അസീസിൻ്റെ പേജിലെ “സ്പെഷ്യൽ മണവാട്ടി കോംബോ” – ഫുൾ ചിക്കൻ + 10 പെറോട്ട + സാലഡ് + മുട്ട + മയോണൈസ് + ഗ്രേവി – ₹ 359 പരസ്യം കണ്ട് വാങ്ങിച്ചതാണ്.
പലരും പോസ്റ്റുകളിൽ റേറ്റിംഗ് പരിപാടി ഇടുന്നത് കണ്ടിട്ടുണ്ട്. എനിക്കും ഒരു ആഗ്രഹം. ഇപ്രാവശ്യം ആ രീതിയിൽ ഒന്ന് മാറ്റി പിടിക്കാം. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്. അത് പോലെ ആദ്യമൊന്ന് പൊക്കി അവസാനം തകർക്കുന്ന പരിപാടിയും കണ്ടിട്ടുണ്ട്. ഇവിടെ തിരിച്ചാണ് ആദ്യം ഇഷ്ടപ്പെടാത്തത് പറയാം. അവസാനം നല്ലതും.

ഗ്രേവി – 0/5 – – ദാരിദ്ര്യം പിടിച്ച ഗ്രേവി അഥവാ കട്ട ശോകം എന്ന് ചിലരൊക്കെ ആധുനിക ഭാഷാ ശൈലിയിലും ചിലരൊക്കെ ആരോടൊക്കെയുള്ള ദേഷ്യം സോഷ്യൽ മീഡിയയിൽ തീർക്കുന്നത് പോലെ പറയുമെങ്കിലും എൻ്റെ “വടിവൊത്ത” ശൈലിയിൽ പറഞ്ഞാൽ കൊള്ളില്ല, പോരാ; ഇതിലും നല്ലത് ആ ഗ്രേവി കൊടുക്കാതിരിക്കുക കുറഞ്ഞ പക്ഷം കോംബോയിലെങ്കിലും ഉൾപ്പെടുത്താതിരിക്കുക എന്ന് പറയേണ്ടി വരും. രുചിയുമില്ല, എരിവുമില്ല, ഉപ്പുമില്ല വെള്ളത്തിൽ മുളകിൻ്റെ കുറേ തൊലിയും + കോൺഫ്ളവറും കലക്കി വച്ചിരിക്കുന്നത് പോലെയാണ് വ്യക്തിപരമായി അനുഭവപ്പെട്ടത്. വളരെ നല്ല ഗ്രേവി ഇത് വരെ കഴിച്ചതിൽ ഒരു 10% ശതമാനം സ്ഥലത്ത് നിന്നേ കിട്ടിയിട്ടുള്ളു. (അതും മിക്കവാറും ചിക്കൻ/ബീഫ്/മട്ടൺ ചാറായിരിക്കും.)

അടുത്തത് Food Delivery – 0/5 – ചില സിനിമകളിൽ കഥകളിലൊക്കെ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് പ്രാണപ്രേയസിയെ മണവാട്ടിയായി കിട്ടാൻ കാത്തിരുന്ന വർഷങ്ങളുടെ കഥ. അങ്ങനെ നോക്കുകയാണെങ്കിൽ വർഷങ്ങൾക്ക് പകരം ഇവിടെ ഏകദേശം മൂന്ന് മണിക്കൂറേ കാത്തിരിക്കേണ്ടി വന്നോളു. അത് കൊണ്ട് സാധനം വേണമെന്നുള്ളവർ മൂന്ന് മണിക്കൂറ് മുമ്പ് ഓർഡർ ചെയ്യുക. അത് മാത്രമല്ല മണവാട്ടി ഇങ്ങ് എത്താറായോ എത്താറായോ എന്ന് ഇടവിട്ട് ഇടവിട്ട് ചോദിക്കുന്നതും നല്ലതായിരിക്കും. മാന്നാർ മത്തായിയിലെ മറുപടി തീർച്ചയായും പ്രതീക്ഷിക്കാം.
മറുപടികൾ പലതും ലഭിക്കുമെങ്കിലും പുട്ടിന് പീര പോലെ ഇടയ്ക്കിടെ വിളിച്ചോണം. പുതിയൊരു നമ്പറിൽ നിന്ന് വിളിച്ചു (ഞാനല്ല) പേയാട് എന്ന് പറഞ്ഞാണ് ഓർഡർ കൊടുത്തത്. പേയാട് എത്തിയിട്ട് വിളിക്കാൻ പറഞ്ഞു. വീടിരിക്കുന്ന സ്ഥലം അപ്പോൾ പറഞ്ഞില്ല. ഇനി പറഞ്ഞ് വരുമ്പോൾ നമ്മളാണെന്ന് പിടികിട്ടിയിലോ. ഇനി പിടി കിട്ടിയാലും പഴയ അനുഭവങ്ങൾ വച്ച് ഡെലിവറിയിൽ വലിയ മാറ്റമൊന്നും പ്രതീക്ഷയില്ല.

