മുക്കാൽ സദ്യയും, ബോളി കൂട്ടിയുള്ള മുഴുവൻ സദ്യയും – പത്മ കഫേ
ട്രാവൻകൂർ ഹാൾ, വേണാട് ഹാൾ, അനന്ത ഹാൾ, കെ.സി.പിള്ളെ മെമ്മോറിയൽ ഹാൾ, വിനായക ഹാൾ, വിനായക അനക്സ്, മന്നം ഹാൾ എന്നിങ്ങനെ ഏഴ് ഹാളുകൾ, ജ്യൂസ് ഷോപ്പ്, കോഫി ഷോപ്പ്, താമസിക്കാനുള്ള 16 എ.സി റൂമുകൾ, രണ്ടു തരം സദ്യകൾ എന്നിവ ചേർന്നതാണ് തിരുവനന്തപുരം പത്മ കഫേ എന്നത് എത്ര പേർക്ക് അറിയാം. വിശദമായുള്ള വിവരങ്ങളും നമ്മുടെ സദ്യ അനുഭവവും താഴെ വായിക്കാവുന്നതാണ്. വായിക്കാൻ ബുദ്ധിമുട്ടുള്ളവർ സദയം പടം നോക്കിയാലും കാര്യങ്ങൾ കുറേയൊക്കെ ഗ്രഹിക്കാവുന്നതാണ്. ലൊക്കേഷൻ, പ്രവർത്തന സമയം തുടങ്ങിയവ താഴെ കൊടുത്തിട്ടുണ്ട്.
വീട്ടിൽ വെറുതെയങ്ങനെയിരുന്നപ്പോൾ ഒരു ചിന്ത. പത്മ കഫേയിലോട്ടങ്ങ് പോയാലാ ഇപ്പോൾ ബാലാരിഷ്ടതകളൊക്കെ മാറി കാണും.
എന്തായാലും പോകും മുമ്പ്, ഇന്ന് സദ്യയുണ്ടോന്ന് ഒന്ന് ഫോൺ വിളിച്ച് ചോദിച്ചേക്കാം. എ.ആർ.കെ ഗ്രൂപ്പിലെ അവരുടെ പരസ്യത്തിൽ തപ്പി ആ ലാൻഡ് ഫോൺ നമ്പറിലോട്ടൊന്ന് വിളിച്ചു. ഒരു സ്ത്രീയാണ് ഫോണെടുത്തത്. സദ്യയുണ്ടോന്ന് ചോദിച്ചപ്പോൾ സദ്യയുണ്ട്. ഉച്ചയ്ക്ക് 12 മുതലാണെന്നും പറഞ്ഞു.
പായസം ചോദിച്ചപ്പോൾ പറഞ്ഞത് ശർക്കര പായസവും സേമിയയും. ശ്ശെ ശർക്കര പായസമോ അട പ്രഥമനൊന്നും ഇല്ലേ. വേറൊരു ദിവസം പോയാലോ ആ ദിവസം അട റൊട്ടേറ്റ് ചെയ്ത് വരുമായിരിക്കും.. വേണ്ട ഇന്ന് മാറ്റി വച്ചാൽ ഇനി ചിലപ്പോൾ പോകുന്നത് ഒരു വർഷം കഴിഞ്ഞിട്ടായിരിക്കും. പോകാം ശർക്കരയെങ്കിൽ ശർക്കര. ബോളി സാധാരണ ഇല്ലെന്നുള്ള കാര്യം നേരത്തേ അറിയാമായിരുന്നു. എന്നാലും എന്റെ ബോളി….. ഒരു പായ്ക്കറ്റ് പുറത്ത് നിന്ന് വാങ്ങിച്ചോണ്ട് പോയാലോ. 🙂 വേണ്ട മോശം.
YMCA യുടെ മുമ്പിൽ നിന്ന് സെക്രട്ടറിയേറ്റ് പോകുമ്പോൾ ഇടതു വശത്തുള്ള 1934 ൽ സ്ഥാപിതമായ ദി ട്രിവാൻഡ്രം ഹോട്ടൽ. 2024 ഏപ്രിൽ നാലു മുതൽ NSS ന്റെ പത്മ കഫേ.
ഇത് പത്മ കഫേയുടെ ഏഴാമത് സംരംഭമാണ്. മൂന്ന് നിലകളായിട്ടാണ്.
