“കാട്ടിലെ കട” എന്ന പേരുള്ള രുചിയിടത്തിലേക്ക്.

മുന്നിലെ കൂവയിലകളിൽ മാങ്ങ അച്ചാർ, കൂട്ടുകറി, ഒടം കൊല്ലി മുളക് ചമ്മന്തി, ബീറ്റ്റൂട്ട്തോരൻ, സാലഡ്, വലിയ ഒരു കട്ല മീൻ കഷ്ണം, കാര്യമായി തട്ടിയ ചിക്കൻ തോരൻ, ലോഭമില്ലാതെ വിളമ്പിയ പോത്തു കറി, അടുപ്പിൽ നിന്ന് അപ്പോൾ വേവിച്ചെടുത്ത നല്ല ചുടുചുടു മരിച്ചീനി, കഷ്ണങ്ങൾ തീർന്ന് പോയെങ്കിലും കൂടെ കിട്ടിയ മീൻ കറി, ആ പുളിശ്ശേരിയും രസവും. (കറികൾ വേറെയും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു. താമസിച്ചത് കാരണമാണ്)

സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ എന്ന അക്കരെ അക്കരെ അക്കരെയിലെ പാട്ട്മനസ്സിൽ തിരയടിച്ച നിമിഷങ്ങൾ.

ആ ഒടംകൊല്ലി മുളകിന്റെ ചമ്മന്തി മാത്രം മതി ഒരു പറ ചോറുണ്ണാൻ. വേറൊന്നും വേണ്ട. അത് മാത്രം മതി. ആ രുചി കഴിച്ചു തന്നെ അറിയണം.

എന്നൊക്കെ കരുതി അടുത്ത കറി ഒന്ന് രുചിക്കണം. ഇതിൽ ഏത് കൊള്ളാം എന്നസംശയത്തിലാവും. എല്ലാം ഒന്നിനൊന്ന് മെച്ചം. പൊളിയോ പൊളി. ചിക്കൻ തോരനൊക്കെകിടു. വേറൊരു രീതിയിൽ വേറൊരു രുചിയിൽ. വളരെ മികച്ചതിൽ ഒന്ന്.

പോത്തു കറിയും രുചിയിൽ മികവിന്റെ തികവ് കൊണ്ട് നമ്മളെ തൃപ്തിപ്പെടുത്തും. പോത്തിന്റെ തനതായ രുചി തന്നെ നമ്മളെ തേടിയെത്തും.


ആ ചൂടുള്ള മരിച്ചിനിയിൽ ഇത്തിരി ആ മീൻ ചാറ് കൂടി ഒഴിച്ച് കഴിക്കുമ്പോൾ കിട്ടുന്ന രുചി. പുഴ മീനിന്റെ മുഷിടില്ലാത്ത കട്ല മീനിന്റെ പൊരിഞ്ഞ കഷ്ണങ്ങൾ പുഴ മീനിന്റെ രുചിയുടെവേറൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് പോകും.

ബീറ്റ്റൂട്ട് തോരൻ, പുളിശ്ശേരി, രസം ആ സാലഡ് പോലും വളരെ മികച്ചത്. ഒരു നിമിഷം ഏത്തൊടണം ഏത് രുചിക്കണം എന്നറിയാത്ത ഒരവസ്ഥ. രുചികളുടെ ഒരു മേളം. കാട്ടിലെ കടഎന്ന പേര് മാറ്റി കാട്ടിൽ രുചി പെരുമഴകളുടെ ഒരു കട എന്ന് ഇടണം.

അവിടെ നിന്നിറങ്ങി കല്ലാർ, പൊന്മുടിയൊക്കെ പോകാനൊക്കെയായിരുന്നു പരിപാടി. പക്ഷേ ഒരിടത്തും പോയില്ല. ഈ ഭക്ഷണാനുഭവം തന്നെ നമ്മളെ സംബന്ധിച്ച് മധുരമുള്ള ഒരുയാത്രയായിരുന്നു. ഓർമയുടെ ചെപ്പിനുള്ളിൽ എപ്പോഴും സൂക്ഷിച്ച് വയ്ക്കത്ത രീതിയിലുള്ള ഭക്ഷണവും സംസാരവും പെരുമാറ്റവും എല്ലാം കൊണ്ടും ആ ദിവസം ഹൃദയം നിറഞ്ഞിരുന്നു. കല്ലാറിലും പൊന്മുടിയിലെയും കണ്ട കാഴ്ചകളെക്കാൾ അന്നൊരു ദിവസം പുതിയൊരു അനുഭവം തന്ന മധുരമുള്ള കാഴ്ചകളും രുചികളുടെ ഓർമകളും പേറി വീട്ടിൽ പോകാനായിരുന്നു ധൃതി.

