ചരിത്രത്താളുകൾ തിരഞ്ഞു നോക്കിയാൽ, മണലുകൾ നിറിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു “മണൽക്കാട്” എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ മണക്കാട്. ഇവിടത്തെ രുചികളുടെ കലവറകൾ തേടി പോയാൽ ഈ പേര് മാറ്റി നമുക്ക് രുചിക്കാട് എന്ന് പേര് ഇടേണ്ടി വരും. ഈ രുചികളുടെ നിറവിൽ, മുൻ നിരയിൽ സ്ഥാനം പിടിക്കാൻ അർഹതയുള്ള ഒരു പേരത്രേ ഹോട്ടൽ സീനത്ത്.
35 വർഷത്തോളമായിട്ടുള്ള സേവന പാരമ്പര്യം. ഒരു ഹോട്ടൽ ഓണർ എന്നതിന് ഉപരിയായി ആ വർക്കത്തുള്ള കയ്യ് കൊണ്ട് മട്ടൺ ബിരിയാണികളിൽ തുടങ്ങി പല വിഭവങ്ങളിലും കൈ തെളിയിച്ചു ഭക്ഷണ പ്രേമികളുടെ ഉള്ളം കുളിർപ്പിച്ച എത്രെയും ബഹുമാനപ്പെട്ട ഇബ്രാഹിം ഹാജിയാർ അവർകൾക്കു ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ യുടെ വിനീത നമസ്ക്കാരം.
പുറത്തു നിന്ന് വാങ്ങിക്കാതെ മട്ടൺ സ്വന്തം കടയിൽ തന്നെ അറുത്തു കൊടുക്കുവാനുള്ള നടപടികൾക്ക് മുൻകൈ എടുക്കുവാനും, സ്വന്തമായി വിഭവങ്ങൾ പാചകം ചെയ്തു ഹോട്ടലിന്റെ മുക്കിലും മൂലയിലുമെല്ലാം നിറഞ്ഞ നിന്ന കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. വാർധക്യ സഹജമായ കാരണങ്ങളാൽ ഇപ്പോൾ കാര്യങ്ങൾ അടുത്ത തലമുറയെ ഏല്പിച്ച അദ്ദേഹം കൂടുതൽ സമയവും വിശ്രമത്തിലാണെങ്കിലും എല്ലാ ദിവസവും തന്റെ തട്ടകത്തിൽ തന്റേതായ സമയം കണ്ടെത്തുകയും, അവിടെ ഒരു കാരണവരുടെ സ്ഥാനത്തിരുന്നു രുചി നോക്കുകയും അഭിപ്രായം പറയുകെയും നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന രുചിയുടെ പെരുംതച്ചനായി മാറുന്നത് നേരിൽ കാണേണ്ട ഒരു കാഴ്ച തന്നെയാണ്.
മണക്കാട് കാർത്തിക തിരുനാൾ Girls High സ്കൂളിന് എതിർവശത്തായിയാണ് ആണ് 90 കളിൽ മുതൽ Zeenath ഇപ്പോൾ നില കൊള്ളുന്നത്, മുൻപ് നാലഞ്ച് കടകൾക്കപ്പുറം കുറ്റിക്കാട് ജംഗ്ഷനിലായിരുന്നു.
അങ്ങനെ ഒരു രാത്രി സീനത്തിന്റെ രുചിയും തേടി നമ്മൾ ഇവിടെ എത്തി.മട്ടൺ റോസ്റ് (₹ 150) ആണ് ആദ്യം കൈ വച്ചതു. പൊളി എന്ന് വച്ചാൽ പൊളി.സംഭവം എടിപിടി എന്ന് കാലിയാക്കി. അടുത്ത വിഭവം ആയ ചിക്കൻ ഫ്രൈയിലായി (₹ 130) നമ്മുടെ ശ്രദ്ധ. അതും ഞെരിപ്പ്. കാണാൻ ഒരു ലുക്ക് ഇല്ലെങ്കിലും രുചിയിൽ പെറോട്ടയും കിടു (₹ 8), ഗ്രേവിയും കൊള്ളാം. പിന്നെ ഞാൻ ഒരു കോഫിയും (₹ 15) ഭാര്യ ഒരു ചായയും (₹ 8). ചില സ്ഥലത്തു കഴിക്കാനുള്ളത് നല്ലതായിരിക്കും, ചായ, കാപ്പി തുടങ്ങിയവ അത്ര പോരാതെ വരും. ഇവിടെ അങ്ങനെയെല്ല, നല്ല ഒരു അനുഭവം ആയിരുന്നു, എല്ലാം കൊണ്ടും . അങ്ങനെ തനവും മനവും നിറഞ്ഞാണ് അവിടെന്നു ഇറങ്ങിയത്.