Hotel AlJaseer | Varkala
Phone-04702600447,9447309074
യാത്രകൾ എന്നും പ്രിയപ്പെട്ടതാണ്.പ്രത്യേകിച്ചും അടുത്ത സുഹൃത്തക്കളോടു ഒപ്പമുള്ള യാത്ര. ഒരു വിധത്തിൽ നോക്കിയാൽ നമ്മൾ എല്ലാവരും ഈ ജീവിത പന്ഥാവിലൂടെയുള്ള ഒരു യാത്രയിൽ ആണെല്ലോ, എവിടെന്നോ വന്നുവെന്നോ എങ്ങോട്ടോ പോകുന്നുവെന്നോ അറിയാത്ത ഒരു യാത്ര.
“ഭക്ഷണ” യാത്രകൾ കൂടുതൽ ആസ്വാദ്യകരമാണ്. ഭക്ഷണത്തോടൊപ്പം തന്നെ ഭക്ഷണത്തിൽ കൂടെ പരിചയപ്പെടുന്ന സുഹൃത്തക്കളും ഹൃദയത്തിൽ അങ്ങനെ നിറഞ്ഞു നിൽക്കും. ഇടവയിൽ പോയി തിരിച്ചു വരുന്നു വഴി വർക്കലയെ പറ്റിയുള്ള കുറേ ചിത്രങ്ങൾ ഇങ്ങനെ കടന്നു പോയി.
ഉദയ മാർത്താണ്ഡപുരം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന വർക്കല എന്ന പേര് കേൾക്കുമ്പോൾ എല്ലാ സാധാരണക്കാരന്റെയും മനസ്സിൽ ആദ്യം വരുന്നത് വർക്കല ബീച്ച് ആണ്. അതോടൊപ്പം മനസിനുള്ളിൽ അങ്കുരിക്കുന്ന തേജോഹരമായ ഉജ്വല വ്യക്തി പ്രഭാവമുള്ള ഒരു രൂപവും – ശ്രീ നാരായണ ഗുരു. ഇന്നും വളരെ പ്രസക്തിയുള്ള “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് മുഴുങ്ങുന്ന ശബ്ദ ധ്വനികളിലൂടെ കേരളത്തെ പിടിച്ചു കുലുക്കിയ നവോത്ഥാന നായകരിൽ ഒരാൾ; ദൈവത്തിന്റെ പ്രതിപുരുഷനോ എന്ന് തോന്നിക്കുന്ന രീതിയിൽ ആത്മീയ പ്രഭാവമായി ഇന്നും ജന കോടികളിലൂടെ ജീവിക്കുന്ന ഒരു വ്യക്തിയുടെ ഭൗതിക ശരീരം ഉറങ്ങുന്ന ശിവഗിരിയുടെ മണ്ണ്. ബലിതർപ്പണത്തിന്റെ ഒരു പ്രധാന കേന്ദ്രമായ ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന വർക്കലയിലെ കടൽതീരമായ പാപനാശം തീരത്തിന്റെ നാട്.
രണ്ടായിരത്തിലേറെ പഴക്കമുള്ള ജനാർദ്ദനസ്വാമി ക്ഷേത്രം ഇവിടെയാണ്. തിരുവനന്തപുരത്തിന് 40 കിലോമീറ്റർ അകലെയുള്ള വർക്കലയിൽ വന്നാൽ പലരും ഉറപ്പായി സന്ദർശിക്കുന്ന ഒരു കടപ്പുറമാണ് വർക്കല ബീച്ച്. കടലിനോടു ചേർന്ന് കിടക്കുന്ന കുന്നുകൾ ദക്ഷിണ കേരളത്തിൽ ഇവിടെ മാത്രം കാണുന്ന ഒരു പ്രത്യേതക ആണ്. വർക്കല ക്ലിഫ് എന്ന് അറിയപ്പെടുന്ന ഇവ ഒരു geo-heritage ആയി സ്ഥാനം പിടിച്ചിട്ടുണ്ട്. പല തവണ ഇവിടം ഈ വർക്കല കടൽപ്പുറം സന്ദർശിച്ചിട്ടുണ്ട്. അവസാന സന്ദർശനത്തിൽ കണ്ട സൂര്യാസ്തമനം ഇപ്പോഴും മനസിലങ്ങനെ അസ്തമിക്കാതെ നിൽക്കുന്നു.
പറവൂരും, കാപ്പിലും, അഞ്ചു തെങ്ങും, വർക്കല ടണലും, മത സൗഹാർദം വിളിച്ചോതുന്ന ക്ഷേത്രങ്ങളും പള്ളികളും എല്ലാം വർക്കലയിൽ എത്തുന്നവരെ സ്വാഗതം അരുളുന്നു. പാലക്കാവു ക്ഷേത്രവും കടുവയിൽ പള്ളിയും ഒരേ മനസ്സോടു കാണുന്ന വർക്കലക്കാർ. അവിടെയുള്ള പലരെയും പരിചയപ്പെട്ടപ്പോൾ അനുഭവപ്പെട്ടത് വളരെ തുറന്നു പെരുമാറുന്ന മസിലു പിടിക്കാത്ത നാട്യങ്ങളില്ലാത്ത സൗഹൃദ മനോഭാവമുള്ള ഹൃദയത്തെ തൊട്ട് അറിയുന്ന ഒരു ജനതയെയാണ്.
ഗൂഗിൾ മാപ്പ് കുറച്ചു വഴി തെറ്റിച്ചെങ്കിലും അവസാനം കറങ്ങി തിരിഞ്ഞു വിചാരിച്ച സ്ഥലത്തു തന്നെ എത്തി. 2 നിലകളിലായാണ് ഇതിന്റെ സ്ഥിതി. താഴെ ഒരു പഴയ കടയെ ഓർമിപ്പിക്കുന്ന അന്തരീക്ഷവും മുകളിൽ എ.സി യോട് കൂടി ഒരു മോഡേൺ സെറ്റപ്പും ആണ് ഇപ്പോൾ ഉള്ളത്. മട്ടണിന്റെ പറുദീസാ എന്ന് അറിഞ്ഞത് കൊണ്ട് മട്ടൺ റോസ്റ് തന്നെ പറഞ്ഞു. പ്രതീക്ഷ തെറ്റിച്ചില്ല നല്ല കിടുക്കാച്ചി മട്ടൺ പീസുകൾ. കൂടെ കഴിച്ച ഒറട്ടിയും, ഇടിയപ്പവും ഗ്രേവിയും എല്ലാം മികച്ചു നിന്നു. പെറോട്ടയും കൊള്ളാം. ലൈം ജ്യൂസും ആസ്വാദ്യകരം, ഒരു കുറ്റവും പറയാനില്ല. മുകളിലത്തെ ആംബിയൻസ് ഇഷ്ടപ്പെട്ടു, നല്ല വൃത്തിയും.
1993 മുതൽ ഈ സ്ഥാപനം ഇവിടെ വർക്കലക്കാരുടെ മനവും കവർന്നു സ്ഥിതി ചെയ്യുന്നു. എന്താണ് ഈ മട്ടന്റെ പിന്നിലെ രഹസ്യം അന്വേഷിച്ചപ്പോൾ ജസീർ എന്ന ചെറുപ്പക്കാരൻ പറഞ്ഞത്, അതെ ഈ ഹോട്ടലിന്റെ ഉടമസ്ഥൻ തന്നെ. മട്ടന്റെ മാംസം വേറെ ഒരിടത്തു നിന്നും അവർ വാങ്ങിക്കുന്നില്ല.അവിടെ തന്നെ സ്വന്തമായിട്ട് അറുക്കുന്നതാണ്.
അത് കൊണ്ട് തന്നെ മായമില്ലാത്ത നല്ല മട്ടൺ പീസുകൾ നമുക്ക് കിട്ടും, വിശ്വസിക്കാം. മട്ടന്റെ എല്ലാ വിധ വക ഭേദങ്ങളും അവിടെ ഉണ്ട് ബ്രെയിൻ, കുടൽ എല്ലാം. അത് പോലെ ഹലാൽ ചിക്കൻ വിഭവങ്ങളും. ഇവിടത്തെ ബിരിയാണിയും അടിപൊളി എന്നാണ് അറിഞ്ഞത്.
അറേബ്യൻ വിഭവങ്ങളായ കുഴിമന്തി, ഷവായി, അൽഫഹാം, ഗ്രിൽഡ് ഐറ്റംസ് എല്ലാം ഇവിടെ ഉണ്ട്. ബീഫ് ഇല്ല. രാവിലെ 7.30 മുതൽ രാത്രി 10 മണി വരെയാണ് സമയം. കല്ലമ്പലത്തു നിന്നു വർക്കല പോകുമ്പോൾ 5 കിലോമീറ്റർ കഴിഞ്ഞു പാലച്ചിറയിൽ നരിക്കൽ മുക്കിൽ റോഡിന്റെ ഇടതു വശത്തായിട്ടാണ് ഈ ഹോട്ടൽ.
ഭക്ഷണരുചികളും സുഹൃത്തുക്കളുമായി വർക്കല മാടി വിളിക്കുന്നു. ഇനിയും നമുക്ക് കാണാം.