“കരിഞ്ഞത് മാത്രമല്ല വിഷയം, കരിയാത്തതും നേരെ ചൊവ്വേ കഴിക്കാൻ പറ്റിയില്ലല്ലോ എന്നാണ് എന്ത് എണ്ണയാണോന്തോ അതിൽ …”
സ്വഗ്ഗിയിലായാലും പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പിടിക്കാനാണ് നോക്കാറ്. പുതിയ രുചികളും ഒന്ന് അറിഞ്ഞിരിക്കാമല്ലോ. അക്കൂട്ടത്തിൽ പല തവണയും ശ്രദ്ധിച്ച ഒരു പേരാണ് ട്രാവൻകൂർ അരമന.
ഈ ഭക്ഷണയിടം എന്നെ സംബന്ധിച്ച് പുതിയതല്ല. മുൻപ് വാൻറോസ് ജംഗ്ഷനിൽ ഉണ്ടായിരുന്നപ്പോൾ ഫേസ്ബുക്ക് ഫുഡി ഗ്രൂപ്പുകളിലൊക്കെ വരുന്നതിന് മുമ്പ് പല തവണ പോയി കഴിച്ചിട്ടുള്ള ഒരു ഭക്ഷണയിടം. മോശമായുള്ള അനുഭവങ്ങളൊന്നും തന്നെ എൻ്റെ ഓർമയിൽ ഇല്ല. മാത്രമല്ല ഈയിടയ്ക്കും ഗ്രൂപ്പിൽ നല്ല അനുഭവത്തിൻ്റെ ഒരു പോസ്റ്റ് കണ്ടു. അതിൽ വന്ന കമൻ്റുകളിൽ ഇപ്പോൾ മാഞ്ഞാലിക്കുളം റോഡിൽ ഹോട്ടൽ ബോബൻ റസിഡൻസിക്കടുത്താണ് എന്നൊരു പരാമർശവും കണ്ടിരുന്നു.
പഴയ ഓർമ്മകൾ ഒന്ന് പുതുക്കി കളയാം, ഇപ്പോഴത്തെ രുചിയും ഒന്ന് അറിഞ്ഞിരിക്കാമല്ലോ എന്നൊക്കെ കരുതി ഒരു അരമന സ്പെഷ്യൽ പോത്ത് ഫ്രൈയും 13 പെറോട്ടയും സ്വഗ്ഗി വഴി ഓർഡർ ചെയ്തു.
ഒരു അരമന സ്പെഷ്യൽ പോത്ത് ഫ്രൈ – ₹ 160പെറോട്ട – ₹ 12 x 13 എണ്ണം – ₹ 156പായ്ക്കിംഗ് ചാർജ് – ₹ 10സൂപ്പർ യൂസർ ആയതിനാൽ ഡെലിവറി ചാർജ് ഇല്ലTryNew ഡിസ്ക്കൗണ്ട് – (Swiggy വഴി ആദ്യ തവണയാണ് ഈ ഭക്ഷണയിടത്തിലോട്ട് ) – ₹ -74.99മൊത്തം – ₹ 251
ഡെലിവറിയൊന്നും വൈകിയില്ല. പായ്ക്കിംഗ് കുറച്ച് ലീക്കുണ്ടായിരുന്നു. പടത്തിലുണ്ട്. സാരമാക്കാനുള്ളതല്ല. പോത്ത് ഫ്രൈയും പെറോട്ടയും കൂടാതെ ഉള്ളിക്കറിയും ഗ്രേവിയായി ഉണ്ടായിരുന്നു.
പറയുമ്പോൾ എല്ലാം പറയണമെല്ലോ പോത്തു ഫ്രൈ കിടിലം. അപാര രുചി. എല്ലാം നല്ല രീതിയിൽ വെന്തിട്ടുമുണ്ട്. Highly Recommended എന്ന് തന്നെ പറയാം. അളവിലും തൃപ്തികരമാണ്. അത് പോലെ തന്നെ ഉള്ളിക്കറിയുടെ ഗ്രേവിയും വളരെ നല്ലത്.
