ബോളി സ്വാമിയുടെ കടയെന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ ബോളി സ്വാമിയുടെ കടയാണോ. ജയ് സീതയുടെ വിശേഷങ്ങളിലേക്ക്. 

“1981 ആഗസ്റ്റ് ഒന്നിനാണ് ജയ് സീതാ സ്വീറ്റ്സിൻ്റെ ആരംഭം. സഹോദരങ്ങളായ ശ്രീ സുന്ദരവും ശ്രീ രാമചന്ദ്രനും ചേർന്ന് തുടങ്ങി വച്ച സംരംഭമാണിത്. “

അനന്തപുരിയിലെ തെരുവോരങ്ങളിൽ സൈക്കളിൽ യാത്ര ചെയ്ത് താനുണ്ടാക്കുന്ന ബോളിയുടെ രുചി അറിയിച്ച ഒരു ബോളി വിദ്വാനുണ്ടായിരുന്നു. ബോളി സ്വാമിയെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിൻ്റെ കൂടെയാണ് ശ്രീ സുന്ദരവും ബോളി വില്ക്കാനായി ഇറങ്ങിയത്. ബോളി സ്വാമിയിൽ നിന്നാണ് ശ്രീ സുന്ദരം ബോളി ഉണ്ടാക്കാനായി പഠിച്ചത്. ആ സമയത്ത് ബോളി, ജിലേബി തുടങ്ങിയ മധുര പലഹാരങ്ങൾ സൈക്കിളിൽ യാത്ര ചെയ്ത് ആവശ്യക്കാർക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്.

രണ്ട് മൂന്ന് വർഷം ഇങ്ങനെയാണ് കാലം ശ്രീ സുന്ദരത്തെ നയിച്ച് കൊണ്ടിരുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം സഹോദരങ്ങൾ ഉൾപ്പെടെ എല്ലാവരുമുള്ള സ്വന്തം വീട്ടിൽ, പലഹാരം വാങ്ങിക്കുന്നതിന് വേണ്ടിയായുള്ള സാധനങ്ങൾക്ക്, മുടക്ക് മുതലായി ആയിരം രൂപയിൽ സഹോദരനോടൊപ്പം തുടങ്ങിയ സ്ഥാപനമാണ് ജയ് സീതാ സ്വീറ്റ്സ്.

പ്രായത്തിന്റെ ആധിക്യം കാരണം ബോളി സ്വാമി തന്റെ കച്ചവടം നിർത്തി മുൻപേ തന്നെ ബന്ധുക്കളുടെയടുത്ത് മടങ്ങിയിരുന്നു. അദ്ദേഹത്തോടുള്ള സഹവാസവും ആ ആശീർവാദവും കൊണ്ടുമാകാം പിന്നെ ആ ബോളിയുടെ രുചിയും; കാലാന്തരത്തിൽ ശ്രീ സുന്ദരമാണ് ബോളി സ്വാമിയായി അറിയപ്പെട്ടത്.

അറുപത്തിയെട്ട് വയസ്സായ ശ്രീ സുന്ദരം കടയിലോട്ട് വരാറില്ലെങ്കിലും അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലാണ് ഇപ്പോഴും കാര്യങ്ങൾ നടക്കുന്നത്. അടുത്ത തലമുറയിൽ സഹോദരൻ്റെ മകനായ ശ്രീ ശങ്കറും, ശങ്കറിൻ്റെ സഹോദരനായ വെങ്കിടേശനും അവരോടൊപ്പം നാല് സഹോദരങ്ങളും ശങ്കറിന്റെ പിതാവും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് അദ്ദേഹത്തൊടൊപ്പമുണ്ട്.
 

ജയ് സീതയിലെ ഭക്ഷണാനുഭവങ്ങളിലുടെ ….

ഓരോർത്തക്ക് ഓരോ രുചിയാണ്. ചിലപ്പോൾ നമ്മൾ വളരെ ഇഷ്ടപ്പെടുന്നത് മറ്റൊരാൾ ഇഷ്ടപ്പെടണമെന്നില്ല അതു പോലെ തിരിച്ചും. അത് പോലെ സ്ഥിരം ഒരേ രുചി ആകണമെന്നില്ല. പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ രുചിയുടേയോ ഗുണത്തിൻ്റെയോ ഏറ്റക്കുറച്ചിലുകൾ കൊണ്ട് രുചി ദിവസവും സമയവുമൊക്കെ അനസുരിച്ച് അങ്ങോട്ടും ഇങ്ങോട്ടും കുറേയൊക്കെ മാറാം. അത് അവർ തന്നെ പറഞ്ഞിരുന്നു. ആ രീതിയിൽ ദയവായി അനുഭവങ്ങളെ കണ്ടാൽ മതി.