6:24 ന് ഓർഡർ ചെയ്ത മണവാട്ടി ഇങ്ങെത്തിയപ്പോൾ 9.15 കഴിഞ്ഞു. 8 മണി വരെ ഞാൻ കല്ല് പോലെ ഇരുന്നു. കാരണം താമസിച്ചാലും കുഴപ്പമില്ല, നമ്മളിവിടെ കഴിക്കുമ്പോൾ ഒരു നേരമാകും. താമസിച്ചാലും നോ പ്രോബ്ലം. പക്ഷേ പണ്ടത്തെ പോലല്ലോ കാര്യങ്ങളുടെ കിടപ്പ്. ചട്ടങ്ങളൊക്കെ മാറിയില്ലേ. ഇത്രയും സമയം കഴിഞ്ഞ് പോലീസൊക്കെ അവരെ കടത്തി വിടുമോ എന്നായി ടെൻഷൻ. വേറെ ഒരിടത്തും ഓർഡർ ചെയ്യാനും പറ്റില്ല ഓർഡർ കൊടുത്തത് കൊണ്ട് വീട്ടിൽ ഒന്നുമുണ്ടാക്കിയിട്ടുമില്ല പിന്നെ ഇടയ്ക്കിടയ്ക്കുള്ള നാലഞ്ച് വിളികൾക്ക് ശേഷം ഇങ്ങെത്തി.

താമസിച്ചതിനാലാകാണം സാധാരണ എടുക്കുന്ന ഡെലിവറി ചാർജ് എടുത്തില്ല. 359 ന് 360 വാങ്ങിച്ചു. ഒരു രൂപ ഡെലിവറി ചാർജ്. സാധാരണ മുപ്പത് രൂപയാണ്. കിലോമീറ്റർ അനുസരിച്ചാണ് ഡെലിവറി ചാർജ്. ഇവിടെ നിന്ന് 6.3 Km. 5 കിലോമീറ്റർ വരെ ഫ്രീയെന്നാണ് മുൻപ് പരസ്യത്തിൽ കണ്ടിട്ടുള്ളത്.

പറയുമ്പോൾ എല്ലാം പറയണമല്ലോ. ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ഇതൊക്കെ സംഭവിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഇങ്ങോട്ട് ഓർഡർ കൊടുത്ത ആളെ ഹോട്ടലിൽ നിന്ന് താമസിക്കാനുണ്ടായ കാരണം വിളിച്ച് പറഞ്ഞു. പറഞ്ഞത് പോലീസ് ചെക്കിംഗ്, വേറെ ഡെലിവറിയൊക്കെ ഉള്ളത് കാരണം കുറേ കറങ്ങേണ്ടി വന്നു, അതാണ് താമസിച്ചത് ക്ഷമിക്കണമെന്നൊക്കെ പറഞ്ഞു. ഇങ്ങനെ വിളിച്ച് പറയാൻ തോന്നിയ മനസ്സിന് ഹൃദയത്തിൽ നിന്ന് തന്നെ നന്ദി അറിയിച്ച് കൊള്ളുന്നു. വിളിച്ച പറഞ്ഞ വ്യക്തി ശ്രീ നൗഷാദാണെങ്കിൽ പുള്ളിയുടെ സംസാര മര്യാദ വച്ച് ഒട്ടും അതിശിയിക്കാനില്ല. എങ്കിലും പറഞ്ഞത് വിശ്വാസയോഗ്യമാണെന്ന് തോന്നുന്നില്ല. കാരണം ഏകദേശം മൂന്ന് മണിക്കൂറ് കിടന്ന് കറങ്ങിയിട്ടും പെറോട്ട, ചിക്കൻ എല്ലാം നല്ല ചൂടായിരുന്നു. എന്നു വച്ച് കൂടുതൽ വിശ്വാസയോഗ്യമാക്കാൻ അടുത്ത പ്രാവശ്യം വരുമ്പോൾ മനപൂർവ്വം തണുത്തത് കൊണ്ടു വരരുതേ . ചൂടോടെ കിട്ടിയാൽ അത്രയും സന്തോഷം. പിന്നെ ഒരു അപേക്ഷ കൂടിയുണ്ട് തുടക്കത്തിൽ അല്ലെങ്കിലും ഇടയ്ക്ക് വിളിക്കുമ്പോഴെങ്കിലും ഏകദേശം ഒരു സമയം പറഞ്ഞാൽ വലിയ ഉപകാരം.
സ്വഗ്ഗിയിൽ ഓർഡർ ചെയ്താൽ ഇത്ര താമസം വരില്ലായിരിക്കും. സ്വഗ്ഗിയിലെ വില ₹ 479. 120 രൂപ കൂടുതൽ. മാത്രമല്ല എനിക്ക് അടുപ്പമുള്ള വ്യക്തികൾ പറഞ്ഞറിഞ്ഞത് വിശ്വാസയോഗ്യമുള്ള മുന്തിയ പല ഭക്ഷണയിടങ്ങളിൽ പോലും ഈ ലോക്ക് ഡൗൺ കാലയളവിൽ അടുത്തിടെയായി സ്വഗ്ഗി സൊമാറ്റായിൽ ക്വാണ്ടിറ്റി കുറവും, ക്വാളിറ്റി കുറവും പ്രകടമായി കാണുന്നുണ്ടെന്നാണ്അ. ത് കൊണ്ട് റിസ്ക്ക് എടുത്തില്ല.