ഇനിയാണ് ട്വിസ്റ്റ്. പെറോട്ട 12 രൂപ എന്ന് കണ്ടപ്പോഴേ ആലോചിച്ചു. 12 രൂപയോ. ചിലപ്പം അതനുസരിച്ചുള്ള വലിപ്പം കാണുമായിരിക്കും. എങ്കിലും റിസ്ക്ക് എടുത്തില്ല. കാരണം ഇത് പോലെ വലിപ്പം കാണുമെന്ന് കരുതി ചിലയിടത്തൊക്കെ ഓർഡർ ചെയ്ത് അവസാനം വിചാരിച്ച ക്വാണ്ടിറ്റി കിട്ടാതെ പണി വാങ്ങിയുട്ടള്ളതിനാൽ സാധാരണ പറയുന്ന ക്വാണ്ടിറ്റി – 13 എണ്ണമാണ് പറഞ്ഞിരുന്നത്.
പക്ഷേ കൈയ്യിൽ കിട്ടിയപ്പോൾ അതല്ല, 12 രൂപയ്ക്കൊത്ത വലിപ്പം ഉണ്ട്. നമ്മളെ സംബന്ധിച്ച് കൂടുതലായി പോയി. പോട്ട് എന്നാലും കുറഞ്ഞില്ലല്ലോ. ബാക്കി വരുന്നെങ്കിൽ ഫ്രിഡ്ജിൽ വച്ച് നാളെ കഴിക്കാമെന്നൊക്കെ പദ്ധതിയിട്ടു … പെറോട്ട എല്ലാവർക്കുമായി പാത്രങ്ങളിൽ വീതം വച്ച് തുടങ്ങി. ആഹാ ചിലതിലൊക്കെ ഒരു കരുവാളിപ്പ്… കരി പുരണ്ടത് പോലെ (ചിത്രങ്ങൾ കഥ പറയും) ഇതല്ലാതെ രണ്ടെണ്ണം നല്ലോണം കരിഞ്ഞിട്ടുമുണ്ട്. ആശ്വാസമായി അപ്പോൾ ഒന്നും ബാക്കി വരില്ല. മിച്ചം വന്ന് ഫ്രിഡ്ജിൽ വയ്ക്കേണ്ടി വരില്ല. ഇത്രയായിട്ടും ഞാനതൊക്കെയങ്ങ് ക്ഷമിച്ചു. പോട്ട് യന്ത്രമൊന്നുമല്ലല്ലോ മനുഷ്യരല്ലേ. അബദ്ധം പറ്റിയതാകും. എടുത്ത് വച്ചപ്പോൾ ശ്രദ്ധിച്ചും കാണില്ല. പിന്നെ വിളിച്ച് പറയാം. ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണമെന്ന്. രണ്ടെണ്ണം മാത്രമാണ് കരിഞ്ഞിട്ടുള്ളത് അതിൻ്റെ കരി തട്ടിയിട്ടാകാം മറ്റുള്ള ചിലതിൽ കരുവാളിപ്പ് പറ്റിയത്. എങ്കിൽ പോലും അതിൻ്റെ വലുപ്പം വച്ചൊക്കെ നോക്കുമ്പോൾ നമുക്ക് കഴിക്കാനുള്ളത് ഉണ്ട്. പിന്നെ കരി പറ്റിയതൊക്കെ മാറ്റി അപ്പറത്തും ഇപ്പറത്തും ഉള്ളതൊക്കെ കഴിക്കാമല്ലോ…
അങ്ങനെ വിശാലമനസ്ക്കനായി കഴിച്ച് തുടങ്ങി. കഴിച്ച് തുടങ്ങിയപ്പോൾ അടുത്ത ട്വിസ്റ്റ്. മുൻപ് പറഞ്ഞത് പോലെ പോത്ത് ഫ്രൈ കിക്കിടിലം. പെറോട്ട നേരേ ഓപ്പോസിറ്റ്. അതായത് തോന്നിയത് ഇങ്ങനെയാണ്
പപ്പടം കാച്ചിയതോ അങ്ങനെ എന്തിനൊക്കെയോ ഉപയോഗിച്ച എണ്ണ കൂടി മിക്സ് ചെയ്ത് ആ എണ്ണ ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കിയ പെറൊട്ട ആണെന്ന്. തോന്നൽ ശരിയാവണമെന്നില്ല. പക്ഷേ അങ്ങനെയാണ് തോന്നിയത്. ആകപ്പാടെ എന്ത് പറയാൻ എണ്ണയും അതിന്റെ ഒരു ചുവയും കൊണ്ട് പെറോട്ട കഴിക്കാൻ വളരെ ബുദ്ധിമുട്ടി. കുറച്ച് കഴിച്ചപ്പോൾ തന്നെയങ്ങ് മതിയായി.
