Hottel Azeez Poojapura, കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ മുഴങ്ങി നിൽക്കുന്ന പേര്. കൂടുതലും നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ഭക്ഷണയിടം. എന്താണ് ഇവിടത്തെ രുചിക്കൂട്ടിന്റെ രഹസ്യം.
അസീസിനുമുണ്ട് ഒരു കഥ പറയാൻ. കാലചക്രത്തിന്റെ കുത്തൊഴിക്കലും അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വന്നൊരു കഥ. കഥകൾ പലതും പറയാൻ കാണുമെങ്കിലും പ്രധാനപ്പെട്ട ഏടുകളിലോട്ടു ഒരു തിരിഞ്ഞു നോട്ടം….
“54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം”
54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം. പേരിന്റെ പുറകിലുമുണ്ടൊരു കഥ. ശ്രീമാൻ ഷാഹുൽ ഹമീദിന് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. രണ്ടാണും ഒരു പെണ്ണും. 3 വയസുള്ളപ്പോഴെ ഒരു മകൻ കാല യവനികയ്ക്കുള്ളിൽ മറഞ്ഞു. അസീസ് എന്ന ആ പൊന്നോമന പുത്രന്റെ ഓർമ്മകൾ എല്ലാവരുടെ ഹൃദയത്തിലും ചേർത്ത് വയ്ക്കാൻ താൻ തുടങ്ങിയ ഹോട്ടലിനു അദ്ദേഹം ആ പേരിട്ടു. ഹോട്ടൽ അസീസ്. കാലാന്തരത്തിൽ അദ്ദേഹവും അസീസ് സായിപ്പ് എന്ന് അറിയപ്പെടുകയാണ് ഉണ്ടായത്.
അദ്ദേഹം 1989-90 കാലഘട്ടത്തിൽ അസീസ് ഹോട്ടൽ മകളുടെ ഭർത്താവായ അബ്ദുൾ റഷീദിന് കൈമാറി. ബീഫിനൊക്കെ പേര് കേട്ട് അസീസ് അങ്ങനെ വളർന്നു. ഒരു ചെറിയ തട്ടുകട പോലുള്ള ഒരു ചെറിയ കടയിൽ നിന്നുള്ള പടി പടിയായുള്ള വളർച്ച.
കാലം 2000. പത്താം ക്ലാസ്സിലൊക്കെ പഠിച്ചു കൊണ്ടിരിക്കുന്ന, മീശ കുരുക്കുന്ന പ്രായം. ക്ലാസ്സൊക്കെ കഴിഞ്ഞു ക്ഷീണിച്ചു വരുന്ന പേരകുട്ടിയായ നൗഷാദിന് അപ്പുപ്പൻ കൊടുക്കുന്ന ചില സമ്മാനങ്ങൾ ‘പണികൾ’ എന്നും പറയാം. അസീസിന്റെ അടുക്കളയിൽ പാത്രം കഴുകൽ, മേശ തുടയ്ക്കുക… ഇതിനൊക്കെ പുറമേ തെറ്റുകൾ കണ്ടാൽ ശകാരിക്കാനും മറന്നില്ല. രണ്ട് കൈ കൊണ്ടും ആലിംഗനം ചെയ്‌തു ക്യാഷിയറിന്റെ കസേരിയിൽ തന്നെ പിടിച്ചു ഇരുത്തുമെന്ന് കരുതിയ പേരക്കുട്ടിക്ക് തെറ്റി. അവിടെ നിന്നു ഓരോ ദിവസവും ഇറങ്ങുമ്പോൾ, അപ്പുപ്പൂനോടുള്ള ദേഷ്യം മനസ്സിൽ അങ്ങനെ ഉറഞ്ഞു കൂടും. പിന്നെ ചായ അടിക്കുക, പെറോട്ടയ്ക്കു മാവു കുഴയ്ക്കുക, പെറോട്ട അടിക്കുക അങ്ങനെ ഓരോരോ മേഖലയിലോട്ടായി ആ മാറ്റം. ഉലയിൽ ഇരുമ്പ് ഊതി പഴുപ്പിച്ചു എടുക്കുന്നത് പോലെ പതം വന്ന ഒരു പാചകക്കാരനാക്കുക എന്നതിലുപരി ഒരു ഹോട്ടലിലെ എന്ത് പണിയും തനിക്കു അനായാസേന വഴങ്ങണം, മറ്റുള്ളവർക്ക് മാർഗ നിർദ്ദേശം കൊടുക്കാൻ ഉതുകുന്ന രീതിയിൽ തന്നെ മാറ്റി എടുക്കുന്നതിനായിട്ടുള്ള അഭ്യാസ പാഠങ്ങൾ ആണെന്ന് കാലാന്തരത്തിൽ നൗഷാദ് തിരിച്ചറിഞ്ഞു. മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യം സ്നേഹവും ബഹുമാനവും ആരാധനയായും മാറി.
