ചരിത്രങ്ങളുടെ കഥകളുറങ്ങി കിടക്കുന്ന ചാലത്തെരുവുകൾ. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭ്യമാകുന്ന വ്യാപര സമുച്ചയങ്ങൾ. പൗരാണിക ഗന്ധം പേറുന്ന ഓടിട്ട കെട്ടിടങ്ങൾ. ഇത് പാവപ്പെട്ടവന്റെയും പണക്കാരന്റെയും ചാല.
ഗാന്ധിപാർക്കിൽ നിന്നുള്ള വഴി വരികെയാണെങ്കിൽ ഇടത് വശത്ത് മൂന്നാമത്തെ ഇടവഴി നിസാർ ലൈൻ എന്ന് എല്ലാവർക്കും അറിയാവുന്ന 1970 കളുടെ ഒരു കാലഘട്ടമുണ്ടായിരുന്നു ചാലയ്ക്ക്. ഇപ്പോഴും അതവിടെ മറഞ്ഞ് കിടപ്പുണ്ട്. സരസ്വതി ഫാഷൻ ജ്യൂവലറിയുടെ എതിരെയായി, ഒരു പഴയ തകര ബോർഡിൽ, മങ്ങിയ എഴുത്തുമായി Nizar Hotel എന്നുള്ള ചൂണ്ടു പലകയോട് കൂടി.
Nizar Line ന്റെ അങ്ങേയറ്റം എത്തുന്നതിന് മുമ്പ് ഇടത് വശത്തായി ഈ ലൈനിന് നിസാർ ലൈനെന്ന പേരിന് കാരണഭൂതനായി ഭവിച്ച നിസാർ ഹോട്ടൽ ; ഭൂരിപക്ഷം വരുന്ന ഭക്ഷണപ്രേമികളും മറന്നു. പഴയ പാചകക്കാരുടെ പേരുകളുടെ ഊറ്റവും പേറി,പഴയ രുചിപ്പെരുമയാർന്ന പാചകക്കഥകളുടെതാരാട്ട്പാട്ടുകളും നെഞ്ചിലൊതുക്കി നിസാർ ഉറങ്ങികിടക്കുന്നു.
ചരിത്രത്തേക്കാൾ ഉപരിയായി അല്ലെങ്കിൽ പഴയ കഥകളറിയാത്ത താല്പര്യമില്ലാത്ത ഒരാൾക്ക് വർത്തമാനകാലഘട്ടമാണ് പ്രധാനം. അണ്ണാ ഇപ്പോ എന്തര് കിട്ടും? വായ്ക്ക് രുചിയായിട്ടുള്ള വല്ലോം കിട്ടോ? അതാണ് ചോദ്യം.
ഈ ഹോട്ടൽ ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്, മട്ടൺ വിഭവങ്ങൾ, മട്ടൺ ബിരിയാണി അതിലെ താരമാണ് എന്നറിഞ്ഞ് എത്തിയതായിരുന്നു ഞാൻ. ചെന്നത് വെറുതെയായില്ല. തിരുവനന്തപുരത്ത് ഞാൻ കഴിച്ച മട്ടൺ ബിരിയാണികളിൽ ഏറ്റവും ഇഷ്ടപ്പെട്ട ലിസ്റ്റിൽ ഇതുമെത്തി. മുട്ടയും, പപ്പടവും, അച്ചാറും, സാലഡും എല്ലാം ഉണ്ട് With Unlimited Rice. ഹാ, ആ കൊതിയൂറുന്ന ഓരോ മട്ടൺ പീസുകളും ആ കിടിലോൽക്കിടിലം കൈമ അരിയുടെ ബിരിയാണി ചോറിലങ്ങനെ ചേർത്ത് ചേർത്തങ്ങനെ കഴിക്കണം. അരേ വാ…എന്താണ് ഇതിന്റെ രഹസ്യം ?
പഴമയുടെ കാവൽ വിളക്കായി ഒരാൾ ഇപ്പോഴും അവിടെ ഉണ്ട്. തലശ്ശേരിയുടെ രുചി പെരുമയുമായി മൂത്ത മകൻ നിസാറിന്റെ പേരിൽ 1976 ൽ ഈ ഹോട്ടൽ തുടങ്ങിയ സി എച്ച് ഉമ്മർ ഇക്കയുടെ രണ്ടാമത്തെ മകൻ സമീർ. പിതാവിന്റെയും ജേഷ്ഠ സഹോദരന്റെയും പേരിന് കോട്ടം തട്ടാത്ത രീതിയിലെന്നല്ല ആ പേരുകളെ പ്രോജ്വലിപ്പിക്കുന്ന വിധം പാചകത്തിന്റെ കൈത്തഴുമ്പ് ഏറ്റുന്ന കൈകളുമായി ഇദ്ദേഹം നമ്മളെ കാത്തിരിക്കുന്നു.
രണ്ട് പേർ ഇപ്പോൾ സഹായത്തിനുണ്ടെങ്കിലും മസാലകൂട്ടുകളും പ്രധാന പാചകവും എല്ലാം ഈ കൈകളിൽകൂടി. ബിരിയാണികൾ (മട്ടൺ, ബീഫ്, ചിക്കൻ, കൊഞ്ച്) എല്ലാം വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. സാധാരണ മസാല ചേർക്കാറില്ല. ഇഞ്ചി, പച്ചമുളക്, തക്കാളി, മല്ലിയില, പുതനയില, ഗരംമസാല പട്ട, ഗ്രാമ്പു, ഏലം,സാജീരകം, തുടങ്ങി 12 ഇനം ചേരുവകൾ ചേർന്ന പ്രത്യേകതരം ഗരംമസാല. ഫ്രൈ ചെയ്ത ഉള്ളിയും ചേർക്കും. മസാല ചെറിയ തീയിൽ ദം ചെയ്താണ് എടുക്കുന്നത്.
ഇതൊക്കെ അവിടുത്തെ പ്രത്യേകതയാണ്.
സത്യം പറഞ്ഞാൽ സ്ഥിരം വരുന്ന ലോക്കൽസ് ഒഴിച്ച് പുറമേന്ന് വരുന്ന ആളുകൾ കുറവാണ്. പിന്നെ ചില catering വർക്കുകളും. സോഷ്യൽ മീഡിയിലൊന്നും സജീവമല്ല, താല്പര്യവുമില്ല. ഇങ്ങനെയൊക്കെ അങ്ങ് പോകുന്നുവെന്ന് മാത്രം.
പിന്നെ ഒരു അഭ്യർത്ഥന –
മട്ടൺ പെരുമയിൽ മാത്രം ഇതിനെ ഒതുക്കി കളയരുത്. സമീർ ഭായിയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല രുചിയേറുന്ന മട്ടൺ ഫ്രൈയും, ബീഫ് ഫ്രൈയും ചിക്കനും ബിരിയാണികളും ഊണും എല്ലാം ഇവിടെ ഉണ്ട്. അതൊക്കെ കഴിച്ചിട്ട് എന്റെ അനുഭവം ഇവിടെ പറയാം. കൂടുതൽ പരിചയപ്പെട്ടപ്പോൾ ഇടയ്ക്ക് ഭായി മീൻ കൊണ്ട് കാണിച്ചു. എനിക്ക് ബിരിയാണിക്കിടയിൽ മീൻ പറ്റില്ല. ആ അരപ്പെങ്കിലുമെടുത്ത് ഒന്ന് ടേസ്റ്റ് ചെയ്യാൻ പറഞ്ഞു. അരപ്പെടുത്ത് നാക്കിൽ വച്ചതേയുള്ളു കിടുക്കാച്ചി. പടം ഇട്ടിട്ടുണ്ട്. കാണുമ്പോഴേ അറിയാം അതിന്റെ രുചി.
ഹോട്ടൽ ഇപ്പോൾ രാവിലെ 11.30 (11.30 ക്ക് റെഡി ആകും) മുതൽ വൈകുന്നേരം 4 മണി വരെ മാത്രമേ ഉള്ളു. ഊണ്, ബിരിയാണി, നെയ്ച്ചോറ്, മട്ടൺ, ബീഫ് വിഭവങ്ങൾ, Mutton Head Pepper Stew ഇവയെല്ലാമുണ്ട്. പഴയ രുചിപെരുമയിലോട്ട് വരാൻ കാത്തിരിക്കുന്ന തലശ്ശേരി പലഹാരങ്ങൾ മുഴുവൻ സമയവും സജീവമായാൽ വരും. വരാതിരിക്കില്ല.
പുറത്ത് ഹോട്ടലിന്റെ പേര് ഇല്ല പേരുള്ള ഒരു ബോർഡുള്ളത് അടുക്കളയ്ക്കും ഡൈനിങ്ങിനും ഇടയ്ക്കുള്ള ഒരു മറയായി ഉപയോഗിക്കുന്നു
അപ്പോൾ എന്തു പറയുന്നു ഭക്ഷണ പ്രിയരേ ഒരു ഹോട്ടൽ മരിച്ച് കഴിയുമ്പോൾ അതിനെ വാഴ്ത്തി സ്തുതിക്കണോ? അതോ ജീവിച്ചിരിക്കുമ്പോൾ അതിനെ ലാളിക്കണോ? നിങ്ങൾ തീരുമാനിക്ക്.
Full Mutton Biriyani – ₹ 150 (കഴിച്ചത്)
Full Chicken Biriyani – ₹ 120, Beef Biriyani – ₹ 90 (ചോദിച്ചറിഞ്ഞത്) With Unlimited Rice.
മട്ടൺ ഫ്രൈ, ചാപ്സ്, കറി, നെയ്ച്ചോറ്, ബിരിയാണികൾ, ബീഫ്, ചിക്കൻ എല്ലാ ദിവസവും ഉണ്ട്. എങ്കിലും വിളിച്ച് ഉറപ്പാക്കിയിട്ട് പോകുക.
പഴമയുടെ രുചി തിരിച്ച് കൊണ്ട് വന്ന് നിങ്ങളെയും കാത്തിരിക്കുന്നുണ്ട്.Hotel Nizar…