Ground Floor – ഏറ്റവും താഴത്തെ നിലയിലെ ട്രാവൻകൂർ ഹാളിൽ 56 പേർക്ക് ഇരിക്കാം, വേണാട് ഹാളിൽ 28 പേർക്കും. ഇത് രണ്ടും എ.സി ഹാളുകളാണ്. പ്രത്യേകിച്ച് ബുക്കിംഗ് ഒന്നും ഈ രണ്ടു ഹാളുകൾക്കും ആവശ്യമില്ല. ആളൊഴിവ് അനുസരിച്ച് ഇരിക്കാം.
താഴത്തെ നിലയിൽ തന്നെ ഇടതുവശത്തായി 18 പേർക്ക് ഇരിക്കാവുന്ന കോഫി ഷോപ്പും വലതു വശത്തായി 14 പേർക്ക് ഇരിക്കാവുന്ന ജ്യൂസ് ഷോപ്പും ഉണ്ട്.
First Floor – മുകളിലത്തെ നിലയിൽ മുൻകൂട്ടി ബുക്ക് ചെയ്ത് ആഹാരം കഴിക്കാവുന്ന രണ്ടു ഹാളുകൾ. ഒന്ന് വിനായക ഹാൾ, എ.സി യാണ് 54 പേർക്ക് ഇരിക്കാം. പിന്നൊന്ന് വിനായക അനക്സ്. നോൺ എ.സി യാണ് 27 പേർക്ക് ഇരിക്കാം.
വിനായക ഹാൾ മാത്രമായി ബുക്ക് ചെയ്യുന്നവർക്ക് ₹ 3000 + 18%GST യാണ് നിരക്ക്.
ഒന്നാമത്തെ നിലയിൽ തന്നെ ബോർഡ് മീറ്റിംഗ് തുടങ്ങിയവ സൗകര്യം പ്രമാണിച്ച് റൗണ്ട് ടേബിളൊക്കെ ആയിട്ട് 25 പേർക്ക് ഇരിക്കാവുന്ന ബോർഡ് റൂം ഉണ്ട് – അനന്ത ഹാൾ. ₹ 2000 + 18%GST യാണ് നിരക്ക്. സ്നാക്ക്സ്, ചായ തുടങ്ങിയ ലഘുവായുള്ള ഭക്ഷണം ഇവിടെ ആവശ്യാനുസരണം നൽകുന്നതാണ്.
ഒന്നാമത്തെ നിലയിൽ തന്നെ ബോർഡ് മീറ്റിംഗ് തുടങ്ങിയവ സൗകര്യം പ്രമാണിച്ച് റൗണ്ട് ടേബിളൊക്കെ ആയിട്ട് 25 പേർക്ക് ഇരിക്കാവുന്ന ബോർഡ് റൂം ഉണ്ട് – അനന്ത ഹാൾ. ₹ 2000 + 18%GST യാണ് നിരക്ക്. സ്നാക്ക്സ്, ചായ തുടങ്ങിയ ലഘുവായുള്ള ഭക്ഷണം ഇവിടെ ആവശ്യാനുസരണം നൽകുന്നതാണ്.
ഇതേ നിലയിൽ തന്നെ 70/75 പേർക്ക് ഇരിക്കാവുന്ന കെ.സി.പിള്ളെ മെമ്മോറിയൽ ഹാളും ഉണ്ട്. ₹ 3000 + 18% GST യാണ് നിരക്ക്.
ലോഡ്ജിംഗ് സൗകര്യം – ഒന്നാമത്തെ നിലയിൽ, താമസിക്കാനുള്ള 16 എ.സി മുറികളും ഉണ്ട്.
Second Floor – ഏറ്റവും മുകളിലത്തെ നിലയിൽ മന്നം ഹാൾ ഓഡിറ്റോറിയം. 150 പേർക്ക് ഇവിടെ ഇരിക്കാം. ₹ 6000 + 18% GST യാണ് നിരക്ക്.
ബോർഡ് റൂം, കെ.സി.പിള്ളെ മെമോറ്റിയൽ ഹാൾ, മന്നം ഹാൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഭക്ഷണത്തിനായി സൗജന്യമായി ഒന്നാം നിലയിലുള്ള വിനായക ഹാളും വിനായക അനക്സും ഉപയോഗിക്കാവുന്നതാണ്.
