ഈ തലക്കെട്ടുമായാണ് കവടിയാർ ടെന്നീസ് ക്ലബ്ബിന് എതിരായി നന്തൻകോട് ദേവസ്വം ബോർഡ് പോകുന്ന വഴിയിൽ തുടക്കത്തിൽ തന്നെ വലത് വശത്തായി ഇമ്പീരിയൽ കിച്ചന്റെ പുതിയ റെസ്റ്റോറൻറ് 2023 ജൂൺ 21 ന് നിലവിൽ വന്നത്.
ശ്രീ അനസ് താഹയുടെ ഉടമസ്ഥതയിൽ 2014 മുതലാണ് ഇമ്പീരിയൽ കിച്ചൻ അതിന്റെ യാത്ര തുടങ്ങിയത്. കവടിയാറല്ലാതെ ഒരു ബ്രാഞ്ച് ഇപ്പോൾ ഉള്ളത് വെൺപാലവട്ടത്താണ്. മുമ്പ് നന്തൻകോഡ് കേസ്റ്റൺ റോഡിൽ സ്റ്റൈൽ പ്ലസിന് അടുത്ത് റെസ്റ്റോറൻറ് ഉണ്ടായിരുന്നു. അവിടെ പാർക്കിംഗ് സംവിധാനത്തിന്റെ കുറവ്, കൂടുതൽ സ്ഥലസൗകര്യം എന്നിവ കണക്കിലെടുത്താണ് പുതിയ സ്ഥലത്തോട്ട് മാറിയത്.
കവടിയാറിലെ റെസ്റ്റോറൻറിന് 5 നിലകളാണ്. ഗ്രൗണ്ട് ഫ്ളോറിൽ പാർക്കിംഗ് ഏരിയയാണ്. പ്രത്യേകം ശ്രദ്ധിക്കുക റെസ്റ്റോറൻറിന് മുന്നിൽ പാർക്ക് ചെയ്യാം. ഇതല്ലാതെ റെസ്റ്റോറിന്റെ ഏറ്റവും വലത് വശത്തു കൂടി താഴെ ചെന്നാൽ പാർക്ക് ചെയ്യാൻ നല്ല രീതിയിൽ സ്ഥലം ഉണ്ട്. അവിടെ താഴെയായി ഒരു പാർക്കിംഗ് ഏരിയ ഉണ്ടെന്നുള്ള ഒരു ബോർഡോ അങ്ങനെയുള്ളതൊന്നും ശ്രദ്ധയിൽ പെട്ടില്ല.
ഓരോ നിലകളിൽ പോകാനും ലിഫ്റ്റും ഉണ്ട്. ഒന്നാമത്തെ നില അടുക്കളയോടൊപ്പം Luxe എന്ന ചെറിയൊരു കോഫി ഷോപ്പും ചേർന്നതാണ്. വെയ്റ്റിംഗ് സ്പേസും ഉണ്ട്.
റെസ്റ്റോറന്റിൽ ചെന്ന് കേറുമ്പോൾ തന്നെ വാതിൽ തുറന്ന് വോക്കിടോക്കിയുമായി ഒരാൾ ഉണ്ടാകും. പുള്ളി വോക്കിടോക്കിയിൽ വിളിച്ച് സംസാരിച്ചതനുസരിച്ച് നമ്മളെ മുകളിൽ പറഞ്ഞ ഒന്നാം നിലയിലാണ്, നമ്മളെ ഭക്ഷണം കഴിക്കാനായി പറഞ്ഞ് വിട്ടത്.
ഭക്ഷണം കഴിഞ്ഞ ശേഷം ഈ രണ്ടാം നിലയിൽ എന്താണെന്ന് അറിയാൻ അവിടെയും ഒന്ന് കയറി നോക്കി. ക്രിക്കറ്റിന് പ്രാധാന്യം കൊടുത്തുള്ള ചിത്രങ്ങളൊക്കെ കാണാൻ സാധിച്ചു. ക്രിക്കറ്റ് താരങ്ങളുടെ പടവും മറ്റും കൊണ്ട് ഇവിടെ അലങ്കരിച്ചിട്ടുണ്ട്. യോർക്ക്ഷെയർ ക്രിക്കറ്റ് ക്ലബ്ബ് തീമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും ഇരുന്ന് കഴിക്കാനുള്ള വിശാലമായ സ്ഥലം ഉണ്ട്. ഒന്നാമത്തെ നിലയിലാണ് കൂടുതൽ ആൾക്കാർക്ക് ഇരിക്കാൻ കഴിയുന്നത്.
പുറത്തെ അധികം ചൂടല്ലാത്ത കാലാവസ്ഥ കാരണമായിരിക്കാം ആദ്യത്തെ നിലയിൽ ഇരുന്നപ്പോൾ എനിക്ക് എ.സിയുടെ തണുപ്പ് കുറച്ച് കൂടുതൽ ആയി തോന്നി. എന്നേക്കാൾ കൂടുതൽ തണുപ്പ് ചെറുക്കാനുള്ള ശരീരാവസ്ഥ കാരണം ഭാര്യയ്ക്കും കുട്ടികൾക്കും തണുപ്പ് കൂടുതലായി തോന്നിയില്ല. ഞാൻ ഈ ഫോട്ടോ, വീഡിയോ എടുത്തപ്പോഴൊക്കെ തണുപ്പ് കാരണം കൈ വിറയ്ക്കാതിരിക്കാൻ കുറച്ചൊന്നു പാടുപെട്ടു.
