പന്ത്രണ്ട് വർഷത്തെ പ്രവാസത്തിന് ഒരു ഇടവേള എടുക്കവേ നാട്ടിൽ സ്വന്തമായി ഒരു വ്യവസായം എന്നതായിരുന്നു ശ്രീ സജു ആംബ്രോസിൻ്റെ മനസ്സിൽ. നാട്ടിലെത്തി പല കൂട്ടുകാരേയും കണ്ടു. സ്വതവേ ഭക്ഷണപ്രിയനായിരുന്ന അദ്ദേഹം അവരുമൊത്ത് നല്ല ഭക്ഷണം തേടിയുള്ള യാത്രകളിലായി. ആ ഭക്ഷണാനുഭവങ്ങളിലുണ്ടായ പല നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയുമുണ്ടായി. നല്ല ഭക്ഷണം തേടിയുള്ള കേരളത്തിലെ അങ്ങോളുമിങ്ങോളുമുള്ള ആ യാത്രകളിലെ അനുഭവങ്ങളും ചിന്തകളുമാണ് നല്ല ഭക്ഷണം എല്ലാവരിലും എത്തിക്കുക എന്നതിലോട്ട് വളർന്നത്.
അങ്ങനെ 2018 ആഗസ്റ്റ് മാസം ഒന്നാം തീയതി വെട്ടുകാട് പള്ളിയുടെ പുറകിലായി ആ മനോഹര കടൽ തീരത്ത്, കടലിന് അരികലായി – ഓരത്തായി, കടലോരം എന്ന പേരിൽ ഒരു Sea Food Restuarant ആയി 12 സ്ഥിരം സ്റ്റാഫുകളുമായി പ്രവർത്തനം തുടങ്ങി.
വ്യത്സതതയും ശുദ്ധതയും കടലോരത്തിന് ഒരുപാട് ഭക്ഷണപ്രിയരെ നല്കി. ശ്രീ സീതാറാം യച്ചൂരി മുതൽ രാഷ്ട്രീയ സാംസ്ക്കാരിക തലത്തിലും, സീരിയൽ, സിനിമാതാരങ്ങളും, കൈരളി ഏഷ്യാനെറ്റ് ജീവിൻ ടി.വി മാധ്യമങ്ങളിലെ എം.ഡി മാർ സംഗമിച്ചതുമെല്ലാം ഇവിടത്തെ ഭക്ഷണത്തിൻ്റെ സ്വാദും ശുദ്ധതയും സാധാരണക്കാരിൽ നിന്ന് കേട്ടറിഞ്ഞ് തന്നെയാണ്. സോഷ്യൽ മീഡിയകളിലെ ഫുഡി ഗ്രൂപ്പുകളിൽ നിന്നും നല്ല പിൻതുണ ലഭിക്കുകയുണ്ടായി.
ഇങ്ങനെ നല്ല രീതിയിൽ പോകവേയാണ് വിളിക്കാത്ത അതിഥിയായി കോവിഡ് എല്ലാവരുടേയും ജീവിതത്തിലേക്ക് ഇടിച്ച് കയറുന്നത്. 2020 മാർച്ച് പതിനഞ്ച് മുതൽ കടലോരം അടച്ചിടേണ്ടി വന്നു.
കുറേ നാൾ കാണാതിരുന്നാൽ കുറേ നാൾ കേൾക്കാതിരുന്നാൽ പല മുഖങ്ങളും നമ്മൾ മനുഷ്യർ മറന്ന് പോകും. പ്രത്യേകിച്ച് ഭക്ഷണയിടങ്ങൾ. കടലോരം എന്ന പേര് ഓർമ്മിപ്പിക്കാനാവണം റെസ്റ്റോറൻറ് പൂട്ടിയിരുന്ന ഈ ഇടവേളയിൽ 2020 ജൂലൈ മുതൽ പൊതിച്ചോറുമായി കടലോരം വീണ്ടും ഭക്ഷണപ്രേമികൾക്കരികിൽ എത്തിയത്. പിന്നെ കുറച്ച് സ്റ്റാഫുകൾക്ക് എങ്കിലും ആ സമയം അത് ഒരു അനുഗ്രഹമായും കാണണം.
വ്യക്തിപരമായി എനിക്കും ആ സമയം അത് ഒരു അനുഗ്രഹമായിരുന്നു. ചമ്പാവരി ചോറ്, അവിയൽ, ബീറ്റ്റൂട്ട് തോരൻ, തേങ്ങാ ചമ്മന്തി, നാരങ്ങ അച്ചാർ, ഇഞ്ചിപ്പുളി, ഓംലെറ്റ്, അയലക്കറിയും, അയല പൊരിച്ചതുമായി വാഴയിലയിൽ. അതിൻ്റെ അളവും ഗുണവും വച്ച് നോക്കുമ്പോൾ ₹ 130 രൂപ ഒട്ടും അധികമായി തോന്നിയില്ല. പാളയത്തായിരുന്നു ഡെലിവറി. ഡെലിവറി പരസ്യത്തിൽ പറഞ്ഞത് പോലെ സൗജന്യമായിരുന്നു.
കറികളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. വാഴയില വടിച്ചു നക്കി. മീനിൻ്റെ കാര്യം പ്രത്യേകം എടുത്ത് പറയണം. ആ മീനിൻ്റെ ഒരു കഷ്ണം വായിൽ വയ്ക്കുമ്പോഴേ അറിയാം അതിൻ്റെ ശുദ്ധത. ഫ്രഷ് മീനിൻ്റെ ആ രുചി. അത് കടലോരത്തെ പൊതിച്ചോറിനെ വേറിട്ട് നിർത്തി.
2021 മാർച്ച് 22 – ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കടലോരം വീണ്ടും തുറന്ന് പ്രവർത്തിച്ച് തുടങ്ങിയെങ്കിലും കോവിഡിൻ്റെ രണ്ടാം വരവിൽ വീണ്ടും താല്ക്കാലികമായി അടച്ചിടേണ്ടതായി വന്നു.
തുറന്ന് പ്രവർത്തിക്കാൻ നിയമം അനുവദിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കടലോരം 2021 ജൂലൈ 6 മുതൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്.
Own Delivery, Swiggy, Zomato താല്ക്കാലികമായി ഇല്ല.
Take Away നിലവിലുണ്ട്. പൊതിച്ചോറ് 2021 ഏപ്രിൾ 17 വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതിച്ചോറും റെസ്റ്റോറൻ്റിലെ കാര്യങ്ങളും എല്ലാം ഒന്നിച്ച് കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാണ് പൊതിച്ചോറ് നിർത്തി വച്ചത്.
കടലോരം തുടങ്ങിയപ്പോൾ തന്നെ വ്യത്സതമായ ഒരു ഭക്ഷണ കൂട്ട് കൊടുക്കണമെന്ന് Saju Ambrose ചേട്ടന് നിർബന്ധമുണ്ടായിരുന്നു. അത് പോലെ ശുദ്ധമായ മത്സ്യവും.
അതാണിവിടത്തെ നെയ്ച്ചോറും മീനും കൂട്ട്
ആദ്യമൊക്കെ പലരും മടിച്ച് നിന്നുവെങ്കിലും വളരെ പെട്ടന്ന് തന്നെ ഈ കൂട്ട് ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടുകയാണുണ്ടായത്.
മീനുകൾ കടലിൽ നിന്ന് നേരിട്ട് കഴിയുന്നതും ശുദ്ധത ഉറപ്പ് വരുത്തിയാണ് കൊണ്ട് വരുന്നത്. കടലിൽ നിന്ന് കൊണ്ട് വന്ന ശേഷം റെഫ്രിജറേറ്റുകളിൽ വീണ്ടും അനേക സമയം ഇരിക്കുന്ന തണുത്ത മരവിച്ച മത്സ്യങ്ങളെ ഇവിടെ പ്രതീക്ഷിക്കണ്ട കാരണം ഇവിടെ റെഫ്രിജറേറ്റർ അഥവാ ഫ്രിഡ്ജ് ഇല്ല.
മീനുകൾ marinate ചെയ്ത് – മസാലയൊക്കെയിട്ട് പുരട്ടി- ചില്ലറിൽ വച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്, 4 ഡിഗ്രിയിൽ.
അതാത് ദിവസത്തെ മീനുകൾ അന്നന്ന് തീർക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഓരോ ദിവസത്തേയും മീനിൻ്റെ ഇനത്തിലും വിലയിലും വ്യത്യാസം വരാം. അത് കൊണ്ട് തന്നെ സ്ലേറ്റിലാണ് ഇവിടത്തെ മെനുകൾ കാണിച്ചിരിക്കുന്നത്.
തുടക്കത്തിൽ ഉണ്ടായിരുന്ന നെയ്ച്ചോറിന് കൂട്ടായി ചപ്പാത്തി എത്തി. അതിന് പുറമേ മരിച്ചീനി അഥവാ കപ്പ ഷാപ്പ് കറി എന്ന ഒരു ഇനമായി മീൻകറിയുടെ കൂടെ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെയാണ് ഇപ്പോഴത്തെ സമയം.
(Normal Timings 12 PM – 11 PM)
Take Away ഉണ്ട്. Dining ഉം Govt അനുവദിക്കുന്നത് അനുസരിച്ച് കാണും.
Note: കഴിച്ച പൊതിച്ചോറിൻറെ പടങ്ങൾ മാത്രമല്ല ഇപ്പോഴത്തെ പ്രസ്ക്തി അനുസരിച്ച് അവിടത്തെ Kadolaram Trivandrum ഫേസ്ബുക്കിൽ നിന്നെടുത്ത ഭക്ഷണവിഭവങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
Kadaloram Trivandrum (Fb Page)
Phone: 04712961444, 9567700812, 9847775625
മനോഹരവും ദിവ്യതയും തുളുമ്പുന്ന വെട്ടുകാട് പള്ളിയുടെ പുറകിൽ കടൽക്കാറ്റും കൊതിയൂറുന്ന മീൻ വിഭവങ്ങളുമായി കടലോരം നമ്മെ കാത്തിരിക്കുന്നു.
കടലോരം ഹോട്ടലിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്