സദ്യ അനുഭവം
പത്മ കഫേയുടെ അകത്ത് പരമാവധി 5 കാറുകൾക്ക് പാർക്ക് ചെയ്യാം. അവിടം കാറുകളാൽ നിറഞ്ഞിരുന്നു. ഒന്ന് സ്റ്റ്യാച്ചുവിൽ നിന്ന് കറങ്ങി വന്ന്, റോഡിനരികത്തായി പാർക്ക് ചെയ്തിരിക്കുന്ന അനവധി വണ്ടികളുടെ കൂട്ടത്തിൽ, നമ്മുടെ വണ്ടിയുമിട്ട് നേരെ പത്മ കഫേയിലോട്ട്.
സദ്യ കഴിക്കാൻ കൂപ്പൺ എടുക്കണം. നാലു സദ്യ. ഒരെണ്ണം 160 രൂപ വച്ച്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നമ്മൾ പോയത്. ഈ മാസം, അതായത് 2024 ഒക്ടോബർ 1 മുതൽ 200 രൂപയാണ് വില.
മുമ്പിൽ സോഫയിൽ ഭാര്യയെയും കുട്ടികളെയും ഇരുത്തി താഴത്തെ നിലയിൽ നേരെ മുന്നിലായുള്ള ട്രാവൻകൂർ ഹാളിൽ കേറി ഞാൻ നോക്കി. 56 പേർക്ക് ഇരിക്കാവുന്ന ആ ഹാളിൽ മേശയൊന്നും ഒഴിവില്ല. ഒരു കാൽ എടുത്ത് വച്ചാൽ വലതു വശത്തുള്ള വിനായക ഹാളിൽ ഒഴിവുണ്ടെങ്കിൽ പോയി കഴിക്കാം. അങ്ങനെയൊരു ഹാൾ അവിടെയുള്ള കാര്യം എനിക്കപ്പോൾ അറിയില്ലായിരുന്നു.
ഇടയ്ക്കിടയ്ക്ക് ഹാളിൽ മേശ ഒഴിവുണ്ടോന്ന് പോയി നോക്കും. അധികം നോക്കേണ്ടി വന്നില്ല. നാലു പേർക്ക് ഇരിക്കാവുന്ന ഒരു മേശ ഒഴിവായി കിട്ടി.
ഇലയിൽ വിഭവങ്ങൾ നിറഞ്ഞ് തുടങ്ങി. ചിപ്സ്, മുളക് കൊണ്ടാട്ടം, ഉപ്പ്. ഇഞ്ചി, നാരങ്ങ അച്ചാറുകൾ, നെല്ലിക്ക കിച്ചടി, ബീറ്റ് റൂട്ട് കിച്ചടി, പൈനാപ്പിൾ കിച്ചടി, പയർ തോരൻ, അവിയൽ, കൂട്ടു കറി, ഓലൻ, കട്ട ചമ്മന്തി, മരിച്ചിനിയും അതിന്റെ കൂടെ മുളക് കറിയും, പിന്നെ ചമ്പാവരി ചോറും പരിപ്പും പപ്പടവും.
സദ്യയിൽ തുടക്കത്തിൽ മധുരമായി കടന്ന് വരുന്ന ഉപ്പേരി അഥവാ ശർക്കര വരട്ടി വിളമ്പുന്നില്ല. ഊണും മറ്റു കറികളും വിളമ്പും മുമ്പ് വിശപ്പിന്റെ ആധിക്യം കൂടുതലുള്ളവർക്ക് കഴിക്കാനാണീ ചിപ്സും ഉപ്പേരിയുമെന്നാണ് വയ്പ് എനിക്ക് ഇതിന്റെ കാര്യത്തിൽ അങ്ങനെ ഓർഡറൊന്നുമില്ല. തോന്നുമ്പോൾ എടുത്ത് രണ്ട് കടി കടിക്കും. ചിലപ്പോൾ അത് അവസാനവുമാകാം. എന്തായാലും ഇലയിൽ വച്ചിട്ട് പോയ ചരിത്രമില്ല. എന്തായാലും ഉപ്പേരി എന്നെ സംബന്ധിച്ച് ഒരു കുറവായി തോന്നിയില്ല.
അടുത്തതായി പതിവ് പോലെ ഒരറ്റത്ത് നിന്ന് ഓരോ കറികളായി രുചിക്കാൻ തുടങ്ങി. ആദ്യം ഇഞ്ചി അച്ചാർ, പിന്നെ നാരങ്ങ അച്ചാർ അങ്ങനങ്ങനെ. പിന്നെ മാങ്ങ അച്ചാർ ഇല്ല കേട്ടോ. രണ്ട് അച്ചാറാണ് ഈ സദ്യയിൽ ഉള്ളത്.
