വിവിധ തരത്തിലുള്ള കടൽ മീനുകൾ, കായൽ മീനുകൾ എന്ന് പറയുമ്പോൾ ഞണ്ട്, കൊഞ്ച്, കണവ, ചെമ്പല്ലി, ആവോലി, അയല, നെത്തോലി, കരിമീൻ, ഹാമൂർ അഥവാ കലവ, വരാൽ, സിലോപ്പി, വളയോട്, വിളമീൻ, സ്പെഷ്യൽ മീൻ കറി .. തലക്കറി തുടങ്ങിയവ. കൂടെ വേണമെങ്കിൽ മരിച്ചീനി എടുക്കാം. ചോറ് വേണമെങ്കിൽ അതും. ചിപ്പി, കക്ക വേണോ അതും ഉണ്ട്. പെറോട്ട, അപ്പമൊക്കെ ഉണ്ട് കേട്ടോ… കൂടെ മീനല്ലാതെ വേറെ കറിയോ. ചിക്കൻ, താറാവ്, ബീഫ്, പോത്ത്, പന്നി … ഇത്രയും വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുമിച്ച് ഒരു സ്ഥലത്ത് ലഭിക്കുന്ന ഭക്ഷണയിടങ്ങൾ തിരുവനന്തപുരത്ത് കുറവ് എന്ന് തന്നെ പറയാം.
ശ്രീ ലാൽ 2012 ലാണ് പുഞ്ചക്കരിയിൽ പുഞ്ചക്കരി ഷാപ്പ് എന്ന പേരിൽ തന്നെ ഈ ഭക്ഷണയിടം തുടങ്ങിയത്. ഒമ്പതാമത്തെ വർഷത്തിലോട്ട് കടക്കുന്നു. തുടങ്ങിയപ്പോൾ കള്ളും ഉണ്ടായിരുന്നു. ഒപ്പം രുചികരമായ ഭക്ഷണവും. ഈ ഭക്ഷണത്തിന്റെ രുചി തേടിപ്പിടിച്ച് കുടുംബമായിട്ടും ആളുകൾ എത്തി തുടങ്ങി. ഇപ്പോൾ താല്ക്കാലികമായി കള്ള് നിർത്തി വച്ചിരിക്കുകയാണ്. മാർച്ച് മുതൽ വീണ്ടും ലഭ്യമായിരിക്കുമെന്ന് ലാൽ ചേട്ടൻ പറഞ്ഞു. എങ്കിലും ഇപ്പോൾ കുടുംബമായിട്ട് ഇരുന്ന് കഴിക്കുന്നവരെ അലോസരപ്പെടുത്താതെ ഇതിന് വേണ്ടി അവിടെ തന്നെ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കും. അതിനുള്ള കെട്ടിടം പണികൾ ഉൾപ്പെടെയുള്ളവ തകൃതിയിൽ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു.
നേരിട്ടാണ് മീൻ പോയി മേടിക്കുന്നത്. അതും ചൂണ്ടയിൽ പിടിച്ച മീനുകൾക്കാണ് മുൻഗണന കൊടുക്കുന്നത്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയമെങ്കിലും കസ്റ്റമറുടെ സാഹചര്യമനുസരിച്ച് രാത്രി എട്ടര ഒമ്പത് മണി വരെ പോകാം.
200 ൽ പരം ആളുകൾക്ക് ഒരേ സമയം ഇരിക്കാം. പ്രത്യേകിച്ച് അവധി ദിവസങ്ങൾ ഇല്ല. അടുത്ത ആഴ്ച മുതൽ ചുട്ട മീനും ലഭ്യമാണെന്നറിഞ്ഞു. അഞ്ചാറ് മാസമായി സ്വഗ്ഗിയിൽ ആഹാരം ലഭ്യമാണ്. സൊമോറ്റയിലും താമസിയാതെ ഡെലിവറി കൊണ്ട് വരാനുള്ള ശ്രമത്തിലാണ്.
പുഞ്ചക്കരി ഒരു ഒന്നര അനുഭവം
കരമനയിൽ നിന്ന് വരുമ്പോൾ കൈമനം ജംഗ്ഷൻ വലത്തോട്ട് തിരിഞ്ഞ് കരുമം ജംഗ്ഷൻ എത്തി ഇടത് തിരിഞ്ഞ്, പുഞ്ചക്കരി പാലത്തിന് മുമ്പ് വലത് വശം തിരിഞ്ഞ് വേണം വരാൻ. പാലത്തിന്റെ അവിടെ തിരിഞ്ഞ് ബണ്ട് റോഡിലോട്ട് വരുമ്പോൾ കണ്ടത് ഒരു ഒട്ടകം. കൊള്ളാമല്ലോ നമ്മുടെ നാട്ടിൽ പശുവിനെയൊക്കെ തെങ്ങിന്റെ മൂട്ടിൽ പുല്ലു തിന്നാൽ കെട്ടിയിട്ടിരിക്കുന്നത് പോലെ ഒരു ഒട്ടകം “ജമാ ജമാന്ന് “ ഇരുന്ന് അങ്ങനെ പുല്ലു തിന്നുന്നു. വാലൊക്കെ ആട്ടി തലയും കഴുത്തുമായി ഇടയ്ക്ക് അങ്ങനെ പൊക്കിയങ്ങ് തിരിച്ച് കലാപരമായാണ് പരിപാടികൾ. തുടക്കം തന്നെ ഐശ്വര്യം നിറഞ്ഞ ഒരു കാഴ്ച പോലെ തോന്നി. ഒട്ടകം നമ്മുടെ സ്വന്തം പുഞ്ചക്കരി ഷോപ്പിന്റെ തന്നെ. ആളുടെ അടുത്ത് എത്തണ്ട. അതിന് കുറച്ച് മുമ്പായി തന്നെ വലത്തോട്ട് തിരിഞ്ഞാൽ നമ്മുടെ താവളം എത്തും.
അകത്ത് കയറിയാൽ വിശാലമായി വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ട്. അകത്ത് പ്രത്യേകം പ്രത്യേകം മുറികളിലായി മേശകൾ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരുവിധപ്പെട്ട ആര് അവിടെ വന്നാലും അവിടിരുന്ന് കഴിച്ചിട്ടേ പോകൂ. അങ്ങനെയാണ് അവിടത്തെ അന്തരീക്ഷം.
നമ്മളെയും കാത്ത് ടീമുകൾ വീട്ടിൽ ഇരിക്കുന്നത് കാരണം അവിടിരുന്ന് കഴിക്കാനുള്ള അഭിവാഞ്ഛ ശക്തമായി നിയന്ത്രിച്ചു. നാനാതുറയിലുള്ള ആൾക്കാർക്കും ആതിഥ്യമരുളുന്ന ഒരു ഭക്ഷണയിടം. ഇടപെട്ട സ്റ്റാഫിൽ നിന്നെല്ലാം വളരെ നല്ല പെരുമാറ്റം അനുഭവപ്പെട്ടു. ഒരു മുൻപരിചയവുമില്ലെങ്കിലും നല്ല പരിചയം ഉണ്ടെന്നുള്ള രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.
അത് അകത്ത് അടുക്കളയിലുള്ള ഓരോ മീൻ പൊരിക്കാൻ എടുക്കുന്നതിന് മുമ്പും കക്കയും ചിപ്പിയും കാണിച്ച് തരുന്നതിനും അങ്ങനെ എന്തിനും തിരക്കുണ്ടായിട്ടും മുഷിപ്പ് ഒന്നും കാണിക്കാതെ പ്രസന്നമായ മുഖത്തോടെ കാണിക്കാൻ സന്നദ്ധമായതിൽ നിന്നെല്ലാം ആ നല്ല പെരുമാറ്റം അനുഭവപ്പെട്ടു.
വൃത്തി പ്രത്യേകം എടുത്ത് പറയണം. രാത്രി 8 മണി കഴിഞ്ഞ് എല്ലാം കഴുകി ഇറക്കിയാണ് ഇറങ്ങുന്നത്.