സത്യം പറഞ്ഞാൽ ഇടയ്ക്ക് ആഹാരം കിട്ടാതാവോ എന്നുള്ള ടെൻഷനും, പിന്നെ കുറച്ച് ഫോൺ കോളുകളും വേണ്ടി വന്ന തൊഴിച്ചാൽ നമ്മുടെ ഭക്ഷണ സമയത്തെ ഡെലിവറി ബാധിച്ചില്ല. പക്ഷേ എല്ലാവർക്കുമിത് ബാധകമായിരിക്കില്ല എന്ന കാര്യം സ്നേഹപുരസരം ഓർമിപ്പിച്ച് കൊള്ളുന്നു.
സാലഡ് – 5/5 – കാബേജും സവാളയും മാത്രമാണ് ഉള്ളതെങ്കിലും ഈ വിലയ്ക്കുള്ള കോംബോയിൽ അത് ഒക്കെയാണ്. എല്ലാം ഫ്രഷായിരുന്നു. കുട്ടികൾ സഹിതം എല്ലാവരും ഇഷ്ടത്തോടെ കഴിച്ചു.

മയോണൈസ് – 5/5 – മയോണൈസും അതേ, കൊള്ളാമായിരുന്നു. അവസാനം പാത്രം വടിച്ചു നക്കി.
പെറോട്ട – 5/5 – പത്തെണ്ണമുണ്ടായിരുന്നതിൽ ഒന്നു പോലും കരിഞ്ഞിട്ടില്ല. നല്ല രുചിയുമുണ്ടായിരുന്നു.

ചിക്കനിൽ പൊതിഞ്ഞ ഉള്ളി മസാല – 4.5/5 – ഉപ്പ് ഒരു പൊടിക്ക് കൂടി പോയെന്നൊതൊഴിച്ചാൽ കിടിലം. നല്ല രുചിയുണ്ട്. പെറോട്ടയുടെ കൂടെ കഴിക്കുമ്പോൾ ഉപ്പ് ശകലം കൂടി പോയത് അറിയില്ല.
ഫുൾ ചിക്കൻ – 4.5/5 – സൈസ് വച്ച് നോക്കിയാൽ അത്ര വലുതല്ല. ഫോട്ടോയിൽ സൂം ചെയ്ത് എടുത്തത് കൊണ്ട് ശരിയായ വലിപ്പം അറിയാൻ കഴിയണമെന്നില്ല. പിന്നെ എൻ്റെ ഒരു അഭിപ്രായത്തിൽ വലിപ്പം കൂടിയ മുറ്റ് ചിക്കനേക്കാൾ വലിപ്പം കുറഞ്ഞ ഇളം ചിക്കനാണ് നല്ലത്. ടേസ്റ്റ് കൂടും. പിന്നെ 0.5 കുറച്ചത് വലിപ്പത്തിൻ്റെ പ്രശ്നമല്ല. കോഴിയുടെ ഒരു കാല് എങ്ങനെയോ മിസ്സായി. തിരക്കിൽ പൊതിഞ്ഞപ്പോൾ പറ്റിയതായിരിക്കാം. അത് കുഴപ്പമില്ല. കോഴിയിറച്ചി കിടുക്കാച്ചി, ആ ടേസ്റ്റിൽ എല്ലാം മറന്നു. കുരുമുളകിൻ്റെ ടേസ്റ്റാണ് കൂടുതലുമതിൽ നിറഞ്ഞ് നില്ക്കുന്നത് എന്നുള്ളത് ഒരു പോസിറ്റീവായും നെഗറ്റീവായും പറയാം. കുരുമുളക് ഇഷ്ടമില്ലാത്തവർക്ക് പ്രശ്നമാകാം. ഇവിടെ എല്ലാവർക്കും കുരുമുളക് ഇഷ്ടമാണ്. കൂടെയുള്ള പുഴുങ്ങിയ മുട്ടയും കൊള്ളാം. രണ്ടു മുതിർന്നവരും രണ്ടു കുട്ടികളുമടങ്ങുന്ന അംഗ സംഖ്യയായതിനാലും കാര്യമായി തട്ടുന്ന പ്രകൃതക്കാരല്ലാത്തത് കൊണ്ടും അന്നേ ദിവസത്തെ രാത്രി ഭക്ഷണത്തിനും അടുത്ത ദിവസത്തെ ഉച്ച ഭക്ഷണത്തിനും കൂടി ചിക്കൻ ഉപയോഗിക്കാൻ പറ്റി.

മൊത്തത്തിൽ സംതൃപ്തരാണ്. മണവാട്ടി Highly Recommended.
Azeez Restaurant, Poojapura
77362 28166
https://goo.gl/maps/BpS7ggezoq66UEvJ8
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: