100 നേന്ത്രക്കായ, 5 ലിറ്റർ വെളിച്ചെണ്ണ, വാടകയ്ക്കെടുത്ത ഉന്തുവണ്ടി, മുന്നിൽ സാക്ഷാൽ ശ്രീപത്മനാഭൻ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ നടയിൽ ചിപ്സ് ഉണ്ടാക്കി കൊടുക്കാൻ ആ 19 വയസ്സുകാരൻ അങ്ങനെ നില്ക്കുകയാണ് ഒരു സ്റ്റൗവും 5 ലിറ്റർ മണ്ണെണ്ണയുമായി. വർഷം 1989.
ആ ചിപ്സ് വറുത്ത് വറുത്ത് പാകമായി അത് മഹാ ചിപ്സായി മാറി. പാകപ്പെടലിനുള്ള നാളുകൾ എരിതീയിൽ വറുത്തെടുത്ത കനലുകൾ പോലെയായിരുന്നു. ഇന്നും മഹാ ചിപ്സിനെ വഴി കാണിക്കുന്നതും ജ്വലിക്കുന്ന ഈ കനലുകൾ തന്നെ.
ചിപ്സ് കുമാർ എന്നറിയപ്പെടുന്ന ശ്രീ ശിവകുമാറിന്റെ പഴയ നാൾവഴികളിലേക്ക്
കന്യാകുമാരിയിലെ തിങ്കൾനഗർ, പഴയ പേര് മണ്ഡേ മാർക്കറ്റ്; എന്ന സ്ഥലത്തായിരുന്നു ശ്രീ വി.ശിവകുമാറിന്റെ ജനനം. 1979 ൽ അദ്ദേഹത്തിന് ഒമ്പത് വയസ്സുള്ളപ്പോൾ കുടുംബത്തോടെ എല്ലാവരും തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിൽ വന്ന് താമസമായി. കേൾവിക്കുറവ് ഉണ്ടായിരുന്ന അച്ഛൻ, ശ്രീ വേലപ്പനെ അദ്ദേഹത്തിന്റെ സൈക്കിൾ ഷോപ്പിൽ, സഹായിക്കാനായി, നാലാം ക്ളാസ്സിൽ പഠിത്തം നിർത്തി ശ്രീ വി.ശിവകുമാറിന് സൈക്കിൾ ഷോപ്പിലേക്ക് പോകേണ്ടി വന്നു. പിന്നെ കുറച്ച് കാലം ലോട്ടറികച്ചവടം ചെയ്തു. അതിനു ശേഷം ചാലയിലെ ഒരു പലഹാര കടയിൽ ജോലി ചെയ്തു. പിന്നീട് പലഹാരക്കട നടത്തിയിരുന്ന മൂത്ത സഹോദരൻ ശ്രീ നടരാജനോടൊപ്പം സഹായിയായി നിന്നു. കച്ചവടത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാൻ ഈ അനുഭവങ്ങൾ കുറച്ചൊന്നുമല്ല അദ്ദേഹത്തെ സഹായിച്ചിട്ടുള്ളത്.
1989 ൽ ചേട്ടൻ ശ്രീ നടരാജൻ നല്കിയ 1000 രൂപയായിരുന്നു സ്വന്തമായി സംരംഭം തുടങ്ങാനുള്ള മൂലധനം. അതിൽ നിന്നായിരുന്നു ആ ഉന്തുവണ്ടിയുടെ ജനനം. ചിപ്സ് ഉണ്ടാക്കുന്നവർ വളരെ കുറവും; കൂടുതലും വടകളും മറ്റുമായി തട്ടുകടകൾ കൂടുതലായി ഉണ്ടായിരുന്ന ആ കാലത്തിലാണ് തള്ളുവണ്ടി അഥവാ ഉന്തുവണ്ടിയുമായി ഒരു പയ്യൻവെളിച്ചെണ്ണയിൽ തിളച്ച് മറിഞ്ഞ സ്വർണ്ണത്തിന്റെ പ്രഭ ചൊരിഞ്ഞ കറുമുറെ വറുത്തെടുത്ത ചിപ്സുമായി അനന്തപുരനിവാസികളുടെ വായിൽ രുചിയുടെ കപ്പലോട്ടവുമായി വന്നെത്തിയത്. സംതൃപ്തിയുടെ നിറവ് അറിഞ്ഞ ആ നാവുകളിൽ നിന്നു പുരസ്ക്കാരം പോലെ ആ പേര് അദ്ദേഹത്തിന് കിട്ടി ചിപ്സ് കുമാർ.

12 വർഷം തള്ളുവണ്ടിയിൽ തന്നെ തുടർന്നതിന് ശേഷം 2001 ൽ പഴവങ്ങാടിയിൽ രാമചന്ദ്രയ്ക്ക് സമീപം ഒരു കട വാടകയ്ക്കെടുത്തു. 2006 ലാണ് മഹാചിപ്സ് എന്ന ബ്രാൻഡ് നെയിം സ്വീകരിച്ചത്. നേന്ത്രക്കായിൽ മഹാചിപ്സിന്റെ ഹൈലൈറ്റായ കായ ചിപ്സ് അഥവാ ബനാന ചിപ്‌സ് അല്ലാതെ മസാല ചിപ്സ്, സ്വീറ്റ് ചിപ്സ്, ജിഞ്ചർ ചിപ്സ് തുടങ്ങിയ ഏഴിനം ചിപ്സുകൾക്ക് ശേഷം നേന്ത്രകായിന് പുറമേയുള്ള വിവിധ തരം ചിപ്സുകളിലേക്കും കടന്നു. ശീമചക്ക, ചേമ്പ് കൊണ്ട് ഉണ്ടാക്കിയ ചിപ്സുകൾ ആദ്യമായി കൊണ്ട് വന്നത് തങ്ങൾ എന്നാണ് മഹാചിപ്സ് അധികൃതർ അവകാശപ്പെടുന്നത്.
സീസൺ സമയത്ത് സംഭരിച്ച് വച്ച് സീസണല്ലാത്ത സമയത്തും ചിപ്സിനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ തയ്യാറാക്കുന്നത് മഹാചിപ്സിന്റെ ശീലമല്ല. ചക്ക, ശീമചക്ക, ചേന, പൊട്ടറ്റോ, ഫിംഗർ ചിപ്സ്, പാവയ്ക്ക ചിപ്സ് തുടങ്ങി ഏതിനം ചിപ്സുകളായാലും സീസൺ അനുസരിച്ച് മാത്രമായിരിക്കും കിട്ടുന്നത്.


ചിപ്സിന് ശേഷം ശുദ്ധമായ നെയ്യിൽ തീർത്ത പലഹാരങ്ങളുമായിരുന്നു മഹാചിപ്സിന്റെ വരവ്. മഹാബോളിയുടെ ആരംഭം അവിടെ നിന്നാണ്. ചിപ്സ് പോലെ തന്നെ ഒരു പക്ഷേ അതിനേക്കാൾ പ്രശസ്തമാണ് അവിടത്തെ ബോളിയും. ബോളിയെന്നാൽ മഹാബോളി എന്ന് വിശ്വസിക്കുന്ന ഒരുപാട് പേർ അനന്തപുരിയിലുണ്ട്. 2016 ലാണ് മഹാബോളി എന്ന ഷോപ്പ് നിലവിൽ വരുന്നത്. ബോളിക്ക് മാത്രമായി ആദ്യമായി തുടങ്ങിയ ഷോപ്പ് എന്ന് പറയാം. ഡ്രൈഫ്രൂട്ട്സ് മിക്സ്ചർ തുടങ്ങി ഏഴിനം മിക്സ്ചർ, വൈവിധ്യമാർന്ന ലഡ്ഡുകൾ, എട്ടോളം പായസങ്ങൾ. ഇവയൊക്കെ ഇവിടത്തെ ചില പ്രത്യേകതകളാണ്.
ശ്രീ പത്മനാഭദാസൻ എന്ന് സ്വയം വിശ്വസിക്കുന്ന ശ്രീ വി.ശിവകുമാർ കരിക്കകത്തമ്മയും തമിഴ്നാട് പൊള്ളാച്ചിയിലുള്ള മാഷാണിയമ്മയും, ഈ രണ്ടു മഹാ ശക്തികളേയും സ്മരിച്ചാണ് “മഹാ” എന്ന പേര് ബ്രാൻഡിന് മുമ്പിലായി സ്വീകരിച്ചത്.
വർഷങ്ങൾ കുറേ പിന്നിട്ടെങ്കിലും അടുക്കളയിൽ ഉത്പന്നങ്ങളുടെ രുചിയും ചേരുവകളും പരിശോധിച്ച് ജീവനക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കാൻ ശ്രീ വി.ശിവകുമാർ മുന്നിൽ തന്നെയുണ്ട്. കരമന കണ്ണൻ ഓയിൽ മില്ലിൽ നിന്നുള്ള ശുദ്ധമായ വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. അതിരാവിലെ ചാലയിൽ പോയി ചിപ്സിനുള്ള മികച്ച വാഴക്കുല തിരഞ്ഞെടുക്കുന്നതും ശ്രീ വി.ശിവകുമാർ തന്നെ.

നിലവിൽ നാല് ഷോപ്പുകളാണ് ശ്രീ വി.ശിവകുമാറിന് ഉള്ളത്. ആദ്യം തുടങ്ങിയ ദേവൻസും, പഴവങ്ങാടിയിൽ നിന്ന് എസ്.പി ഫോർട്ടിലോട്ട് പോകുന്ന വഴി വലത് വശത്ത് കാണുന്ന മഹാബോളിയും എതിരേയുള്ള മഹാചിപ്സും. വെള്ളയമ്പലത്തുള്ള മഹാചിപ്സും.
പന്ത്രണ്ട് ജീവനക്കാരുമായ തുടങ്ങിയ സ്ഥാപനം ഇന്ന് അറുപതോളം അംഗങ്ങളിൽ എത്തി നില്ക്കുന്നു. ജീവനക്കാരുടെ ശക്തമായ പിന്തുണയോടെ നടത്തുന്ന ഈ സ്ഥാപനത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടത് 20 വർഷത്തോളമായി ഒപ്പം നില്ക്കുന്ന കണ്ണൻ, സുമ്പയാൻ, ഉണ്ണി, ശേഖർ എന്നിവരെയാണ്. 15 വർഷമായി ബിസിനസ് നടത്തുന്നതിൽ മാനേജറുടെ പങ്ക് വഹിച്ച് ശ്രീ വി.ശിവകുമാറിന്റെ ഭാര്യാ സഹോദരനായ ശ്രീ ബാബുവും പ്രധാന പങ്ക് വഹിക്കുന്നു.
രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന്റെ മകൾ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്തതനുസരിച്ച് മഹാചിപ്സിലെത്തിയിരുന്നു. ഗാനഗന്ധർവ്വൻ ശ്രീ യേശുദാസ്, സംവിധായകൻ ശ്രീ ഷാജി കൈലാസ് തുടങ്ങി ക്രിക്കറ്റ് താരങ്ങൾ, കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രമുഖരായ രാഷ്ട്രീയക്കാർ, കലാകാരന്മാർ, വിദേശിയർ തുടങ്ങി സമൂഹത്തിലെ നാനാതുറയിൽ പെട്ടവർ മഹാചിപ്സിലെ, മഹാബോളിയിലെ ഉപഭോക്തരായി ഇവിടത്തെ രുചി അറിഞ്ഞവരായി ഉണ്ട്.
രുചി യാത്രയും അനുഭവവും
2021 ഉത്രാടത്തിന്റെ തലേന്നാണ് അവസാനമായി ഈ സ്വാദ് അറിഞ്ഞത്. പോസ്റ്റ് എഴുതാൻ വൈകിയത് തീർച്ചയായും മഹാചിപ്സിന്റെ പൊതുവായുള്ള വിവരങ്ങൾ കിട്ടാനെടുത്ത കാലതാമസമാണ്.

ഉത്രാടത്തലേന്ന് കോവിഡാണെങ്കിലും ജനമൊഴുക്കുള്ള ദിവസം. അത് കൊണ്ട് തന്നെ കൂടുതൽ ശ്രദ്ധ വേണം. നമ്മൾക്ക് വരുമോ എന്നതിനേക്കാൾ നമ്മൾ കാരണം ഒരു ജീവനും പൊലിയാൻ പാടില്ല. അതായിരുന്നു അപ്പോഴും എപ്പോഴും എന്റെ മനസ്സിൽ.
ശാരീരികമായ ചില ബുദ്ധിമുട്ടുകൾ ആകസ്മികമായി വന്ന് പെട്ടത് കാരണം കോവിഡിനെതിരായ വാക്സിനേഷൻ പോയി എടുക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ വന്നെടുക്കുന്ന സംവിധാനം ഉണ്ടെന്നറിഞ്ഞ് ബന്ധപ്പെട്ട അധികാരകളുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിലും വരും വരും ശ്രമിക്കുന്നുണ്ട് എന്ന് പതിവ് പല്ലവിയല്ലാതെ അതൊന്നും ഒരു കരയ്ക്ക് അടുക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. അങ്ങനെയിരിക്കെയാണ് വഴുതക്കാട് വിമൻസ് കോളേജിൽ ഇറങ്ങി നടക്കാതെ വാഹനത്തിൽ, കാറിൽ ഇരുന്ന് വാക്സിനേഷൻ എടുക്കാൻ പറ്റുന്ന സംവിധാനം വരുന്നെന്ന് അറിഞ്ഞത്. ആദ്യ ദിവസം തന്നെ, അതായത് ആഗസ്റ്റ് 19, 2021 തന്നെ ബുക്ക് ചെയ്യാൻ പറ്റി.

കുറച്ച് നാളുകൾക്ക് ശേഷം പുറത്തിറങ്ങുകയാണ് അത് കൊണ്ട് തന്നെ ചില കാര്യങ്ങൾ പ്ലാൻ ചെയ്ത് വച്ചു. ഒന്ന് മഹാബോളി. ഓൺലൈൻ ഡെലിവറി അവർക്ക് ഇല്ല. ഹോം ഡെലിവറിയും ഇല്ല. അത് കൊണ്ട് പോയി തന്നെ വാങ്ങിക്കണം. വേറെ വഴിയില്ല.
കാറോടിച്ച് വിമെൻസ് കോളേജിൽ എത്തി. വാക്സിനേഷൻ കാറിൽ വച്ച് തന്നെ ഒരു സിസ്റ്റർ വന്നു എടുത്തു. വാക്സിനേഷൻ എടുത്ത സ്പോട്ടിൽ തന്നെ നാഷണൽ ലെവിലുള്ള ഒരു ചാനലുമായി വാക്സിനേഷൻ ഇങ്ങനെ വണ്ടിയിൽ തന്നെ വന്ന് എടുക്കുന്നതുമായ ബന്ധപ്പെട്ട ചില ചോദ്യാത്തരങ്ങൾ ഉണ്ടായി. ആദ്യ ദിവസമായത് കൊണ്ടാവും വീഡിയോ ക്യാമറയുമായി ഷൂട്ട് ചെയ്ത് കൊണ്ട് പലരോടും അനുഭവങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ എന്നോടും ചോദിച്ചുവെന്ന് മാത്രം. മലയാളികൾ തന്നെയാണ് ഷൂട്ട് ചെയ്തത്. നാഷണൽ ചാനലിലായത് കൊണ്ട് ആംഗലേയത്തിൽ സംസാരിക്കണം എന്ന ഉപാധി മാത്രമേ ഉണ്ടായിരുന്നുള്ളു. ചാനലിന്റെ പേരൊക്കെ ചോദിക്കാൻ ഞാൻ വിട്ട് പോയി.