വേറൊരു കാര്യം കൂടി. ഈ ഓരോ കറികളായി രുചിക്കുന്നത് എന്റെ ഒരു പതിവാണ്. ഞാൻ അത് നല്ല രീതിയിൽ ആസ്വദിക്കുന്നുമുണ്ട്. ചിലർക്ക് എല്ലാം കൂടി കുഴച്ച് കഴിക്കുന്നതായിരിക്കും കൂടുതൽ ഇഷ്ടം. കുഴച്ച് കഴിക്കട്ടെ. അതിനെന്താ അത് വേറൊരു ആസ്വദനം. ഇത്രയും പറയാൻ കാര്യം ചിലർ വേവലാതി പെടുന്നത് കണ്ടിട്ടുണ്ട്, അവർ ഇങ്ങനെ കഴിക്കുന്നു, അങ്ങനെ കഴിക്കുന്നു എന്നൊക്കെ പറഞ്ഞു. അതൊക്കെ ഓരോരത്തരുടെ ഇഷ്ടമല്ലേ, ശീലങ്ങളും. അത് കൊണ്ട് മറ്റുള്ളവർക്കാർക്കും ഉപദ്രവമൊന്നുമില്ലല്ലോ. അവർക്ക് അത് ആസ്വദിക്കാൻ കഴിയുന്നുണ്ടല്ലോ. അതാണ് കാര്യം.
ഓരോന്നായി ഓരോ കറികൾ രുചിച്ച ശേഷം ചിലതൊക്കെ ഞാൻ മിക്സ് ചെയ്ത് കുഴച്ചും കഴിക്കാറുണ്ട്, ചിലപ്പോൾ എല്ലാം കൂടിയും. അത് വേറൊരു രുചി. ഒരു റൗണ്ട് കഴിഞ്ഞ് ഭാര്യയോട് ഞാൻ ചോദിച്ചു, എങ്ങനെയുണ്ട്. എന്റെ അതേ അഭിപ്രായം. ഒരു കുറവും പറയാനില്ല. സംഭവം പൊളി. ഞാൻ പറഞ്ഞു, മുഴുവൻ പറയാൻ വരട്ടെ. ഇനി സാമ്പാറും രാജാക്കന്മാരും വരാനുണ്ട്.
കൂട്ടത്തിൽ ചില കാര്യങ്ങൾ പ്രത്യേകം എടുത്ത് പറയാനുണ്ട്. സദ്യയിൽ കട്ട ചമ്മന്തി ചിലയിടത്തൊക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ നെല്ലിക്ക കിച്ചടിയും മരിച്ചിനിയും അതിന്റെ കൂടെയുള്ള മുളക് കറിയും സദ്യയിൽ ആദ്യമായിട്ടാണ് ഞാൻ കഴിക്കുന്നത്. നെല്ലിക്ക കിച്ചടി വളരെ ഇഷ്ടപ്പെട്ടു. നെല്ലിക്ക കിച്ചടിയെന്നല്ല എല്ലാം സൂപ്പറാണ്. മരിച്ചിനി കണ്ടപ്പോൾ ആദ്യം ഞാൻ വിചാരിച്ചത് സദ്യയിൽ മരിച്ചിനിയോ എന്നുള്ള ഒരു അന്തം വിടൽ രീതിയിലാണ്. പക്ഷേ നമ്മളെ സംബന്ധിച്ച് ഒരു അപാര അനുഭവമായിരുന്നു. ആ മരിച്ചിനിയും, അതിലെ മുളക് കറിയും കൂടി ചേർന്ന് വരുന്നോഴുള്ള ആ എരിവും രുചിയും ഇപ്പോഴും ആലോചിക്കുമ്പോൾ വായിൽ കപ്പലോടും.
അടുത്തതായി സാമ്പാറിന്റെ വരവായി. കുറച്ച് ഒതുക്കി വച്ച ചോറ് അതിനായി എടുത്തു. അതും സൂപ്പർ.
രാജാക്കന്മാർ എന്ന് പറഞ്ഞത് പ്രഥമനും പായസവുമൊക്കെയാണ്. റിസ്പഷനിൽ ഫോൺ വിളിച്ചപ്പോൾ അവർ ശർക്കര പായസമെന്ന് ഉദ്ദേശിച്ചത് അട പായസമായിരുന്നു. അതിലും ശർക്കര ഉണ്ടല്ലോ അതായിരിക്കും 🙂 എന്തായാലും എനിക്ക് ലോട്ടറി അടിച്ചത് പോലെയായി. അട പ്രഥമനൊക്കെ വഴറ്റി നല്ല പരുവത്തിൽ. ഒന്നും പറയണ്ട… ആ സമയം വേറൊരു ലോകത്തായിരുന്നു. ഒരേ ഒരു കുഴപ്പം കണ്ടത് സാധാരണ എല്ലായിടത്തും പ്രഥമനൊക്കെ, പിടിച്ച് ഒഴിക്കുമ്പോൾ, ഇവിടെ ലാവിഷായിട്ടങ്ങ് വിളമ്പുകയാണ്. എന്നിട്ട് വീണ്ടും ചോദിക്കും. ഇനിയും വേണോ എന്ന്. ദയവായി അങ്ങനെയൊന്നും ചോദിക്കരുത്. എങ്ങനെയൊക്ക ആഹാരം കൺട്രോൾ ചെയ്യാമെന്നുള്ള ചിന്തയുണ്ടെങ്കിലും കൊതി കൊണ്ട് പിടിവിട്ട് ഇറങ്ങുന്നതാണ് ഇതിനൊക്കെ. അതിന്റെ കൂട്ടത്തിൽ ഇത്തരം ചോദ്യങ്ങളും കൂടി ആയാൽ വേണ്ട വേണ്ട, നഹി എന്ന് പറഞ്ഞാൽ നഹി.
അല്ല ഞാനാലോചിക്കുന്നത് അതല്ല. ഞാൻ കണ്ടിട്ടുള്ളതിൽ മലയാളികളിൽ ഭൂരിപക്ഷവും ഈ പഴം പ്രഥമനിൽ ഞവടിയുള്ള പരിപാടിയാണ് കണ്ടിട്ടുളളത്. ചിലർക്ക് പപ്പടവും. ചൂട്, ശീലം ഓരോരത്തരുടെ ആസ്വദനം ഇതൊക്കെയാണ് ഇതിന് പുറകിലുള്ള കാരണങ്ങളായി പറയുന്നത്. ഞാൻ പണ്ട് മുതലേ ഈ ഞവുടൽ പരിപാടി ഇല്ല. എനിക്ക് അല്ലാതെ കഴിക്കുന്നതാണ് ഇഷ്ടം. എന്ന് വച്ച് പഴം ഞാൻ ഉപേക്ഷിക്കാറില്ല. ദഹനത്തിന്റെ പ്രക്രിയയായി ഏറ്റവും അവസാനം ഇതെടുത്ത് കഴിച്ചങ്ങ് ഇറങ്ങും. എങ്കിലും എനിക്ക് പഴം നിർബന്ധമില്ല. ഭാര്യ സദ്യയുടെ കൂടെ പഴം പണ്ടേ കഴിക്കാറില്ല. കുട്ടികളും പലപ്പോഴും ഇത് കഴിക്കില്ല. വയറ് നിറഞ്ഞ് പോയെന്നാണ് കാരണം പറയാറ്. പക്ഷേ ഈ പഴം ഞവിടി അഥവാ പഴം ചേർത്ത് പ്രഥമൻ കഴിക്കുന്നവർ എന്ത് ചെയ്യും. കാരണം ഇവിടെ പഴം ഇല്ല. മിക്കവാറും ഈ കാരണത്താൽ പഴം നിർബന്ധമുള്ളവർ നിരാശരാകാൻ സാധ്യത ഇല്ലാതില്ല.
അടുത്തതായി വെർമസിലി പായസം ഇങ്ങെത്തി. രാജാവിന് കൂട്ടായി രാജ്ഞി വരുന്നത് പോലെ വെർമസിലി, പാലട തുടങ്ങിയവയിൽ തിരുവനന്തപുരത്തുകാർക്ക് നിതാന്ത സാന്നിധ്യമായ ബോളി ഇല്ല. എങ്കിലും വെർമസിലിയുടെ മാധുര്യവും രുചിയും വളരെ മികച്ചതായിരുന്നു.