അപ്പൂപ്പനും അച്ഛനും ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ രണ്ട് പേരും കൂടി അസീസിന്റെ ഇപ്പോഴത്തെ നട്ടെല്ലായ നൗഷാദിന് 2006 ൽ ഹോട്ടലിന്റെ ഉത്തരവാദിത്തം ഏൽപിക്കുകയായിരുന്നു. ഇടയ്ക്കുണ്ടായ ചില മങ്ങലും തളർച്ചകളും 2011 ൽ മൂന്ന് മാസത്തിനിടവേളയിൽ ഉണ്ടായ അപ്പൂപ്പിന്റെയും അച്ഛന്റെയും മരണങ്ങളും നൗഷാദിനെ കുറേയൊക്കെ തളർത്തിയെങ്കിലും അദ്ദേഹം പിടിച്ചു നിന്നു.
അസീസ് പുത്തൻ ഉണർവായി വീണ്ടും മാറിയത് പുതിയ കാലഘട്ടത്തിൽ സോഷ്യൽ മീഡിയകളിലൂടെയാണ്. ഫുഡി ഗ്രൂപ്സൊക്കെ അതിനു വലിയ ഒരു സഹായമായി. കോമ്പോകൾ വളരെയധികം ജന ശ്രെദ്ധ ആകർഷിച്ചു. പ്രത്യേകിച്ച് അതിലെ വിലക്കുറവ്. വിലക്കുറവിൽ നല്ല രുചിയുള്ള ആഹാരം. പാവപ്പെട്ടവന്റെ ആഹാരം ..അതായിരുന്നു എല്ലായിടത്തും അലയടിച്ചതു. അസീസിലേക്കു ആളുകൾ ഒഴുകി എത്തി. ഇപ്പോഴും ഒഴുക്ക് അവസാനിച്ചിട്ടില്ല . എന്നാലും എല്ലാ പേരും, 100 ൽ 100 പേർക്കും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണയിടം എവിടെക്കാണും. ഒരിടത്തുമില്ല. അത് പോലെ അസീസിനുമുണ്ട് വിമർശനങ്ങൾ. വൃത്തി, തിരക്കുള്ളപ്പോൾ ഉണ്ടാകുന്ന സർവീസിലെ പോരായ്മകൾ മുതൽ ഭക്ഷണത്തിലെ രുചി വരെ എത്തി നില്ക്കുന്നു ആ വിമർശനങ്ങൾ. ഞാനും വിമർശിച്ചിട്ടുണ്ട്.
“ഇനിയും വിമർശിക്കേണ്ട സാഹചര്യങ്ങൾ വന്നാൽ വിമർശിക്കുക തന്നെ ചെയ്യും. കാരണം വിമർശനത്തിലൂടെ മാത്രമേ വളർച്ച ഉണ്ടാവുകയുള്ളു. തെറ്റുകൾ തിരിച്ചറിയുകയുള്ളു”
തെറ്റുകൾ തിരിച്ചറിയുകയുള്ളു. ആരോഗ്യകരമായ വിമർശനത്തെ രണ്ട് കൈ കൊണ്ടും നീട്ടി സ്വീകരിച്ച് അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ട് വരാൻ അസീസ് ശ്രമിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിമർശനങ്ങൾക്കിടയിലും പൂജപ്പുരയിൽ രാത്രി അസീസിനു മുന്നിൽ കൂടി കടന്ന് പോകുമ്പോൾ തിരക്കിന്റെ പൂരം കാണാം. അടയ്ക്കാൻ നേരം കറികൾ ഒട്ടും ബാക്കി വരാതെ കഴുകി കമഴ്ത്തി വച്ച ഉരുളികളും.
പലപ്പോഴും പറഞ്ഞ് കേൾക്കുന്ന ചൂടും ടോയ്ലറ്റ് സംവിധാനത്തിലുള്ള അപാകതയും ഇപ്പോൾ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് കേൾക്കുന്നതല്ലാതെ നടന്ന് കണ്ടിട്ടില്ല എന്ന് പരിഭവങ്ങളൊക്കെ ഗൗരവമായെടുത്ത് നവീകരണത്തിലൂടെ ഈ വർഷം തന്നെ ശാശ്വതമായി പരിഹാരം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് അസീസ്.