നമ്മൾ വാങ്ങിച്ചത്
പന്നി – ₹ 120
മുയൽ – ₹ 200
ഞണ്ട് – ₹ 200
പോത്ത് – ₹ 120
മരിച്ചീനി – 2 x ₹ 30 – ₹ 60
ചോറ് – 2 x ₹ 30 – ₹ 60 (പ്ലയിൻ റൈസാണ് അതായത് ചോറ് മാത്രം കറികളില്ല, ബില്ലിൽ മരിച്ചീനിയും ചോറും ചേർത്ത് 4 കപ്പ യായിട്ടാണ് എഴുതിയിരിക്കുന്നത്)
ഹാമൂർ ഫ്രൈ / കലവ – ₹ 450
ബീഫ് – ₹ 100
പെറോട്ട – 13 x ₹ 10 – ₹ 130 (ബില്ലിൽ അപ്പമെന്നാണ് എഴുതിയിരിക്കുന്നത്, വലിയ പെറോട്ടയാണ്)
ആകെ – ₹ 1440
ആക്രാന്തപ്പെട്ട് വാങ്ങിച്ചതാണ്. പെറോട്ടയും ബീഫും രാത്രിയലത്തേക്കും ബാക്കിയുള്ളതൊക്കെ ഉച്ചയ്ക്കുമാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും ഉച്ചയ്ക്കത്തെ ബാക്കി വന്നത് അടുത്ത ദിവസമായിട്ടൊക്കെയാണ് തീർത്തത്. വയർ നിറഞ്ഞതാണ് പ്രശ്നം. രുചി എന്ത് പറയാൻ; ഏതെങ്കിലും ഒന്ന് കൂടുതൽ ശ്രദ്ധിക്കണം പറയാൻ ഒന്നും ഇല്ല. എല്ലാം കിടുക്കാച്ചി എന്ന് പറഞ്ഞാൽ തനി കിടുക്കാച്ചികൾ ആയിരുന്നു.
ഞണ്ടിന്റെ രുചി ഒരു രുചി തന്നെയാണ്. പ്രത്യേകിച്ച് അതിന്റെ അരപ്പ്. ഞണ്ട് പ്രിയർ ഒരിക്കലും നിരാശപ്പെടില്ല. കട്ടായം. ചില സ്ഥലത്തൊക്കെ മുയൽ കഴിച്ച് നിരാശപ്പെട്ടിട്ടുണ്ട്. ഇവിടെ അതിന്റെ പ്രശ്നമേ ഉദിച്ചില്ല. ബീഫും പോത്തും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു. എങ്കിലും ഒരു പൊടിക്ക് ബീഫ് മുന്നിൽ നിന്നു. ഹാമൂറൊക്കെ ഞെരിച്ച് പൊളിച്ച് നിന്നു. ഓർമിപ്പിക്കല്ലേ പൊന്നേ ഇപ്പോഴും വായിൽ ഒരു ലോഡ് കപ്പലോടും. പന്നി പ്രിയർ വച്ചടിച്ചോ ഇങ്ങോട്ടേക്ക് … കിടു എന്ന് പറഞ്ഞാൽ കിടു.
പെറോട്ടയൊക്കെ വലിപ്പം നോക്കി മേടിക്കുന്നതാണ് നല്ലത്. നല്ല വലിപ്പമുള്ള പെറോട്ടയാണ്. രുചിയും കൊള്ളാം. മരിച്ചീനിയും ചോറുമെല്ലാം കൊള്ളാം. ലിസ്റ്റിൽ വിലയിടാത്ത ഒരു ഗ്രേവിയൊണ്ട്. എല്ലാവർക്കും കൊടുക്കുന്നത്. ആ ഗ്രേവി മരിച്ചിനിയുടെ മണ്ടേലൊഴിച്ചങ്ങ് തട്ടണം. കൂട്ടത്തിൽ ഹാമൂറിന്റെ പീസുകളൊക്കെ തിരുകി കയറ്റി അങ്ങ് രുചിക്കണം … എല്ലാം കൂടി ഒരു കോമ്പിനേഷൻ കോമ്പറ്റീഷനാണ് … മുയൽ .. പന്നി … ഹാമൂർ … പോത്ത് … ബീഫ് … അങ്ങനെ കട്ടയ്ക്ക് കട്ട… ആര് മുന്നിൽ എന്ന് പറയാൻ പ്രയാസം. ഒരു കാര്യം ഉറപ്പിച്ച് മാത്രം … എല്ലാത്തിനും മുകളിൽ സംതൃപ്തി ഇങ്ങനെ നിറഞ്ഞ് നില്ക്കും. സംത്യപ്തിയുടെ പുഞ്ചക്കരി
Punchakkari Shap
Punchakkari Road
Phone: 075109 11558
Seating Capacity – 200+
Timings: 8 AM to 8 PM
Google Map:
https://goo.gl/maps/ALSspzcXEH7hrqtdA