വാക്സിനേഷൻ എടുത്ത് കഴിഞ്ഞ് ഉടൻ പോകാതെ അര മണിക്കൂർ കഴിഞ്ഞ് പോകണമെന്നാണ് പറഞ്ഞത്. അതിന് വേണ്ടി വാക്സിൻ കഴിഞ്ഞ് വിശ്രമിക്കാൻ വേണ്ടിയുള്ള ഒരു സ്ഥലവും അവർ ഒരുക്കിയത് കണ്ടിരുന്നു. വേണമെന്നുള്ളവർക്ക് അവിടെ പോയി ഇരിക്കാം. അല്ലാത്തവർക്ക് വണ്ടിയിൽ തന്നെ ഇരിക്കാം. അതനസുരിച്ച് കുറച്ച് മാറി വണ്ടി പാർക്ക് ചെയ്ത ശേഷം വണ്ടിയിൽ ഇരുന്ന് വെള്ളയമ്പലത്തുള്ള മഹാബോളിയിലോട്ട് വിളിച്ചു. വിളിച്ച ഉദ്ദേശം ആവശ്യമുള്ള സാധനം എടുത്ത് വച്ചാൽ അവിടെ ചെന്ന് അധിക സമയം ചെലവഴിക്കുക എന്നത് ഒഴിവാക്കുക എന്നുള്ളതാണ്. ഒരു സ്ത്രീയാണ് എടുത്തത്. സംസാരിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ – ഒന്നാമത്, ഫോണിൽ വിളിച്ച് പറഞ്ഞതനുസരിച്ച് മുൻകൂർ എടുത്ത് വയ്ക്കുന്ന സംവിധാനം താല്ക്കാലികമായി ഇല്ല. മുൻപ് ഉണ്ടായിരുന്നു. ഓണ സമയത്തെ തിരക്ക് തന്നെ കാരണം. രണ്ടാമത് ബോളി അവിടെ ഇല്ല. പഴവങ്ങാടിയിൽ നിന്ന് കൊണ്ട് വരണം. അതിന് കൃത്യമായ ഒരു സമയം പറയാൻ പറ്റില്ല. പഴവങ്ങാടിയിലുള്ള കടയിൽ ചെന്നാൽ ബോളി കിട്ടുമെന്നത് ഉറപ്പാണെന്നും പറഞ്ഞു.
എന്തായാലും ഇറങ്ങി തിരിച്ചു. നേരെ പഴവങ്ങാടിയിലോട്ട്. ഉച്ച സമയം. ഞാൻ കാർ ഒരിടത്ത് അഡ്ജസ്റ്റ് ചെയ്ത് പാർക്ക് ചെയ്തിരുന്നു. ഭാര്യ പോയി കുറച്ച് നേരം ക്യൂ നിന്നാണ് വാങ്ങിച്ചോണ്ട് വന്നത്. സാമൂഹിക അകലം പാലിച്ചാണ് ക്യൂ നിന്നെങ്കിലും ഇതൊക്കെ വളരെ നിസ്സാരമായി കണ്ട് അർഹിക്കുന്ന ഗൗരവം കൊടുക്കാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നവരേയും കാണാൻ സാധിച്ചതായി പറഞ്ഞു. കുറച്ച് നേരം നിന്നെങ്കിലും മഹാബോളിയിൽ നിന്ന് ബോളിയും പായസവും കിട്ടി. എതിർവശത്തെ മഹാ ചിപ്സിൽ നിന്നും മാസ്റ്റർ പീസായ നേന്ത്രക്കായുടെ ചിപ്സും വാങ്ങിച്ചു. ഉച്ചയ്ക്ക് കഴിക്കാനുള്ള ആഹാരവും ഒരിടത്ത് നിന്ന് വാങ്ങിച്ചാണ് വീടെത്തിയത്.

എരിവുള്ള ആഹാരത്തിന് ശേഷം മധുരം കഴിക്കുമ്പോഴുള്ള ഒരു സുഖം അതും രുചിയുടെ തമ്പരുക്കാന്മാരായ ബോളിയും പായസവും… ബെസ്റ്റ് കോമ്പിനേഷൻ .. ഉത്ഭവം മഹാബോളിയിൽ നിന്നും. മോശമാകാനുള്ള സാദ്ധ്യത വളരെ കുറവ്. പൊളിച്ചടുക്കി. പായസത്തിൽ കുതിർന്ന ബോളിയുടെ ഓരോ അംശങ്ങളിലും രുചി ഇങ്ങനെ ഇറ്റിറ്റ് നില്‌ക്കും. ബോളി എന്ന് കേൾക്കുമ്പോൾ മനം തുടിക്കാത്ത തിരുവനന്തപുരത്തുകാർ ഉണ്ടോ; അതിൽ പായസം കൂടി ചേരുമ്പോൾ; തുള്ളാതെ മനവും തുള്ളും. രുചിയുടെ ഒരു ഒഴുക്കാണത്… മനസ്സിലൂടെ ഹൃദയത്തിലൂടെ …. രുചിയിൽ ആത്മാവ് അലിഞ്ഞ് ചേരുന്നോരു അവസ്ഥ.
വൈകുന്നേരം ചായയുടെ കൂടെ ആ കറുമുറെ ചിപ്സും. വെളിച്ചെണ്ണയുടെ ആ തനതായ സ്വാദ് അതിൽ അറിയാൻ കഴിഞ്ഞു. 1989 ൽ വറുത്ത് കോരിയെടുത്ത കായ ചിപ്സുകളുടെ പിൻഗാമികൾ; അനന്തപുരിയുടെ സ്വാദായ മാറായ മഹാ ചിപ്സുകൾ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. സംതൃപ്തി എന്നത് അറിഞ്ഞ് അറിയേണ്ടതാണ്.
ബോളി – ഒരു പായ്ക്കറ്റ് – ₹ 75
1/2 ലിറ്റർ പായസം – ₹ 130
ബനാന ചിപ്സ് – 250 G – ₹ 95
ഇടയ്ക്ക് കോവിഡായത് കൊണ്ട് മഹാചിപ്സിന്റെ കടകൾ താല്ക്കാലികമായി അടച്ചിടേണ്ടതായി വന്നു. ഇപ്പോഴും കോവിഡ് അതിന്റെ വിശ്വരൂപം ഉപേക്ഷിച്ചിട്ടില്ല. ഈ കെട്ട നിമിഷം മാറി മാസ്ക്കുകൾ മാറ്റി ശുദ്ധ വായു ശ്വസിച്ചു സഞ്ചരിക്കുന്ന നല്ല നാളുകൾ വിദൂരമല്ലെന്ന് നമ്മൾക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.രുചിയുടെ കെടാ വിളക്കായി പലർക്കും വഴികാട്ടിയായി നില്ക്കുന്ന മഹാചിപ്സ് താല്ക്കാലികമായി ഉണ്ടായിട്ടുള്ള ഈ പ്രതിബന്ധങ്ങളെല്ലാം കടന്ന് പഴയതിനേക്കാൾ കരുത്താർജിച്ച് മുന്നോട്ട് പോകുന്ന സമയം അധികം അകലെയല്ല എന്ന് തന്നെയാണ് വിശ്വാസം. നന്മകൾ ഉണ്ടാകട്ടെ.
Maha Chips
Pazhavangadi
0471 257 5845
https://goo.gl/maps/J9GkT8twyVjx7dSZ8
Maha Chips
Vellayambalam
0471 272 2575
https://goo.gl/maps/2NuvCfnf5UxFmNQEA