Date: 13/09/2018
Location: പേയാട് നിന്ന് തിരുമല പോകുമ്പോൾ ചന്തമുക്കുള്ള ഇടതു വശത്തെ ബസ്റ്റോപ്പിനോട് ചേർന്ന്.
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.
Contact No: 9656256666
രണ്ടാം തവണയാണ് ഈ ഹോട്ടലിനെ പറ്റി റിവ്യൂ ഇടുന്നത്. എന്റെ അറിവിൽ ഫുഡി ഗ്രൂപ്സിൽ ഇതിനെ പറ്റി ആദ്യം റിവ്യൂ ഇടുന്നതും ഞാൻ തന്നെയാണ്.
കുറച്ചു നാൾ ആയി അടഞ്ഞു കിടന്നു. ഹോട്ടലിന്റെ മുന്നിലൂടെ പോകുമ്പോൾ എന്നും നോക്കും എന്താ തുറക്കാത്തത്, നഷ്ടം ആയതു കൊണ്ടാണോ. ശോ നല്ല ഒരു ഹോട്ടൽ ആയിരുന്നു. നമ്പർ കയ്യിലുണ്ടായിരുന്നു, ഒന്ന് വിളിച്ചു ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കവേ അത് വീണ്ടും തുറന്നു കണ്ടു. വീട്ടിൽ ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം രാത്രി പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കിയില്ല. ഉച്ചയ്ക്കത്തെ ചോറ് ഉണ്ട് പക്ഷേ രാത്രി ചോറ് സാധാരണ കഴിക്കാത്തത് കൊണ്ട് വീട്ടിൽ നിന്ന് ഭക്ഷണം തേടി ഇറങ്ങി. നേരെ ചെന്ന് കടയിൽ കയറി, പണ്ടത്തെ ചേട്ടൻ തന്നെ ഇപ്പോഴും, ഓണർ മാറിയിട്ടില്ല.
ചേട്ടൻ കുറച്ചു നാൾ സ്ഥലത്തില്ലായിരുന്നതിനാൽ ആണത്രേ ഹോട്ടൽ തുറക്കാത്തത്. വേറെ കുഴപ്പം ഒന്നുമില്ലായിരുന്നു. ആശ്വാസം.
ദോശ ഉണ്ടായിരുന്നു കഴിക്കാൻ. ബീഫ് കറിയും പറഞ്ഞു. ഒന്നും പറയണ്ട അടുപ്പിൽ ഉണ്ടാക്കിയതിന്റെ ആ ടേസ്റ്റ് ഹൃദയം കീഴടക്കി കളഞ്ഞു. പഴയ പരിചയം കാരണം ചേട്ടൻ കുറച്ചു ചിക്കൻ തോരൻ ടേസ്റ്റ് ചെയ്യാൻ തന്നു. അത് സത്യം പറഞ്ഞാൽ ബീഫിനേക്കാളും ഇഷ്ടപ്പെട്ടു. ആസ്വദിച്ച് കഴിച്ചു. ചേട്ടന് കാശും കൊടുത്തു കയ്യും കൊടുത്തു ഫോട്ടോയും എടുത്തു ഇറങ്ങി. ആർമാദിച്ചു കിടുന്നുറങ്ങാം.