ഭക്ഷണാനുഭവം
യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ‘Fastest Magician in the World’ എന്ന ഇന്റർനാഷണൽ ബഹുമതിക്കർഹനായ MagicianHaris Thaha യുടെ ഒരു ഫോൺ കാൾ. എവിടെ ? ഞാൻ ദാ ഇവിടെ വി.ജെ.ടി ഹാളിന്റെ അവിടെയുണ്ട്. എനിക്ക് ഇന്ന് അസീസ് പൂജപ്പുരയിലെ പോത്ത് കിഴി പെറോട്ട കഴിക്കണം.
മനസ്സിൽ കലുങ്കഷമായ കുറേ ചിന്തകൾ. കഴിഞ്ഞ തവണ ഞാൻ പോയി ഒരു ഐറ്റം കഴിച്ചപ്പോൾ അത്ര ഇഷ്ടപ്പെട്ടില്ല. റിവ്യൂവും ഇട്ടിരുന്നു. ഇത് തന്നെ ഉറപ്പിച്ചോ എന്തോ. രാത്രിയാണ് പോയി കഴിച്ചിട്ടുള്ളത്. ഉച്ചയ്ക്കത്തെ ആഹാരമൊക്കെ നല്ലതായിരിക്കുമോ, പല പല സംശയങ്ങൾ. എന്തായാലും നേരിട്ട് പോയി പുള്ളിയെ കാണാം. വണ്ടിയെടുത്ത് അവിടെ ചെന്നപ്പോൾ രണ്ടും കല്പിച്ചാണ് കക്ഷി. ഇന്ന് അസീസിലെ പോത്ത് പെറോട്ട കഴിച്ചിട്ടേയുള്ളു.
ആരുടെയോ ‘തള്ള്’ റിവ്യു കണ്ട് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഒന്നും മിണ്ടിയില്ല. നേരെ വണ്ടി വിട്ടു. അല്ല പേയാട് നിന്ന് വന്നതാണോ എങ്കിൽ ഞാൻ അങ്ങ് പൂജപ്പുരയിൽ വന്നേനെ എന്നായി ഹാരിസ്. മനസ്സ് അളക്കാനാണ് നേരിട്ട് വന്നതെന്നും എന്തെങ്കിലും മാറ്റം വരുന്നെങ്കിൽ വേറെ സ്ഥലം പിടിക്കാനാണെന്നും അസീസ് ഉറപ്പിച്ച സ്ഥിതിക്ക് പൂജപ്പുരയിൽ പോയല്ലേ പറ്റുകയുള്ളു എന്നുള്ള മനോവിചാരങ്ങൾ ഒന്നും പുറത്ത് പറഞ്ഞില്ല. ഇതിനിടെ പല പ്രാവശ്യം നൗഷാദിനെ ഫോൺ വിളിച്ചു. പോത്ത് പെറോട്ട കിഴി അവിടെ ഉണ്ടോന്ന് ഉറപ്പിക്കാൻ. ആര് ഫോൺ എടുക്കാൻ.
അവസാനം അവിടെ എത്തിയപ്പോൾ നൗഷാദും ഉണ്ട് പോത്ത് പെറോട്ട കിഴിയും ഉണ്ട്. ഹോ പകുതി സമാധാനമായി സാധനം ഉണ്ടല്ലോ. രണ്ടെണ്ണം പറഞ്ഞ് കാത്തിരുപ്പായി.
കുറച്ച് നേരം വെയ്റ്റ് ചെയ്തു. സംഭവം ലൈവാണ്. ചൂടോടെ മുന്നിൽ ഇങ്ങ് എത്തി. വലിയ പ്രതീക്ഷ ഇല്ലാതെ ഇരുന്ന എന്നെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കി കളഞ്ഞു. ഒന്നാന്തരം. ഒരു കുറ്റവും പറയാനില്ല. രസമുകളങ്ങൾ രുചിയിൽ നിറഞ്ഞ് ആറാടി. ഹാരിസിന്റെ മുഖത്തൊരു വൈക്ലബ്യം. എന്താ എന്ത് പറ്റി. ഇതിൽ മുട്ടയുണ്ടെന്നുള്ള കാര്യം ഹാരിസിന് അറിയില്ലായിരുന്നു. മുട്ട ശരീരത്തിന് അലർജിയാണ് അദ്ദേഹത്തിന്. കാര്യം അറിയച്ചപ്പോൾ ഉടൻ തന്നെ വന്ന് കൊണ്ട് പോയി. മുട്ടയില്ലാത്തൊരണ്ണം വലിയ താമസമില്ലാതെ കൊണ്ട് വച്ചു. ആ താമസമില്ലായ്മ ആയിരിക്കണം അത് അത്ര അങ്ങ് ഏറ്റില്ല. ഞാനും കഴിച്ച് നോക്കി. അത്ര പോര. മുട്ടയില്ലാത്ത ഒരു ഭാഗം നോക്കി എന്റേതിൽ നിന്ന് കഴിച്ചിട്ട് എന്റേത് വേറെ ലെവലെന്നായി ഹാരിസ്. എന്തായാലും വെറുതെയിരുന്ന എനിക്ക് ലോട്ടറിയടിച്ചു. പാവം ഹാരിസിന് അത്ര നല്ലത് കിട്ടിയതുമില്ല. നൗഷാദിനോട് കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞു. ശ്രദ്ധിക്കാനും പറഞ്ഞു. ആദ്യം കിട്ടിയത് നല്ലതായിരുന്നുവെന്നും പറഞ്ഞു. എന്റെ കാശ് ഹാരിസാണ് കൊടുത്തത്. ₹ 119.
