ഇടവാക്കായലിൻ അയൽക്കാരീ
അറബിക്കടലിൻ കളിത്തോഴീ

ശ്രീ പൂവച്ചൽ ഖാദർ എഴുതി ശ്രീ രവീന്ദ്രൻ സംഗീതം നൽകി ദാസേട്ടൻ അനശ്വരമാക്കിയ വരികൾ. ഇടവ എന്ന പ്രദേശത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് ഈ പാട്ടിൽ നിന്നാണ്.

തിരുവനന്തപുരത്തെ പഴയ ചിറയിൻകീഴ് താലൂക്കിലെ (ഇപ്പോൾ വർക്കല താലൂക്ക്) വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗവുമായ ഒരു കൊച്ചു ഗ്രാമം. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തിയാണ് ഇടവ. തിരുവതാംകൂർ ചരിത്രത്തിലോട്ടു കണ്ണോടിച്ചാൽ ഉമയമ്മ മഹാറാണിയുമായി ബന്ധപ്പെട്ടു നാട് കടത്താൻ “ഇടവ കടത്തുക” എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നു. EMS മന്ത്രി സഭയിലെ ആദ്യത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന ശ്രീ ടി.എ മജീദ്, ഗാനമേളകളെ ആധുനികവൽക്കരിച്ച ഇടവ ബഷീറിന്റെയും സ്വദേശം.

ആദ്യ കാലങ്ങളിൽ പത്തേമാരി വഴി മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിൽ എത്തി ചേർന്ന മലയാളികളിൽ കൂടുതലും ഇടവാക്കാരായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളിലും ഇടവ അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.കേരള സർക്കാരിന്റെ അറബിക് ഉറുദു പാഠപുസ്തകങ്ങൾ പ്രിന്റ് ചെയ്തിരുന്നത് ഇടവായിൽ ഉണ്ടായിരുന്ന cms പ്രസ്സിൽ ആയിരുന്നു. ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ മുസ്ലിം സമുദായങ്ങൾ കൂടി പങ്കു വഹിക്കുന്നത് ഇടവയിലെ കറ പുരളാത്ത മത സൗഹാർദത്തെ ആണ് കാണിക്കുന്നത്.

നമ്മൾ ഭക്ഷണ പ്രേമികൾ ഇടവയിൽ അറിഞ്ഞിരിക്കേണ്ട ഒരു കൊച്ചു കടയുണ്ട്. മോഹനൻ ചേട്ടന്റെ പൈനാപ്പിൾ സര്‍ബത്ത് കിട്ടുന്ന കട. ഇടവ റെയിൽവേ ഗേറ്റ് കഴിയേണ്ട, അതിനു തൊട്ടു മുന്നിലായി ഈ കട കാണാം. 60 വർഷമായിട്ടു അത് ഇവിടെ തല ഉയർത്തി നില്കുന്നു,

രുചിയുടെ തകർപ്പൻ പൈനാപ്പിൾ സ്വാദോടു കൂടി. അച്ഛൻ ശിവൻ പിള്ളയിലൂടെ പാരമ്പര്യമായി കിട്ടിയ ഈ സ്വാദു കഴിഞ്ഞ 30 വർഷമായി നിറയുന്നത് മോഹനൻ ചേട്ടന്റെ കൈകളിൽ കൂടിയാണ്. പൈനാപ്പിൾ അഥവാ പുർത്തിച്ചക്ക അല്ലെങ്കിൽ കൈതച്ചക്ക മാത്രമല്ല ഇതിൽ നിറഞ്ഞിരിക്കുന്നത് നല്ല കശുവണ്ടി അരച്ചു ചേർത്തതും ഇതിന്റെ ചേരുവകളിൽ പെടും.

വില വെറും ഒരു ഗ്ലാസിന് 15 രൂപ. എങ്ങനെ മുതലാകും എന്ന് അറിയില്ല. രാവിലെ 8 മണിയോട് കൂടി തുറക്കുന്ന കട രാത്രി 10 മണിയോട് കൂടി അടക്കും, 9 മണി കഴിഞ്ഞു ചെന്നാൽ ഗ്ലാസ്സുകളും കുപ്പികളും പാത്രങ്ങളും കഴുകുന്ന കാഴ്ച്ച കാണാം. അത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്. വൃത്തിയായി ഉള്ള ഐറ്റംസ് മാത്രമേ നമുക്ക് കാണാൻ കഴിയൂ.

അപ്പോൾ ഇടവ എന്ന നാട്ടിൻപുറത്തുകാരി പെണ്ണിനെ അറിയാൻ അവിടെ ചെല്ലുമ്പോൾ മോഹനൻ ചേട്ടന്റെ കടയും സന്ദർശിക്കാൻ മറക്കണ്ട, നമ്മളെയും കാത്തു അവിടെ പൈനാപ്പിൾ സര്‍ബത്ത് ഇരിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here