ഇപ്പോൾ കണ്ടു വരുന്ന ഒരു ഫാഷനുണ്ട്. കല്യാണ ഹാളിൽ സ്ഥിരം കാണുന്നതാണ്. ഞാനിത് പറയുമ്പോൾ ചിലർക്ക് ഇത് ഇഷ്ടപ്പെടണമെന്നില്ല. എങ്കിലും പറയുകയാണ്. എല്ലാവരെയും ഇഷ്ടപ്പെടുത്തി എല്ലാം പറയാൻ പറ്റില്ലല്ലോ. സദ്യയുടെ അവസാനം ഈ പുളിശ്ശേരി, രസം, മോരൊന്നും കഴിക്കാതെ ഒരു ബഹിഷ്ക്കരണമെന്ന രീതിയിൽ ഒരു ഇറങ്ങി പോക്കുണ്ട്. ഇതെല്ലാം കൂടി ആകുമ്പോഴല്ലേ സദ്യ. ദഹനം സുഗമമാകുന്നതിന് അതിനും ഒരു പങ്കുണ്ട്. ഓരോരത്തരുടെ ഇഷ്ടം അല്ലേ എന്തു പറയാൻ. എന്തായാലും ഞാൻ പുളിശ്ശേരി, രസം മോരൊന്നും വിട്ടു കളയാറില്ല. ഇവിടെന്ന് കഴിച്ച പുളിശ്ശേരിയാകട്ടെ രസമാകട്ടെ മോരാകട്ടെ ഒരു കുറ്റവും പറയാനില്ല. മോരിൽ മുളക് കൊണ്ടാട്ടമൊക്കെ ഞെരടി കഴിക്കുമ്പോഴുള്ള ഒരു സുഖമുണ്ട്. എല്ലാം വളരെ തൃപ്തിപ്പെട്ടു.
ബോളിയില്ലാത്തത് കൊണ്ട് തിരുവനന്തപുരത്ത് പലരും ഇത് ഒരു മുഴുവൻ സദ്യയായി കാണണമെന്നില്ല. ഒരു മുക്കാൽ സദ്യയായി തോന്നാം. കാരണം ബോളിയില്ലെങ്കിൽ നമ്മുടെ പതിവനുസരിച്ച് എന്ത് സദ്യയെന്ന് പലർക്കും തോന്നിയിട്ടുണ്ടെങ്കിൽ അതിൽ അതിശയപ്പെടാനില്ല. ശീലം അതാണല്ലോ. എനിക്കും കേട്ടപ്പോൾ അങ്ങനെ തോന്നിയെങ്കിലും കഴിച്ച് എണീറ്റപ്പോൾ ബാക്കിയെല്ലാം വളരെ നല്ലതായിരുന്നതിനാൽ ബോളിയുടെ കാര്യം വലിയൊരു കുറവായി തോന്നിയില്ല. ബോളി ഉണ്ടെങ്കിൽ കൊള്ളാമെന്ന് തോന്നി എന്ന് മാത്രം. നൈസായിട്ട് അതിനെയങ്ങ് മറന്ന് കളഞ്ഞു.
ഇനി ബോളി വേണോ, പഴം തുടങ്ങിയവ വേണോ. അതും ഇവിടെ ഉണ്ട്. ഒരു ദിവസം മുൻപെങ്കിലും മുൻകൂട്ടി പറഞ്ഞ് ബുക്ക് ചെയ്തിട്ട് വരണമെന്ന് മാത്രം. ഉപ്പേരി, പഴം, ബോളി, ഒരു അച്ചാർ കൂടി വരും. ബോളി ഇഷ്ടപ്പെടുന്നവരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മുഴുവൻ സദ്യയായി. പ്രഥമൻ, പായസത്തിന്റെ എണ്ണമൊക്കെ പഴയത് തന്നെ. വേറെ മാറ്റമൊന്നുമില്ല. ഇപ്പോഴത്തെ വില ₹ 300. വരുന്ന ആളുകൾക്ക് മിനിമം പരിധിയൊന്നുമില്ല. ഒരാൾക്കായിട്ട് വേണമെങ്കിലും കഴിക്കാൻ വരാം. മുൻകൂട്ടി പറയണമെന്ന് മാത്രം. എങ്കിൽ മാത്രമേ അവർക്ക് ബോളി തുടങ്ങിയവ ഒരുക്കാൻ ഉള്ള സൗകര്യം ലഭിക്കുകയുള്ളു.