“പിന്നെ ബാക്കി വന്നതും കരിഞ്ഞതും എല്ലാം കൂടി ചുരുട്ടി കൂട്ടിയെടുത്ത് അങ്ങ് കളഞ്ഞു.”
പോത്ത് ഒരു കഷ്ണം പോലും മിച്ചം വന്നില്ല. അത് നുള്ളി പറക്കി തിന്നു. പോത്തിലെ എണ്ണയ്ക്കൊന്നും ഒരു കുഴപ്പവും ഉള്ളതായി തോന്നിയില്ല. എന്നാലും പെറോട്ട, എൻ്റെ ഓർമയിൽ ഇങ്ങനെ “രുചിയുള്ള” ഒരു പെറോട്ട കഴിക്കുന്നത് നടാടെയാണ്. (നടാടെ എന്ന് വച്ചാൽ ആദ്യമായിട്ട് …. )
ആദ്യമായി സ്വഗ്ഗി വഴി complaint ചെയ്യാൻ പോയി. തുടങ്ങിയിട്ട് അങ്ങ് നിർത്തി. ആദ്യം ഹോട്ടലുകാർക്ക് പറയാനുള്ളത് കേൾക്കട്ടേ. അവരുടെ ഒരു ഫേസ്ബുക്ക് പേജ് കണ്ടു. അതിലെ ഹോം ടാബിൽ ഒരു നമ്പറുണ്ട് – 09061603111 – പ്രവർത്തന രഹിതമാണ്. പിന്നെ അവരുടെ പേജിന്റെ Posts ടാബ് നോക്കിയപ്പോൾ അതിൻ്റെ Advt യിലൊരു ലാൻഡ് നമ്പർ കണ്ടു – 0471-4011401. ആ നമ്പറിൽ വിളിച്ചു. ഒരു ലേഡിയാണ് ഫോണെടുത്തത്. അവരോട് മുതലാളിയെ ചോദിച്ചു. ജനറൽ മാനേജറുടെയടുത്ത് കൊടുക്കാമെന്ന് പറഞ്ഞു.
പുള്ളിയോട് കാര്യങ്ങൾ പറഞ്ഞു. പുള്ളി അനുതാപവും അനുഭാവവും എല്ലാം പ്രകടിപ്പിച്ചു. സോറിയൊക്കെ പറഞ്ഞു. അടുത്ത പ്രാവശ്യം അവിടെ ചെല്ലുകയാണെങ്കിൽ അല്ലെങ്കിൽ അടുത്ത ഓർഡറിൽ substitute ഒക്കെ തന്ന് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു. പുതിയ ഹിന്ദി പയ്യന്മാരുടെ പാചകമാണ് അവരോട് പറയാമെന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേട്ടപ്പോൾ ഒരു കുളിരൊക്കെ തോന്നി. ജനറൽ മാനേജർ അതായത് സംസാരിച്ച് കൊണ്ടിരിക്കുന്ന ആളും പുതിയത് ആണെന്ന് പറഞ്ഞു. ആളു ഒരു പാവത്താനാണെന്ന് തോന്നി സംസാരം കേട്ടപ്പോൾ. തമിഴ്നാട് ആണ് സ്വദേശം എന്ന് തോന്നി. മുതലാളി പഴയത് തന്നെ എന്ന് പറഞ്ഞു. മുതലാളിയുടെ നമ്പർ ചോദിച്ചപ്പോൾ സാർ സ്വഗ്ഗിയിൽ complaint പറഞ്ഞാൽ അപ്പോൾ തന്നെ മുതലാളിക്ക് കാണാൻ പറ്റുമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അല്ലാതെ കിട്ടാൻ മാർഗമുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ വീണ്ടും വിവരങ്ങൾ ചോദിക്കാൻ തുടങ്ങി. എന്ന് എപ്പോൾ ഓർഡർ ചെയ്തത് തുടങ്ങിയവ. ആദ്യം പറഞ്ഞതാണ്. വീണ്ടും വിവരങ്ങൾ ആവർത്തിച്ചു.
