ടാ ഇപ്പഴേ പറഞ്ഞേക്കാം. നാക്കിൻ്റെ രുചി പോലെ ഇരിക്കും. എങ്കിലും ഇഷ്ടപ്പെടാനാണ് സാധ്യത കൂടുതൽ. ഫ്രഷ്ക്രീമിൻ്റേയും അണ്ടിപരിപ്പിൻ്റേയും ബദാമിൻ്റെക്കുമൊക്കെ സമ്മിശ്രമായ രുചിയാണ് അഫ്ഘാനി ചിക്കന്. പൊളപ്പനാണ്. ഫുൾ തീർത്തില്ല. പകുതി മാറ്റി വച്ചു … മട്ടൻ്റെ കൂടെ പിടിപ്പിക്കാൻ.

സലാഡിനെ പറ്റി ഒരു വാചകം – കണ്ടാൽ വലിയ ലുക്ക് ഇല്ലെന്നേയുള്ളു, പക്ഷേ കഴിച്ച് തുടങ്ങിയാൽ തീരുന്നതറിയില്ല

അടുത്തത് മട്ടൻ ബിരിയാണി. മട്ടൻ ബിരിയാണിയിൽ ആ മസാലയുടെയൊക്കെ രുചി കുറച്ച് കൂടെ ഫീൽ ചെയ്യും. ചിക്കൻ ബിരിയാണിയിൽ നിന്ന് ഒരു വ്യത്സത രുചി. എന്ന് വച്ച് അജഗജാന്തര വ്യത്യാസമൊന്നില്ല. എങ്കിലും ഒരു വ്യത്യാസം. ബേസിക്ക് ടേസ്റ്റ് കുറേയൊക്കെ ഒരു പോലെ തന്നെ. ഇറക്കുമതി ചെയ്ത തുർക്കിഷ് ആപ്രിക്കോട്ട് ഇതിൽ ചേർക്കുന്നുണ്ടാവുമല്ലോ. അതിൻ്റെ ഒരു വ്യത്യാസമായിരുന്നിരിക്കണം. ഒരു പുളിപ്പും … പ്രത്യേക മധുരവും. രണ്ട് ആപ്രിക്കോട്ടിൻ്റെ കുരു ബിരിയാണിയിൽ നിന്ന് കിട്ടി. ആ കുരുവിൽ നാവ് നൊട്ടി തുണഞ്ഞപ്പോൾ ആപ്രിക്കോട്ടിൻ്റെ tangy രുചി എടുത്ത് കാണിച്ചു. സ്വതവേ ഒരു മട്ടൻ ബിരിയാണി പ്രേമി കൂടി ആയത് കൊണ്ട് കൂടി ചിക്കൻ ബിരിയാണിയേക്കാൾ ഒരു പൊടിക്ക് കൂടുതൽ ഇഷ്ടപ്പെട്ടുവെന്നല്ലാതെ നിങ്ങൾ ഒരു ചിക്കൻ ബിരിയാണി പ്രേമിയാണെങ്കിൽ ഇവിടത്തെ ചിക്കൻ ബിരിയാണിയും കഴിക്കണമെന്നേ ഞാൻ പറയുള്ളു. മട്ടൻ ബിരിയാണിയിടെ കൂടെയും അഫ്ഘാനി ചിക്കൻ ചാറും കഷ്ണങ്ങളും കൂടി ചേർത്തങ്ങ് തട്ടി. എല്ലാവരുടേയും മുഖം തെളിഞ്ഞു .. വയറും നിറഞ്ഞു … മനസ്സും നിറഞ്ഞ് ആകെ സംതൃപ്തരായി. ചെറിയൊരു പേടി മനസ്സിൽ ഉണ്ടായിരുന്നു. പുതിയൊരു രുചിയാണ്. ചീറ്റി പോകുമോന്ന്… ഭയന്ന പോലെയൊന്നും സംഭവിച്ചില്ല.

Apricot Mutton Biriyani – ₹ 320
Jeff Chicken Biriyani – ₹ 200
Afghani Chicken – ₹ 200

“ജെഫ് ബിരിയാണി വന്ന വഴി”

ജെഫ് ബിരിയാണിയുടെ കഥ തുടങ്ങുന്നത് ശ്രീ ജാഫർ ഭായിയിൽ നിന്നാണ്. യെമനിൽ നിന്ന് മുബൈയിലേക്ക് കുടിയേറിയ ജാഫർ ഭായിയാണ് കടലും കടന്ന് ഈ രുചിക്കൂട്ട് ഇവിടെ കൊണ്ട് വന്നത്.