കുറ്റവും കുറവുകളും വന്നാലും അതൊക്കെ പരിഹരിക്കപ്പെടാൻ ഇവിടെ സാധ്യത കൂടുതലാണ്. കാരണം കാര്യങ്ങൾ നന്നായി പോകുന്നോ ഇല്ലയോ എന്ന് നോക്കാൻ ഇവിടെ ആളുകളുണ്ട് എന്നത് തന്നെ. കഴിച്ച് തുടങ്ങിയപ്പോൾ തന്നെ ശ്രദ്ധിച്ചത്, എല്ലാ മേശമേലും ആളുകളുടെയടുത്ത് കഴിച്ചതിന്റെ അഭിപ്രായം അന്വേഷിച്ച് ചെല്ലുന്ന, ഒരു കാരണവരെ പോലെ തോന്നിച്ച വെള്ള ഷർട്ടും വെള്ള മുണ്ടും ഒരു ഷാളും ധരിച്ച് അതു പോലെ തലയിലും താടിരോമങ്ങളിലും വെള്ള സമൃദ്ധമാക്കിയ മനുഷ്യനെയാണ്.
നമ്മുടെ അടുത്ത് വരാൻ മാത്രം ഒരു മന്ദത. ഒരു പക്ഷേ മസില് പിടിച്ച എന്റെ മുഖമായിരിക്കുമോ ഒരുപാട് പേര് എന്നെ പറ്റി അങ്ങനെ തെറ്റിദ്ധരിച്ചിട്ടുള്ളത് പിന്നെ പറഞ്ഞിട്ടുണ്ട്. ഒരു സംസാരത്തിൽ അങ്ങ് മാറാവുന്നതേയുള്ളൂ. പക്ഷേ സംസാരിക്കാൻ സാധിച്ചേക്കുമോ എന്ന് എനിക്ക് ഒരു ഭയം. നമ്മൾ കഴിച്ച് തീരും മുമ്പ് ആളങ്ങ് പോയാലോ. ഇങ്ങനെയുള്ള ഒരാൾ ഇവിടുള്ളതായി ഞാനറിഞ്ഞത് കൊണ്ട് ആളെ ഞാൻ ഊഹിച്ചെടുത്തതാണ്. കാരണം എത്രയോ വർഷങ്ങൾക്ക് മുമ്പ് കണ്ട ആ മുഖം ക്ലീൻ ഷേവായിരുന്ന ചെറുപ്പക്കാരന്റെ മുഖമായിരുന്നു. താടിവച്ച് കണ്ടത് ഇതാദ്യം. ഇരുപ്പത്തിരണ്ട് വർഷം ഞാൻ എൽ.ഐ.സി ലക്ഷ്മി നഗറിലായിരുന്നു താമസം. ഇപ്പോഴും ആ വീടുമായിട്ടും അവിടത്തെ സൗഹൃദങ്ങളമായിട്ടുള്ള കണക്ഷൻ പോയിട്ടില്ല. ആ സ്ഥലത്തെ കൗൺസിലറായിരുന്ന മാലിയെന്ന് അറിയപ്പെടുന്ന ശ്രീ വിനോദ്കുമാറാണ് അദ്ദേഹം. ഇടതും വലതും നോക്കാതെ ജനങ്ങളുടെ ഇടയിൽ അവരുടെ എല്ലാ കാര്യത്തിലും സജീവമായി ഇടപ്പെട്ടിരുന്ന വ്യക്തി പ്രഭാവം കൊണ്ട് ഞാൻ ഇഷ്ടപ്പെട്ടിരുന്ന ജനപ്രതിനിധി. എന്നെ അറിയില്ലെങ്കിലും എനിക്ക് വർഷളായി അറിയാവുന്ന ഒരാൾ.
ആ വ്യക്തി പ്രഭാവവും ലാളിത്യവും ഇപ്പോഴും കൈവിടാതെ കൂടെ കൊണ്ട് നടക്കുന്ന ആൾ തന്നെയാണെന്ന് പിന്നെ സംസാരിച്ചപ്പോൾ മനസ്സിലായി. സദ്യ കഴിച്ച് തീരും മുൻപേ നമ്മുടെ മേശയ്ക്കരികിലും എത്തിയിരുന്നു അഭിപ്രായങ്ങൾ അറിയാൻ. സദ്യ കഴിച്ച് കഴിഞ്ഞും അദ്ദേഹവുമായി വിശദമായി സംസാരിച്ചാണ് ഞാനവിടെ നിന്ന് ഇറങ്ങിയത്. മാനേജർ തുടങ്ങിയവരെ അദ്ദേഹം പരിചയപ്പെടുത്തി തന്നു.
അവരോടെല്ലാം സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഒരു ജോലിയേക്കാൾ ഉപരി സ്വന്തം സ്ഥാപനത്തോടെന്ന പോലെയുള്ള ഒരു പ്രതിബദ്ധത അവർക്കെല്ലാം തന്നെ പദ്മ കഫേയോടുണ്ട് എന്നതാണ്. ഒരു പക്ഷേ അവരെല്ലാം തന്നെ എൻ.എസ്.എസ് എന്ന സംഘടനയുടെ കുടക്കീഴിൽ ആയത് കൊണ്ടായിരിക്കണം.