രണ്ടാമത്തെ നില കണ്ടപ്പോൾ അവിടെ ഇരുന്നാൽ കൂടുതൽ സുഖപ്രദമായിരിക്കുമെന്ന് തോന്നി. അവിടെ വാതിലുകൾ തുറന്നിരുന്നു. തണുപ്പും അവിടെ വിഷയമായി തോന്നിയില്ല. അടുത്ത തവണ അവിടെ ഇരിക്കാൻ നോക്കാം.
മൂന്നാമത്തെ നില ഓഫീസ് + ബാങ്കറ്റ് ഹാളാണ്. നാലാമത്തെ നില റൂഫ് ടോപ്പാണ്. അത് തുറക്കാൻ ഒരു മാസമെടുക്കും. തുറന്ന് കഴിഞ്ഞാൽ രാത്രി 2 മണി വരെ കാണും. അങ്ങനെ ഗ്രൗണ്ട് ഫ്ളോർ അടക്കം 5 നിലകളിൽ, 17500 സ്ക്വയർ ഫീറ്റിൽ ഇമ്പീരിയൽ കിച്ചൻ.
ഭക്ഷണാനുഭവം
മെനുവിന്റെ പടങ്ങൾ കൂടി പോസ്റ്റിൽ ചേർക്കാമെന്ന് വച്ചാൽ അമ്പത്-നൂറ് പടങ്ങൾ ഇടേണ്ടി വരും. നാലു മെനു ബുക്കുകൾ ആണ് ആദ്യം അവർ കൊണ്ട് വയ്ക്കുന്നത്.
തായ്, ഇറ്റാലിയൻ, ചൈനീസ് ഭക്ഷണങ്ങളടക്കം വൈവിധ്യമാർന്ന മെനുവാണ് ഇവിടെ ഉള്ളത്. സ്റ്റേക്ക്സിന് വേണ്ടി പ്രത്യേകം മെനു ബുക്കുണ്ട്. തിരുവനന്തപുരം ഇത് വരെ കാണാത്ത സ്റ്റേക്ക്സിന്റെ വൈവിധ്യങ്ങൾ അവിടെ ഉണ്ടെന്നാണ് മാനേജ്മെന്റ് അവകാശപ്പെടുന്നത്.
വൈവിധ്യങ്ങൾ അനേകം ഉണ്ടെങ്കിലും വല്യ പെരുന്നാൾ ദിവസമായത് കൊണ്ടും ബിരിയാണി കൊതിച്ച് വന്നത് കൊണ്ടും നമ്മൾ നേരെ ബിരിയാണിയിലേക്ക് തന്നെ പോയി.
അറയ്ക്കൽ ബീഫ് ബിരിയാണി – ₹ 220
ലക്ക്നൗ ചിക്കൻ ബിരിയാണി – ₹ 240
മട്ടൻ ബിരിയാണി – ₹ 340
ഇവയാണ് പറഞ്ഞത്.
ഒന്നിലും മുട്ട ഇല്ല. അച്ചാർ സാലഡ് എല്ലാത്തിനും ഉണ്ട്. ബീഫിന് സാധാരണ പപ്പടവും, ചിക്കനും മട്ടനും മടക്കി ചുരുട്ടി കുരുമുളകിന്റെ രുചിയൊക്കെ തോന്നിയ ചുട്ടെടുത്ത പോലത്തെ പപ്പടവുമായിരുന്നു.
ചിക്കനും, മട്ടനും ബസുമതി അരിയും, ബീഫിന് കൈമ അരിയുമായിരുന്നു. മൂന്ന് ബിരിയാണികളും വളരെ നല്ല ഒരു അനുഭവമായിരുന്നു. ചോറായാലും മാംസമായാലും എല്ലാം പൊളിച്ചു. അരിയുടെ രുചിയിൽ വ്യക്തിപരമായി കൂടുതൽ ആസ്വദിച്ചത് കൈമയുടെ രുചി ആയിരുന്നു.
അച്ചാർ വീട്ടിലൊക്കെ വയ്ക്കുന്ന രീതിയിൽ പുളിപ്പില്ലാത്ത അച്ചാറായിരുന്നു. വിനാഗരിയുടെ രുചിയും അനുഭവപ്പെട്ടില്ല. സാലഡും വളരെ നല്ലത്.
വാഷ്ബേസിൻ, ടോയ്ലെറ്റ് ഏരിയ മാത്രമല്ല പ്രാർത്ഥനയ്ക്കും, അമ്മമാർക്ക് കുട്ടികൾക്ക് പാലു കൊടുക്കാനും പ്രത്യേകം മുറികളുണ്ട്.
രണ്ട് ചോക്ക്ളേറ്റ്, രണ്ട് വാനില ഐസ്ക്രീം സിംഗൾ സ്ക്കൂപ്പുകൾ കൂടി വാങ്ങി. 80 രൂപ വീതം. അവയും നല്ലതായിരുന്നു. എല്ലാം കൊണ്ടും സംതൃപ്തികരമായ അനുഭവത്തോടെ പടിയിറങ്ങി, വൈവിധ്യങ്ങൾ രുചിക്കാൻ വീണ്ടും ഇവിടെ വരണമെന്ന മനസ്സോടു കൂടി.
Imperial Kitchen
Near Tennis Club
Nanthancode, Kowdiar
0471 2311789/ 2311798/ 6238983010
Current Seating Capacity-190
Current Timings: 12 AM to 11 PM all days
(ബാങ്കറ്റ്, റൂഫ് ടോപ്പ് ഇവ നിലവിൽ വരുമ്പോൾ സീറ്റിംഗ് കപ്പാസിറ്റി, സമയം ഇവയ്ക്ക് മാറ്റം വരും)
https://maps.app.goo.gl/ZdoiV7yPZgc6PxG56?g_st=iw
Imperial Kitchen നെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്