മുതലാളിയെ കിട്ടിയാൽ ഈ ഭക്ഷണയിടം എന്ന് തുടങ്ങി എന്നുള്ള വിവരങ്ങൾ കൂടി അറിയാമല്ലോ എന്ന് കൂടി ഉദ്ദേശിച്ചാണെന്ന് പറഞ്ഞു. Contact number തരാൻ പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോൾ … “അത് അത്” എന്ന് പറഞ്ഞ് തുടങ്ങിയിട്ട് പുള്ളിക്ക് 6 ഹോട്ടൽ തിരുവനന്തപുരത്ത് ഉണ്ടെന്നും അതിനാൽ പുള്ളി വളരെ തിരക്കായിരിക്കുമെന്നും ഇപ്പോഴും പുതിയത് ഓരോന്ന് ഉണ്ടാക്കാനുള്ള തിരക്കിലാണെന്നും ഇവർക്ക് തന്നെ ഇവരുടെ ഫോണിൽ നിന്ന് പുള്ളിയെ വിളിക്കാൻ പാടില്ലെന്നും, ഇവർ തന്നെ പുള്ളിയെ contact ചെയ്യാൻ try ചെയ്താൽ രണ്ട് ദിവസം കഴിഞ്ഞാണ് കിട്ടുന്നതെന്നും (ചുമ്മാ ഞാൻ തള്ളുന്നതല്ല കേട്ടോ ഈ സംസാരിച്ചതെല്ലാം recorded ആണ്) എന്നാലും എൻ്റെ മുതലാളി
അല്ലെങ്കിലും എന്നെ സംബന്ധിച്ച് ഹോട്ടലിൻ്റെ വിവരങ്ങൾ അറിയാൻ ഹോട്ടൽ ഓണറെ തന്നെ കിട്ടണമെന്ന് നിർബന്ധമില്ല. അതിനെ പറ്റി ശരിയായ അറിവുള്ള ഏത് സ്റ്റാഫായാലും മതി. ഇവിടെ അതല്ല വിഷയം. ഇങ്ങനെയൊരു കാര്യം പുള്ളി അറിയണമെന്ന് തോന്നി. ആഹാരത്തിൻ്റെ രുചി അല്ല വിഷയം അളവും അല്ല, ക്വാളിറ്റിയാണ് അത് കൊണ്ടാണ്. അപ്പോൾ നേരിട്ട് സംസാരിക്കുന്ന കാര്യം സ്വാഹ.
“സ്വന്തം സ്റ്റാഫ് അതും ജനറൽ മാനേജർക്ക് വരെ പുള്ളിയോട് സംസാരിക്കുന്നത് നേർത്തേ അപ്പോയിൻമെൻ്റൊക്കെ എടുത്തിട്ടാണ്. പിന്നെ നമ്മുടെ കാര്യം പറയണോ.”
അപ്പോൾ ഒരു ആകാംക്ഷ ഏതായിരിക്കും ഈ 6 ഹോട്ടൽ. ആളു പറഞ്ഞു അതൊക്കെ 3 സ്റ്റാറും 4 സ്റ്റാറും ആണെന്ന്. ഏതൊക്കെ? മെഡിക്കൽ കോളേജ് Libra, JJ Palace വട്ടിയൂർക്കാവ്, കൈവില്യ, പിന്നെ പുള്ളിക്ക് ഓർമ കിട്ടുന്നില്ല അടുത്തുള്ള സ്റ്റാഫിനോട് ചോദിച്ചിട്ട് … കാട്ടാക്കട അഭിരാമി .. ഇതൊക്കെ ഉണ്ടെന്ന് പറഞ്ഞു. പുള്ളിയുടെ പേര് ചോദിച്ചപ്പോൾ ഗോപി കൃഷ്ണൻ എന്ന് പറഞ്ഞ ശേഷം അല്ലേന്ന് അവിടെ ചോദിക്കുന്നത് കേട്ടു. പിന്നെ രണ്ട് sorry കൂടി പറഞ്ഞ ശേഷം വച്ചു.