അപ്പോഴത്തെ നിരക്കായ സദ്യയുടെ വില 160 എന്നത് നോക്കുമ്പോൾ ലാഭം എന്നത് ഒരു വിഷയമാണെന്നും റേറ്റ് പിന്നെ മാറുമെന്നും അന്ന് സൂചിപ്പിച്ചിരുന്നു. ലാഭം സംഘടന എടുക്കില്ലെന്നും പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി ചെലവിടുകയാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ഒരു സ്ത്രീ ശാക്തീകരണ സംരംഭം എന്നത് പത്മ കഫേയൊടൊപ്പം വച്ചിട്ടുള്ളത് വെറുതെയല്ല. വനിതകളെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ട് എൻ.എസ്.എസ് ആരംഭിച്ചതാണ് പത്മ കഫെകൾ. ഇപ്പോൾ എൻഎസ്എസിൽ 20,000 വനിതാ സ്വയംസഹായ സംഘങ്ങളായി 3.75 ലക്ഷം വനിതാ അംഗങ്ങൾ ഉണ്ട്.
ഇവിടെ 95% ജീവനക്കാരും സ്ത്രീ ജനങ്ങൾ തന്നെ. നമ്മൾ പോയപ്പോൾ സദ്യയ്ക്ക് ക്ലീനിംഗും വിളമ്പലുമെല്ലാം സ്ത്രീകളായിരുന്നു. അഭിനയിക്കുന്നത് അറിയാൻ കഴിയും. ഇതങ്ങനെയല്ല ഹൃദയത്തിൽ നിന്ന് തന്നെയുള്ള നല്ല പെരുമാറ്റവും സംസാരവും ആയിരുന്നു. സർവീസ് എല്ലാം ഭക്ഷണം പോലെ തന്നെ മികച്ചതായിരുന്നു.
ഇവിടെ സദ്യ മാത്രമല്ല വേറെയും വിഭവങ്ങൾ ഉണ്ട്. സമയക്രമം ഞാൻ ഏറ്റവും താഴെയായി കൊടുത്തിട്ടുണ്ട്. പിന്നെ മീൻ, ഇറച്ചി തുടങ്ങിയവ ഇവിടെ പ്രതീക്ഷിക്കേണ്ട. കാരണം ഇത് ഒരു ശുദ്ധ സസ്യ ഭോജനശാലയാണ്.
സ്ഥിരത എവിടെയും നമുക്ക് നൂറ് ശതമാനം പറയാൻ പറ്റില്ല. ആഹാരമാണ്, പ്രത്യേകിച്ച് സദ്യ, ചെറിയൊരു അശ്രദ്ധ മതി തെറ്റുകുറ്റങ്ങൾ ഉണ്ടാകാൻ. പിന്നെ രുചി, വിഭിന്നമായ ശീലമുള്ളവർ ഭക്ഷണപ്രിയരിൽ സ്വാഭാവികമായി ഉണ്ടാകാം. എല്ലാവരും എപ്പോഴും തൃപ്തരാകണമെന്നില്ല. എങ്കിൽ തന്നെയും ഇപ്പോഴുള്ള മികവും മേൽനോട്ടവും പരമാവധി കുറയാതെ കൊണ്ട് പോയാൽ പത്മ കഫെക്ക് നാൾക്ക് നാൾ അഭിവൃദ്ധിയുണ്ടാവുക തന്നെ ചെയ്യും.
https://www.padmacafetrv.com/ – താമസിക്കാനുള്ള റൂമിന്റെ ഫോട്ടോകൾ, വിലകൾ, ബുക്കിംഗ്, ഹാളുകളുടെ ചിത്രങ്ങൾ, മെനു തുടങ്ങിയവ ഈ സൈറ്റിൽ കാണാം
Padma Cafe
Sri Mannath Padmanabhavan Veedhi, YMCA Road, Statue
Thiruvananthapuram
📲 04712334435/36
7012918084
Timings: 7:30 AM to 10 PM
Sadya timings: 11:30 AM to 3:30 PM
Coffee Shop: 6:30 AM to 9:30 PM
Juice Shop: 9 AM to 10:00 PM
https://maps.app.goo.gl/b4hseysq4AkDyJVh8?g_st=iw