വില വിവരം:
ഊണ് + മീൻ കറി + മീൻ ഫ്രൈ – ₹ 100
(വെജിറ്റേറിയൻ ഊണിന് 70 രൂപ)
ചിക്കൻ തോരൻ – ₹ 150
പോത്ത് കറി – ₹ 140

കടയിലെ ഉടമസ്ഥയായ ശശികുമാരി മാമിയും മാമിയുടെ ഭർത്താവായ മണിയൻ മാമനെയുംഒരു പക്ഷേ കാണുമ്പോൾ ഒരു ഗൗരവം തോന്നാം. എന്നാൽ സംസാരവും പെരുമാറ്റവുംഅങ്ങനെയല്ല. വളരെ ലളിതമായ സ്വഭാവത്തോട് കൂടിയവർ. സംസാരവും പെരുമാറ്റവുംഎല്ലാം വളരെ സ്നേഹത്തോടും സൗഹാർദത്തോടെയും മകനായ രാജ്ലാലും അതേപ്രകൃതം. ഇവരുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.

1986 ൽ ബേക്കറി പലഹാരങ്ങളിലൂടെയായിരുന്നു മണിയൻ മാമന്റെ തുടക്കം. ബേക്കറിഎന്ന് വച്ചാൽ വീട്ടിലെ പാചക പുരയിൽ ബോർമയെല്ലാമുള്ള ബേക്കറി. വീടിന്അടുത്തുള്ളവർ വന്ന് വാങ്ങിക്കും. അല്ലാതെ ഓരോ റൂട്ടിലും സൈക്കളിൽ കൊണ്ടുപോയാണ് ബേക്കറി പലഹാരങ്ങൾ വിറ്റു കൊണ്ടിരുന്നത്.

കാലങ്ങൾ കടന്നു പോയി.2015 വർഷം. പട്ടൻകുളിച്ചപാറയിലെ വനദുർഗ്ഗ അഥവാചാമുണ്ഡി മുഖ്യ പ്രതിഷ്ഠയായ ശാസ്ത ദേവി ക്ഷേത്രം. കർക്കിടവാവ് നാൾ. ബലിതർപ്പണത്തിന്റെ ദിനം. വിശ്വാസത്തിന്റെ ഭാഗമായി ബലിയിടാൻ എത്തുന്നവർക്കും അവർക്ക്കൂട്ടു വന്നവർക്കും അന്നത്തിന് ഒരിടം എന്ന നിലയിൽ ആ കർക്കിടക നാൾ മണിയൻമാമൻ ചെറിയ ഒരു ചായക്കട തുടങ്ങി. ഇപ്പോൾ കട ഇരിക്കുന്ന സ്ഥലത്ത് നിന്ന്എതിരെയായി, ചെറിയൊരു കാട്ടിനുള്ളിൽ എന്ന് തന്നെ പറയാം, റോഡ് ഒന്നും ഇത് പോലെവന്നിട്ടില്ല, ടാർപ്പയൊക്കെയടിച്ച് കൊച്ചൊരു ചായക്കട.

പേപ്പാറ റോഡിന്റെ നിർമാണം തുടങ്ങിയ നാൾ. തോപ്പിൽ കൺസ്ട്രക്ഷൻസിന്റെ സഭാഥ്മണിയൻ മാമനോട് പറഞ്ഞു എന്തു കൊണ്ട് ചായക്കടയ്ക്ക് പകരമായി ഒരു ഹോട്ടലായിതന്നെ തുടങ്ങിക്കൂട, നമ്മളിവിടെ ജോലിക്കാരും മറ്റുമായി അൻപതോളം സ്റ്റാഫുകൾ ഉണ്ട്. നമ്മൾക്കും നല്ല ഭക്ഷണം തേടി അലയേണ്ടതില്ല. നിങ്ങൾക്കും അത് വലിയ ഗുണം ചെയ്യും.

സാമ്പത്തികം അത് ആ സമയം മണിയൻ മാമന്റെ മുമ്പിൽ വലിയ ഒരു ചോദ്യ ചിഹ്നമായിനിന്നു. മധുരം അല്ലെങ്കിൽ രുചി മാത്രം വച്ച് ഗുണത്തിന്റെ അളവ് മനസ്സിലാക്കാതെ കേക്ക്ഉൾപ്പെടെയുള്ള ബേക്കറി വിഭവങ്ങളെ വാഴ്ത്തുന്ന ഇന്നത്തെ കാലത്തിൽ നിന്ന്വിഭിന്നമായി വാഴ്ത്തപ്പെടലുകൾക്ക് ഉപരി തന്റെ ബോർമയിൽ ഉണ്ടാക്കുന്ന ഓരോ വിഭവവുംമനുഷ്യർക്ക് മായമില്ലാതെ കഴിക്കാൻ സാധിക്കണം എന്ന് നിർബന്ധബുദ്ധിയുള്ള മണിയൻമാമന് സൈക്കളിലെ ബേക്കറി പലഹാരങ്ങളുടെ വില്പന കൊണ്ടും ചായക്കട കൊണ്ടുംവ്യക്തിപരമായ ആവശ്യങ്ങൾ കുറേയൊക്കെ നടന്നു പോയി എന്നല്ലാതെ കൊള്ളലാഭമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