ശ്രീ ജാഫർ ഭായിക്ക് മുംബൈയിൽ ഒരു പ്രൊവിഷണൽ സ്റ്റോർ ഉണ്ടായിരുന്നു.
 
സിനിമാ വ്യവസായവുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അക്കാലത്തെ ബോളിവുഡിലെ മിന്നും താരങ്ങളായ ശ്രീ രാജ് കപൂർ, മെഹമൂദ് സാഹിബ്, ജോണി വാക്കർ സാഹിബ് തുടങ്ങിയവർ അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇദ്ദേഹം ഉണ്ടാക്കിയ യമനി രുചിയിൽ ആകൃഷ്ടരായ ആ കൂട്ടുകാർ ചോദിച്ചു എന്തു കൊണ്ട് മുംബൈയിൽ ഒരു ഭക്ഷണയിടം തുടങ്ങിക്കൂട. പാചകത്തിനോടുള്ള അഭിനിവേശവും നൈപുണ്യവും കൈ മുതലുണ്ടായിരുന്ന ശ്രീ ജാഫർ ഭായിക്ക് സുഹൃത്തുക്കളുടെ സ്നേഹപുരസ്സരമായ പ്രേരണ കൂടി ആയപ്പോൾ മുബൈയിൽ ഒരു ഭക്ഷണയിടം തുടങ്ങാൻ അധികം കാലതാമസമുണ്ടായില്ല. 1969 മുതൽ യെമനി രുചികളും പേറി മുംബൈയിൽ അദ്ദേഹത്തിൻ്റെ ഭക്ഷണയിടം നിലവിൽ വന്നു.

ശ്രീ ജാഫർ ഭായിയുടെ മകളായ ശ്രീമതി നഫീസയുടെ ഭർത്താവായ സോയബ് ഇബ്രാഹിം സാഹിബ് ആ രുചിയുടെ പിൻതുടർച്ചവകാശിയായി മാറി. ശ്രീ ജാഫർ ഭായിയോടുള്ള ആദരസൂചകമായി, അദ്ദേഹത്തിൽ നിന്ന് കൈമാറി കിട്ടിയ ആ ബിരിയാണി രുചിക്ക് ജാഫർ ഭായിയുടെ ചുരുക്ക പേരായ ജെഫ് എന്ന നാമധേയവും നല്കിയാണ് കേരളത്തിൽ ആദ്യമായി കൊച്ചിയിൽ തുടങ്ങിയത്.

ആണാടിൻ്റെ മാംസം മാത്രമേ ജെഫ് ബിരിയാണിയിൽ ഉപയോഗിക്കാറുള്ളു.
 
ശ്രീ ജാഫർ ഭായി ഉണ്ടാക്കിയ, അദ്ദേഹം തുടങ്ങി വച്ച ഒരു മസാലക്കൂട്ടുണ്ട്. വിവിധ തരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയതാണ് ഈ മസാലക്കൂട്ട്.
കുടുംബത്തിലെ അംഗങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നതാണീ മസാലക്കൂട്ട്. ഇതാണ് ജെഫ് ബിരിയാണിയുടെ എല്ലാ ഭക്ഷണശാലകളിലും ഒരേ പോലെ ഉപയോഗിക്കുന്നത്.
ചിക്കൻ ബിരിയാണിയിലും മട്ടൻ ബിരിയാണിയിലുമെല്ലാം ഈ മസാലക്കൂട്ടാണ് ഉപയോഗിക്കുന്നത്.
 

അഫ്ഘാനി ചിക്കനിൽ നെയ്യ്, എണ്ണ ഇവയൊന്നും ഉപയോഗിക്കുന്നില്ല.
 
ചെറിയ തീയിൽ വച്ച് കൂടുതലും ആവിയിൽ വേവിച്ചെടുക്കുന്ന അഫ്ഘാനി ചിക്കനിൽ ഫ്രഷ്ക്രീമിൻ്റേയും അണ്ടിപരിപ്പിൻ്റേയും ബദാമിൻ്റേയും ചേരുവകളാണ് പ്രധാനമായും ഉള്ളത്.
 
𝐈𝐧 𝐊𝐨𝐜𝐡𝐢
ജെഫ് ബിരിയാണി കൊച്ചിയിൽ

ജെഫ് ബിരിയാണിയുടെ ജൈത്രയാത്ര തുടങ്ങുന്നത് കൊച്ചിയിൽ നിന്നാണ്. 8 വർഷം മുൻപ് ഒരു മാരുതി ഒമനി വാനിൽ പനമ്പള്ളി നഗറിൽ, റോട്ടറി ക്ലബിനരികത്തായി, റോഡ് സൈഡിലായി ബിരിയാണികളും കബാബ്, ഫ്രൈഡ് റൈസ് വിഭവങ്ങളുമായിട്ടായിരുന്നു തുടക്കം. ജനങ്ങളുടെ സ്വീകാര്യത പരിഗണിച്ച് 6 മാസത്തിന് ശേഷം തോപ്പുംപടി പ്യാരി ജംഗ്ഷനിൽ ഒരു ചെറിയ ഔട്ട്ലെറ്റിൽ ടേക്ക് എവേ ആരംഭിച്ചു.

രണ്ടാമത്തെ ജെഫിൻ്റെ ബ്രാഞ്ച് തുടങ്ങുന്നത് കൊച്ചിയിലെ തന്നെ കടവന്തറയിലാണ്. കലൂർ കടവന്തറ റോഡിൽ Pandhal കേക്ക് ഷോപ്പിനരികിലായി 2019 ൽ ആരംഭിച്ചു. നഗരത്തിൻ്റെ ഈ ഭാഗത്ത് നിന്ന് കൂടുതൽ ഉപയോക്‌താക്കൾ വരുന്നതിനാൽ തങ്ങളുടെ ഭക്ഷണം അവിടെ ലഭ്യമാക്കണമെന്ന് അവർ കരുതി.
 
ഈയിടയ്ക്കായിരുന്നു കൊച്ചിയിലെ മൂന്നാമത്തെ ഔട്ട്ലെറ്റായ ഇടപള്ളിയിലെ ഉദ്ഘാടനം 2021 June 21 ന്.

പ്രായമേറിയെങ്കിലും സുസ്ന്മേരവദനനായി വിനയാന്വതിനായി ജെഫിൻ്റെ എല്ലാ ബ്രാഞ്ചുകളിലും തൻ്റെ സാന്നിധ്യം വലിയ ഇടവേളകളില്ലാതെ അറിയിച്ച് കൊണ്ട് സോയബ് ഇബ്രാഹിം സാഹിബ് അമരക്കാരനായി തന്നെ ജെഫ് ബിരിയാണിയെ നയിക്കുന്നു. ശ്രീ സോയബ് ഇബ്രാഹിം സാഹിബിനെ സഹായിക്കാൻ മുൻനിരയിൽ തന്നെ അദ്ദേഹത്തിൻ്റെ മക്കളായ ശ്രീ ഹാത്തിം ജെഫും ശ്രീ ഹുസൈൻ ജെഫുമുണ്ട്. ദുബൈയിൽ ഹോട്ടൽ മാനേജ്മെൻ്റ് പഠനം കഴിഞ്ഞ ശ്രീ ഹാത്തിമും Culinary യിൽ ബിരുദാനന്തര ബിരുദം അമേരിക്കയിൽ നിന്ന് നേടിയ ശ്രീ ഹുസൈനും ജെഫ് ബിരിയാണിയുടെ വ്യവസായം ഏറ്റെടുത്ത് കഴിഞ്ഞു.

𝐈𝐧 𝐓𝐡𝐢𝐫𝐮𝐯𝐚𝐧𝐚𝐧𝐭𝐡𝐚𝐩𝐮𝐫𝐚𝐦

ജെഫ് ബിരിയാണി തിരുവനന്തപുരത്ത്2021 ഏപ്രിൽ മാസം നാലാം തീയതിയാണ് തിരുവനന്തപുരത്ത് തുടക്കം. നാല് ഫ്രാഞ്ചൈസി പാർട്ട്ണേഴ്സ് ചേർന്നാണ് തിരുവനന്തപുരത്ത് ജെഫ് ബിരിയാണി നടത്തുന്നത്.

ഉച്ചയ്ക്ക് 12 മുതലാണ് ബിരിയാണി ലഭിക്കുന്നതെങ്കിലും രാവിലെ ആറ്-ഏഴ് മണിക്കേ അടുക്കളയിൽ പണി ആരംഭിക്കും. ബിരിയാണി ഒരു പതിനൊന്ന് പതിനൊന്നര ആകുമ്പോൾ തയ്യാറാകും. ഇരുന്ന് കഴിക്കാൻ സാഹചര്യം ഉണ്ടായിരുന്ന സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ആകുമ്പോഴേക്കും തീൻമേശയിൽ എത്തും. ഇപ്പോൾ ബിരിയാണി തയ്യാറായി തുടങ്ങിയാൽ, ഏകദേശം പതിനൊന്ന് മണിക്ക് തന്നെ ഡെലിവറി സർവീസുകൾ ആരംഭിക്കും.ലോക്ക്ഡൗണിന് മുമ്പ് മട്ടൻ എല്ലാ ദിവസവും ലഭ്യമായിരുന്നു. ഇപ്പോൾ ശനിയും ഞായറും മാത്രമാണ് മട്ടനുള്ളത്. ബക്രീദ് തുടങ്ങിയ വിശേഷാവസരങ്ങളിലും മട്ടൻ ലഭ്യമാണ്.

Jeff Chicken Biriyani

ലോക്ക്ഡൗൺ സമയത്ത് ശുദ്ധമായ മട്ടൻ്റെ ലഭ്യതക്കുറവ് മൂലം മട്ടൻ നിർത്തി വച്ചിരിക്കുകയായിരുന്നു. ഉപഭോക്താക്കളുടെ വർദ്ധിച്ച് വരുന്ന ആവശ്യം മുൻനിർത്തി മട്ടൻ്റെ മാംസം വില്ക്കുന്ന വ്യാപാരികളുമായി സംസാരിച്ച് ശനിയും ഞായറും നല്ല മട്ടൻ്റെ ലഭ്യത ഉറപ്പ് വരുത്തിയാണ് ശനിയും ഞായറുമായി വീണ്ടും മട്ടൻ പുനരാരംഭിച്ചത്. പാർട്ടണേഴ്സിൽ ഒരാൾ തന്നെ രാവിലെ ആറ് മണിക്ക് നേരിട്ട് ചെന്ന് ആടിൻ്റെ മാംസത്തിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് മേടിക്കുന്നത്. അതും ആണാടിൻ്റെ മാംസം മാത്രം.

Normal Timings – 12 PM – 3:30 PM

(ബിരിയാണി തീരുമ്പോൾ കട അടയ്ക്കും. വളരെ വിരളമായി മാക്സിമം വൈകുന്നേരം നാലര വരെ പ്രവർത്തിച്ചിട്ടുണ്ട്)

Google map:
https://goo.gl/maps/v2ukkXXwBAYhJ9PD6

Available in Swiggy Genie
Own Delivery – Up to 15 KM.
പത്ത് കിലോമീറ്റർ വരെ 50 രൂപ
അത് കഴിഞ്ഞാൽ 75 രൂപ.

𝐈𝐧 𝐊𝐨𝐳𝐡𝐢𝐤𝐨𝐝𝐞 ജെഫ് ബിരിയാണിയുടെ അഞ്ചാമത്തെ ഔട്ട്ലെറ്റ് കോഴിക്കോട് വരാനിരിക്കുകയാണ്. പണികൾ നടന്ന് കൊണ്ടിരിക്കുന്നു. ശ്രീ ഹുസൈൻ ജെഫിൻ്റെ വാക്കുകളിൽ പറഞ്ഞാൽ ദൈവം അനുഗ്രഹിച്ചാൽ 2 മാസത്തിനകം റെസ്റ്റോറൻറ് അവിടെ പ്രവർത്തനമാരംഭിക്കും.

മുട്ട, പപ്പടം, അച്ചാർ എന്ന അനുബന്ധ ഘടകങ്ങൾ ചേരാത്തതാണ് നീളൻ അരിയായ ബസുമതിയിൽ ദം ചെയ്ത ഈ ജെഫ് ബിരിയാണി. അരിയുടേയും മാംസത്തിൻ്റേയും രുചിയും ഗുണനിലവാരവും എടുത്ത് കാണിക്കുന്നതായിരിക്കണം ബിരിയാണി എന്ന യെമനിയൻ തത്വമാണ് ഇതിലും പിന്തുടരുന്നത്. പരമ്പരാഗതമായ ബോഹറാ അവലംബിച്ചുള്ള യെമനിയൻ പാചകം.

ജെഫ് ബിരിയാണി ഇത് വരെ കഴിക്കാത്തവർ മനസ്സിൽ നിന്ന് എല്ലാ ബിരിയാണി രുചികളും എടുത്ത് കളഞ്ഞ് വേണം ഈ ബിരിയാണിയുടെ മുൻപിൽ ഇരിക്കാൻ ….ഇത് വേറൊരു ദുനിയാവിൻ്റെ മുഹബത്താണ്. പുളിയുടേയും മധുരത്തിൻ്റേയും രുചിയുടേയും മുഹബത്ത് – ജെഫ് ബിരിയാണി

LEAVE A REPLY

Please enter your comment!
Please enter your name here