എല്ലാ പലഹാരങ്ങളും ജയ്സീതയിൽ തന്നെ ഉണ്ടാക്കാൻ പ്രായോഗികമായി തൊഴിൽ നിരക്കുകൾ, അസംസ്കൃത വസ്തുക്കളുടെ ലഭ്യതെയൊക്കെ തടസ്സം നില്ക്കുന്നുണ്ടെന്ന് പറഞ്ഞു.

ബോളി – 5 PCs – ₹ 70. 

“ബോളി സ്വാമിയുടെ ബോളി. വളരെ നല്ലത്. കൊള്ളാം. നല്ലെണ്ണയും നല്ല നെയ്യും ചേർത്ത് തയ്യാറാക്കിയത്”

ഗീ മൈസൂർ പാക്ക് – 6 Pcs – ₹ 120. സ്വതവേ സാധാ മൈസൂർ പാക്കാണ് ഇഷ്ടം. ഇത് ഒരു മാറ്റത്തിന് വേണ്ടി വാങ്ങിച്ചത്. ആരാ ഇടയ്ക്കൊക്കെ ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കാത്തത്. ആഗ്രഹം വെറുതെയായില്ല. പൊളിച്ച് റെഡിയാക്കി കളഞ്ഞു. മധുരവും നെയ്യും കൊണ്ട് ഒരു ആറാട്ട്. ജയ് സീതയിൽ ചെയ്യുന്നത്. ശുദ്ധമായ നെയ്യ് തന്നെയാണ് ചേർക്കുന്നത്. വനസ്പതി ഒന്നും ചേർക്കുന്നില്ല എന്ന് പറഞ്ഞു.

 
 

ഉണ്ണിയപ്പം – 10 PCs – ₹ 43. പഴകേക്ക് എന്ന രീതിയിൽ കഴിച്ചാൽ കൊള്ളാം. അല്ലാതെ ഉണ്ണിയപ്പം എന്ന രീതിയിൽ അരിയിൽ ഉണ്ടാക്കിയ ഉണ്ണിയപ്പമായി തോന്നിയതേയില്ല. ആ മുറു മുറുപ്പും ഇല്ല.ജയ് സീതയിൽ നിന്ന് കിട്ടിയ മറുപടി അരി തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ അവർ ഉണ്ടാക്കുന്നതല്ല. അവിടെയുള്ള സ്റ്റാഫിൻ്റെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വരുന്നതാണ്.

ജിലേബി – 250 G – ₹ 75. ജിലേബി കൊള്ളാം. ഇഷ്ടപ്പെട്ടു. വ്യക്തിപരമായി മുറിക്കുമ്പോൾ കുറച്ച് കട്ടിയായിട്ടുള്ള മധുരം നടുക്ക് നിന്ന് ഒലിച്ച് വരുന്ന ടൈപ്പാണ് കൂടുതൽ ഇഷ്ടം. ഇത് അല്ലാതെ മൃദുലവും മുറിക്കുമ്പോൾ കട്ടിയില്ലാത്തതും ആണ് എങ്കിലും രുചികരം. മൈദയല്ല ഉഴുന്നിട്ട് തന്നെ ഉണ്ടായിരിക്കുന്നതായി തോന്നി.

ജിലേബി ജയ് സീതയിൽ ബോളി പോലെ പണ്ട് തൊട്ടേ ചെയ്യുന്നത്. മൈദ ഉപയോഗിക്കുന്നില്ല. ഉഴുന്നും അരിയും മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്ന് പറഞ്ഞു. വനസ്പതിയും ചേർക്കും. ഉഴുന്നിനുസരിച്ച് ചിലപ്പോൾ കട്ടി കൂടിയും കട്ടി കുറഞ്ഞും വരുമെന്നൊക്കെ പറഞ്ഞു.

ഗുലാബ് ജാമുൻ – ₹ 75. ഗുലാബ് ജാമുൻ കൊള്ളാം. പക്ഷേ അതിലെ sugar syrup – റോസ് വാട്ടർ ഒഴിച്ചതിനാൽ ആ സിറപ്പിലെ രുചി ആസ്വദിക്കാനേ വ്യക്തിപരമായി പറ്റിയില്ല. റോസ് വാട്ടറിൻ്റെ രുചി ഇഷ്ടപ്പെടുന്നവർക്ക് വളരെ ഇഷ്ടപ്പെടണം.

റോസ് വാട്ടർ വളരെ കുറച്ചാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെ ആരും റോസ് വാട്ടറിൻ്റെ കാര്യം എടുത്ത് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു. പഞ്ചസാര സിറപ്പാക്കി കഴിയുമ്പോൾ സ്വാഭാവികമായ ഒരു ചളിപ്പ് മണം വരും. അത് ഒഴിവാക്കാനാണ് റോസ് വാട്ടർ ചേർക്കുന്നതെന്ന് പറഞ്ഞു. പണ്ട് തൊട്ടേ ഉപയോഗിക്കാറുണ്ട്. പണ്ടത്തേക്കാളും വളരെ കുറഞ്ഞ തോതിലാണ് ഇപ്പോൾ റോസ് വാട്ടർ ഉപയോഗിക്കുന്നതെന്നും പറഞ്ഞു. ഗുലാബ് ജാം കേടു കൂടാതിരിക്കാൻ ലിക്വിഡ് ഗ്ളൂക്കോസോ അങ്ങനെ ഹാനികരമാക്കുന്ന തരത്തിലുള്ള ഒന്നും ചേർക്കുന്നില്ല എന്ന് മനസ്സിലായി.

ലഡ്ഡു – 250 G – ₹ 75. വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള മധുര പലഹാരം എന്തെന്ന് ചോദിച്ചാൽ ആദ്യം നാക്കിൽ വരുന്ന ഉത്തരം ലഡ്ഡു ആണ്.നല്ല ശുദ്ധമായ അടിപൊളി ലഡ്ഡു കഴിക്കണോ എന്നാൽ പിന്നെ ഒന്നും നോക്കണ്ട കളർ ഒന്നും ചേർക്കാത്ത കടലമാവ് കൊണ്ട് ഉണ്ടാക്കിയ നല്ല അടിപൊളി ലഡ്ഡു  ഇവിടെ കിട്ടും.

കസ്റ്റമേഴ്സ് പലർക്കും കളറില്ലാത്ത ലഡ്ഡു ഒരു പഴകിയത് പോലെ കാണുന്നതിനാൽ കസ്റ്റമേഴിന്റെ ആഗ്രഹത്തിന് അനുസരിച്ച്വളരെ വളരെ കുറഞ്ഞ തോതിൽ കളർ ചേർത്ത ലഡ്ഡുവും കൊടുക്കുന്നുണ്ടെന്ന് പറഞ്ഞു.

തിരുനെൽവേലി ഹൽവ – 250 G – ₹ 95.24 – പഞ്ചാസാര കാരമലൈസ് ചെയ്യുമ്പോൾ കൂടി പോയ രീതിയിൽ ആണ് അനുഭവപ്പെട്ടത്.അത്’ അവിടെ ഉണ്ടാക്കുന്നതല്ല. തിരുനെൽവേലിയിലുള്ള ഒരാളുടെ കടയിൽ നിന്ന് വരുന്നതാണെന്ന് പറഞ്ഞു.
 

പാൽഗോവ – 250 G – ₹ 120 – നല്ല ഫസ്റ്റ്ക്ലാസ്. സ്വയമ്പൻ സാധനം. പാൽ ഗോവ അവിടെ ഉണ്ടാക്കുന്നതല്ല. തമിഴ്നാട് നിന്ന് വരുന്നതാണെന്ന് പറഞ്ഞു. നല്ല ഗുണന്മേയുള്ള പാല് സ്ഥിരമായി കിട്ടിയാലേ പാൽ ഗോവയൊക്കെ ഇവിടെ ചെയ്യാൻ പറ്റുകയുള്ളുവെന്ന് പറഞ്ഞു.

അച്ചപ്പം (Eggless) – 10 Nos – ₹ 58. അടിപൊളി. നല്ല കിടിലം ക്രിസ്പി അച്ചപ്പം. അച്ചപ്പം ജയ് സീതയ്ക്ക് മാത്രമായി ഉണ്ടാക്കി ഒരു സ്ത്രീ കൊണ്ട് വരുന്നതാണെന്ന് പറഞ്ഞു. പുറത്ത് അവർ കൊടുക്കുന്നില്ല. ജയ് സീതയിൽ മാത്രമേ അത് കൊടുക്കുന്നുള്ളുവെന്ന് പറഞ്ഞു.

വീറ്റ് ഹൽവ റെഡ് (250 G – ₹ 80) സോഫ്റ്റും ടേസ്റ്റ്മൊക്കെയുണ്ട്. ഗോതമ്പിന്റെ ടേസ്റ്റ് അനുഭവപ്പെട്ടില്ല. സാധാരണ ഹൽവയുടെ ടേസ്റ്റാണ് തോന്നിയത്. സാധാരണ ഗോതമ്പല്ല സൂചി ഗോതമ്പാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. ജയ്സീതയിൽ തന്നെയാണ് ചെയ്യുന്നതെന്ന് പറഞ്ഞു.

മൈസൂർ പാക്ക് (250 G – ₹ 75) – മധുരം കുറച്ച് കൂടെ വേണമെന്ന് തോന്നി. സാധാരണ എനിക്ക് നെയ്യ് ഇല്ലാത്തതാണ് കൂടുതൽ ഇഷ്ടം. ജയ് സീതയുടെ കാര്യത്തിൽ ഇത് വലിയ സുഖം തോന്നിയില്ല പക്ഷേ ഗീ മൈസൂർ പാക്ക് കിടിലമായിരുന്നു.

സാധാരണ മൈസൂർപാക്കിൽ കുറച്ച് വനസ്പതി ചേർക്കും. അത് കൊണ്ടാണ് മധുരം കുറയുന്നതെന്ന് പറഞ്ഞു. ശ്രീ സുരേഷ് ഗോപിക്കൊക്കെ ഇവിടത്തെ മൈസൂർ പാക്ക് വളരെ ഇഷ്ടമാണെന്നറിഞ്ഞു.

മരിച്ചീനി അഥവാ കപ്പ പപ്പടം – ₹ 70. ചോറിൻ്റെ കൂടെ കഴിക്കാൻ അത്യുഗ്രൻ. അല്ലാതെ കഴിച്ചപ്പോൾ ചെറിയ ഒരു കയ്പ് തോന്നി. ഒരു സ്ത്രീ ചെയ്ത് കൊണ്ട് കൊടുക്കുന്നതാണെന്ന് പറഞ്ഞു.

മാലഡു – (250 G – ₹ 75) മാലഡു പ്രിയർക്ക് ഇഷ്ടപ്പെടും. എനിക്ക് ആ മാവിന്റെ പൊടിയുടെ ചവർപ്പ് അധികം പിടിക്കാറില്ല. വീട്ടിൽ ചിലർക്കൊക്കെ നല്ല അഭിപ്രായം ആയിരുന്നു. ജയ് സീതയുടെ സ്വന്തം പ്രോഡക്ട് ആണ്.

മധുര സേവ (Jaggery) – 250 G – ₹ 75 കഴിച്ചോണ്ടിരിക്കുമ്പോൾ ശർക്കര ഉപ്പേരിയുടെ ടേസ്റ്റാണ് ഓർമ വന്നത്.കഴിച്ചിറക്കുന്ന സമയം കിട്ടുന്ന ഒരു രുചി ഉണ്ട്. അത് അത്ര ആസ്വാദ്യകരമായി തോന്നിയില്ല. ജയ് സീതയുടെ അവിടെ തന്നെ ചെയ്ത് എടുക്കുന്നതാണ്. തിരുവനന്തപുരത്ത് ഇവിടെ മാത്രമേ ഉള്ളുവെന്നാണ് അറിവ്.

ചക്കവരട്ടിയത് (250 G – ₹ 150) വളരെ ഇഷ്ടപ്പെട്ടു ജയ് സീതയുടെ സ്വന്തം ഉത്പന്നം.

ഗീ ഹൽവ(Wheat)- ₹ 100 – അതും ഇഷ്ടപ്പെട്ടു. വളരെ സോഫ്റ്റ്. നല്ല ടേസ്റ്റ് . അവിടെ തന്നെ ചെയ്യുന്നതാണെന്ന് അറിയാൻ കഴിഞ്ഞു.

Timings
രാവിലെ 9:00 , 9:30 ക്ക് തുറക്കും – രാത്രി 8:00 മണി വരെ.
(കോവിഡിന് മുമ്പ് രാത്രി 9 മണി വരെയായിരുന്നു)
No holiday
Location: വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിന്റെ നോർത്ത് ഗേറ്റ്
Jai Sitha Sweets
Phone: 07025124939

Google map:
https://goo.gl/maps/5kspqoALVBG2Tj14A

ബാദുഷ, മിക്സ്ചർ, പക്കാവട യൊക്കെ ജയ് സീതയിൽ തന്നെ ചെയ്യുന്നതാണ്. തിരുവനന്തപുരത്ത് അവിടെ മാത്രം കിട്ടുമെന്ന് അറിവുള്ള ജിഞ്ചർ വരട്ടിയതൊക്കെ ഇനിയും ആസ്വദിക്കാൻ ബാക്കി നില്ക്കുന്നു. കാണാം

LEAVE A REPLY

Please enter your comment!
Please enter your name here