അപ്പോൾ ഇനി മുതലാളിയെ അറിയിക്കാൻ ഒരു മാർഗ്ഗം. സ്വഗ്ഗിയിൽ complaint ചെയ്യുക എന്നതാണ്. കാരണം സ്വഗ്ഗിയിൽ പറഞ്ഞാൽ അപ്പോൾ തന്നെ മുതലാളി കാണുമെന്നാണല്ലോ പറഞ്ഞത്. മാത്രമല്ല സ്വഗ്ഗിയുടെ പ്രതികരണവും അറിയാം. അവരോട് ചോദിച്ചപ്പോൾ ഇത് പോലെയൊക്കെ ആവർത്തിക്കാതിരിക്കാൻ അവരോട് പറയാമെന്ന്. ഈ ഹെഡ്മാസ്റ്ററ് പിള്ളേരോട് പറയുന്നത് പോലെയോ അതോ പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ പറയുന്ന പോലെ “മൊയലാളി ഞാൻ ഉപദേശിക്കുന്നത് എന്ന് കരുതരുത് … ” എന്ന രീതിയിൽ പറഞ്ഞ് തുടങ്ങുമോ എന്തോ. .
“ഒന്നും അവരുടെ കൺട്രോളിൽ അല്ലെന്ന്. ഏറ്റവും അവസാനം ഒരു വാചകം കൂടി പുള്ളിയും അവിടെ പോയിട്ടുണ്ടെന്ന്. അത് അത്ര നല്ല സ്ഥലം ഒന്നുമല്ലെന്ന്. പൂർത്തിയായി. നമ്മൾ ഒരേ തൂവൽ പക്ഷികളായി. സ്വഗ്ഗി കാര്യം അവിടെ കഴിഞ്ഞു. (സ്ക്രീൻഷോട്ട് ഉണ്ട് പടങ്ങളിൽ)”
ഒരു രീതിയിൽ നോക്കിയാൽ മുതലാളി എന്ത് അറിഞ്ഞു. ഒരു റെസ്റ്റോറൻറ് നടത്തുന്നുണ്ടെന്ന് വിചാരിച്ചു, എപ്പോഴും അതിൻ്റെ കൂടെ ഇരിക്കാൻ പറ്റുമോ. അതിനല്ലേ സ്റ്റാഫിനെ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത്. എന്നാലും പുള്ളി ഇതൊക്കെ അറിഞ്ഞാൽ കൊള്ളാമെന്ന് തോന്നി. അത് നടന്നില്ല. അപ്പോൾ കഴിക്കാൻ പോകുന്നവരെങ്കിലും ഇതിനെ പറ്റിയൊക്കെ ഒന്ന് അറിഞ്ഞിരിക്കണ്ടേ. അതിനാണ് ഈ പോസ്റ്റ്. എപ്പോഴും ഇത് സംഭവിക്കണമെന്നില്ല. നല്ല പെറോട്ട തീർച്ചയായും അവിടെ നിന്ന് കഴിച്ചവർ കാണും. എൻ്റെ അനുഭവം പങ്ക് വച്ചുവെന്ന് മാത്രം. ഇങ്ങനെയും സംഭവിക്കാം. പോത്ത് ഫ്രൈ നല്ലതായിരുന്നു കേട്ടോ.
ഇനിയും ഞാൻ ഓർഡർ ചെയ്യുമ്പോ അല്ലെങ്കിൽ ചെല്ലുമ്പോ നല്ലതല്ലാത്ത പെറോട്ടയ്ക്ക് പകരം ജനറൽ മാനേജർ പറഞ്ഞ വാക്ക് “Substitute” തരുമായിരിക്കും അല്ലേ. അതൊക്കെ ഇനി എപ്പോൾ? ഏതു കാലത്ത്.
Google Map:
https://goo.gl/maps/rQWADNQCrb7EYGH69