എന്തായാലും ശ്രീ സഭാഥിന്റെ വാക്കുകളാണ് ഇങ്ങനെയൊരു കട തുടങ്ങാൻ പ്രേരകമായത്. സാമ്പത്തികത്തിന് പിൻബലമായത്
ITDP യും. ITDP ആദിവാസികൾക്ക് കൊടുക്കുന്നസഹായ സംരംഭത്തിന്റെ ഭാഗമായി 2017 ഡിസംബർ മാസം ശ്രീ ശബരിനാഥ് MLA മുൻകൈഎടുത്ത് ITDP യുടെ ഓഫീസർമാരും സർക്കാർ ഉദ്യോഗസ്ഥരുടേയും നിസ്തുലമായസഹകരണത്തിന്റേയും ഭാഗമായി കാട്ടിലെ കട നിലവിൽ വന്നു. അവിടെ ഹോട്ടലിന്റെ പേര്എഴുതിയിരിക്കുന്ന സ്ഥലത്തെല്ലാം താഴെയായി കാണാം ITDP 2017-2018 സഹായസംരംഭം.

കാട്ടിലെ കട എന്ന പേരും നാട്ടുകാരുടെ അഭിപ്രായങ്ങൾ മാനിച്ച് നറുക്കെടുപ്പ് നടത്തിതിരഞ്ഞെടുത്തതാണ്.

വിറകടുപ്പിൽ പാചകം. മുളക് പൊടി, മല്ലി പൊടി, മസാല പൊടികളെല്ലാം വാങ്ങിപൊടിക്കുന്നത്. പച്ചകറികളെല്ലാം അടുത്ത വീട്ടുകളിൽ നട്ടുവളർത്തുന്നത് മേടിക്കുന്നത്. പപ്പയ്ക്ക, പീയണിക്ക, സാധാരണ എല്ലായിടത്തും കണ്ടു വരാത്ത ആത്തിച്ചക്ക തീയൽതുടങ്ങിയ നാടൻ കറികൾ. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കില്ല. ഇതൊക്കെ ഇവിടത്തെ പ്രത്യേകതകളാണ്. ചുരുക്കി പറഞ്ഞാൽ വിശ്വസിച്ച് കഴിക്കാം. സാധാരണ, ഇറച്ചിവിഭവങ്ങളായ ചിക്കൻ തോരനും പോത്തുമെല്ലാം വയ്ക്കുന്നത് ഞാറായ്ഴ്ചകളിലാണ്.

പ്രധാനമായും ഇറച്ചിയുൾപ്പെടെയുള്ള പാചകമെല്ലാം ശശികുമാരി മാമിയാണ് ചെയ്യുന്നത്. അച്ചാർ തുടങ്ങിയ കറികളെല്ലാം മണിയൻ മാമനും. മകനായ രാജ്ലാൽ എല്ലാത്തിനുംസഹായമായി കൂടെയുണ്ട്. കുടുംബം എന്ന് പറയുമ്പോൾ ബന്ധുക്കളും വരും, എല്ലാവരുടേയും ഒത്തൊരുമയോടെയാണ് ഈ ഭക്ഷണയിടം നടത്തുന്നത്.

ഊണാണ് അവിടെ പ്രധാനം. അത് എല്ലാ ദിവസവും കാണും. രാവിലത്തെ കാപ്പി അഥവാപ്രാതൽ ഓർഡർ ഉണ്ടെങ്കിൽ മുൻകൂട്ടി പറയുകയാണെങ്കിൽ മാത്രം ചെയ്ത് കൊടുക്കും. ഇടിയപ്പം, പെറോട്ട, അപ്പം, പുട്ട്, ചായ, വട എന്നിവയാണ് സാധാരണ കാപ്പിക്കുള്ള വിഭവങ്ങൾ. ഓർഡറനുസരിച്ച് വേറെയും ചെയ്യും.

പുഴ മീൻ മാത്രമല്ല കണവ, ഞണ്ട് അങ്ങനെ സീസണനുസരിച്ച് പല മീനുകളും പാചകംചെയ്യുന്നുണ്ട്.

പഴയ ബേക്കറിയുടെ രുചികൾ മണിയൻ മാമൻ ഇപ്പോഴും മുഴുവനായി വിട്ടിട്ടില്ല. അലുവതുടങ്ങിയവ ക്രിസ്തമസിന് ഇവിടെ ലഭ്യമാണ്.

വൃശ്ചിക മാസം അയ്യപ്പ ഭക്തന്മാർക്ക് കഞ്ഞി സദ്യ, കടയുടെ മുകളിലായിട്ട് പ്രത്യേകംസജ്ജമാക്കി കൊടുക്കും. മകര മാസം ഒന്നാം തീയതിയാണ് ക്ഷേത്രത്തിലെ ഉത്സവം. അതുമായി ബന്ധപ്പെട്ടാണ് ചെയ്യുന്നത്.
ഓണത്തിന് പതിവ് പോലെ ചതയം ദിനത്തിന് 9 തൊടുകറി 5 ഒഴിക്കാൻ 1 പായസം ഉൾപ്പെടെ120 രൂപയ്ക്ക് വാഴയിലയിൽ സദ്യ കൊടുക്കാറുണ്ട്. അന്ന് ചെന്നാൽ ഇവിടത്തെ സദ്യയുടെരുചിയും അറിയാം.

സദ്യ ഉൾപ്പെടെയുള്ള കാറ്ററിംഗ് ജോലികളും ചെയ്തു കൊടുക്കുന്നതാണ്.

വിതുരയിലെ പട്ടൻകുളിച്ച പാറയിലാണ് കാട്ടിലെ കട എന്ന ഭക്ഷണയിടം. ആ സ്ഥലത്തിന്പട്ടൻകുളിച്ച പാറ എന്ന പേര് കിട്ടിയതിന് പുറകിൽ ഒരു ഐതിഹ്യമുണ്ട്. കാലങ്ങൾക്ക്മുമ്പേ പേപ്പാറ ഡാമുമായി ബന്ധപ്പെട്ട് പുതിയ പാലമൊക്കെ വരുന്നതിന് മുമ്പേ കുറച്ച്മുകളിലായി ഒരു മരപ്പാലമാണുണ്ടായിരുന്നത്. അന്ന് അവിടെ ഒരു വലിയ പാറയും കാടുകൾനിറഞ്ഞ കാവും ഉണ്ടായിരുന്ന സമയം. അവിടെയാണ് ശാസ്ത ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തോടിന് വലിയ ആഴമുണ്ടായിരുന്ന സമയം. ഒരു ദിവസം ഒരു നമ്പൂതിരി വന്ന് കുളിക്കാനിറങ്ങിയതായി അറിയാം. പിന്നെ ആരും അദ്ദേഹത്തെ കണ്ടില്ല. അതാണ് പട്ടൻകുളിച്ച പാറ.

സ്ഥലം: ആര്യനാട് വഴി വരികയാണെങ്കിൽ പനയ്ക്കോട് – തൊളിക്കോട് – തോട്ടമുക്ക് – വലത്തോട്ട് പേപ്പാറ റോഡ്. അവിടെ നിന്ന് ഒരു കിലോമീറ്റർ പട്ടൻകുളിച്ച പാറ. ശാസ്ത ദേവിക്ഷേത്രത്തിന് അധികം അകലെയല്ലാതെ കാണാം

ഇറങ്ങാൻ നേരം അവിടെ ഒരു ബുക്കിൽ അനുഭവകുറിപ്പ് എഴുതാൻ പറഞ്ഞു. മുമ്പൊരിക്കൽകളക്ടർ വന്നപ്പോൾ അനുഭവം എഴുതാൻ ബുക്ക് ചോദിച്ചപ്പോൾ വാങ്ങിയ ബുക്കാണ്. ചെറിയൊരു കടയാണ്, രുചിയറിഞ്ഞ് കളക്ടർ വരെ വന്ന കട. പേരും പെരുമയുള്ള പലരുംവന്ന കട. രുചിയിലൂടെ നിറവറിഞ്ഞ കടയിൽ എളിയവനായ ഞാനും രണ്ടു വരി എഴുതി.

ഭക്ഷണപ്രേമികൾ ഒരിക്കലെങ്കിലും കയറിയിരിക്കേണ്ട സ്ഥലം. പള്ള നിറയെ ഭക്ഷണവുംഹൃദയം നിറച്ച് സ്നേഹവും. കൂവയിലയിലെ ആ ഊണ് ഒരു ഒന്നൊന്നര ഊണാണേ …

Kattile Kada
ITDP 2017-2018 സഹായ സംരംഭം
പട്ടൻകുളിച്ചപാറ, വിതുര
Timings: 12:30 PM – 3:00 PM
(ഊണ് തീരുന്നതനുസരിച്ച്)
Seating Capacity: 20
Ph: 9745405821, 9539082586