കുറേ ദിവസങ്ങൾക്ക് മുമ്പ് ഹാരിസിനെ വിളിച്ചു. അല്ല റിവ്യൂ എഴുതുമ്പോൾ ഹാരിസിന്റെ അനുഭവം കൂടി പറയട്ടെ. അത് വേണോ എന്നായി ഹാരിസ്. എന്തേ? അല്ല ആദ്യം കൊണ്ട് വന്ന സാധനം നല്ലതായിരുന്നല്ലോ പിന്നെ ഒരാൾ കഴിച്ച് കൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ വെറുതെയിരിക്കുകയല്ലേ എന്ന് വിചാരിച്ച് പെട്ടന്ന് തയ്യാറാക്കി കൊണ്ട് വന്നപ്പോൾ പറ്റിയതായിരിക്കണം. ഈയിടയ്ക്ക് ഹാരിസിൽ നിന്നും വീണ്ടും ഒരു ഫോൺ കാൾ. ഞാൻ വീണ്ടും പെറോട്ട പോത്ത് കിഴി വാങ്ങിച്ച് കേട്ടോ. ആദ്യമെ മുട്ട വേണ്ടെന്ന് പറഞ്ഞു. സംഭവം സൂപ്പറായിരുന്നു. മനസ്സ് നിറഞ്ഞുവെന്നും പറഞ്ഞു. എനിക്കും ഒരു സമാധാനം. അങ്ങനെ പെറോട്ട കിഴി കൊതിച്ചു വന്ന ആൾ ഉദ്ദേശിച്ച ആ സ്ഥലത്ത് തന്നെ എത്തി.
“As per my experience പോത്ത് പെറോട്ട കിഴി Of Hotel Azeez Poojappura Highly Recommended.”
Timings: 7:45 AM to 11 PM
വിശദമായി നൗഷാദിന്റെ വാക്കുകളിൽ രാവിലെ 7:45 ആകുമ്പോൾ തുറക്കും. അപ്പം, മുട്ട റോസ്റ്റ്, പുട്ട്, പപ്പടം തുടങ്ങി പഴയ രീതിയിലുള്ള കച്ചവടം. രാവിലെ എട്ട് ഒൻപത് മണി ആകുമ്പോൾ ബീഫ് റോസ്റ്റ് മുതലായവ തയ്യാറാകും. രാത്രി 9 മണി ആകുമ്പോൾ ഏകദേശം തീരും. 11 മണി ആകുമ്പോൾ ക്ലോസ്സ് ചെയ്യും.
Seating Capacity: 48
Location: പൂജപ്പുര.
പേയാട് , തിരുമല നിന്ന് പൂജപ്പുരയിലോട്ട് പോകുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.
പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തുറ്റിനടുത്തായി ഇടതു വശത്തായി കാണാം മുടവൻ മുകൾ പോകുന്ന വലത് വശത്തുള്ള റോഡ് എത്തുന്നതിന് മുൻപായി.
യൂബറിന്റെയും സ്വിഗ്ഗിയുടെയും ഒഴുക്കിലും തിരക്കിന്റെ ബഹളത്തിലും നല്ലതു മാത്രം നമ്മൾ ഉപഭോക്താവിന് എപ്പോഴും നൽകാൻ എപ്പോഴും അസീസിന് കഴിയണമെന്ന് ആഗ്രഹിച്ച് കൊണ്ട് അൻപത്തിനാലാം വർഷത്തിൽ എത്തി നില്ക്കുന്ന അസീസിന് ഹൃദയം കൊണ്ട് എല്ലാ ആശംസകളും പ്രാർത്ഥനകളും.
Azeez Restaurant, Poojappura
Poojappura Main Rd, Poojappura, Thiruvananthapuram, Kerala 695012
098959 29787
Google Map:
https://goo.gl/maps/gXLghRByPGuTfPyAA
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: