ഓണത്തിന് ലൈറ്റ് കാണാൻ ഇളയ മകളുമായി ഇറങ്ങിയതാണ് നമ്മൾ. ഈ ലൈറ്റൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന “ഉയർന്ന” ചിന്തകളൊന്നും നമ്മൾക്കില്ല. ലൈറ്റ് അന്നും ഇന്നും ഇഷ്ടം. പ്രത്യേകിച്ച് ഓണത്തിന്, ചുറ്റും മിന്നുന്ന ലൈറ്റും കണ്ടു നടക്കാൻ ഒരു രസം. തിരക്കൊന്നു കുറയാൻ കുറച്ചു വൈകിയാണ് ഇറങ്ങിയത്. സമയം 9:20 കഴിഞ്ഞു, എല്ലാവർക്കും നല്ല വിശപ്പ്. ടാഗോർ തിയേറ്റർ മുതൽ വഴുതയ്ക്കാട് ജംഗ്ഷൻ വരെയൊന്ന് കറങ്ങി. കേറാൻ ഉദ്ദേശിച്ച സ്ഥലത്തു ഭക്ഷണം തീർന്നു. നേരെ ആസാദിലോട്ടു വിട്ടു. ചെന്നു കേറിയപ്പോൾ തന്നെ നാല് സീറ്റുള്ള ഒരു ടേബിൾ കിട്ടിയത് കൊണ്ട് നമ്മൾ രക്ഷപ്പെട്ടു. പുറകേ വന്നവരൊക്കെ കുടുംബമായി അകത്തു നില്പുണ്ടായിരുന്നു. അത്ര തിരക്ക്. ലൈറ്റ് കണ്ടു മടങ്ങുന്നവരാണ്

സപ്ലെയേഴ്സെല്ലാം ഓട്ടത്തിലാണ്. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഓർഡർ എടുക്കാൻ ഒരാൾ എത്തി. മെനുവില്ലെങ്കിലും ഓരോന്നിന്റെയും വില, ക്വാണ്ടിറ്റിയൊക്കെ ചോദിച്ചു അറിഞ്ഞ ശേഷമാണ് ഓർഡർ ചെയ്തു വിലയോ അളവോ പറഞ്ഞു തരുന്നതിൽ മടിയൊന്നും കാണിച്ചില്ല.

ഹോട്ടലിൽ ചെന്നാൽ മെനു കാർഡ് ഇല്ലെങ്കിൽ വിലയൊക്കെ ചോദിക്കുന്നത് നാണക്കേടായി കരുതുന്നവർ ഉണ്ട്. ചില സ്ഥലത്തു ചില സപ്ലെയേഴ്സ് അനിഷ്ടം പ്രകടിപ്പിക്കാറുണ്ട് . ചുരുക്കം ചില സ്ഥലത്തു സന്തോഷത്തോടെ വില പറഞ്ഞു തരികെയും ഇത്ര പേർക്ക് ഹാഫ് എടുത്താലും മതിയാകും എന്നൊക്കെ പറഞ്ഞു മാതൃക കാട്ടുന്ന സപ്ലെയേഴ്സും ഉണ്ട്.

ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ പറഞ്ഞ സാധങ്ങളൊക്കെ ഇങ്ങു എത്തി. തൊപ്പി ദോശ – നമ്മുടെ Ghee roast (₹ 80 ) ആണ് സംഭവം. മോൾക്കു ഇത് തൊപ്പി ദോശ. അവൾക്കു അത് തൊപ്പി പോലെ കാണുമ്പോൾ ഒരു സന്തോഷം. പ്രധാനമായും കാണാനാണ് അത് വാങ്ങിക്കുന്നത് തന്നെ. നമ്മൾ പിന്നെ വറുത്തരച്ച കോഴിയും (₹ 195) പെറോട്ടയും (₹ 12) അരി പത്തിരിയും (₹ 10 ) കൊണ്ടങ്ങു തൃപ്തിപ്പെട്ടു. ഇടയ്ക്ക് നെയ്യ് റോസ്റ്റിലും കൈ വയ്ക്കാൻ മറന്നില്ല.

പലർക്കും പല വിധമാണെല്ലോ ഭക്ഷണ ആസ്വാദനം, എവിടെയൊക്കയോ ആസാദിലെ വറുത്തരച്ച കോഴി അത്ര പോരാ എന്നാണ് വായിച്ചത്‌. നമ്മളെ സംബന്ധിച്ചു എല്ലാം വളരെ ആസ്വദിച്ച് തൃപ്തികരമായാണ് കഴിച്ചത്. ചിക്കനും പെറോട്ടയും പത്തിരിയും ദോശയും എല്ലാം കൊള്ളാം. അവസാനം വാങ്ങിച്ച കാപ്പിയും (₹ 16) ചായയും (₹ 10 ) മാത്രം കുറച്ചു തണുത്തു പോയി. അതെ പറ്റി ചോദിച്ചപ്പോൾ വളരെ മര്യാദയോടെ കൂടി തന്നെ കുറച്ച് പ്രായമുള്ള സപ്ലയർ ചേട്ടൻ പറഞ്ഞത് തിരക്കിൽ പറ്റിപോയതാണ്, ക്ഷമിക്കണമെന്ന് . ആ ആത്മാർത്ഥയോടെയുള്ള സോറി പറച്ചിൽ കേട്ടപ്പോൾ ഉള്ളിലുണ്ടായിരുന്ന ചെറിയ അനിഷ്ടം എങ്ങോ പോയി മറഞ്ഞു . ചേട്ടന് ടിപ്പും കൊടുത്തു ഇറങ്ങി. ഭക്ഷണവും കൊള്ളാം, പെരുമാറ്റവും കൊള്ളാം. ടോട്ടലി ആസാദ് ഇഷ്ടപ്പെട്ടു.

തിരക്ക്‌ കുറഞ്ഞ ആ രാത്രിയിൽ മോളുടെ കുഞ്ഞു കയ്യും പിടിച്ചു നടന്നു. അവളുടെ കണ്ണ് കൂടുതലും കുട്ടി കളിപ്പാട്ടങ്ങളിലായിരുന്നു. പ്രത്യേകിച്ചും ബലൂൺ. പണ്ട് ഒരേ ഒരു ബലൂൺ മാത്രം, ഇപ്പോൾ എത്ര….. പ്ലെയിനും, പീക്കോക്കും, ഡോറയും ബലൂണുകൾ അങ്ങനെയങ്ങു കിടക്കയല്ലേ. എല്ലാം ലൈറ്റ് കണ്ടു മതിയെന്ന് പറഞ്ഞു നടത്തി. വാട്ടർ അതോറിറ്റി ചിൽഡ്രൻസ് പാർക്ക്, മ്യൂസിയം… പലയിടത്തും വാതിലുകൾ അടഞ്ഞു തുടങ്ങി. എങ്കിലും പുറമേ നിന്നൊക്കെ കണ്ടു ആസ്വദിച്ചു. നടന്നു നടന്നു തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എത്തി. തിരിഞ്ഞു നോക്കിയപ്പോൾ ബൾബുകൾ എല്ലായിടത്തും അണഞ്ഞു തുടങ്ങി. കോർപ്പറേഷൻ ഓഫീസ് മാത്രം അങ്ങനെ മിനുങ്ങി നിൽക്കുന്നു. കുറച്ചു നേരം ആവിടെയും നിന്നു. സമയം 12 ആവാറായി. തിരിച്ചു ഇറങ്ങിയപ്പോഴേക്കും അവിടത്തെ ലൈറ്റ് അണഞ്ഞു. അപ്പോഴും എതിരെ ആളുകൾ ലൈറ്റ് കാണാൻ അവിടേക്കു വരുന്നുണ്ടായിരുന്നു. 1 പീകോക്ക്, 1 ഡോറ ബലൂണും വാങ്ങിച്ചു നേരെ വീട്ടിലോട്ടു….

Seating Capacity – 76
Timings 9:30 AM to 10 PM
Azad Restaurant
CV Raman Pillai Rd, Opposite Bharat Petrol Pump, Bakery, Vazhuthacaud, Thiruvananthapuram, Kerala 695014
Phone: 0471 233 6336
https://goo.gl/maps/dmJiwV8ECM7R7hu77

ആസാദിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:

LEAVE A REPLY

Please enter your comment!
Please enter your name here