മട്ടൻ പ്രേമികൾ എല്ലാവരും പറയുന്ന പേരുകൾക്കിടയിൽ ഈ ഒരു പേര് സാധാരണ കാണാറില്ല.
ഇത് നമ്മുടെ ഐശ്വര്യ. തകരപ്പറമ്പിലെ ഐശ്വര്യ ഹോട്ടൽ. പണ്ടേയുള്ള ഹോട്ടൽ. പണ്ടേയെന്ന് പറഞ്ഞാൽ 1984 ലേയുള്ള ഭക്ഷണയിടം. ശ്രീ വിജയകുമാരൻ നായരാണ് ഇതിൻ്റെ ഉടമസ്ഥൻ. വിജയൻ ചേട്ടന്റെ അച്ഛനായ ശ്രീ സുകുമാരൻ നായരാണ് ഐശ്വര്യ ഹോട്ടലിന് തുടക്കമിട്ടത്. നല്ല ഭക്ഷണങ്ങൾ തേടി വളരെ ദൂരെയെല്ലാം യാത്ര ചെയ്തിരുന്ന തികഞ്ഞ ഭക്ഷണപ്രേമിയായ മകനായ വിജയൻ ചേട്ടൻ്റെ പ്രേരണയാലാണ് അദ്ദേഹം ഇങ്ങനെയൊരു ഭക്ഷണയിടം തുടങ്ങാനുണ്ടായ കാരണം. അന്ന് തൊട്ട് ഇന്ന് വരേയും ഐശ്വര്യ ഹോട്ടലിൻ്റെ ചുക്കാൻ പിടിക്കുന്നത് ശ്രീ വിജയൻ ചേട്ടൻ തന്നെയാണ്. ഇപ്പോൾ മൂന്നാം തലമുറയിൽ പെട്ട അദ്ദേഹത്തിൻ്റെ മക്കൾ മാത്രമല്ല അദ്ദ്ദേഹത്തിൻ്റെ സഹോദരങ്ങളും ഹോട്ടൽ കാര്യങ്ങളിൽ സജീവമായി സഹായിക്കാൻ കൂടെയുണ്ട്.
അപ്പം, പുട്ട്, കടല, ദോശ, ചപ്പാത്തി, പെറോട്ട, ഗോതമ്പ് പെറോട്ട, ഊണ്, മീൻ വിഭവങ്ങൾ, ബിരിയാണി (എഗ്ഗ്, ചിക്കൻ, മട്ടൻ), ചിക്കൻ (ഫ്രൈ, ചാപ്സ്, പിരട്ട്, തോരൻ, ചില്ലി) മട്ടൻ (ചാപ്സ്, റോസ്റ്റ്) എന്നിവയാണ് പ്രധാന വിഭവങ്ങൾ. ഐശ്വര്യ തുടങ്ങിയിരുന്ന സമയം ബീഫ് ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് നല്ല ബീഫിൻ്റെ ലഭ്യത കുറവ് വന്നപ്പോൾ ബീഫ് നിർത്തി മട്ടനിൽ കൂടുതൽ ശ്രദ്ധ ചെലുത്തകയാണ് ഉണ്ടായത്.
ഭക്ഷണാനുഭവം:
മട്ടൻ ചാപ്സും പെറോട്ടയുമാണ് വാങ്ങിയത്. അവിടത്തെ പെറോട്ട മുമ്പേ കഴിച്ച് വളരെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് വീണ്ടും അത് തന്നെ വാങ്ങിച്ചത്. മട്ടൻ ചാപ്സ് ഒന്നും പറയണ്ട ഒരു രക്ഷയുമില്ലാത്ത മട്ടൻ ചാപ്സ്. ആ പെറോട്ട മട്ടൻ ചാപ്സിൻ്റെ ഗ്രേവിയിലങ്ങോട്ട് കുഴച്ച് മട്ടൻ്റെ കഷ്ണം അതിൽ ചേർത്ത് പിടിച്ച് ഒരു പിടി പിടിക്കണം. രുചി എന്ന് പറഞ്ഞാൽ ഇതാണ് രുചി.
വില വിവരം:
മട്ടൻ ചാപ്സ്: ₹ 180
പെറോട്ട: ₹ 10
(*19/08/2021 നാണ് വാങ്ങിച്ചത്. 10 പെറോട്ട + 4 രൂപ GST ഉൾപ്പെടെ ₹ 284 ആയി. ഇപ്പോൾ പെറോട്ടയ്ക്ക് 12 രൂപയുണ്ട്)
ലൊക്കേഷൻ: ഓവർബ്രിഡ്ജിൽ നിന്ന് തകരപറമ്പിലോട്ട് കയറുന്ന റോഡിൽ കൂടി കുറച്ച് മുന്നോട്ട് പോകുമ്പോൾ ഇടതുവശത്തായി ഒരു റോഡ് വരും. അത് വഴി കയറി കുറച്ച് മുന്നോട്ട് പോയ ശേഷം ഇടത്തോട്ട് തിരിഞ്ഞാൽ ഐശ്വര്യ ഹോട്ടൽ കാണാം. ഇതല്ലാതെ പഴവങ്ങാടി ക്ഷേത്രത്തിൻ്റെ അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ആമയിഴഞ്ചാൻ തോടിന്റെ വശത്ത് കൂടി വന്ന് ആ വഴിയുടെ അവസാനം തിരിയുന്ന വളവിൻ്റെ തുടക്കത്തിലായി.
ഹോട്ടലിന് മുകളിൽ 2 ബെഡ്റൂമിൻ്റെ 6 മുറി, 4 ബെഡ്റൂമിൻ്റെ 2 മുറി. 20 പേർക്ക് താമസിക്കാം
പ്രവർത്തന സമയം: രാവിലെ 8 മുതൽ രാത്രി 11 വരെയായിരുന്നു പ്രവർത്തന സമയം. ഇപ്പോൾ സമയം രാവിലെ 9 മണി മുതൽ രാത്രി 10:30 മണി വരെയാണ്. താമസിയാതെ പഴയ സമയ ക്രമത്തിലോട്ട് മാറാം.
Ayswariya Hotel & Lodge
Thakaraparambu road, Eastfort
Nalumukku, Pazhavangadi
Phone: 099618 34848
Google Map:
https://goo.gl/maps/A2Jcafc5nBmj5d7c7
ഐശ്വര്യയെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: